Wednesday, October 16, 2019

ഫാൾസ് ലോക്ക്

പുലർച്ചെ അഞ്ചര മണിക്ക് നൂറ്റി എൺപതു കിലോമീറ്റർ അകലെനിന്നും കളത്രത്തിന്റെ വിളി...ഇക്കാ കിടപ്പറയുടെ വാതിൽ തുറക്കാൻ പറ്റുന്നില്ല ഞങ്ങളിതിനകത്ത് കുടുങ്ങിയിരികയാണ്. പതിവുപോലെ പെട്ടന്ന് സാമാന്യം തരക്കേടില്ലാത്ത ദേഷ്യമാണ്‌ വന്നത്. ഇത്രയകലെ കിടക്കുന്ന ഈ മനുഷ്യനെ വിളിക്കാതെ നിന്റെ തൊട്ടടുത്തുള്ള അല്ലാഹു വിനെ വിളിച്ചു കൂടേ പോത്തേ എന്നു പറഞ്ഞാലോ എന്നാണ്‌ ആദ്യം തോന്നിയത്. വേണ്ടപാവം ഒരു വിഷമത്തിൽ പെട്ടാൽ ഏറ്റവുംസ്നേഹിക്കുന്നവരെയാണ്‌ മനുഷ്യൻ ആദ്യം വിളിക്കുക എന്നനിലക്ക് ഞാൻ സന്തോഷിക്കേണ്ടതുമാണ്‌ .തല്കാലം സ്വൈരക്കേടായാലും... പിന്നെ അല്ലാഹുവിനെ വിളിച്ചാലും സഹായം നടപ്പാക്കപ്പെടുക മിക്കവാറും മനുഷ്യരിലൂടെ ത്തന്നെയാണല്ലോ...
ഞാൻപറഞ്ഞു സാവകാശം വാതിലിന്റെ പിടി ഒന്നുകൂടി മേലോട്ട് പ്രസ്സു ചെയ്ത് താഴ്ത്തി നോക്ക്
അപ്പുറത്തു നിന്നും നിലവിളിയോടടുത്തെത്തിയ ശബ്ദം " അരമണിക്കൂറായി ഞാൻ ശ്രമിക്കുന്നു.ഞാൻ ഫോൺ കട്ടുചെയ്തു വീണ്ടും  വിളിച്ചപ്പോൾ അവൾ നമസ്കരിക്കുകയാണെന്ന് മകൾ.കൊള്ളാം അതു കഴിയട്ടെ.. അതുകഴിഞ്ഞു വീണ്ടും  വിളിച്ചു ...നോക്കിയോ ?
നോക്കി തുറക്കുന്നില്ല. നീയൊന്ന് ആയത്തുൽ കുർശിയ്യൊക്കെ ഓതി മനസ്സിനെ ശാന്തമാക്കിയിട്ട് ശ്രമിക്ക്...

" ങാ ഇപ്പൊതൊറന്നു..."
അൽ ഹംദു ലില്ലാഹ്  നന്നായി...
********************************************************************************              ഇനി വാതിലിന്ന്‌ ഫാൾസ് ലോക്ക് വീണാൽ ആയത്തുൽ കുർശിയ്യ ഓതിയാൽ മതി എന്നു ഞാൻ പറഞ്ഞു എന്നൊന്നും ഒരാളും പറഞ്ഞു കളയരുത്. ഒരു ആശാരിയേയോ കരുവാനേയോ വിളിച്ച് പൂട്ട് പോളിക്കുക എന്നതാണ്‌ അതിന്റെ യുക്തി മിയ്കവാറും അതു തന്നെ വേണ്ടി വരികയും ചെയ്യും ... പിന്നെ നിസസഹായരെ ചിലപ്പോൾ മറ്റു വഴികളിലൂടെയും ഈശ്വരൻ സഹായിച്ചെന്നിരിക്കും ... സായിപ്പതിനെ മിറാക്കിൾ എന്നു വിളിക്കുന്നു.

Monday, October 14, 2019

ഓർമ്മയിൽ ആദ്യത്തെ തെരഞ്ഞെടുപ്പ്......

ഓർമ്മയിൽ ആദ്യത്തെ തെരഞ്ഞെടുപ്പ്......
ആയിരത്തി തൊള്ളായിരത്തി അറുപത്തഞ്ചിലായിരിക്കാം. അതൊരുവേനലറുതിയിലായിരുന്നു.ഞാൻ ഉമ്മായുടെ കൂടെ കുളത്തിലേക്ക് പോയതായിരുന്നു. വലിയ കുളം. വേനലായതുകൊണ്ട് വെള്ളം കുറവായിരുന്നു. ഉള്ള വെള്ളത്തിന്റെ  പകുതി ഭാഗവും കുളച്ചണ്ടി മൂടിക്കിടന്നു. ബാക്കി പരൽ മീനുകൾ ഓടിക്കളിക്കുന്ന സ്ഫടികം പോലെ തെളിഞ്ഞ വെള്ളം. നടയിൽ അലക്കുകല്ലുകൾ. കുളത്തിനു ചുറ്റും തിങ്ങി നിൽകുന്ന് മരങ്ങളും മുളം കാടുകളും തെക്കുവശത്ത് പരന്നു കിടക്കുന്ന നെൽ പാടം നടുക്ക് പടിഞ്ഞാരോട്ട് നീണ്ടു കിടക്കുന്ന റെയിൽ... പിന്നെ പുഴ അതിനുമപ്പുറം വീണ്ടും  കരിമ്പനകൾ തല ഉയർത്തി നിൽകുന്ന വയലുകൾക്കപ്പുറം ചക്രവാളത്തിലേക്കുയർന്നു നിൽകുന്ന കൊണ്ടൂരക്കുന്ന്.
താഴെ ഉമ്മ അലക്കിക്കൊണ്ടു നിൽകുമ്പോൾ കൗതുകക്കാഴ്ചകളിൽ മിഴുകി ഞാൻ നിന്നു. പടിഞ്ഞാറുനിന്നും ഒരു ചരക്കുവണ്ടി കൂവിയാർത്ത് പാഞ്ഞു പോയി. വണ്ടിയുടെ ശബ്ദം മാഞ്ഞു പോകും മുമ്പ് ഒരു മൈക്കിന്റെ ശബ്ദം ഞാൻ കേട്ടു.
ഞാൻ ഓടിവേലിക്കരികിലെത്തി. വളപ്പിന്റെ വടക്കേ അതിരിലൂടെ റെയിൽ വേസ്റ്റേഷനിലേക്കു നീളുന്ന ചെത്തു വഴിയേ ""ബഹുമാനപ്പെട്ട നാട്ടുകാരേ നിങ്ങളുടെ വിലയേറിയവോട്ടുകൾ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ അടയാളപ്പെടുത്തി നമ്മുടെ ബഹുമാനപ്പെട്ട സ്ഥാനാർത്ഥി ശ്രീ ഇ എം എസ്‌ നമ്പൂതിരിപ്പാടിനെ വിജയിപ്പിക്കുക"". എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് മൈക്കു കെട്ടിയ ഒരു കാർ പൊടി പറത്തി കിഴക്കോട്ട് പാഞ്ഞുപോയി.തിരിച്ചു ഞാൻ വീട്ടിലെത്തി അധികം കഴിയുന്നതിന്നു മുമ്പ് വേറൊരു ശബ്ദവും കേട്ടു. ഇത്തവണ പടിപ്പുരയിലേക്കാണ് ഓടിയത്.
അതും മൈക്കുകെട്ടിയ കാറായിരുന്നു. നമ്മുടെ പ്രിയപ്പെട്ട സ്ഥാനാർത്ഥി പട്ടാമ്പിയുടെ കണ്ണിലുണ്ണി ജനാബ് കെ പി തങ്ങൾക്ക് അരിവാൾ കതിരിൽ വോട്ടു ചെയ്യുക എന്നായിരുന്നു വിളിച്ചു പറഞ്ഞിരുന്നത്.
*****************************
ഇരു പക്ഷത്തിന്റേയും ചെങ്കൊടികളേന്തിയ വലിയ ജാഥകളുണ്ടായി... തെരഞ്ഞെടുപ്പു കഴിഞ്ഞു. വൈകാതെ '' പട്ടാമ്പീലെ ചട്ടമ്പീനെ മലർത്തിയടിച്ചു ഇ എം എസ്‌""എന്ന് ഘോഷിച്ചുകൊണ്ട് ഒരു പാടു കാറുകളുടെ വലിയ ഒരു ജാഥയുമുണ്ടായി. ഒരുകാറിൽ നമ്പൂതിരിപ്പാടുമുണ്ടായിരുന്നു.
ജാഥക്കുനേരെ തോൽ വിയിൽ നിരാശനായ ആരോ ഒരാൾ മുണ്ട് പൊക്കിക്കണിച്ചു എന്നും അദ്ദേഹം അടിവസ്ത്രം ഉടുത്തിരുന്നില്ല എന്നും ചരിത്രം പറയുന്നു... വിനീതനായ ഈ ചരിത്രകാരൻ അന്ന് കേവലം ഒരെട്ടുവസുകാരൻ മാത്രമായിരുന്നതുകൊണ്ട് സത്യം കൃത്യമായി അറിഞ്ഞുകൂടാ എന്നേ പറഞ്ഞുകൂടൂ...ജീവിതത്തിൽ ഞാനോർക്കുന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു അത്. എന്റെ കുടുംബം കോൺഗ്രസ്സുകാരായിരുന്നതിനാൽ അന്ന് സഖ്യ കക്ഷിയായ അരിവാൾ കതിരിന്റെ പക്ഷത്തായിരുന്നു...അങ്ങനെ ആദ്യ തെര ഞ്ഞെടുപ്പിലേ തോറ്റു എന്ന് പറഞ്ഞാൽ മതിയല്ലോ...

Monday, October 7, 2019

നബിയുടെ പട്ടണത്തിൽ ഒരു പ്രഭാതം

മദീനയിൽ താമസിച്ചിരുന്ന തൈബാ ആർക്ക് എന്ന സ്റ്റാർ സ്യൂട്ടിന്റെ ഒരൊന്നൊന്നര കിലോമീറ്റർ അകലെയായിരുന്നു മലപ്പുറത്തു കാരുടെ മദീനാ ഹോട്ടൽ. കേരള വിഭവങ്ങളോടുളള ആശ പെരുത്തപ്പോൾ അനുഭവിച്ചുകൊണ്ടിരുന്ന നടു വേദന കാര്യമാക്കാതെ മദീനാഹോട്ടലന്വേഷിച്ച് ഞാനും ഇറങ്ങിപ്പുറപ്പെട്ടു. സമയം കാലത്ത് ഏഴ് കഴിഞ്ഞതേയുളളൂ. നല്ല ഉന്മേഷകരമായ പുലരി. അങ്ങു ദൂരെയുളള  എന്റെ നാട്ടിലെ കാര്യങ്ങളൊക്കെ ഓർത്ത് നാടപ്പാതയുടെ ഓരം ചാരി ഞാൻ നടന്നു. മുന്നിൽ അങ്ങു ദൂരെ ഉയർന്നു നിൽകുന്ന ഉഹദു മലകാണാം. തനിക്ക് വെളിപാടു ലഭിച്ച ഹിറാഗുഹ സ്ഥിതിചെയ്യുന്ന ജബലുന്നൂറിനെയോ പലായനത്തിനിടെ തനിക്കഭയമേകിയ സൗർ ഗുഹയേയോ അദ്ദേഹം പുകഴ് തുകയോ അവസന്ദർശിക്കാൻ അനുയായായികളെ ഉപദേശിക്കയോ ചെയ്തില്ല. പക്ഷേ ഉഹദ് കാണുന്നതു പോലും പുണ്യമാണെന്നദ്ദേഹം പറയുകയുണ്ടായി. ഒരുപക്ഷേ മുസ്ലിംകളൊരിക്കലും മറക്കാൻ പാടില്ലാത്ത ഒരു പാഠം ആമലഞ്ചെരുവിൽ പഠിപ്പിക്കപ്പെട്ടതിനാലാകാം.  വഴിയോരക്കച്ചവടക്കാരെയും കഴിഞ്ഞ് വിജനമായ ഒരു കെട്ടിടത്തിന്റെ മുന്നിൽ ഞാനെത്തി. അവിടെ ഒരാൾ ഒറ്റക്കിരുന്ന് പ്രാതൽ കഴിക്കുന്നു. ഒരു വലിയ കുബ്ബൂസും അടുത്ത് ഒരു ജ്യൂസിന്റെ പാക്കും മാത്രം. കണ്ടിട്ട് ഒരു പഠാണിയാണെന്നു തോന്നി. വടക്കേ ഇന്ത്യക്കാരനോ പാക്കിസ്ഥനിയോ ആകാം. ദാരിദ്രത്തിന്റെയും ഭയത്തിന്റെയും മുദ്രകൾ അയാളിൽ ഞാൻ കണ്ടു. മിച്ചം വരുന്ന കാശ് നാട്ടിലെത്തിക്കാനുളള  തത്രപ്പാടിലായിരിക്കാം. അങ്ങുദൂരെ തന്റെ‌ വരുമാനമൊന്നുകൊണ്ടു മാത്രം കഴിഞ്ഞു കൂടുന്ന തന്റെ ഇണയേയും സന്തതികളേയും കുറിച്ചുളള ഓർമ്മകളദ്ദേഹത്തെ വിഷമിപ്പിക്കുന്നുണ്ടാകാം. അതോ താനീ കഷ്ടപ്പെടുന്നതത്രയും പൊടിച്ചുകളയുന്ന ഭാര്യയേയോ മക്കളേയോ ഓർക്കുകയാണോ?. 
അതോ  അതിർത്തിയിൽ ഒരുംകൂടുന്നതായി കേട്ട യുദ്ധസന്നാഹങ്ങൾ അയാളെ ഭയ ചകിതനാക്കുന്നുണ്ടോ. അതെ യുദ്ധമെപ്പോഴും ഭരണകർത്താക്കൾക്കും ധനികർക്കും ദേശസ്നേഹമാഘോഷിക്കാനും സാധാരണക്കാരന് നിശ്ശബ്ദം ദുരന്തമനുഭവിക്കാനുമുളള വേളകളാണല്ലോ. ഏതായാലും പുഞ്ചിരിയോടെ തലയുയർത്തി സ്വാഗത ഭാവത്തിലെന്നെ നോക്കിയ അയാളുടെ നേരെ സ്നേഹഭാവത്തിൽ ഞാൻ  കയ്യുയർത്തി. വ അലൈക്കുമുസ്സലാം. അയാൾ പ്രതിവചിച്ചു. ചിന്തകൾക്കിടെ മദീനാ ഹോട്ടലിന്റെ മുന്നിലെത്തിയതറിഞ്ഞില്ല. അവിടെ വലിയതിരക്ക്. ഇന്നലെ മക്കയിൽ നിന്നെത്തിയവർ ക്യൂ നിൽക്കുന്നു. നിശ്ശബ്ദം ഞാനും അതിലൊരംഗമായി.....

Wednesday, October 2, 2019

പുനസ്സമാഗമം

വന്നുകയറി കൂടെയുണ്ടായിരുന്നവർ സ്ഥലം വിട്ടപ്പോൾ ഭാര്യ രണ്ട്  റമ്പുട്ടാൻ പഴങ്ങൾ കൊണ്ടു വന്നിട്ട് പറഞ്ഞു അഞ്ചുപത്തെണ്ണം  കിട്ടി. അതിൽ നിന്നും സൂക്ഷിച്ചു വെച്ചിരുന്നതാണ്. ബാക്കിയൊക്കെ അണ്ണാന്മാരും കിളികളും തിന്നു തീർത്തു. ഞാൻ പറഞ്ഞു അവർ തിന്നട്ടെടീ ഞാനവരെക്കൂടി ഉദ്ദേശിച്ച്  നട്ടതാണ്. എനിക്കറിയാം ഈശ്വരനിഛിക്കുന്നുവെങ്കിൽ അതിന്റെ പുണ്യം അവൻ അങ്ങ് ദുബായിലും സിങ്കപൂരിലുമൊക്കെ  എത്തിക്കും എന്റെ മക്കൾക്കും പേരക്കുട്ടികൾക്കും, പിന്നെ ഭാവിയിൽ എന്റെ കുഴിമാടത്തിലേക്കും.....
തൊടിയിലെ കാരമ്പോളക്കു കീഴെ രണ്ടു കാട്ടു കോഴികൾ ചിക്കിച്ചിനക്കുന്നു... ദൂരെ ഒരു കോഴിയുടെ കൂവൽ പിന്നെ കാക്കകളുടേയും കിളികളുടേയും കലപില ശബ്ദങ്ങളും. ഓടി നടന്ന് ചിലക്കുന്ന അണ്ണാന്മാർ.ഞാൻ സന്തോഷത്തോടെ ഓർത്തു ഈ സംഗീതം നാളുകളായി എനിക്കന്യമായിരുന്നു വല്ലോ..
നാലഞ്ച് വർഷം മുമ്പ് ഞാൻ നട്ട റമ്പുട്ടാൻ മരത്തിൽ ഒരണ്ണാൻ ഇപ്പോഴും പഴം തിരയുന്നുണ്ട്....
മിറ്റത്തെ വരണ്ട മണ്ണിലേക്കു നോക്കി ഞാനോർത്തു, ഈയിടെ യൊന്നും മഴ പെയ്തിട്ടില്ല. അടുത്തൊന്നും പെയ്യുന്നതിന്റെ  ലാഞ്ജനയും കാണുന്നില്ല. നല്ല മഞ്ഞ്.വരാനിരിക്കുന്ന വേനൽ മലയാളിക്ക് കടുത്തതായിരിക്കും.
റോഡിൽ രാവിലെത്തന്നെ നല്ല തിരക്ക്. വരാനിരിക്കുന്ന വേനലിനെക്കുറിച്ചുളള വേവലാതിയൊന്നും ആർക്കുമുളളതായി തോന്നുന്നില്ല. നമുക്കു കുടിക്കാനുളള വെളളമെത്തിക്കുന്ന മഴ കുറഞ്ഞു പോകുന്നത് വരാനിരിക്കുന്ന വലിയൊരു ദുരന്തത്തിന്റെ മുന്നോടിയാണെ മനസ്സിലാക്കാനുളള വിവേകം നമുക്കില്ലാതെ പോയല്ലോ മക്കളേ  എന്നൊന്ന് വിളിച്ചു പറഞ്ഞാലോ ... വേണ്ടല്ലേ ... വെറുതെ ഹജ്ജു കഴിഞ്ഞു വന്നതു മുതൽ മൂപ്പരുടെ തലക്കത്ര സുഖമില്ല എന്ന് തോന്നുന്നു
എന്ന് വെറുതേ ജനങ്ങളെക്കൊണ്ട് പറയിപ്പിക്കേണ്ടല്ലോ...
പിന്നെ ഒരുമാസം മരുഭൂമിയിൽ കഴിച്ചു കൂട്ടേണ്ടി വന്ന എനിക്ക് ഒരു കാര്യം മനസിലായി. ഞാനൊരു ദേശസ്നേഹിയാകുന്നു. പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിൽ പട്ടാമ്പി പളളിപ്രം അംശത്തിൽ സ്ഥിതിചെയ്യുന്ന കാരക്കാട് ദേശത്തെ ഞാൻ അത്രക്ക് സ്നേഹിക്കുന്നു... ഈയിടെയായി ഏറെ പറഞ്ഞു കേൾക്കുന്ന രാജ്യസ്നേഹം ഇതുതന്നെയായുരിക്കും അല്ലേ....
Have a nice day....