Monday, October 7, 2019

നബിയുടെ പട്ടണത്തിൽ ഒരു പ്രഭാതം

മദീനയിൽ താമസിച്ചിരുന്ന തൈബാ ആർക്ക് എന്ന സ്റ്റാർ സ്യൂട്ടിന്റെ ഒരൊന്നൊന്നര കിലോമീറ്റർ അകലെയായിരുന്നു മലപ്പുറത്തു കാരുടെ മദീനാ ഹോട്ടൽ. കേരള വിഭവങ്ങളോടുളള ആശ പെരുത്തപ്പോൾ അനുഭവിച്ചുകൊണ്ടിരുന്ന നടു വേദന കാര്യമാക്കാതെ മദീനാഹോട്ടലന്വേഷിച്ച് ഞാനും ഇറങ്ങിപ്പുറപ്പെട്ടു. സമയം കാലത്ത് ഏഴ് കഴിഞ്ഞതേയുളളൂ. നല്ല ഉന്മേഷകരമായ പുലരി. അങ്ങു ദൂരെയുളള  എന്റെ നാട്ടിലെ കാര്യങ്ങളൊക്കെ ഓർത്ത് നാടപ്പാതയുടെ ഓരം ചാരി ഞാൻ നടന്നു. മുന്നിൽ അങ്ങു ദൂരെ ഉയർന്നു നിൽകുന്ന ഉഹദു മലകാണാം. തനിക്ക് വെളിപാടു ലഭിച്ച ഹിറാഗുഹ സ്ഥിതിചെയ്യുന്ന ജബലുന്നൂറിനെയോ പലായനത്തിനിടെ തനിക്കഭയമേകിയ സൗർ ഗുഹയേയോ അദ്ദേഹം പുകഴ് തുകയോ അവസന്ദർശിക്കാൻ അനുയായായികളെ ഉപദേശിക്കയോ ചെയ്തില്ല. പക്ഷേ ഉഹദ് കാണുന്നതു പോലും പുണ്യമാണെന്നദ്ദേഹം പറയുകയുണ്ടായി. ഒരുപക്ഷേ മുസ്ലിംകളൊരിക്കലും മറക്കാൻ പാടില്ലാത്ത ഒരു പാഠം ആമലഞ്ചെരുവിൽ പഠിപ്പിക്കപ്പെട്ടതിനാലാകാം.  വഴിയോരക്കച്ചവടക്കാരെയും കഴിഞ്ഞ് വിജനമായ ഒരു കെട്ടിടത്തിന്റെ മുന്നിൽ ഞാനെത്തി. അവിടെ ഒരാൾ ഒറ്റക്കിരുന്ന് പ്രാതൽ കഴിക്കുന്നു. ഒരു വലിയ കുബ്ബൂസും അടുത്ത് ഒരു ജ്യൂസിന്റെ പാക്കും മാത്രം. കണ്ടിട്ട് ഒരു പഠാണിയാണെന്നു തോന്നി. വടക്കേ ഇന്ത്യക്കാരനോ പാക്കിസ്ഥനിയോ ആകാം. ദാരിദ്രത്തിന്റെയും ഭയത്തിന്റെയും മുദ്രകൾ അയാളിൽ ഞാൻ കണ്ടു. മിച്ചം വരുന്ന കാശ് നാട്ടിലെത്തിക്കാനുളള  തത്രപ്പാടിലായിരിക്കാം. അങ്ങുദൂരെ തന്റെ‌ വരുമാനമൊന്നുകൊണ്ടു മാത്രം കഴിഞ്ഞു കൂടുന്ന തന്റെ ഇണയേയും സന്തതികളേയും കുറിച്ചുളള ഓർമ്മകളദ്ദേഹത്തെ വിഷമിപ്പിക്കുന്നുണ്ടാകാം. അതോ താനീ കഷ്ടപ്പെടുന്നതത്രയും പൊടിച്ചുകളയുന്ന ഭാര്യയേയോ മക്കളേയോ ഓർക്കുകയാണോ?. 
അതോ  അതിർത്തിയിൽ ഒരുംകൂടുന്നതായി കേട്ട യുദ്ധസന്നാഹങ്ങൾ അയാളെ ഭയ ചകിതനാക്കുന്നുണ്ടോ. അതെ യുദ്ധമെപ്പോഴും ഭരണകർത്താക്കൾക്കും ധനികർക്കും ദേശസ്നേഹമാഘോഷിക്കാനും സാധാരണക്കാരന് നിശ്ശബ്ദം ദുരന്തമനുഭവിക്കാനുമുളള വേളകളാണല്ലോ. ഏതായാലും പുഞ്ചിരിയോടെ തലയുയർത്തി സ്വാഗത ഭാവത്തിലെന്നെ നോക്കിയ അയാളുടെ നേരെ സ്നേഹഭാവത്തിൽ ഞാൻ  കയ്യുയർത്തി. വ അലൈക്കുമുസ്സലാം. അയാൾ പ്രതിവചിച്ചു. ചിന്തകൾക്കിടെ മദീനാ ഹോട്ടലിന്റെ മുന്നിലെത്തിയതറിഞ്ഞില്ല. അവിടെ വലിയതിരക്ക്. ഇന്നലെ മക്കയിൽ നിന്നെത്തിയവർ ക്യൂ നിൽക്കുന്നു. നിശ്ശബ്ദം ഞാനും അതിലൊരംഗമായി.....

No comments: