Wednesday, September 2, 2015

കോവർകഴുത


അവൻ നല്ലൊരു കുതിരയായിരുന്നു. ചുറുചുറുക്കും വേഗതയും അതിനൊത്ത ബുദ്ധിയും ആരോഗ്യമുള്ള ഒരു കുതിര. യജമാനൻ മാറി. പുതിയൊരാൾ വന്നു. വേഗതയെ ഭയക്കുന്നവൻ സ്വയം ഒരു കുതിരയെന്ന് ഉള്ളിൽ കരുതുന്ന കഴുത.ഞാനല്ലാതൊരു കുതിര ലോകത്തുണ്ടാകരുതെന്നു കരുതിക്കൂട്ടിയവൻ. അയാൾക്ക് കുതിരയെ തീരെ പിടിച്ചില്ല. ചുറ്റുമുള്ള കഴുതകളെ അയാൾക്കു നന്നേ ബോധിക്കുകയും ചെയ്തു. പണ്ടേ കുതിരയോടു അസൂയയുണ്ടായിരുന്ന കഴുതകൾ കുതിരക്കെതിരെ കിട്ടിയ തഞ്ചത്തിനു ഉപചാപവും തുടങ്ങി. പിന്നെ പീഢനങ്ങളുടെ കാലമായി ഓരോ തവണ പീഢിപ്പിക്കുമ്പോഴും ഒരു മുദ്രാവാക്യം പോലെ യജമാനൻ പറയും എനിക്ക് തുള്ളിച്ചാടുന്ന കുതിരയെ അല്ല വഴങ്ങുന്ന കഴുതയേയാണു വേണ്ടത്‌എന്ന്.
" I don't want jumping horses I want yielding Donkeys "
പീഢനം സഹിക്കവയ്യാതായി, കുതിരകളുടെ കാലം തിരിച്ചു വരുമെന്ന പ്രതീക്ഷയറ്റപ്പോൾ നമ്മുടെ കുതിരക്കു തോന്നി കഴുതയാകാൻ ഒന്നു ശ്രമിച്ചു നോക്കിയാലോ എന്ന്‌. പക്ഷേ ശ്രമം വിജയിച്ചില്ല. കുതിരയല്ലാതാവുകയും ചെയ്തു കഴുതയൊട്ടായതുമില്ല... രണ്ടിനുമിടയിൽ അവനൊരു കോവർ കഴുതയായി...
കാലം മാറി പുതിയ യജമാനൻ വന്നു. പണ്ട് നമ്മുടെ കുതിരയുടെ കഴിവ്‌കണ്ടറിഞ്ഞവൻ. വേഗതയെ പേടിയില്ലാത്ത, കഴുതകളെയും കുതിരകളെയും ഒരേപോലെ മേയ്കാൻ കഴിവുള്ള മിടുക്കൻ... അയാൾ കോവർ കഴുതയോടു പറഞ്ഞു നീ ഇങ്ങനെയൊന്നു മായിരുന്നില്ലല്ലോ.. എന്തു പറ്റി എവിടെ പ്പോയീ നിന്റെ ചൊടിയും ചുണയും...? ഓർക്കുക നീ ഒരു കുതിരയാണ്‌‌ കുതിര എപ്പോഴും കുതിരയായിരിക്കണം.....
കോവർ കഴുത വിഷണ്ണനായി നിരാശയോടെ ഓർത്തു വേണ്ടായിരുന്നു എങ്ങനെ യെങ്കിലും പിടിച്ചു നിന്നാൽ മതിയായിരുന്നു... കുതിരകളുടെ കാലം തിരിച്ചു വരുമെന്ന പ്രതീക്ഷ കൈവെടിയരുതായിരുന്നു.
അവൻ വീണ്ടുമൊരു കുതിരയാകാൻ ബഗീരഥപ്രയത്നം തുടങ്ങി. നിർഭാഗ്യമെന്നല്ലാതെന്തു പറയാൻ അപ്പോഴേക്കും കാലം കഴിഞ്ഞുപോയിരുന്നു...

No comments: