Monday, October 14, 2019

ഓർമ്മയിൽ ആദ്യത്തെ തെരഞ്ഞെടുപ്പ്......

ഓർമ്മയിൽ ആദ്യത്തെ തെരഞ്ഞെടുപ്പ്......
ആയിരത്തി തൊള്ളായിരത്തി അറുപത്തഞ്ചിലായിരിക്കാം. അതൊരുവേനലറുതിയിലായിരുന്നു.ഞാൻ ഉമ്മായുടെ കൂടെ കുളത്തിലേക്ക് പോയതായിരുന്നു. വലിയ കുളം. വേനലായതുകൊണ്ട് വെള്ളം കുറവായിരുന്നു. ഉള്ള വെള്ളത്തിന്റെ  പകുതി ഭാഗവും കുളച്ചണ്ടി മൂടിക്കിടന്നു. ബാക്കി പരൽ മീനുകൾ ഓടിക്കളിക്കുന്ന സ്ഫടികം പോലെ തെളിഞ്ഞ വെള്ളം. നടയിൽ അലക്കുകല്ലുകൾ. കുളത്തിനു ചുറ്റും തിങ്ങി നിൽകുന്ന് മരങ്ങളും മുളം കാടുകളും തെക്കുവശത്ത് പരന്നു കിടക്കുന്ന നെൽ പാടം നടുക്ക് പടിഞ്ഞാരോട്ട് നീണ്ടു കിടക്കുന്ന റെയിൽ... പിന്നെ പുഴ അതിനുമപ്പുറം വീണ്ടും  കരിമ്പനകൾ തല ഉയർത്തി നിൽകുന്ന വയലുകൾക്കപ്പുറം ചക്രവാളത്തിലേക്കുയർന്നു നിൽകുന്ന കൊണ്ടൂരക്കുന്ന്.
താഴെ ഉമ്മ അലക്കിക്കൊണ്ടു നിൽകുമ്പോൾ കൗതുകക്കാഴ്ചകളിൽ മിഴുകി ഞാൻ നിന്നു. പടിഞ്ഞാറുനിന്നും ഒരു ചരക്കുവണ്ടി കൂവിയാർത്ത് പാഞ്ഞു പോയി. വണ്ടിയുടെ ശബ്ദം മാഞ്ഞു പോകും മുമ്പ് ഒരു മൈക്കിന്റെ ശബ്ദം ഞാൻ കേട്ടു.
ഞാൻ ഓടിവേലിക്കരികിലെത്തി. വളപ്പിന്റെ വടക്കേ അതിരിലൂടെ റെയിൽ വേസ്റ്റേഷനിലേക്കു നീളുന്ന ചെത്തു വഴിയേ ""ബഹുമാനപ്പെട്ട നാട്ടുകാരേ നിങ്ങളുടെ വിലയേറിയവോട്ടുകൾ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ അടയാളപ്പെടുത്തി നമ്മുടെ ബഹുമാനപ്പെട്ട സ്ഥാനാർത്ഥി ശ്രീ ഇ എം എസ്‌ നമ്പൂതിരിപ്പാടിനെ വിജയിപ്പിക്കുക"". എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് മൈക്കു കെട്ടിയ ഒരു കാർ പൊടി പറത്തി കിഴക്കോട്ട് പാഞ്ഞുപോയി.തിരിച്ചു ഞാൻ വീട്ടിലെത്തി അധികം കഴിയുന്നതിന്നു മുമ്പ് വേറൊരു ശബ്ദവും കേട്ടു. ഇത്തവണ പടിപ്പുരയിലേക്കാണ് ഓടിയത്.
അതും മൈക്കുകെട്ടിയ കാറായിരുന്നു. നമ്മുടെ പ്രിയപ്പെട്ട സ്ഥാനാർത്ഥി പട്ടാമ്പിയുടെ കണ്ണിലുണ്ണി ജനാബ് കെ പി തങ്ങൾക്ക് അരിവാൾ കതിരിൽ വോട്ടു ചെയ്യുക എന്നായിരുന്നു വിളിച്ചു പറഞ്ഞിരുന്നത്.
*****************************
ഇരു പക്ഷത്തിന്റേയും ചെങ്കൊടികളേന്തിയ വലിയ ജാഥകളുണ്ടായി... തെരഞ്ഞെടുപ്പു കഴിഞ്ഞു. വൈകാതെ '' പട്ടാമ്പീലെ ചട്ടമ്പീനെ മലർത്തിയടിച്ചു ഇ എം എസ്‌""എന്ന് ഘോഷിച്ചുകൊണ്ട് ഒരു പാടു കാറുകളുടെ വലിയ ഒരു ജാഥയുമുണ്ടായി. ഒരുകാറിൽ നമ്പൂതിരിപ്പാടുമുണ്ടായിരുന്നു.
ജാഥക്കുനേരെ തോൽ വിയിൽ നിരാശനായ ആരോ ഒരാൾ മുണ്ട് പൊക്കിക്കണിച്ചു എന്നും അദ്ദേഹം അടിവസ്ത്രം ഉടുത്തിരുന്നില്ല എന്നും ചരിത്രം പറയുന്നു... വിനീതനായ ഈ ചരിത്രകാരൻ അന്ന് കേവലം ഒരെട്ടുവസുകാരൻ മാത്രമായിരുന്നതുകൊണ്ട് സത്യം കൃത്യമായി അറിഞ്ഞുകൂടാ എന്നേ പറഞ്ഞുകൂടൂ...ജീവിതത്തിൽ ഞാനോർക്കുന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു അത്. എന്റെ കുടുംബം കോൺഗ്രസ്സുകാരായിരുന്നതിനാൽ അന്ന് സഖ്യ കക്ഷിയായ അരിവാൾ കതിരിന്റെ പക്ഷത്തായിരുന്നു...അങ്ങനെ ആദ്യ തെര ഞ്ഞെടുപ്പിലേ തോറ്റു എന്ന് പറഞ്ഞാൽ മതിയല്ലോ...

No comments: