Friday, May 29, 2020

എന്റെ ഇംഗ്ലീഷ് ഗുരുനാഥന്മാർ...

ഏഴാം ക്ലാസിൽ വെച്ച് കുഞ്ഞിക്കുട്ടൻ നമ്പൂതിരി മാസ്റ്ററുടെ തല്ല് ഒരുപാട് കൊണ്ടിട്ടും വലിയ പിടിപാടൊന്നും കിട്ടാതിരുന്ന ആംഗലേയത്തിന്റെ ലൈൻ തിരിച്ചു തന്നത് ഹൈസ്കൂളിൽ എന്റെ ഗുരുനാഥന്മാരായിരുന്ന വേണുമാഷും ശങ്കരൻ കുട്ടിമാഷുമായിരുന്നു. ഇന്നത്തെപ്പോലെയല്ല പഠിക്കാത്തകുട്ടികൾക്ക് നല്ല പെട കിട്ടിയിരുന്ന കാലം. നമ്പൂരി മാഷ തല്ല് ഞാൻ ഏണി വെച്ച് കയറി വാങ്ങിയതാണ് എന്ന് വേണമെങ്കിൽ പറയാം. ഇടക്കൊക്കെ സ്കൂളിലേക്കും തിരിച്ചും കുന്ന് കയറിയിറങ്ങിയിരുന്നത് നമ്പൂരി മാഷ കൂട്യായിരുന്നു. അങ്ങനെയുള്ള ഒരു ദിവസമാണ് അബദ്ധം പറ്റിയത്.  മുണ്ടിന്റെ ഒരു തുമ്പ് കക്ഷത്തിൽ വെച്ച് ഇടക്ക് പുകലപ്പൊടിയും വലിച്ച് മുന്നിൽ ഗുരുവും ഭവ്യതയോടെ പിറകെ ശിഷ്യനും... ഗുരു ചോദിച്ചു താനെവിടത്യാ ?. കാരക്കാട്ട് എവിടെയാണ് എന്നാണ് ചോദ്യം. വയ്യാട്ടു കാവിലെ... ഉടൻ അദ്ദേഹം തിരിഞ്ഞ് നിന്ന് എന്നെ ഒന്നിരുത്തിനോക്കിയിട്ട് പറഞ്ഞു ങേ എന്നാപ്പിന്നെ തന്നെ ഇങ്ങനെ വിട്ടാപ്പറ്റില്ല്യല്ലോ... അന്ന് തുടങ്ങി പീഢനം. ഹാവും ഹാസും ഈസും വാസുമൊക്കെ യഥേഷ്ടം പ്രയോഗിച്ചിരുന്ന എനിക്ക്  തല്ലും നിർലോഭം തന്നെ കിട്ടാൻ തുടങ്ങി. പിന്നത്തെ വില്ലൻ സ്പെല്ലിങ്ങായിരുന്നു. അക്ഷരത്തെറ്റ് കൂടാതെ ഒരു വാചകം എഴുതാൻ ഞാൻ പെടാപാട് പെട്ടു.  ചുരുക്കിപ്പറഞ്ഞാൽ നമ്പൂരി മാഷോട് ഐഡന്റിറ്റി വെളിപ്പെടുത്തിയതാണ് കൊഴപ്പായത് എന്ന് പറഞ്ഞാൽ മതിയല്ലോ. എന്നിട്ടെന്താ അടികൊണ്ടൊന്നും  യാതൊരു പുരോഗതിയുമുണ്ടായില്ല... എങ്കിലും എട്ടാം ക്ലാസിലേക്ക് ഒരു വിധത്തിൽ കടന്നുകൂടി. ഓരോക്ലാസിലും കുട്ടികൾ രണ്ടും മൂന്നും കൊല്ലം പഠിച്ചിരുന്ന കാലത്ത് തോൽക്കാതിരിക്കുക എന്നത് തന്നെ വലിയ ഒരു നേട്ടമായിരുന്നു...
ഹൈസ്കൂളിൽ ഇന്നത്തേപ്പോലെ ഇംഗ്ലീഷിന് പ്രത്യേക അദ്ധ്യാപകരൊന്നും ഉണ്ടായിരുന്നില്ല. ശാസ്ത്രാദ്ധ്യാപകരും ചരിത്രാദ്ധ്യാപരും കണക്ക് മാഷമ്മാരും ഒക്കെക്കൂടി അങ്ങോട്ട് അഡ്ജസ്റ്റ് ചെയ്യുകയായിരുന്നു പതിവ്....
എട്ടാം ക്ലാസിലും ഒമ്പതാം ക്ലാസിലും ശങ്കരൻകുട്ടിമാഷും പത്തിൽ വേണുമാഷുമായിരുന്നു ആംഗലേയത്തിന്റെ ഗുരുക്കന്മാർ എന്നാണ് ഓർമ്മ...
ഗ്രാമറൊക്കെ ഒരു വിധം ശരിയായെങ്കിലും അക്ഷരപ്പിശക് എന്നെ വിടാതെ പിടികൂടി. ദൈവാനുഗ്രഹം കമ്പ്യൂട്ടറിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുവോളം തൽ സ്ഥിതിതുടർന്നു എന്ന് പറയാം. ഒരു ദിവസം ശങ്കരൻകുട്ടി മാഷ് പറയുകയുണ്ടായി എടോ താനീ സ്പെല്ലിങ്ങൊന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ നിനക്ക് നന്നായി സ്കോറ് ചെയ്യാൻ കഴിയുമായിരുന്നു. എട്ടാം ക്ലാസിലെ നോൺ ഡീറ്റൈൽ കോറൽ ഐലന്റായിരുന്നു. റാൽഫ് റോവർ, പീറ്റർ കിൻ, ജാക്ക് എന്നീ ബാലന്മാർ പവിഴദ്വീപിൽ കുടുങ്ങിപ്പോയ കഥ. നര ഭോജികളും കടൽ കൊള്ളാക്കാരുമായുമൊക്കെ നേരിൽ കണ്ട് അവസാനം രക്ഷപ്പെട്ട കഥ. കഥാപാത്രങ്ങളുടെ പ്രായക്കാരനായതുകൊണ്ടാകാം സാർ ക്ലാസ്സ് തുടങ്ങിയാൽ ഞാൻ ഭാവനയിൽ അവരിൽ ഒരാളാകും.  വിസ്മയജനകമായ ആ കഥ ഇന്നും മനസിൽ മായാതെ നിൽക്കുന്നു. 
അതുപോലെത്തന്നെ വെണു മാഷെ ക്ലാസുകൾ ജീവിതത്തിലൊരിക്കലും മറക്കാൻ കഴിയില്ല. ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനിടെ അദ്ദേഹം പ്രപഞ്ചത്തിലെ സമസ്ത വിഷയങ്ങളിലൂടെയും കടന്ന് പോകും. കോസ്മിക്ക് രശ്മികളും അൾട്രാവയലറ്റ് രശ്മികളുമൊക്കെ ഹിമാലയവും ശൂന്യാകാശവും സഹാറമരുഭൂമിയും ആഫ്രിക്കൻ പ്രദേശങ്ങളു മെല്ലാം സ്പർശിച്ചായിരിക്കും ക്ലാസ്. അതിനാൽ ഇന്നും അദ്ദേഹത്തിന്റെ ക്ലാസുകൾ ഓർമ്മയിൽ നിൽക്കുന്നു. 
ഒരിക്കൽ വേണുമാഷ് ക്ലാസെടുക്കവേ പറഞ്ഞു ചിലർ അവരറിയാതെ ചില വാക്കുകൾ ആവർത്തിച്ചുകൊണ്ടിരിക്കും. എനിക്ക് അങ്ങനെ ഒന്നുമില്ല എന്നാണ്  ഞാൻ കരുതുന്നത്. അങ്ങനെ വല്ലതും നിങ്ങൾ‌ ശ്രദ്ധിച്ചിട്ടുണ്ടോ?. ക്ലാസ് പൂർണ്ണ നിശ്ശബ്ദം. ഞാൻ പതുക്കെ പറഞ്ഞു ഉണ്ട് സർ. ങേ അതെന്താണ്? അദ്ദേഹം കൗതുകത്തോടെ ചോദിച്ചു. പേടിയോടെ ഞാൻ പറഞ്ഞു പെക്യൂലിയർ എന്ന വാക്ക് സാർ ധാരാളമായി ഉപയോഗിക്കാറുണ്ട്. പെട്ടന്ന് പെൺ കുട്ടികളുടെ കൂട്ടത്തിൽ നിന്ന് ആരോ എന്നെ പിന്താങ്ങി. പിന്നെ വേറെയും ഒന്ന് രണ്ട് കുട്ടികൾ.. അദ്ദേഹം അല്പനേരം മൗനിയായി. പിന്നെ തുറന്ന ചിരിയോടെ പറഞ്ഞു ഞാൻ അത് ശ്രദ്ധിച്ചിട്ടില്ല...
പബ്ലിക്ക് പരീക്ഷയിൽ എഴുപത്തിരണ്ടിൽ വാടാനാംകുറിശ്ശി സ്കൂളിന്റെ പ്രകടനം വളരെ മോശമായിരുന്നു. ഒരൊറ്റ ഫസ്റ്റ് ക്ലാസ് പോലും ഇല്ലാതെ പോയ വർഷം. എങ്കിലും ഇംഗ്ലീഷിൽ അമ്പത്തെട്ട് മാർക്കോടെ ഞാൻ പാസായി. മാർക്കിടൽ‌ ഇന്നത്തെപ്പോലെ ഉദാരമല്ലായിരുന്ന അക്കാലത്ത് അതൊരു നല്ല മാർക്ക് തന്നെയായിരുന്നു...
അഗ്രിക്കൾച്ചറൽ സയസ് കോഴ്സ് കഴിഞ്ഞ് റിസൾട്ട് വരുന്നതിന്ന് മുമ്പേ തന്നെ ജോലിയിൽ കയറി. അന്താരാഷ്ട്ര പ്രാധാന്യമുള്ള ഒരു സ്ഥാപനത്തിന്റെ ഫാം സൂപ്രണ്ടായി ചീഫ് ടെക്നിക്കൽ ഓഫീസറായി ഇരുപത്തിനാല് വർഷത്തെ സേവനത്തിനു ശേഷം അടുത്തൂൺ പറ്റിയ ഈയുള്ളവന്  കൈമുതലായി ഉണ്ടായിരുന്നത് ഈ ഗുരുക്കന്മാരിൽ നിന്നെല്ലാം കിട്ടിയ അറിവും ആശീർവാദവും ഈശ്വരാനുഗ്രഹവും മാത്രമായിരുന്നു. 
ഇന്ന് ഈ സായഹ്നത്തിൽ തിരിഞ്ഞ് നോക്കുമ്പോൾ എനിക്ക് തോന്നുന്നു അവരെന്നെ വല്ലതും പഠിപ്പിക്കുകയായിരുന്നില്ല പലതും പഠിക്കാൻ പഠിപ്പിക്കുകയായിരുന്നു എന്ന്... വേണുമാഷ് ആറാം ക്ലാസ് മുതൽ സ്കൂൾ വായനശാലയുടെ അലമാരകൾ എന്റെ മുന്നിൽ‌ തുറന്നിട്ടു. ആർത്തിയോടെ കയ്യിൽ കിട്ടിയതൊക്കെ ഞാൻ വായിച്ചു. എന്റെ സഹപ്രവർത്തകർ ഭൂരിഭാഗവും പി എച് ഡി ക്കാരായിരുന്നു. അവർക്കിടയിൽ ആത്മവിശ്വാസത്തോടെ നില നിൽകാൻ ഈ പത്താം തരക്കാരന് കഴിഞ്ഞതിനെക്കുറിച്ച് അഭിമാനിക്കുമ്പോൾ ഞാൻ എന്റെ ഗുരു സാഗരത്തോട് വളരെയേറെ കടപ്പെട്ടിരിക്കുന്നു. ഇന്ന് പ്രേമനുമായി സംസാരിച്ചപ്പോഴാണ് ശങ്കരൻകുട്ടി മാഷും മരിച്ചുപോയീ എന്ന് ഞാനറിഞ്ഞത്. നമ്പൂരിമാഷും വേണുമാഷും അവരാരും ഇന്നില്ല. എല്ലാവരുടേയും ആത്മാക്കൾക്ക് നിത്യശാന്തി ലഭിക്കുമാറാകട്ടെ....

Thursday, May 28, 2020

ഒരു രാത്രിയാത്രയുടെ ഓർമ്മ...

എഴുപത്താറിലോ എഴുപത്തേഴിലോ ആയിരിക്കാം ചെറിയൊരു അവധിക്ക് ആറളം ഫാമിൽ നിന്നും നാട്ടിലേക്ക് തിരിച്ചതായിരുന്നൂ ഞാൻ. തലശ്ശേരിയിൽ നിന്നും പാതിരാത്രിയിൽ ഷൊർണൂരിൽ വന്നിറങ്ങി. ഇനി രാവിലെ അഞ്ച് മണിക്ക് കോഴിക്കോട്ടേക്ക് പോകുന്ന പാസഞ്ചറിൽ കാരക്കാട്ടേക്ക് പോകണം. അതുവരെ പ്ലാറ്റ് ഫോമിൽ കഴിച്ച് കൂട്ടുകയല്ലാതെ വേറെ വഴിയൊന്നുമില്ല. പുറത്ത്‌ പോയി കാരക്കാട്ടേക്ക് ടിക്കറ്റെടുത്ത് രണ്ടാം പ്ലാറ്റ്ഫോമിൽ വന്നു.‌ വിശ്രമമുറിയിലെ എല്ലാകശേരകളിലും ഇരുന്നുറങ്ങുന്നവർ. പ്ലാറ്റ് ഫോം സ്റ്റാളിൽ നിന്നും ഒരു ചായയും കുടിച്ച് പ്ലാറ്റ്ഫോമിൽ കിടക്കുന്ന ഒരു മരപ്പെട്ടിമേൽ വെറുതെ ഇരിപ്പായി.  പാതിരാത്രിയിലും പ്ലാറ്റ്ഫോം സജീവമായിരുന്നു. രാത്രിയിൽ വരാനിരിക്കുന്ന എക്സ്പ്രസ് വണ്ടികളെ കാത്തിരിക്കുന്ന യാത്രക്കാരും വണ്ടിയിറങ്ങി  നേരം വെളുത്തിട്ട് പോകാമെന്ന് കരുതി ഇരിക്കുന്ന എന്നെപ്പോലുള്ള യാത്രക്കാരും പത്രവിതരണക്കാരും വാണിഭക്കാരും പിന്നെ യൂണിഫോം ധരിച്ച റെയിൽവേ ജീവനക്കാരും പോലീസുകാരും. താമസിയാതെ വലിയ ആരവത്തോടെ മംഗലാപുരത്തേക്ക് പോകുന്ന മലബാർ എക്സ്പ്രസ്സ് പ്ലാറ്റ്ഫോമിൽ വന്ന് നിന്നു. വണ്ടിയിൽ വലിയ തിരക്ക്.‌ പെട്ടന്ന് ഞാൻ കേട്ടൂ മക്കളേ തൃശ്ശൂരെത്യോ എന്നൊരു  ചോദ്യം. നോക്കിയപ്പോൾ രോഗിയായ ഒരു വൃദ്ധയായിരുന്നു. വണ്ടിയിൽ കിടന്ന് ഉറങ്ങിപ്പോയി. തൃശ്ശൂർ വിട്ട് പോന്നത് അറിഞ്ഞിട്ടില്ല. കൂടെയുള്ള മകൻ വണ്ടിയിൽ മറ്റേതോ ബോഗിയിൽ സുഗസുഷുപ്തിയിലായിരുന്നു. ഞാൻ വേഗം അവരെ വണ്ടിയിൽ നിന്നിറക്കി. ഞാനിരുന്നിരുന്ന പെട്ടിമേൽ ഇരുത്തി. ബ്രസ്റ്റ് കാൻസ ബാധിതയാണ്.  തിരുവനന്തപുരത്ത് നിന്നും‌ റേഡിയേഷൻ കഴിഞ്ഞ് വരികയാണ്. ഇടക്കിടെ ഇങ്ങനെ പോകണം. മകളുടെ വിലക്ക് വകവെക്കാതെ അവർ അവരുടെ മാറിടം എന്നെ കാണിച്ചു. റേഡിയേഷൻ മൂലം  കറുത്ത് കരുവാളിച്ച് വികൃതമായിരുന്നു. വല്ലാത്ത വിഷമം തോന്നി. എന്തൊക്കെയോ പറഞ്ഞ് ഞാൻ അവരെ സമാധാനിപ്പിച്ചു. പേടിക്കേണ്ട മകൻ ഉണരുന്നേടത്ത് ഇറങ്ങി അടുത്ത വണ്ടിക്ക് തൃശൂരെത്തിക്കൊള്ളും. നിങ്ങളെ ഞാൻ പുലർച്ചെയുള്ള എറണാംകുളം പാസഞ്ചറിന്ന് കയറ്റിത്തരാം. അതിന്ന് മോനേ ഞങ്ങളുടെ കയ്യിൽ പൈസയില്ല. പൈസ മകന്റെ കയ്യിലാണ്.  സാരമില്ല ഞാൻ ടിക്കറ്റെടുത്തിട്ട് വരാം. ഞാൻ വീണ്ടും കൗണ്ടറിൽ പോയി തൃശൂരിലേക്ക് രണ്ട് ടിക്കറ്റെടുത്തു. പത്ത് രൂപ. മുന്നൂറ് രൂപ മാസപ്പടി കിട്ടിയിരുന്ന അന്ന് എനിക്ക് അതൊരു വലിയ തുക തന്നെയായിരുന്നു. ടിക്കറ്റ് അവരെ ഏല്പിച്ചു. അപ്പോഴേക്കും എറണാകുളം പാസഞ്ചർ മൂന്നാം പ്ലാറ്റ് ഫോമിൽ എത്തിയിരുന്നു. ഞാൻ അവരുടെ കറുത്ത് മെലിഞ്ഞ കൈകൾ പിടിച്ച് വണ്ടിയിൽ കയറ്റി. വണ്ടി മിക്കവാറും കാലിയായിരുന്നു. അവരെ ഒഴിഞ്ഞ സീറ്റിൽ കിടത്തി മകളെ അടുത്തിരുത്തി ഞാൻ അവരോടെ യാത്രപറഞ്ഞു. അതുവരെ മൂകയായിരുന്ന മകൾ നന്ദിയോടെ എന്നെ നോക്കി പുഞ്ചിരിച്ചിട്ട് പറഞ്ഞു വലിയ ഉപകാരം. ഞങ്ങളിത് മറക്കില്ല. ഞാനാദ്യമായാണ് അവളെ ശ്രദ്ധിച്ചത് വണ്ടിക്കകത്തെ മങ്ങിയ വെളിച്ചത്തിൽ... അവൾ ഒരു കൊച്ചു സുന്ദരിയായിരുന്നു...
എന്നാൽ ഞാനിറങ്ങട്ടേ എന്നും പറഞ്ഞ ഞാൻ വണ്ടിയിൽ നിന്നിറങ്ങി. പഴയ മരപ്പെട്ടിമേൽ വന്ന് ഇരിപ്പായി. അരമണിക്കൂർ കൂടി കഴിയണം എനിക്ക് കാരക്കാട്ട് ഇറങ്ങാനുള്ള കോഴിക്കോട് പാസഞ്ചർ വരാൻ...

Saturday, May 16, 2020

മദ്രസക്കാലം 1

മദ്രസക്കാലം...1
സ്കൂളിൽ ചേർത്ത് കുറേ കാലം കഴിഞ്ഞായിരുന്നു മദ്രസാ പ്രവേശം. ഓതാനാക്കുക എന്നായിരുന്നു പ്രയോഗം. അന്നൊക്കെ റബീഉൽ അവ്വൽ മാസത്തിലായിരുന്നു പരിപാടി ......
രാവിലെ എട്ട് മണിയായിക്കാണും, ഞാൻ താഴെ കായ്ക്കറിക്കണ്ടത്തിൽ കോപ്പനും ചാത്തനും ചക്കനുമൊക്കെ പണിയെടുക്കുന്നേടത്ത് നിൽക്കുകയായിരുന്നു. അവിടെ നിന്നാൽ പാടം കാണാം പാടത്തിന്റെ നെടുകെ റെയിൽ പാതകാണാം. അങ്ങ് ദൂരെ കൊണ്ടൂരക്കുന്നും കാണാം. 
കുന്നിനു മേലേ ഇളവയിലിൽ മാഞ്ഞുകൊണ്ടിരിക്കുന്ന മഞ്ഞ്. വെളുത്ത പുകപോലേ.  കൊയ്ത്തു കഴിഞ്ഞ പാടം. എന്റെ കൂടെ മൂത്താപ്പായുടെ മകൾ മാളുവുമുണ്ടായിരുന്നു. പരസ്പരം വികൃതിയടിച്ചിരുന്നെങ്കിലും അവളെപ്പോഴും എന്റെ കൂടെയുണ്ടാകും.  
കോപ്പനായിരുന്നു പണിക്കാരുടെ നേതാവ്. കോപ്പന്റെ കൈമുട്ടിൽ വലിയൊരു മുഴയുണ്ട്. കിളക്കുമ്പോൾ ആ മുഴ കുലുങ്ങിയാടുന്നത് കാണാൻ നല്ല രസമായിരുന്നു. ചില വികൃതിക്കുട്ടികൾ തഞ്ചം കിട്ടിയാൽ ലോറി ഹോണടിക്കും പോലെ അതിൽ പിടിച്ച്  അമർത്തി പോം പോം എന്ന് പറഞ്ഞ് ഓടും. കോപ്പൻ പിറകെയും കയ്യിൽ കിട്ടിയാൽ ചന്തിക്ക് നല്ല നുള്ളും കിട്ടും... 
അവർ വരിയായി നിന്ന് കിളക്കുകയായിരുന്നു. 
മേലെ ചക്കപ്പുളി മൂച്ചിയുടെ ചുവട്ടിൽ നിന്ന് ഉപ്പ വിളിച്ചു.  "ചാത്താ കുട്ടികളെ കൂട്ടീട്ട് വായോ അവരെ ഇന്ന് മദ്രസയിൽ ചേർക്കണം". മദ്രസ എന്ന് കേട്ടപ്പോൾ കുട്ടിക്ക് പേടിയായി. അറിയാത്ത ഭാഷ. പഠിച്ചില്ലെങ്കിൽ മൊയ്ല്യാരുടെ ചൂരൽ കഷായം കിട്ടും എന്നാണ്‌ കേട്ടിട്ടുള്ളത്. ‌വേം വരിൻ എന്നും പറഞ്ഞ് ചാത്തൻ മുന്നിൽ നടന്നു.‌ മടിയോടെ പിറകിൽ ഞങ്ങളും. വീട്ടിൽ വെല്ലിമ്മയും ഉമ്മയും മൂത്തമ്മയുമൊക്കെ ഞങ്ങളെ യാത്രയയക്കാനുള്ള തിരക്കിലായിരുന്നു. എന്തോ വലിയ കാര്യം ചെയ്യുന്ന ഭാവത്തിലായിരുന്നു  അവർ.  വലിയൊരു വട്ടിനിറയെ ഈത്തപ്പഴപ്ലാവിന്റെ ചക്കച്ചുള പറിച്ച് വെച്ചിരുന്നു. പുതിയ കുട്ടികളെ ചേർക്കുമ്പോൾ മദ്രസയിലെ മറ്റു കുട്ടികൾക്ക് ചീരിനി കൊടുക്കുന്ന പതിവുണ്ടായിരുന്നു. ഇന്ന് അത് ട്രീറ്റ് എന്ന പേരിൽ അറിയപ്പെടുന്നു എന്നാണ്‌ കേട്ടത്. അതൊരു പുണ്യകർമ്മമായി അന്നുള്ളവർ കരുതി. ഞങ്ങൾ കയറിച്ചെല്ലുന്ന ശബ്ദം കേട്ട ആരോ പറഞ്ഞു ബോബനും മോളീം വര്ണ്‌ണ്ട്. മനോരമ ആഴ്ചപ്പതിപ്പിൽ ടോംസിന്റെ ബോബനും മോളിയും പ്രസിദ്ധമായി വരുന്ന കാലമായിരുന്നു അത്...
ചായയും അടയും കഴിച്ച് ഞങ്ങൾ വേഗം പുറപ്പെട്ടു. ഉപ്പയും കുട്ടിയും മാളുവും പിറകെ തലയിൽകുട്ടയുമായി ചാത്തനും. മേലേ പടിപ്പുരയിലെത്തിയപ്പോൾ എതിരെ വരുന്നു പള്ളീമാത്ത. എന്റെ കൂട്ടുകാരനായ ഹംസുവിന്റെ അമ്മായിയാണ്‌. മറ്റു കുട്ടികളും അവരെ അമ്മായി എന്ന്തന്നെ വിളിച്ചു. ചിരിച്ചുകൊണ്ട് അവർ ചോദിച്ചു കുഞ്ഞേ കുട്ട്യേളെ ഓതാനാക്കാൻ കൊണ്ടോക്വാണില്ലേ. എല്ലാവരേയും അവർ‌ കുഞ്ഞേ എന്നാണ്‌‌വിളിക്കുക. ഉപ്പ ചിരിച്ചുകൊണ്ട് മൂളി. ചെത്തു വഴിയിലൂടെ റോഡിൽ കയറി. റോഡിന്റെ വളവിലെ ആൽമരത്തിൽ നിറയെ ചുവന്ന ആലിൻ പഴങ്ങൾ. അത് തിന്നാൻ വന്ന പലതരം പക്ഷികളുടെ കലപില ശബ്ദങ്ങൾ. ഒരു കൂട്ടം ചൂളപ്രാവുകൾ ആൽ മരത്തിലേക്ക് പറന്ന് വന്നത് നോക്കിനിന്ന എന്നെ ചാത്തൻ  പതുക്കെ മുന്നോട്ട് തള്ളി. മേപ്പോട്ട് നോക്കി നടന്നിട്ട് തട്ടിത്തടഞ്ഞ് വിഗ്ഗും...ഞങ്ങൾ നടന്നു. അടുത്ത് ആലിക്കാടെ പലചരക്ക് പീടിക, അതിനടുത്ത് കൊള്ളിക്കുഞ്ഞാമുക്കാന്റെ ചായപ്പീടിക. പീടികയുടെ മുന്നിൽ ഒരു പരമ്പ് തട്ടികയിൽ സിനിമാപോസ്റ്റർ ഒട്ടിച്ചിരുന്നു. പട്ടാമ്പി കൃഷ്ണയിൽ "ഭാര്യ". അങ്ങാടിയിൽ നിന്നിരുന്ന പലരും ഞങ്ങളെ കൗതുകത്തോടെ നോക്കി. ഉപ്പാനോട് ലോഹ്യം പറഞ്ഞു. കുറച്ചുകൂടി നടന്ന് മദ്രസയിലെത്തി.‌ മദ്രസയിൽ വലിയ ആരവമായിരുന്നു. ഉച്ചത്തിൽ പാഠങ്ങൾ ഉരുവിട്ട് പഠിക്കുന്ന കുട്ടികൾ. ഞങ്ങളെ ചേർത്ത ഒന്നാംക്ലാസ് ചേക്കു  മൊല്ലക്കയുടേതായിരുന്നു. മൊല്ലക്കാനെക്കൂടാതെ ചേറ്യേ മൊയ്ല്യാരും വല്ല്യേ മൊയ്ല്യേരും മയമ്മൗട്ടി മൊയ്ല്യാരുമായിരുന്നു മറ്റ് ഉസ്താദുമാർ. കുട്ടികൾ ചെന്നപ്പോൾ മറ്റുകുട്ടികൾ ഓത്ത് നിർത്തി. സെയ്താലിക്കുട്ടി മൊയ്തീൻ കുട്ടി ഹംസു കുഞ്ഞഹമ്മദ് മുഹമ്മദാലി കുഞ്ഞിമാൻ എന്നിങ്ങനെ ഒരു പാട്‌ സഹപാഠികൾ. ഓത്തു നിർത്തിയ കുട്ടികൾക്ക് നേരേ മൊല്ലക്ക ചൂരൽ വീശിക്കൊണ്ട് കയർത്തു. ഓത്യെട പോത്ത്കളേ. എനിക്ക് ചെറുതായി പേടിതോന്നി. മൊല്ലക്ക എന്നെ മേശയുടെ അടുത്തേക്ക് ചേർത്ത് നിർത്തി. നെറുകയിൽ തലോടി. നീണ്ട് മെലിഞ്ഞ മൊല്ലക്ക. മല്ലിന്റെ തുണിയും ഒരു കറുത്ത സ്വെറ്ററുമായിരുന്നു വേഷം. അദ്ദേഹത്തിന്റെ അടുത്ത് നിന്നപ്പോൾ പുകയിലപ്പൊടിയുടെ മണം...
അലിഫ് ബാ താ ഇദാ ജീമ്  എന്നിങ്ങനെ അറബിയിലെ അക്ഷരമാലകൾ എനിക്കദ്ദേഹം. ചൊല്ലിത്തന്നു. മേശപ്പുറത്തിരിക്കുന്ന നീണ്ട ചൂരലിലേക്ക് ഒളികണ്ണിട്ട് നോക്കിക്കൊണ്ട് ഞാൻ പേടിയോടെ അതേറ്റു ചൊല്ലി. പേടി വെറുതെയായിരുന്നു ഒരിക്കൽ പോലും അദ്ദേഹമെന്നെ തല്ലിയതായി ഓർമ്മയില്ല...
ഞങ്ങളെ മദ്രസയിലെത്തിച്ച് ഉപ്പയും ചാത്തനും സ്ഥലം വിട്ടിരുന്നു. 
പുറത്ത് വലിയ ഉച്ചത്തിൽ കൂവിയാർത്തുകൊണ്ട് ഒരു ചരക്കുവണ്ടി കിഴക്കോട്ട് പാഞ്ഞ് പോയി. റെയിൽ പാത് മദ്രസയുടെ അടുത്തായിരുന്നു..
പഠിച്ച് കഴിഞ്ഞാൽ പാഠം മാറ്റിത്തരുകയായിരുന്നു പതിവ്. ഒരു ക്ലാസിൽ തന്നെ പല പാഠങ്ങൾ പഠിക്കുന്ന കുട്ടികളുണ്ടായിരുന്നു. ഞങ്ങൾ കൊണ്ടു വന്ന ചക്കച്ചുള വിതരണം കഴിഞ്ഞ് മദ്രസ വിട്ടു. ബെല്ലടിച്ച ശബ്ദം കേട്ടതോടെ വലിയ ആരവത്തോടെ മറ്റു കുട്ടികൾ പുറത്തേക്കോടി കൂടെ ഞങ്ങളും...
പുറത്ത് വെയിൽ ചൂടായിരുന്നു. രാവിലെ ഉണ്ടായിരുന്ന മഞ്ഞ് മാഞ്ഞു പോയിരുന്നു...
റോട്ടിൽ കടപടാ ശബ്ദമുണ്ടാക്കിക്കൊണ്ട് കിഴക്കോട്ട് പോകുന്ന ഒരു കാളവണ്ടി. വണ്ടി നിറയെ വിറകായിരുന്നു. ഭാരം വലിച്ച് തളർന്ന കാളയുടെ വായിൽ നിന്നും നൂലുപോലെ ഒഴുകിവീഴുന്ന നുരയും പതയും... റോട്ടിലെ ചരലിൽ കാള മൂത്രമൊഴിച്ചതിന്റെ നീണ്ട പാട്... കിഴക്കോട്ട് പോകാനുള്ള കുട്ടികൾ വണ്ടിയുടെ പിറകേ കൂടി. കുറേ കുട്ടികൾ വണ്ടിയുടെ പിറകിൽ പിടിച്ച് തൂങ്ങുന്നുണ്ടായിരുന്നു.
കാഴ്ച കണ്ട് നില്ക്കുകയായിരുന്ന എന്നെ മാളു വിളിച്ചു. വായോ പോകാം. ഞങ്ങൾ വീട്ടിലേക്ക് നടന്നു. ഇനി വീട്ടിൽ ചെന്ന് ചായകുടിച്ചിട്ട് വേണം സ്കൂളിലേക്ക് പോരാൻ...