Tuesday, September 29, 2020

സീതാപഹരണങ്ങൾ

"പ്രണയം നടിച്ച് ജിഹാദ്
 മാരീചനായി വരുന്നു കുഞ്ഞുങ്ങളേ…
കരുതുക, കരുതുക, കരുതിയിരിക്കുക
കുരുതിയായിത്തീരാതെ കരുതിയിരിക്കുക..."
ഇടത് വിപ്ലവകവി വയലാർ ശരത് ചന്ദ്രവർമ്മ എഴുതി  അനിൽ പനച്ചൂരാൻ ബി ജെ പി യുടെ  ജനരക്ഷായാത്രക്ക്  വേണ്ടി ആലപിച്ച  വരികൾ.....
മാരീചൻ എന്നാലാരാ...കാക്കാ പണ്ഡിതന്മാർക്ക് വല്ലതും പിടികിട്ട്യോ...
നമ്മുടെ രാമന്റെ ഭാര്യ സീതയെ അറിയ്വോ?. അവരൊന്നിച്ച് കാട്ടിൽ കഴിയേണ്ടി വന്നകാലം. രാവണന്ന് സീതിയെ കട്ടുകൊണ്ടു പോകാനുളള പൂതി കലശലായി. പറഞ്ഞിട്ടെന്താ...ഒന്നൊറ്റക്ക് കിട്ടണ്ടേ, എപ്പൊ നോക്ക്യാലും സീതയുടെ കൂടെ രാമനുണ്ടാകും.  പരിസരത്ത് ചുറ്റിയും പറ്റിയും ലക്ഷ്മണനും... ഇവരെ സീതയുടെ പരിസരത്തു നിന്നകറ്റിയാലേ രാവണന്റെ പദ്ധതി വിജയിക്കൂ. പല പണിയും നോക്കി ഉരലുഴിഞ്ഞിട്ട കോഴിയേപോലെ എപ്പോഴും രാമൻ കൂടെ. പർണ്ണശാലയുടെ പരിസരത്ത് കാവലാളായി ലക്ഷ്മണനും. അവസാനം രാവണനൊരു വേലയൊപ്പിച്ചു. തന്റെ പരിചാരകനായ മാരീചൻ എന്ന രാക്ഷസനെ ഒരു പുളളി മാനിന്റെ വേഷത്തിൽ കാട്ടിലേക്കയച്ചു.... വളളിക്കുടിലിന്റെ അടുത്ത് മേഞ്ഞു നടക്കുന്ന മാനിനെകണ്ട് സീതക്ക് കൗതുകമോ കൊതിയോ  തോന്നുന്നു. പിടിച്ച് കൊടുത്തേ പറ്റൂ എന്ന് വാശി. അതു പിന്നെ അങ്ങനെയാണല്ലോ....
രാമൻ ലക്ഷ്മണനെ സീതക്ക് കാവൽ നിർത്തി അമ്പും വില്ലുമെടുത്ത് മാനിന്റെ പിറകേ കൂടി. എയ്തു പിടിക്കാനുള്ള ശ്രമത്തിൽ നിന്നും വളർത്താനല്ല തിന്നാനായിരുന്നൂ എന്നു വേണം ഊഹിക്കാൻ. ദൂരെയെത്തി കാണാമറയത്തെത്തി. രാമൻ അമ്പെയ്തു. അമ്പുകൊണ്ട മാരീചൻ രാമന്റെ ശബ്ദത്തിൽ നിലവിളിച്ചു. രാമനപകടം പറ്റി എന്ന് വിശ്വസിച്ച സീത ഉടൻ ചെന്ന് രാമനെ സഹായിക്കാൻ ലക്ഷ്മണനോട് 
ആവശ്യപ്പെടുന്നു. ഒരുകാരണവശാലും സീതയെ വിട്ടു പോകരുത് എന്ന ആജ്ഞ ഓർത്ത് പോകാൻ മടിച്ച ലക്ഷ്മണനെ സീത ശാസിച്ച് അയക്കുന്നു. സീത ഒറ്റക്കായ തക്കത്തിന്ന് രാവണൻ സീതയെ റാഞ്ചി ലങ്കയിലേക്ക് പ റക്കുകയും ചെയ്യുന്നു. 
ഇപ്പോ മനസിലായോ വിപ്ലവ കവിതയുടെ സാരം....

Sunday, September 27, 2020

ഒരു സിനിമയുടെ ഓർമ്മ

കൗമാരം. അപൂർവ്വമായി വീണുകിട്ടുന്ന അവസരങ്ങളിൽ കാണുന്ന ഒരു സിനിമയായിരുന്നു മുഖ്യ നേരം പോക്ക്. പ്രത്യേകിച്ചും വായിച്ച നോവലുകൾ സിനിമയായി ഇറങ്ങുമ്പോൾ അതു കാണാൻ കഴിയുക വലിയ സന്തോഷമായിരുന്നു. അക്കൂട്ടത്തിൽ ഒന്നാണ് പണി തീരാത്ത വീട്...ഈ നോവൽ ഹൈസ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ വായിച്ചിരുന്നു. സിനിമ ഒരു സ്വപ്നമായി കൊണ്ടു നടന്ന കാലം, വായിക്കുന്ന കഥകളൊക്കെ സിനിമയാകുന്നതും സ്വപനം കണ്ടു. അങ്ങനെയിരിക്കെയാണ് 1972 ൽ സേതുമാധവന്റെ സംവിധാനത്തിൽ ആ പടം ഇറങ്ങിയത്. അന്ന് പട്ടാമ്പിയിലോ ഷൊർണ്ണൂരിലോ സിനിമയെത്താൻ കാലം പിടിക്കും. തൃർശൂരും പാലക്കാടുമൊക്കെ കുറെ ഓടിയിട്ടു വേണം ഇങ്ങെത്താൻ. അങ്ങനെ എഴുപത്തിമൂന്നിലാണെന്ന് തോന്നുന്നു പട്ടാമ്പി അലക്സിൽ പടം എത്തിയത്.‌ കാണാൻ വലിയ ആശ. കയ്യിലാണെങ്കിൽ ഒരു ചില്ലിക്കാശില്ല. എന്താണൊരു വഴിയെന്നാലോചിച്ചപ്പോൾ അലിക്കാക്കാനെ ഓർമ്മ വന്നു. മൂപ്പരെ ഒന്ന് കണ്ട് നോക്കാമെന്നായി. പ്രാരബ്ദമൊക്കെയുണ്ടെങ്കിലും ഇടക്കൊക്കെ അദ്ദേഹം എന്നെ സിനിമക്ക് കൊണ്ടുപോകാറുണ്ടായിരുന്നു. അദ്ദേഹമന്ന് റേഷൻ കട നടത്തുകയായിരുന്നു. സഹായിയായി മീതുട്ടിക്കയും.... അങ്ങനെ അദ്ദേഹത്തെ റേഷൻ കടയിൽ ചെന്ന് കണ്ടു. കടയിൽ വലിയ തിരക്കില്ലാത്ത ദിവസം അദ്ദേഹം കാർഡുകൾ ചേർക്കുന്ന മുറക്ക് മീതുട്ടിക്ക തൂക്കിക്കൊടുക്കുന്നു. ഞാനല്പനേരം അടുത്ത് ചെന്ന് നിന്നിട്ട് പറഞ്ഞു " അലിക്കാക്കാ അലക്സിൽ  പണിതീരാത്ത വീട് വന്നിട്ടുണ്ടത്രേ" ഉഗ്രൻ കളർ പടമാണ്. എന്റെ കയ്യിലാണെങ്കിൽ ഒരു ചില്ലിക്കാശില്ല എന്തു ചെയ്യും. അവതരണം മൂപ്പർക്ക് ഇഷ്ടപ്പെട്ടു ചിരിച്ചിട്ട് പറഞ്ഞു. നിക്ക് നമുക്ക് വഴിയുണ്ടാക്കാം... 
അഞ്ചരക്ക് പടിഞ്ഞാറോട്ടുള്ള പാസഞ്ചർ ബ്ലാക്കായപ്പോൾ കാര്യങ്ങൾ മീതുട്ടിക്കാനെ ഏല്പിച്ച് ഞങ്ങളിറങ്ങി. വണ്ടി സമയത്തിനുതന്നെ എത്തി. പട്ടാമ്പിയിലിറങ്ങി റെയിൽ മുറിച്ച് കടന്ന് മാർക്കറ്റ് റോഡിലൂടെ മേലേ പട്ടാമ്പിയിലേക്ക് നടന്നു. അന്നത്തെ ഓലമേഞ്ഞ അലക്സ് ടക്കീസിലെത്തിയപ്പോൾ ടിക്കറ്റ് കൊടുക്കാൻ തുടങ്ങുന്നതേയുള്ളൂ... അദ്ദേഹം തന്ന പൈസ കൊണ്ട് ഞാൻ ടിക്കറ്റെടുത്തു. നസീറും നന്ദിതാബോസും ഗോവിന്ദൻ കുട്ടിയും ബഹദൂറും റോജാരമണിയും ജോസ്പ്രകാശും ആലും മൂടനും ഒക്കെ അഭിനയിച്ച വർണ്ണ ചിത്രം. അന്ന് കളർപടങ്ങൾ അപൂർവ്വമായിരുന്നു. സർവ്വോപരി എം എസ്‌ വിശ്വനാഥന്റെ സംഗീതം നൽകിയ മനോഹരങ്ങളായ ഗാനങ്ങൾ. അതിൽ അദ്ദേഹം തന്നെ ആലപിച്ച കണ്ണുനീർ തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യ ഭാവനേ എന്ന ഗാനം അതി ഗംഭീരമായിരുന്നു... കൂടാതെ അണിയം അണിയം പൊയ്കയിൽ .. സുപ്രഭാതം.. കാറ്റുമൊഴുക്കും കിഴക്കോട്ട് മുതലായ ഗാനങ്ങളും.. 
നീലഗിരിയുടെ പശ്ചാത്തലത്തിലെ വർണ്ണച്ചിത്രീകരണവും മനോഹരമായ ഗാനങ്ങളും പൂർത്തീകരിക്കപ്പെടാത്ത ആഗ്രഹങ്ങളുമായി ജീവിതം തള്ളി നീക്കുന്നവരുടെ ഹൃദയസ്പൃക്കായ കഥയും....

പടം വിട്ട് പുറത്തിറങ്ങിയപ്പോൾ മണി ഒമ്പത് കഴിഞ്ഞ് കാണും. മൂന്നും കൂടിയേടത്ത് വന്ന്. കരുണാപ്രസ്സിന്റെ അടുത്തുണ്ടായിരുന്ന ഹോട്ടലിൽ നിന്നും ചായ കഴിച്ചു. രണ്ട് മുറുക്ക് പൊതിഞ്ഞു വാങ്ങി. ഓങ്ങല്ലൂർ വരെപോകാൻ  തൃശൂർ കെ എസ്‌ ആർ ടി സി വരണണ മെങ്കിൽ പത്തര മണി വരെ കാത്തു നിൽകണം. പുറത്തിറങ്ങി ഒരു മെഴുകുതിരിയും തീപ്പെട്ടിയും വാങ്ങി മുറുക്കും തിന്നുകൊണ്ട് ഞങ്ങൾ പതുക്കെ കിഴക്കോട്ട് തിരിച്ചു.‌ നെല്ല് ഗവേഷണ കേന്ദ്രത്തിന്റെ അടുത്തെത്തിയപ്പോൾ നേരിയ ഒരു ചാറ്റൽ മഴ. വിജനമായ റോഡ്... ഉടുതുണിയുടെ തുമ്പ്  പൊക്കി തലയിലൂടെയിട്ട് കൊണ്ട് നടന്നു. പെട്ടന്ന് തന്നെ മഴ തോർന്നു. ഇടക്കിടെ പോകുന്ന ഓരോ വാഹനങ്ങളോഴിച്ചാൽ റോഡ് തികച്ചു വിജനം. ഒരു തെരുവ് വിളക്ക് പോലുമില്ലാത്ത വിജനമായ ഓങ്ങല്ലൂർ കവല... ആകാശം നിറയെ നക്ഷത്രങ്ങൾ. അമ്പത് വർഷം പിന്നിട്ടാൽ
തിമർപ്പിന്റെ ഒരു കാലം വരാനിരിക്കുന്നു എന്നോ അന്ന് കാൽനട എന്നാൽ ഒരു മാനക്കേടായിരിക്കുമെന്നോ അന്ന് രാവ് പകലായിമാറു മെന്നോ ഒന്നും ഓർക്കാതെ ഞങ്ങൾ രണ്ട് ചെറുപ്പക്കാർ സന്തോഷപൂർവ്വം ഇരുട്ടിൽ നടന്ന് പന്ത്രണ്ട് മണിയോടെ കാരക്കാട്ടെത്തി. അന്ന് രാത്രി അലിക്കാക്കാന്റെ കൂടെ വടക്കേ പറമ്പിലാണ് (അലിക്കാക്കാന്റെ വീട്) കിടന്നത്....
Hyder Ali Vayyattukavil

Thursday, September 24, 2020

വാടാനാംകുറുശ്ശി ഹൈസ്കൂളിലേക്ക്

അന്ന് ഞാൻ ഉമ്മായുടെ വീട്ടിലായിരുന്നു. എന്നെ വാടാനാം കുറുശ്ശി സ്കൂളിൽ ചേർക്കാൻ കൊണ്ടു പോകാൻ ഉപ്പ വരുന്നതും കാത്ത് അതിരാവിലെത്തന്നെ ഞാൻ ഒരുങ്ങി. കുന്നും മലയും കയറി ചെന്നെത്തേണ്ട എന്റെ  ഹൈസ്കൂളിനെക്കുറിച്ച് ഞാനൊരുപാട് കേട്ടിരുന്നു. എന്റെ അമ്മാവനും എളാപ്പമാരുമൊക്കെ പഠിച്ചത് അവിടെയാണല്ലോ. കേട്ടറിവുകളിൽ നിന്നുണർന്ന  ഭാവനകൾ  എന്നെ ഉത്സാഹ ഭരിതനാക്കി. കുന്നും മലയും കയറി അഞ്ചാറ് കിലോമീറ്റർ നടന്നെത്തേണ്ടതിന്റെ യാതനകളെക്കുറിച്ചൊന്നും അപ്പോൾ ചിന്തിച്ചിരുന്നില്ല. അല്ലെങ്കിലും നടത്തം ഒരു ഭാരമായി അന്നാരും കണക്കാക്കിയിരുന്നില്ലല്ലോ. പതിവിലും നേരത്തെ പ്രാതൽ കഴിച്ച് ഉടുപ്പുകൾ മാറി ഞാൻ ഉപ്പവരുന്നതും കാത്ത് വഴിയിലേക്ക് നോക്കി നില്പായി. നേരമേറെക്കഴിഞ്ഞില്ല കയ്യിലൊരു കുടയും കക്ഷത്തിലൊരു ചെറിയ ബാഗുമായി  റെയിൽ മുറിച്ച് കടന്ന്  ഉപ്പ വന്നു. കണ്ട ഉടൻ ഞാൻ ചോദിച്ചു  ഉപ്പാ ടി സി എടുത്തില്ലേ. ഇന്നലെ ഗുരുക്കൾ മാസ്റ്റർ തന്ന ടി സി സ്കൂളിൽ ചേരാൻ അത്യാവശ്യമാണ് എന്ന് ഞാൻ മനസിലാക്കിയിരുന്നു. ഉപ്പ കയ്യിലെ ചെറിയ ബാഗിൽ തൊട്ട് പറഞ്ഞു ഇതിലുണ്ട്. 
ഉമ്മ കൊണ്ടു വന്ന ചായ കുടിച്ച ശേഷം ഉപ്പ എന്നെയും കൊണ്ടിറങ്ങി. പടിയിറങ്ങുമ്പോൾ പിറകിൽ നിന്നും ഉമ്മപറഞ്ഞു ബിസ്മി ചെല്ലീട്ട് എറങ്ങ്. ഞാൻ അനുസരിച്ചു.. ബിസ്മില്ലാഹി തവക്കൽത്തു അലല്ലാഹ് എന്ന് പ്രാർത്ഥനയൊന്നും അന്നറിയില്ലായിരുന്നു. എന്നാലും എല്ലാം ബിസ്മി ചൊല്ലി തുടങ്ങണം എന്ന് ഉമ്മ പഠിപ്പിച്ചിരുന്നു... റെയിൽ മുറിച്ചു കടന്ന് മണൽ വിരിച്ച റെയിൽവേ  പ്ലാറ്റ്ഫോമിൽ  കയറി കിഴക്കോട്ട് നടനു. സ്റ്റേഷനിൽ സ്റ്റേഷൻ മാസ്റ്ററും മുഹമ്മദുണ്ണി മാഷും  പോട്ടർ കുഞ്ഞിരാമനുംം  നില്ക്കുന്നുണ്ടായിരുന്നു.. മുഹമ്മദുണ്ണി മാസ്റ്റ്റുടെ മകൻ നാസർ എന്റെ കൂട്ടുകാരനാണല്ലോ. കഴിഞ്ഞ വർഷം അവൻ ഷൊർണൂർ സ്കൂളിൽ ചേർന്നു.   ഉപ്പ അവരോട് കുശലം പറഞ്ഞു. ഇവനെ സ്കൂളില്ചേർക്കൻ പോവ്വാണ്‌. സ്റ്റേഷനിലെ വലിയ വാച്ചിൽ അപ്പോൾ സമയം ഒമ്പതു കഴിഞ്ഞിരുന്നു. റെയിൽ പാതയോരത്തെ നടവഴിയിലൂടെ ഞങ്ങൾ കിഴക്കോട്ട് നടന്നു. കൊയലി ബാവക്കായുടെ ചായപ്പീടികക്കരികിലൂടെ പാടത്തേക്കിറങ്ങി. വേനലിൽ വരണ്ടു കിടക്കുന്ന പാടത്ത് മേഞ്ഞു നടക്കുന്ന കലികൾ. കൂട്ടത്തിൽ വലിയൊരു മൂരിയുമുണ്ടായിരുന്നു. മനക്കലെ കൂറ്റൻ എന്ന പേരിൽ നാട്ടിൽ പ്രസിദ്ധൻ. പാടത്തിന്റെ പടിഞ്ഞാറേ അരികിലെ വരമ്പിലൂടെ ചൊവ്വല്ലൂർ മനയും കടന്ന് അമ്മച്ചിപ്ലാവിന്റെ ചുവട്ടിലൂടെ കുന്നിൻ ചരുവിലെത്തി. മൂത്താപ്പയും ഉപ്പയും മുയലിനെ വെടിവെക്കാൻ വരുന്നത് ഈ കുന്നിന്മേലേക്കാണെന്ന് ഉപ്പ പറഞ്ഞുതന്നു. കുന്നിൻ മേട്ടിൽ മേഞ്ഞു നടക്കുന്ന കാലികളൊഴികെ മനുഷ്യരെ ആരെയും വഴിയിൽ കണ്ടില്ല.  കുന്ന് കയറി കാരമുൾ ചെടികളും പുല്ലാനിപ്പൊന്തകളുമല്ലാതെ അധികം മരങ്ങളൊന്നുമില്ലാത്ത മൊട്ടക്കുന്നിന്റെ മുകളിലൂടെ കുറേ നടന്ന് വടക്കോട്ട് തിരിഞ്ഞ് മറ്റൊരു കുന്നിന്റെ നെറുകയിലെത്തിയപ്പോൾ‌ കിഴക്കോട്ട് നോക്കിയപ്പോൾ അങ്ങ് ദൂരെ ചക്രവാളസീമയിൽ തെളിവാർന്ന നീലാകാശത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാടൻ മലകൾ. മലകളിലേക്ക് ചൂണ്ടി ഉപ്പ പറഞ്ഞു അതാണ്‌ പശ്ചിമഘട്ടം. നാലാം ക്ലാസിൽ കേരളത്തിന്റെ അതിർത്തികൾ പഠിപ്പിച്ച രാമകൃഷ്ണൻ മാസ്റ്റർ പറഞ്ഞു തന്ന മലകൾ. കുന്നിറങ്ങാൻ തുടങ്ങവേ വലത്തോട്ട് നോക്കിയപ്പോൾ ഞാൻ കണ്ടു കുന്നിനു താഴെ പാടങ്ങൾക്കപ്പുറത്ത്  ഇനിയെനിക്ക് അഞ്ച് വർഷം പഠിക്കേണ്ട വിദ്യാലയം. വാടാനാം കുറുശ്ശി ഹൈസ്കൂൾ. സ്കൂളിന്റെ പടിഞ്ഞാറ്‌ ഭാഗത്ത് പുതുതായുണ്ടാക്കിയ അസ്ബെസ്റ്റോസ് മേഞ്ഞ കെട്ടിടങ്ങൾ അകലെനിന്നും കാണാൻ നല്ലഭംഗിയായിരുന്നു. സ്കൂളിന്റെ ഗേറ്റിനിരു വശവും വളർന്ന് നിന്നിരുന്ന വാകമരങ്ങൾ നിറയെ കടും ചുവപ്പ് പൂക്കൾ. ഉപ്പ നന്നായി വിയർത്തിരുന്നു ചെറുതായി കിതക്കുന്നുമുണ്ട്. വേഗം വാ എന്നും പറഞ്ഞ് മുന്നോട്ട് പോകുന്ന ഉപ്പയെ പിൻ തുടരവേ  ഞാനോർത്തു ഒന്നാം ക്ലാസിൽ ചേരക്കാൻ എന്നെയും കൊണ്ട് ഉപ്പ പോയാന്നുണ്ടായ കുതൂഹലങ്ങൾ. അന്ന് ഞാൻ സ്കൂളിൽ കയറിയില്ല.  സ്കൂൾ മിറ്റത്ത് കിടന്ന് കരഞ്ഞ എന്നെ അവിടെ ഉപേക്ഷിച്ച് ഉപ്പ പോവുകയായിരുന്നു. പിറ്റേന്ന് അമ്മാവനും എളാപ്പരുമൊക്കെയാണ്‌ എന്നെ അനു നയിപ്പിച്ച് സ്കൂളിൽ കൊണ്ടാകിയത്. കുന്നിറങ്ങി പൊന്നാത്തെ പടിക്കലൂടെ പാടത്തേക്കിറങ്ങി തോട് മുറിച്ചുകടന്ന് സ്കൂളിന്റെ വടക്കേ അതിരിലെ ഇടവഴിയിലൂടെ പട്ടാമ്പിയിൽ നിന്ന് പാലക്കാട്ടേക്ക് പോകുന്ന ടാറിട്ട റോട്ടിൽ കയറി സ്കൂളിലെത്തി. കുന്നിൻ മുകളിൽ നിന്നും‌ കണ്ട നിറയേ പൂത്ത വാകമരങ്ങൾ സ്കൂൾ ഗേറ്റിന്റെ അടുത്തായിരുന്നു. 
കുറച്ചു കഴിഞ്ഞപ്പോൾ സുരേഷിനേയും കൊണ്ട് ഗുരുക്കൾ മാസ്റ്ററും വന്നു. സ്കൂളിൽ വലിയ തിരക്കായിരുന്നു. കുട്ടികളും‌ അവരുടെ രക്ഷിതാക്കളും. വേണു മാസ്റ്ററും സുകുമാരൻ മാസ്റ്ററും കുട്ടൻ നായർ മാസ്റ്ററും ജാനകിട്ടീച്ചറും പത്മാവതിട്ടീച്ചറും ശാരദട്ടീച്ചറുമൊക്കെ അവിടെയുണ്ടായിരുന്നു. എല്ലാവരും പുതിയ കുട്ടികളെ ചേർക്കുന്നതിന്റെ തിരക്കുകളിലായിരുന്നു. ഒരു മണിക്കൂർ കൊണ്ട് ഞങ്ങൾ സ്കൂലിൽ നിന്നും ഒഴിവായി. ജൂൺ ഒന്നാം തിയ്യതി വരുമ്പോൾ കൊണ്ടുവരാൻ ഓരോ കുറിപ്പും സ്കൂളിൽ നിന്ന് തന്നിരുന്നു. സ്കൂളിൽ നിന്നിറങ്ങിയ ഞങ്ങൾ അടുത്തുള്ള കുട്ടന്റെ ചായക്കടയിലേക്ക് കയറി.  പരിപ്പുവട പൊരിക്കുന്നതിന്റെ കൊതിയൂറുന്ന മണം. ഉയരം കുറഞ്ഞ് കഷണ്ടിക്കാരനായ കുട്ടൻ ഇടത്തേ കൈയിലെ ഗ്ലാസ് ഉയർത്തി  ഇടത്തേ കയ്യിലെ തകരപ്പാട്ടയിലേക്ക് ചായ ഒഴിക്കുന്നതിന്റെ ശബ്ദം ദൂരെ കേൾക്കാം.  ചായകുടിച്ചു കൂടെ പരിപ്പു വടയും. ചായകുടിക്കെ മാസ്റ്റർ ചോദിച്ചു ഇനി പടിഞ്ഞാട്ട് ഏതാ ബസ്സ്. ഇരിങ്ങാട്ടിരി വരാനുണ്ട് അരമണിക്കൂർ കഴിയണം. കഷണ്ടി തടവിക്കൊണ്ട് കുട്ടൻ ചിരിച്ചു. ഞങ്ങൾ ഗുരുക്കൾ മാസ്റ്ററുടേയും സുരേഷിന്റേയും കൂടെ  ഓങ്ങല്ലൂർ വഴിയാണ് മടങ്ങിയത്. ബസ്സ് വരാൻ കാത്തുനിൽകാതെ ഞങ്ങൾ ഇറങ്ങി നടന്നു.  റോഡിന് ഇരു വശവും വളർന്നു നിൽകുന്ന വലിയ മാവുകളുടെ തണൽ പറ്റി നടക്കവേ ഗുരുക്കൾ മാസ്റ്റർ പറഞ്ഞു പൊന്നാനിയിൽ നിന്നും പാലക്കാട്ടേക്ക് ടിപ്പു സുൽത്താൻ വെട്ടിയ റോഡാണ്. ഈ മാവുകളും അദ്ദേഹം പിടിപ്പിച്ചവതന്നെ. ഉപ്പ മാസ്റ്റർ പറയുന്നതെല്ലാം ഭവ്യതയോടെ മൂളിക്കേൾക്കുന്നു. അദ്ദേഹം ഉപ്പായുടേയും ഗുരുവാണല്ലോ. റോട്ടിൽ ഇടക്കിടെ തലച്ചുമടുകാരുടെ സൗകര്യത്തിന് അത്താണികളും കാലികൾക്ക് വെള്ളം കുടിക്കാൻ കൽതൊട്ടികളും. വഴി നീളെ മാസ്റ്ററും ഉപ്പയും തമ്മിൽ ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു. കാറുകളെക്കുറിച്ചും  അതിവേഗത്തിൽ കാറോടിച്ചിരുന്ന ഒരാളെക്കുറിച്ചും കൂട്ടത്തിൽ അവർ പറഞ്ഞിരുന്നു. അമിത വേഗം കൊണ്ട് അപകടത്തിൽ പെട്ട് മരിച്ച ഒരാളുടെ കഥ. അതൊക്കെ കേട്ട് സുരേഷും ഞാനും പിറകെ. ഗുരുക്കൾ മാസ്റ്ററുടെ വീടിന്റെ കിഴക്കു വശത്തെ ഇടവഴിയിലൂടെ പള്ള്യായിലിറങ്ങി വരണ്ടു കിടക്കുന്ന കാലൻ കുളത്തിനരികിലൂടെ പുത്തൻ റോട്ടിൽ കയറി തറവാട്ടിലെത്തി. പുത്തൻ റോഡ് എന്നറിയുന്ന  കാരക്കാട് പോക്കുപ്പടി റോഡ് അന്ന് പണി പൂർത്തിയായിട്ടുണ്ടായിരുന്നില്ല. കാലൻ കുളത്തിനടുത്തെത്തി പണി നിന്നു പോയതായിരുന്നു.  
അന്ന് വൈകുന്നേരമാണ് ഞാൻ വീണ്ടും ഉമ്മായുടെ വീട്ടിലേക്ക് പോയത്. ഉപ്പ പുതിയ പുസ്തകങ്ങളുമായി വരുന്നതും ജൂൺ ഒന്നിന്  സ്കൂളിലേക്ക് പോകുന്നതുമെല്ലാം മനസിൽ കണ്ട് ഞാൻ കാത്തിരിപ്പായി.....

Friday, September 11, 2020

പാലക്കാട്ടെ കോട്ടയിലേക്ക് ഒരു വിനോദയാത്ര

ചില സ്ഥലങ്ങൾ നമ്മുടെ മനസ്സിൽ പതിയാൻ കാരണം ആസ്ഥലത്തിന്റെ ഭം‌‌ഗിയേക്കളും പ്രാധാന്യത്തേക്കളും ഉപരി അപ്പോൾ‌നാമവിടെ കേട്ട ചിലവാക്കുളായിരുക്കും. ഇവിടെ വെച്ച് ഇന്നയാൾ തന്നോട് ഇന്നയിന്നതൊക്കെ പറഞ്ഞു എന്ന ഓർമ്മ മനസ്സിൽ മായതെ നില്കുമ്പോൾ അതൊരു ചിത്രത്തേക്കാൾ മനോഹരമായി അനുഭവപ്പെടുന്നു. ഇത്തരം ഒരുപാടു ചിത്രങ്ങളിലൊന്നാണ്‌ 1970 ലെ പാലക്കാട്ട് ടിപ്പുവിന്റെ കോട്ടയുടെ കവാടം അന്ന് ഞങ്ങളോരു പഠനയാത്ര പോയതായിരുന്നു വാടാനം കുറുശ്ശി സ്കൂളിൽ നിന്നും. അഞ്ചു രൂപയായിരുന്നു ഫീസ്. അതൊരു വലിയ തുകയാണെന്നും അത്രയും ചിലവാക്കി ഒരു വിനോദയാത്ര വേണ്ട എന്നുമായിരുന്നു ആദ്യ വിധി. തുടർന്ന് നിലവിളി നിരാഹാരസത്യഗ്രഹം ഇത്യാദി സമരമുറകൾ പയറ്റിയതിൻ ഫലമായി ഉമ്മ ഇടപെടുകയും വിധി പുനപ്പരിശോധിക്കാൻ ഉപ്പ കനിവോടെ തയ്യാറാവുകയും ചെയ്തു. അങ്ങനെ ഒരു രൂപ കൈ കശടക്കം ആറുരൂപതന്നു അനുവദിക്കപ്പെട്ടു.
അങ്ങനെ ഞങ്ങൾ യു പി സ്കൂളിൽ ഞങ്ങൾക്ക് സാമൂഹ്യപാഠം എടുത്തിരുന്ന സുകുമാരൻ മാസ്റ്ററുടെ കീഴിൽ പാലക്കാട്‌ കോട്ടയുടെ കവാടത്തിലെത്തി. ഞങ്ങൾ ഭൂരിപക്ഷവും ഹിന്ദു കുട്ടികളൂം  നാലോ അഞ്ചോ മുസ്ലിം കുട്ടികളുമാണുണ്ടായിരുന്നത്. അവിടെ അന്നുണ്ടായിരുന്ന ചെറിയ ഗണപതി കോവിലിന്റെ മുന്നിലെത്തി. സാർ ഞങ്ങളെയെല്ലാം അതിന്നു മുന്നിൽ വിളിച്ചു കൂട്ടിയിട്ടു ചോദിച്ചു. നാം കാണാൻ പോകുന്നത് പണ്ട് നമ്മെ ഭരിച്ച ടിപ്പുസുൽത്താന്റെ കോട്ടയാണ്‌. നിങ്ങൾ അദ്ദേഹത്തെക്കുറിച്ച് എന്താണ്‌ കേട്ടിട്ടുള്ളത് ?..
ഞാനോർത്തുനോക്കി എനിക്കു കൂടുതലൊന്നും അറിയില്ലായിരുന്നു തറവാട്ടിൽ വരുന്ന മുതിർന്ന ആളുകൾ ടിപ്പുവിന്റെ പടയോട്ടത്തെ കുറിച്ചെല്ലാം പറഞ്ഞിരുന്നത് അദ്ദേഹം അമ്പലങ്ങൾ തകർക്കുകയും ആളുകളെ മതം മാറ്റുകയുമൊക്കെ ചെയ്തിരുന്ന ഒരു മുസ്ലിം രാജാവ് എന്നായിരുന്നു. മുസ്ലിംകൾ അതിനെ സന്തോഷത്തോടെ അറിഞ്ഞ് അദ്ദേഹത്തെ അത്തരത്തിൽ ആദരിച്ചപ്പോൾ സ്വാഭാവികമായും  ഹിന്ദുക്കൾ അതിനെ  വേദനയോടെ മനസിലാക്കി അദ്ദേഹത്തെ ശക്തിയായി വെറുക്കുകയും ചെയ്തിരിക്കണം. ഒമ്പതാം ക്ലാസുകാരും പത്താംക്ലാസുകാരു മായിരുന്നഞങ്ങളൊന്നും മിണ്ടിയില്ല.അപ്പോഴദ്ദേഹം പറഞ്ഞു അദ്ദേഹം ഒരു വിഗ്രഹ ബഞ്ചകനും ഹിന്ദു മതവിരോധിയും ആയിട്ടാണ് പൊതുവേ അറിയപ്പെടുന്നത്. ഈ കൊച്ചു പ്രതിഷ്ഠ നോക്കുക. ഇത് അദ്ദേഹം തന്റെ ഹിന്ദു മത വിശ്വാസികളായ സൈനികർക്കു വേണ്ടി ഉണ്ടാക്കിയതാണ്‌. അദ്ദേഹത്തിന്റെ എല്ലാ കോട്ടകളിലും ഇതുപോലെ അമ്പലങ്ങളുണ്ട്. മൈസൂരിൽ ശ്രീരംഗപട്ടണത്തെ അദ്ദേഹത്തിന്റെ കൊട്ടാരത്തിന്റെ നേരെ മുന്നിലാണ്‌ ശ്രീ രംഗ നാഥ ക്ഷേത്രം ....
അന്ന് അതത്ര കാര്യമായൊന്നും തോന്നിയില്ല. ഇന്ന് ഇപ്പോൾ‌ മനസിലാകുന്നു എത്ര മഹത്തായ ഒരു സന്ദേശമാണ്‌ സുകുമാരൻ മാഷ് ഞങ്ങളുടെ മനസിലേക്ക് ഇട്ടു തന്നത് എന്ന്‌. .... ഞങ്ങളെല്ലാം തന്നെ എങ്ങനെ മതനിരപേക്ഷരായി എന്നും.  അതെ ഒരദ്ധ്യാപകൻ മതി ശിഷ്യന്മാരുടെ മനസുകളിൽ വിപ്ലവങ്ങൾ ശൃഷ്ടിക്കാൻ...
അങ്ങനെ പാലക്കാട്ടെ ടിപ്പുവിന്റെ കോട്ടയുടെ കവാടത്തിന്റെ 1971 ലെ സുന്ദരമായ ചിത്രം  എന്റെ ഗുരു സുകുമാരന്മാസ്റ്ററുടെ വാക്കുകളിലൂടെ എന്റെ മനസിൽ ആലേഖനം ചെയ്യപ്പെട്ടു...

Thursday, September 10, 2020

ഓണം ഒരു ഗ്ലാസ് പാല്പായസത്തിന്റെ ഓർമ്മ

അന്ന് ഞാൻ ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം. ചിലപ്പോൾ എട്ടിലുമാകാം. പത്രങ്ങളിൽ  കാർട്ടൂണുകൾ വായിച്ച് ടാർസൻ എന്ന കഥയിൽ കമ്പം കയറി. പുസ്തകരൂപത്തിൽ കിട്ടിയാൽ വായിക്കാമായിരുന്നു എന്ന് വലിയ പൂതി. ടാർസന്റെ തർജ്ജുമ ഇറങ്ങിയിട്ടുണ്ടോ എന്ന് എനിക്കറിയില്ലായിരുന്നു. സ്കൂൾ‌ ലൈബ്രറി നോക്കി നടത്തിയിരുന്നത് എന്റെ പ്രിയപ്പെട്ട ഗുരു വേണു മാഷായിരുന്നു. സ്കൂൾ ലൈബ്രറിയിൽ‌ എനിക്ക് അദ്ദേഹം പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നു. ഒരു ദിവസം ലബ്രറിയിൽ ചെന്നപ്പോൾ രണ്ടും കല്പിച്ച് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. സാർ ടാർസന്റെ മലയാളം ഉണ്ടോ. അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു ഇവിടെയുണ്ടല്ലോ. അലമാറയിൽ നോക്കി എടുത്തോളൂ. ഞാൻ ആർത്തിയോടെ തെരഞ്ഞു കൊണ്ടിരിക്കേ അദ്ദേഹം പറഞ്ഞു. അത് പ്രേമന്റെ കയ്യിലാണെന്ന് തോന്നുന്നു. അവനോട് തരാൻ പറയൂ. അദ്ദേഹത്തിന്റെ അനുജൻ പ്രേം കുമാർ എന്റെ ക്ലാസിൽ തന്നെയായിരുന്നു പഠിച്ചിരുന്നത്. ഞാൻ ചെന്ന് വിവരം പറഞ്ഞപ്പോൾ പിറ്റേദിവസം കൊണ്ടു വരാമെന്ന് അവൻ ഏറ്റു. 
പിറ്റേന്ന്, ഓണം അവധി തുടങ്ങുന്നതിന്റെ തലേദിവസം. അതൊരു ഉത്രാടനാളായിരുന്നു എന്നാണ് ഓർമ്മ. രാവിലെ നോക്കുമ്പോൾ പ്രേമൻ പുസ്തകത്തിന്റെ കാര്യം മറന്നിരുന്നു എനിക്ക് വലിയ സങ്കടമായി. ഓണം അവധിക്ക് വായിക്കാം എന്ന് സ്വപ്നം കണ്ടത് വെറുതെയായല്ലോ എന്ന നിരാശ. എന്റെ ദുഖം കണ്ട് മനസലിഞ്ഞിട്ടാകാം പ്രേമനെന്നോട് ചോദിച്ചു ഉച്ചക്കലെ ഇന്റർ വെല്ലിൽ നിനക്ക് വീട്ടിൽ പോയി വാങ്ങാമോ. വീട്ടിലേക്കുള്ള വഴിയും അവൻ പറഞ്ഞുതന്നു. ഞാൻ സമ്മതിച്ചു. ഉച്ചക്ക് ബെല്ലടിച്ച ഉടൻ ഞാൻ വേണുമാസ്റ്ററുടെ വീട്ടിലേക്കോടി. കാടക്കണ്ണന്റെയും ഹാജിയാരുടെയും പീടികകൾ കടന്ന് ഇടത്തോട്ട് തിരിയുന്ന ചെത്ത് വഴിയിലൂടെ...
ഞാൻ ചെന്നപ്പോൾ വരാന്തയിൽ  വേണുമാസ്റ്ററുടെ പെങ്ങളുടെ മകൾ പത്മജയും വേറെ ഒന്ന് രണ്ട് സ്ത്രീകളുമുണ്ടായിരുന്നു. മിറ്റത്ത് ഭംഗിയുള്ള പൂക്കളം. 
ഞാൻ പത്മജയോട് പുസ്തകത്തിന്റെ കാര്യം പറഞ്ഞു. അവൾ അകത്തേക്ക് പോകവേ അകത്തുനിന്ന് ആരോ ചോദിക്കുന്നു. അമ്മയാകാം.. 
ആരാ പുറത്ത് വന്നിരിക്കുന്നത്.? 
"സ്കൂളിൽ പഠിക്കുന്ന കുട്ട്യാ, ഒരു പുസ്തകം വാങ്ങാൻ വന്നതാ". ആരായാലും ഒരു ഗ്ലാസ് പായസം  കൊടുക്കൂ..."
മിറ്റത്തെ മാവിലിരുന്ന് കരയുന്ന കാക്കകളേയും മിറ്റത്തെ പൂക്കളത്തേയുമൊക്കെ നോക്കികൊണ്ട് ഞാൻ  വരാന്തയിൽ കാത്തു നിന്നു. അല്പം കഴിഞ്ഞപ്പോൾ ഒരു കയ്യിൽ പുസ്തകവും മറുകയ്യിൽ ഒരു ഗ്ലാസ് പായസവുമായി പത്മജ വന്നു. ഗ്ലാസ് തിണ്ണയിൽ വെച്ച് അവൾ പുസ്തകം എന്റെ നേരെ നീട്ടി. ഞാൻ പായസം എടുത്ത് കുടിച്ച് ഗ്ലാസ് തിണ്ണയിൽ‌ വെച്ച് സ്കൂളിലേക്ക് തിരിച്ചു... 
നാവിൽ ജീവിതത്തിലാദ്യമായി കുടിച്ച പാൽ പായസത്തിന്റെ രുചിയും മനസിൽ ആശിച്ച് കിട്ടിയ പുസ്തകത്തെകുറിച്ചുള്ള ഭാവനകളുമായി ഞാൻ മടങ്ങി....
സത്യം പറയാമല്ലോ അന്ന് പായസം വെപ്പിൽ കാക്കമാർ പ്രാവീണ്യം നേടിയിട്ടുണ്ടായിരുന്നില്ല. ഇറച്ചി പത്തിരി നൈച്ചോറ് ബിരിയാണി പോലൊത്തതൊക്കെയായിരുന്നു അവരുടെ മേഖല. തറവാട്ടിൽ പെരുന്നാളിന് പായസം വെച്ചിരുന്നത് രാമകൃഷ്ണൻ മാസ്റ്ററുടെ മേൽ നോട്ടത്തിലായിരുന്നു....
ഓടിക്കിതച്ച് സ്കൂളിലെത്തി പ്രേമനോടു വേണു മാസ്റ്ററോടും പുസ്തകം കിട്ടിയ കാര്യം പറഞ്ഞു. ഞാൻ വീട്ടിലേക്ക് തിരിച്ചു. പിറ്റേന്ന് മുതൽ ഓണാവധി തുടങ്ങുകയായിരുന്നതിനാൽ  അന്ന് ഉച്ച്ക്ക് ശേഷം ഒഴിവായിരുന്നു... 
ആ അവധിക്ക് പുസ്തകം വായിച്ച് തീർത്തു. കഥയെയും കഥാപാത്രങ്ങളേയും മറന്നു. ആരായാലും ഒരു ഗ്ലാസ് പായസം കൊടുക്കൂ എന്ന കല്പനയും തുടർന്ന് ലഭിച്ച പായസത്തിന്റെ രുചിയും ഓർമ്മയിൽ മങ്ങാതെ നിൽകുന്നു.
Premkumar Padinhattimmuri Mozhiyote
Gopikrishnan Thekkemannemkote