Thursday, August 24, 2023

കിഴക്കൻ കാറ്റ്

പാലക്കാടന്‍ ചുരമിറങ്ങിവരാറുണ്ടായിരുന്ന ആ കാറ്റിനെ അവര്‍   കിഴക്കന്‍ കാറ്റ് എന്നും   വൃശ്ചികക്കാറ്റ് എന്നും വിളിച്ചു. കതിര്‍ പുറത്തു ചാടാറായ നെല്‍ വയലുകളെ പുളകം  കൊള്ളിച്ചുകൊണ്ട്, വാളന്‍ പുളിയെ പഴുപ്പിച്ചുകൊണ്ട്, ഏല്‍കുന്നവന്റെ ചുണ്ട് വരണ്ട് കീറിക്കൊണ്ട് അവന്‍ വീശിയടിക്കും. 
 അതിന്നു മുമ്പായി   നല്ല നാല് മഴപെയ്യുമായിരുന്നു.  തുലാമാസം   അവസാനത്തോടെന്ന മഴയെ അവര്‍  വര്മ്പു മുറിയന്‍, പുരപൊളിയന്‍ന്‍ പുല്ലുപറിയന്‍, കല്ലുരുട്ടി എന്നിങ്ങനെ വിളിച്ചു പോന്നു.  ആകാറ്റും  മഴയുമേറ്റവര്‍ ഇന്നത്തെ പോലെ പരിഷ്കൃതരായിരുന്നില്ല.   പച്ച മനുഷ്യര്‍  ഏറ്റവും  വലിയ കോപം  രണ്ടു തെറി പറഞ്ഞാല്‍ തണുക്കുന്ന ശുദ്ധന്മാര്‍... വയസ്സായ അച്ഛനമ്മമാരെ നോക്കാന്‍ വേണ്ടി തേടിവന്ന വലിയ ഭാഗ്യങ്ങള്‍ ത്യജിച്ചവര്‍ ... അയല്‍ പക്കത്തൊരു മരണം നടന്നാല്‍ പുലരുവോളം   ഉറക്കമിളച്ച് മരണവീട്ടില്‍  കാവലിരുന്നവര്‍. സ്വന്തം മക്കള്‍ക്കായ് കൊണ്ടു വരുന്ന പലഹാരങ്ങളില്‍ നിന്നൊരു ഭാഗം  അയല്‍പക്കത്തെ മക്കള്‍ക്കായി മാറ്റിവെച്ചവര്‍ ... വിശേഷമായെന്തു കിട്ടിയാലും   അയല്‍വാസിക്കും   സ്വസഹോദരങ്ങള്‍ക്കുമായി   പങ്കു      വെച്ചവര്‍      ഗ്രാമത്തിലെ സ്ത്രീകളൊക്കെയും  സ്വന്തം  അമ്മപെങ്ങന്മാരാണെന്ന് വിശ്വസിച്ചവര്‍...  
അവര്‍ ഇന്നില്ല... കാറ്റിനോടൊപ്പം   അവരും  എങ്ങോപോയ് മറഞ്ഞു .. 
കിഴക്കന്‍ കാറ്റിനൊപ്പം   മറഞ്ഞത് ഒരുകൂട്ടം മനുഷ്യരായിരുന്നില്ല ഒരു സംസ്കാരമായിരുന്നു