Thursday, December 12, 2019

വൈദ്യം

ദർസല്, അപ്പോത്തിക്കിരി എന്നിത്യാദി പേരുകളിലെല്ലാം അന്ന് മലബാറിൽ അറിയപ്പെട്ടിരുന്ന ആധുനിക ബിഷഗ്വരൻ ഞങ്ങളുടെ നാട്ടിൽ ലാക്കട്ടര് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മുമ്പ് വാഴേലെ തണ്ടാന്മാർ, ഉണ്ണിപ്പരവൻ ഞങ്ങളുടെ കുഞ്ചുവൈദ്യർ തുടങ്ങിയ പാരമ്പര്യ വൈദ്യന്മാർ കൈകാര്യം ചെയ്തിരുന്ന ആരോഗ്യവകുപ്പ് ക്രമേണ ലാക്കട്ടർമാർ കയ്യടക്കുകയായിരുന്നു. അന്നത്തെ അധുനികന്മാരിൽ മുഖ്യർ ലക്ഷ്മിനാരായണയ്യർ എന്ന പട്ടരും ഈശ്വര വാരിയർ എന്ന വാരരും പിന്നെ വാസുദേവൻ നമ്പൂതിരിപ്പാട് എന്ന നമ്പൂരിയുമായിരുന്നു.ഇവരുടെ പേരുകൾ ഞങ്ങൾക്കൊരു പ്രശ്നമേ അല്ലായിരുന്നു. ഞങ്ങൾക്കിടയിലവർ പട്ടര്‌‌, വാരര്‌, നമ്പൂരീ എന്നീ പേരുകളിൽ അറിയപ്പെട്ടു.  ഇവരിൽ  എൽ ഐ എം   എൽ എം പി എന്നീ ബിരുധക്കാരായ പട്ടരെയും വാരരെയും കവിഞ്ഞ് എം ബി ബി എസ് എന്ന മഹാബിരുധത്തിനുടമയായിരുന്നു നമ്പൂരി ഡോക്റ്റർ. പട്ടാമ്പി ധർമാശു പത്രിയിലെ മുഖ്യനുമായിരുന്നു മൂപ്പർ. പിന്നീട് എൽ എം പിക്കാരെ ജനങ്ങൾക്ക് പിടിക്കാതായപ്പോൾ എം ബി ബി എസ് കാർ ധാരാളം വന്നു. മദനമോഹനൻ  ശിവദാസ് സരള ബാലമീനക്ഷി തുടങ്ങി ഒരുപാടൊരുപാടു പേർ.കൂട്ടത്തിൽ പാരമ്പര്യ വൈദ്യ കുടുംബത്തിൽ നിന്നും വേണു ഡോക്ടറും. ക്രമേണ  എം ബി ബി എസിന്റെ കാലം കഴിഞ്ഞു പിന്നെ എം ഡി ക്കാരായി പ്രമുഖർ അലവി ശോസമ്മ തുടങ്ങിയവർ മിയ്കവരും പഴഞ്ചന്മാർ ആതുര സേവനം ഈശ്വരാരാധനയായെടുത്തവർ. സ്വന്തം കഴിവുകൊണ്ട് മെഡിസിനു പ്രവേശനം കിട്ടിയവർ..
പിന്നീടാണ് യഥാർത്ഥ പുരോഗതിയുണ്ടായത്. ആശുപത്രികൾആദ്യം നിള പിന്നെ സേവന ഇവിടെയൊക്കെ ബിരുദാക്ഷരങ്ങൾ കൊണ്ട് സമ്പന്നരായ ഒരുപാട് അപ്പോത്തിക്കിരി മാരും ... എല്ലാവരും വിദഗ്ദർ പഴഞ്ചന്മാർ തൊട്ടു നോക്കിയും കുഴൽ വെച്ചു നോക്കിയും  മണത്തു നോക്കിയുമൊക്കെ മനസ്സിലാക്കിയിരുന്ന രോഗങ്ങൾ ഇവർ വലിയ വലിയ യന്ത്രങ്ങൾടേയും കമ്പ്യൂട്ടറിന്റെയും സഹായത്തിൽ വിദഗ്ദമായി പഠിച്ചെടുക്കുന്നു. ദോഷം പറയരുതല്ലോ രോഗിയുടെ മടിശീലയുടെ ഘനം മാത്രം അവർ നേരിട്ട് മനസിലാക്കും. മൂന്നോ നാലോ കോടി ചെലവുചെയ്ത് പഠിച്ച ഈവിദ്യയിൽ ഇവർ അതിവിധഗ്ദർ തന്നെ എന്ന് സമ്മതിക്കാതെ തരമില്ല.
******************************************
 അങ്ങനെ ഞങ്ങളുടെ ആരോഗ്യ രംഗമിപ്പോൾ സുബദ്രമാണ്...നാട്ടിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കൊക്കെ മഞ്ഞപ്പിത്തം പിടിപെടുന്നു എന്നത് ഇപ്പോൾ ഞങ്ങൾക്കൊരു പ്രശ്നമേ അല്ല.  കുട്ടികൾക്കുള്ള ഐ സി  യു  വിൽ നാലു ദിവസം കിടത്തിയാൽ തീരുന്നതേയുള്ളൂ. നട്ടിലെല്ലാവർക്കും പ്രമേഹവും ഹാർട്ടറ്റാക്കുമൊക്കെ  കാണുന്നുണ്ട്. എന്നാലും   ഒന്നുപേടിക്കാനില്ല ... കാശുണ്ടെങ്കിൽ.

Saturday, December 7, 2019

പ്രാർത്ഥന

ഗ്രാമം വേനലില്‍  വരണ്ടു വറുതിപൂണ്ടു. പെയ്യേണ്ടകാലങ്ങള്‍ കഴിഞ്ഞുപോയി... കാലികളും മനുഷ്യരും മെല്ലെ മെല്ലെ നാടുനീങ്ങാന്‍ തുടങ്ങി ... സമ്പന്നതയിലെ തിളപ്പൊടുങ്ങി.. അഹങ്കാരത്തിന്റെ ആരവങ്ങളും ... ഇനിയുമധികനാള്‍ ഈ ഗ്രാമത്തില്‍ മനുഷ്യ വാസം സാദ്ധ്യമാവുകയില്ല എന്നവര്‍ക്ക് മെല്ലെ മെല്ലെ മനസ്സിലായി.. ആദ്യം ചിലര്‍ക്കൊക്കെ കൊയ്തായിരുന്നു. വരള്‍ച്ച ദുരിതാശ്വാസപ്രവര്‍ത്തകര്‍ക്ക്. കുത്താത്തകിണറുകള്‍ കുത്തപ്പെട്ടതായും വൃത്തിയാക്കാത്തവ വൃത്തിയാക്കിയതായും രേഖകളൂണ്ടായി.... സാത്താന്‍ വളരെ സന്തോഷിച്ചു. ആഗ്രാമത്തിന്റെ നാശം അവന്റെ ചിരകാല സ്വപ്നമായിരുന്നു. ഒരുദിവസം പുരോഹിതന്റെ അറിയിപ്പുണ്ടായി. പ്രായപൂര്‍ത്തിയായ എല്ലാവരും ദൂരെയുള്ള മൈതാനത്തിലെത്തുക. നമുക്ക് മഴക്കായി കൂട്ടപ്രാര്‍ത്തന നടത്താം. എല്ലാവരും മൈതാനത്തിലേക്കുപുറപ്പെട്ടു. ഏകമകനെ വീട്ടിലിരുത്തി കൂട്ട പ്രാര്‍ത്ഥനക്കിറങ്ങുന്ന മാതാപിതാക്കളോട് കുഞ്ഞു കെഞ്ചി. ഞാനും പോരും. തടയാന്‍ കഴിയാതെ വന്നപ്പോള്‍ അവര്‍സമ്മതിച്ചു.
തന്റെ കൊച്ചുകുടയും മെടുത്ത് അവനും മാതാപിതാക്കളോടൊപ്പം മൈതാനത്തെത്തി. പ്രാര്‍ത്തന തുടങ്ങാറായി. മൈതാനത്തില്‍ എത്തിയവരില്‍ കുടയുമായി വന്നത് ആകുഞ്ഞുമാത്രമായിരുന്നു. സാത്താന്‍ നെഞ്ചത്തടിച്ചു പ്രാകി.. ചെക്കന്‍ ചതിച്ചു. പ്രാര്‍ത്തനകഴിഞ്ഞു മാനമിരുണ്ടു മഴയും പെയ്തു... കുടചൂടിയ കുഞ്ഞിന്നുപിറകെ ജനം മഴകൊണ്ടുകൊണ്ട്  പിരിഞ്ഞുപോയി വീട്ടിലെത്തും മുമ്പ് തന്നെ അവര്‍ ശപിക്കാനും തുടങ്ങി നശിച്ച മഴ ഇനിയെന്നാണാവോ ഒന്നു തോരുക...