Thursday, October 31, 2013

....ലാര്‍വ

....ലാര്‍വ
ലാര്‍വകളുടെ ഗുരു പറഞ്ഞു ലാര്‍വകളേ നിങ്ങള്‍ അതിരു കവിയരുത്. നിങ്ങളിപ്പോള്‍ പുഴുക്കള്‍ മാത്രമാകുന്നു.വേട്ടാളന്മാര്‍ക്കും ഉറുമ്പുകള്‍ക്കും ഓന്തുകള്‍ക്കും പല്ലികള്‍ക്കും പറവകള്‍ക്കും ഇരയാവുന്ന കേവലം പുഴുക്കള്‍. അതിനാല്‍ നിങ്ങള്‍ ഇലകളുടെ മറവില്‍ തളിരുകള്‍ കാര്‍ന്നു തിന്ന് കഴിഞ്ഞുകൂടുക. നിങ്ങളെ തിന്നാന്‍ നടക്കുന്നവയുടെ ദൃഷ്ടിയില്‍ പെടാതെ നോക്കണം. ഇതു ക്ഷണികമായ ഒരു ഘട്ടമാണ്‌. ശേഷം നിങ്ങള്‍ നിങ്ങളുടെ കൊക്കൂണൂകളില്‍ ഉറങ്ങും. പിന്നീട് നിങ്ങള്‍ എഴുന്നേല്പിക്കപ്പെടും. അപ്പോള്‍‌ നിങ്ങള്‍ക്ക് വര്‍ണ്ണപ്പകിട്ടുള്ള ചിറകുകളും സുന്ദരമായ മേനിയും ഉണ്ടാകും ... നിങ്ങളിതുവരെ ആസ്വദിച്ചിട്ടില്ലാത്ത, ഒരു പുഴുവും ഇതുവരെ വിഭാവന പോലും ചെയ്തിട്ടില്ലാത്ത ഭംഗിയുള്ള പൂക്കളിലെ മധുരമേറിയ തേന്‍ നിങ്ങള്‍ക്കുകിട്ടും നിങ്ങള്‍ക്ക് സ്വതന്ത്രമായി പാറിപ്പറന്നു നടക്കാം.
അതിനാല്‍ ഇപ്പോള്‍ നിങ്ങള്‍ അടങ്ങിയൊതുങ്ങി ജീവിക്കുക...
നിങ്ങളെ തിന്നാന്‍ നടക്കുന്നവന്നു പിടികൊടുക്കരുത്...
യുക്തിക്കു നിരക്കാത്ത ഈ വാദഗതിയെ ലാര്‍വകളിലധികവും പുച്ഛിച്ചുതള്ളി. കൊക്കൂണില്‍ നിന്നും ഒരു ഉയിര്‍ത്തെഴുന്നേല്പ് അതെങ്ങ്നെ സാധ്യമാകും? ... ഭംഗിയുള്ളപൂക്കളും മധുരമുള്ള തേനും പാറിപ്പറക്കാന്‍ ചിറകും ഫൂ .... ഈതളിരിലകളിലെ കവര്‍പ്പേറിയ തളിരിലകളേക്കാള്‍‌ സ്വാദുള്ള ഭക്ഷണമുണ്ടോ..
അതിനാല്‍ നമുക്കിഷ്ടമുള്ള പോലെ ജീവിക്കുക സ്വതന്ത്രരാകുക. ഇലകളുടെ നിഴലില്‍ നിന്നും പുറത്തിറങ്ങുക, ആസ്വദിച്ചു ജീവിക്കുക. കൊക്കൂണില്‍ നിന്നും പിന്നെയൊരു ഉയിര്‍ത്തെഴുന്നേല്പില്ല... ഇവിടെ കിട്ടിയതു കിട്ടി അത്രതന്നെ.
കുറേയെണ്ണം തിന്നു ചത്തു.. കുറേയെണ്ണത്തെ മറ്റുജീവികള്‍ക്കിരയായി ..
കുറച്ചെണ്ണം കൊക്കൂണിലെ നിദ്രക്കു ശേഷം പൂമ്പാറ്റകളായി... ഞങ്ങള്‍ക്കെന്തുണ്ടായി എന്നു പറഞ്ഞുകൊടുക്കാന്‍ അവയ്ക് ലാര്‍വകളുടെ ലോകത്തേക്കുള്ള വഴിയറിയില്ലായിരുന്നു. ലാര്‍വകളുടെ ഭാഷയും അവ മറന്നു പോയിരുന്നു.....

1 comment:

abduthai said...

എനിക്കിഷ്ടപ്പെട്ടു,
ഇതു ഏതെങ്കിലും വാരികക്ക് അയച്ചുകൊടുത്തിരുന്നോ..
കൊടുക്കുമ്പോള്‍ സ്വന്തം പേരു കൊടുക്കേണ്ട
എന്തെങ്കിലു ഒരു തൂലികാനാമം സ്വീകരിക്കുക