Saturday, February 17, 2018

ഒരു കയം പിടുത്തത്തിന്റെ ഓർമ്മ

ആനമുടിയിൽ നിന്ന് ഉത്ഭവിച്ച് പൊന്നാനിക്കടലിൽ വിലയം പ്രാപിക്കുന്ന പേരാറെന്ന നിളയിൽ ധാരാളം കയങ്ങളുണ്ട്. എന്നാൽ ഞങ്ങൾ കാരക്കാട്ടുക്കരുടെ ഉടമസ്ഥതയിലുള്ള ചേരിക്കല്ല് കണ്ണമ്പാറമുതൽ‌ ചീക്കര ചെങ്ങണം കുന്ന് വരെ കയങ്ങൾ മൂന്നാകുന്നു.
കൊടപ്പാറ കയം ചെങ്ങണം കുന്ന് കയം കണ്ണമ്പാറ കയം എന്നിങ്ങനെ. ഈ കയ്യങ്ങളിലൊക്കെ ധാരാളം മീനുമുണ്ട്.  ആഴത്തിലും പരപ്പിലും കേമൻ കൊടപ്പാറകയ മായിരുന്നു. ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിലൊന്നും  പഞ്ചായത്തിന്നോ മറ്റു സർക്കാർ വകുപ്പുകൾക്കോ ഇവക്ക്മേൽ ഇന്നത്തെ പ്പോലുള്ള അവകാശങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതിനാൽ വേനൽ കാലങ്ങളിൽ ഈ കയങ്ങളിൽ താമസമാക്കുന്ന മത്സ്യസമ്പത്തിന്റെ ഉടമസ്തതാവകാശമത്രയും ഗ്രാമീണരിൽ നിക്ഷിപ്തമായി. വാള തൂളി കൊമ്പൻ വലിയ കുറുന്തലകൾ എന്നിങ്ങനെ പലതരം മത്സ്യങ്ങളാൽ സമൃദ്ധമായിരുന്നു കയങ്ങൾ.  വയ്യാട്ടുകാവിക്കാര് പറമ്പിക്കാര് പ്ലാക്കക്കാര് വരമംഗലത്ത്കാര് താഴത്തേക്കാര് എന്നിങ്ങനെ പ്രമുഖർക്കൊക്കെ സ്വന്തമായി വലകളുണ്ടായിരുന്നു. കൂടാതെ ഓരോ വീടുകളിലും വീശുവലകളും ഉണ്ടായിരുന്നു. വലിയ മത്സ്യങ്ങളെ വളഞ്ഞ് പിടിക്കുന്ന നായാട്ടു വലയും പത്താളൻ വലയും പിന്നെ വലിയ മീനുകൾ കഴിഞ്ഞ ശേഷം. ചെറിയ വയമ്പ് പോലത്തെ ചെറുമീനുകളെ പിടിക്കാൻ വയമ്പ് തണ്ടാടിയും. ഇന്നത്തത്തെപ്പോലെ നൈലോൺ വലകളല്ല. കഷ്ടപ്പെട്ട് നൂലു പിരിച്ച് വീടുകളിൽ കെട്ടിയുണ്ടാക്കുകയാണു പതിവ്. കുംഭ മാസം കഴിയാറാകുമ്പോഴായിരുന്നു കയം പിടുത്തത്തിന്റെ കാലം . അപ്പോഴേക്കും മൂലേകാവ് കടപ്പറമ്പത്ത് കാവ് കൊടപ്പാറ തുടങ്ങിയ കാവുകളിലെ വേലയും പൂരവുമൊക്കെ കഴിഞ്ഞിരിക്കും. പിന്നെ ഗ്രാമത്തിലെ പ്രധാന വിഷയം കയം പിടുത്തമാണ്.
വന്നവർക്കൊക്കെ മീൻ പിടിക്കാൻ കൂടാം‌. വലയുള്ളവർക്ക് വലക്ക് ഒരു ഓഹരി പിടിക്കാൻ കൂടിയ ആൾക്കും ഒരോഹരി പെറുക്കിക്കൂട്ടാൻ നിന്ന കുട്ടികൾക്കടക്കം ഓഹരികിട്ടി. അങ്ങനെ സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ ശാന്ത സുന്ദരമായി മീൻ പിടുത്തം നടപ്പിലിരുന്ന കാലത്തൊരിക്കൽ  അധികം വന്ന മീനുമായി രാവിലത്തെ വണ്ടിക്ക് തൃശൂർ പോയ കാദർക്കയാണ് ഇത് വലിയ ലാഭമുള്ള ഏർപ്പാടാണെന്ന് കണ്ടെത്തിയത്. പിറ്റേകൊല്ലം മുതൽ മീൻ പിടുത്തക്കൂട്ടായ്മ പൊട്ടി. പഞ്ചായത്തുകൾക്കും കാര്യം പിടികിട്ടി. കയങ്ങളിൽ നിന്നും മീൻ പിടിക്കാനുള്ള അവകാശം ലേലം വിളിച്ചു വിൽകാൻ തുടങ്ങി. പതുക്കെ അന്യ നാട്ടുകാരൊക്കെ ലേലത്തിൽ പിടിക്കാൻ തുടങ്ങി അങ്ങനെ അതും ഒരു കച്ചവടമായി... മീൻ പിടുത്തത്തേക്കാൾ വലിയ ലാഭം മാലിന്യക്കച്ചവടത്തിൽ നിന്ന് കിട്ടാൻ തുടങ്ങിയതോടെ അതിനോടും കാരക്കാട്ടുകാർക്ക് കമ്പമില്ലാതായി....
ആദ്യമായി മീൻ പിടുത്തം കാണാൻ പോയപ്പോൾ എനിക്ക് നാലു വയസ്സ് കാണും. ഉമ്മാന്റെ വീട്ടിലേക്ക് വിരുന്ന് പോയതായിരുന്നു ഞാൻ. വെല്ലിപ്പ രാവിലെ മീൻ പിടുത്തം കാണാൻ കൊടപ്പാറക്ക് പോയിരുന്നു. ഞാൻ അമ്മാവന്റെ( ആലിമാഷ്) കൂടെ മിറ്റത്ത് നിൽകുകയായിരുന്നു. തെളിഞ്ഞ വേനൽ പുലരി. അപ്പോൾ അമ്മാവന്റെ കൂട്ടുകാരായ കുഞ്ഞാപ്പു എളാപ്പയും കുഞ്ഞുട്ടി എളാപ്പയും ( ചേക്കാമു മാഷും ഇമ്പിച്ചിക്കയും) ‌ വീട്ടിൽ വന്നു. വളപ്പിൽ ധാരാളം വാഴകളുണ്ടായിരുന്നു. കുലവെട്ടിയ വാഴകൾ വെട്ടി ചങ്ങാടമുണ്ടാക്കാൻ കൊടുത്തയക്കാൻ വന്നതായിരുന്നു അവർ. കൊണ്ടു പോകാൻ ചാമിയും അയ്യപ്പനുമുണ്ടായിരുന്നു. അവരുടെ കൂടെ ഞാനും‌ അമ്മാവനും കൊടപ്പാറക്ക് പോയി. ഇളവെയിലിൽ തിളങ്ങുന്ന പഞ്ചാര മണലിലൂടെ നടന്ന് കൊടപ്പാറയെത്തി. ഒരു പാടു പേരുണ്ടായിരുന്നു. താഴത്തേലെ ഏന്തുക്ക ഉപ്പ മുത്തനീസൂക്ക കാദർക്ക് കുഞ്ഞുക്ക വെല്ലിക്ക തുടങ്ങി ഒരു പാടു പേർ... എന്നെ കണ്ടതും പലരും എന്നെ എടുത്ത് ഉയർത്തുകയും കൊഞ്ചിക്കുകയുമൊക്കെ ചെയ്തു. കുറേ പേർ വലവലിക്കുന്നുണ്ടായിരുന്നു. ചിലർ മുങ്ങുന്നുമുണ്ട്. താമസിയാതെ വല അടുത്തു. ഒരുപാട് വാളകൾക്കൊപ്പം വളരെ വലിയ ഒരു കൊമ്പനെയും കിട്ടി. ആർപ്പും വിളിയും കുട്ടികളെ തെറി പറയലും ഒക്കെക്കൂടി വലിയ ആരവം... ഒത്ത ഒരു മനുഷ്യനോളം വലിപ്പമുണ്ടായിരുന്നു കൊമ്പന്.
ഏന്തുക്ക ഉറക്കെ എന്റെ ഉപ്പായെ വിളിച്ച് പറഞ്ഞു കുഞ്ഞ്മാനേ അന്റെ മകൻ വറക്കത്ത്ളളവനാട്ടോ...
ആ പ്രഖ്യാപനമിപ്പോഴും കാതിൽ ബാക്കി നിൽകു‌‌ന്നു. വെയിൽ ചൂടായപ്പോൾ അമ്മാവൻ എന്നെയും കൊണ്ട് മടങ്ങി...തിരിച്ച് ചെല്ലുമ്പോ ഉമ്മ വാതിൽകൽ നില്പുണ്ടായിരുന്നു....
ആമീനിന്റെ കൊമ്പ് വർഷങ്ങളോളം നാലുകെട്ടിലെ നിലക്കണ്ണാടിയുടെ പിറകിലുണ്ടായിരുന്നു....
പിന്നീടതെവിടെ പോയോ എന്തോ ?