Friday, January 5, 2024

അവസാനത്തെ ഉരുള

അടുക്കളയിൽ ഇരുന്നായിരുന്നു  ഊണ് പതിവ്. ഡൈനിങ്ങ് ടേബിളെന്ന പരിഷ്കാരം ഗ്രാമത്തിൽ നടപ്പിലായിട്ടുണ്ടായിരുന്നില്ല. ഒരത്താഴത്തിന് പലകകളിട്ട് ഉപ്പയും ഞാനും അലിയും ഇരുന്നു. ലൈലയും മണിയും നേരത്തെ ഉറങ്ങിയിരുന്നു. വലിയ വയറുമായി അല്പം ആയാസത്തോടെ ഉമ്മ ചോറു വിളമ്പി കറിയും ഉപ്പേരിയുമായിരുന്നു ഉപദംശങ്ങൾ. പെരുന്നാളടുത്ത കാലമായിരുന്നു. ഉമ്മായുടെ വീർത്ത വയറിലേക്കു നോക്കി ഞാൻ ചോദിച്ചു പെരുന്നാളിനു മുമ്പ് ഉമ്മ പ്രസവിക്ക്വോ ?. ഉപ്പായുടെ പാത്രത്തിലേക്ക് കറി ഒഴിക്കുകയായിരുന്ന ഉമ്മ മുഖമുയർത്തി. ങും എന്തേ?.പെട്ടന്ന് ഞാൻ പറഞ്ഞു ഉമ്മയില്ലാത്ത പെരുന്നാൾ ഒരു രസൂണ്ടാകൂലാ.
പെട്ടന്ന ഉപ്പ സ്വരമുയർത്തി എങ്ങട്ടാടാ ഉമ്മ പോണ്.... ഞാൻ ഞെട്ടി നാക്ക് പിഴ്ച്ചുവോ.എന്റെ ചമ്മൽ കണ്ട് ഉമ്മ സമാധാനിപ്പിച്ചു ഞാൻ വെച്ച് വെളമ്പാനില്ലെങ്കിൽ രസല്ലാന്നാ അവൻ പറയ്ണത്...
എനിക്കാശ്വാസമായി... പിന്നീട് പെരുന്നാൾ കഴിഞ്ഞ് ഒരു ദിവസം ഉമ്മ പറഞ്ഞു പുഴം പരല് കിട്ടീരുന്നെങ്കി മാങ്ങയിട്ട് വെക്കാര്ന്നു... ഞാൻ പറഞ്ഞു നോക്കട്ടെ.സ്കൂൾ വിട്ടുവന്നു ഞാൻ ചങ്ങാതി മാരായ കുഞ്ഞിപ്പയെയും കുഞ്ഞാപ്പുട്ടിയെയും കൂട്ടി കുഞ്ഞാപ്പു മൂത്താപ്പാന്റെ കോരു വല വാങ്ങി പുഴയിൽ പോയി. വേനലായിരുന്നു പുഴയിൽ വെള്ളം കുറവ്. വെള്ളം വലിഞ്ഞ കൊള്ളുകൾ തേടി ഞങ്ങൾ നടന്നു. അതൊരു നിലാവുള്ള രാത്രി യായിരുന്നു. കുടപ്പാറയിലും കണ്ണമ്പാറയിലുമൊക്കെ രാത്രി വൈകുവോളം വല‌ വലിച്ചു. കുറേ മീൻ കിട്ടി. വലയും വലയുടെ വിഹിതവും മൂത്താപ്പാന്റെ വീട്ടിലെത്തിച്ച്  സുഹൃത്തുക്കൾക്കുള്ളതും കൊടുത്ത് എനിക്കുള്ള  ഓഹരിയുമായി വീട്ടിലെത്തിയപ്പോൾ പാതിരാ കഴിഞ്ഞു കാണും....
ഉമ്മ പ്രസവിച്ചിരുന്നു. പെൺ കുട്ടി. വീട്ടിൽ ജോലിക്ക് മ്മാച്ചുത്ത വന്നിരുന്നു. ഉച്ചക്ക് ഞാൻ ഉമ്മ പ്രസവിച്ചു കിടക്കുന്ന മുറിയിലേക്കു ചെന്നപ്പോൾ വേലക്കാരി വെച്ച മീൻ കറിയും കൂട്ടി ഉമ്മ കട്ടിലിൽ കാൽ നീട്ടിയുരുന്നു ഊണു കഴിക്കുക യായിരുന്നു. ഉമ്മ എന്നെ നോക്കി ചിരിച്ചു. കറി ഒഴിച്ച് കുഴച്ചുരുട്ടിയ ഒരുരുള‌ എന്റെ നേരെ നീട്ടി. ഞാൻ വാപൊളിച്ച് ഉമ്മായുടെ നേരെ കുനിഞ്ഞു. ഉമ്മ ഉരുള എന്റെ വായിൽ വെച്ചു തന്നു. കൊതിയോടെ ചവച്ചിറക്കുന്ന എന്നോട് കൗതുകത്തോടെ ചോദിച്ചു മീൻ ചാറ് നന്നയ് ക്ക്ണോ?. ഞാൻ പറഞ്ഞു മ്മ വെക്ക്ണത്ര പോരാ... പക്ഷേ ഏത് കറി ആയാലും ഉമ്മകുഴച്ചുരുട്ടിയാൽ അതിനു പ്രത്യേക രുചിയായിരുന്നു. അതുകൊണ്ടു തന്നെ പതിനാറാമത്തെ വയസ്സിലും ഞാൻ ഉമ്മായുടെ ഉരുള വാങ്ങുക പതിവുമായിരുന്നു....
അത് ഉമ്മ എനിക്കു തന്ന അവസാനത്തെ ഉരുളയായിരുന്നു. ഒരാഴ്ചക്കു ശേഷം പതിനാറു വയസ്സുമുതിൽ ഏഴു ദിവസം വരെ പ്രായമുള്ള അഞ്ചു മക്കളെ ദുനിയാവിൽ വിട്ട് ഉമ്മ പോയി പര ലോകത്തേക്ക്...
സെറിബ്രൽ ഹെമറേജ്.......
അമ്മയുടെ വിയോഗം കൊണ്ടുണ്ടാകുന്ന അനാഥത്വത്തിന്‌ തീവ്രത കൂടുമെന്ന് ഞാൻ അനുഭവിച്ചറിയുകയായിരുന്നു.
ഏകാന്തതയിലിപ്പോഴും എന്റെ നാവിലൂറി വരുന്നൂ ഉമ്മ ഉരിട്ടിത്തന്ന ചോറിന്റെ രുചി....

Thursday, August 24, 2023

കിഴക്കൻ കാറ്റ്

പാലക്കാടന്‍ ചുരമിറങ്ങിവരാറുണ്ടായിരുന്ന ആ കാറ്റിനെ അവര്‍   കിഴക്കന്‍ കാറ്റ് എന്നും   വൃശ്ചികക്കാറ്റ് എന്നും വിളിച്ചു. കതിര്‍ പുറത്തു ചാടാറായ നെല്‍ വയലുകളെ പുളകം  കൊള്ളിച്ചുകൊണ്ട്, വാളന്‍ പുളിയെ പഴുപ്പിച്ചുകൊണ്ട്, ഏല്‍കുന്നവന്റെ ചുണ്ട് വരണ്ട് കീറിക്കൊണ്ട് അവന്‍ വീശിയടിക്കും. 
 അതിന്നു മുമ്പായി   നല്ല നാല് മഴപെയ്യുമായിരുന്നു.  തുലാമാസം   അവസാനത്തോടെന്ന മഴയെ അവര്‍  വര്മ്പു മുറിയന്‍, പുരപൊളിയന്‍ന്‍ പുല്ലുപറിയന്‍, കല്ലുരുട്ടി എന്നിങ്ങനെ വിളിച്ചു പോന്നു.  ആകാറ്റും  മഴയുമേറ്റവര്‍ ഇന്നത്തെ പോലെ പരിഷ്കൃതരായിരുന്നില്ല.   പച്ച മനുഷ്യര്‍  ഏറ്റവും  വലിയ കോപം  രണ്ടു തെറി പറഞ്ഞാല്‍ തണുക്കുന്ന ശുദ്ധന്മാര്‍... വയസ്സായ അച്ഛനമ്മമാരെ നോക്കാന്‍ വേണ്ടി തേടിവന്ന വലിയ ഭാഗ്യങ്ങള്‍ ത്യജിച്ചവര്‍ ... അയല്‍ പക്കത്തൊരു മരണം നടന്നാല്‍ പുലരുവോളം   ഉറക്കമിളച്ച് മരണവീട്ടില്‍  കാവലിരുന്നവര്‍. സ്വന്തം മക്കള്‍ക്കായ് കൊണ്ടു വരുന്ന പലഹാരങ്ങളില്‍ നിന്നൊരു ഭാഗം  അയല്‍പക്കത്തെ മക്കള്‍ക്കായി മാറ്റിവെച്ചവര്‍ ... വിശേഷമായെന്തു കിട്ടിയാലും   അയല്‍വാസിക്കും   സ്വസഹോദരങ്ങള്‍ക്കുമായി   പങ്കു      വെച്ചവര്‍      ഗ്രാമത്തിലെ സ്ത്രീകളൊക്കെയും  സ്വന്തം  അമ്മപെങ്ങന്മാരാണെന്ന് വിശ്വസിച്ചവര്‍...  
അവര്‍ ഇന്നില്ല... കാറ്റിനോടൊപ്പം   അവരും  എങ്ങോപോയ് മറഞ്ഞു .. 
കിഴക്കന്‍ കാറ്റിനൊപ്പം   മറഞ്ഞത് ഒരുകൂട്ടം മനുഷ്യരായിരുന്നില്ല ഒരു സംസ്കാരമായിരുന്നു

Monday, June 12, 2023

ഫലിതങ്ങൾ

 നമ്മുടെ ബിജെപി നേതാക്കൾ പറയുന്ന പ്രത്യക്ഷത്തിൽ മഹാ മണ്ടത്തരങ്ങൾ എന്ന് തോന്നുന്ന  കാര്യങ്ങളെയൊക്കെ തമാശകളാക്കി ചിരിച്ചു തളളുന്ന ഒരു ഏർപ്പാടാണു പൊതുവെകണ്ടു വരുന്നത്. എന്നാൽ അവയൊന്നു പോലും വിവരക്കേടുകൊണ്ട് എഴുന്നൊളളിക്കുന്ന മണ്ടത്തരങ്ങളാണ് എന്ന് കരുതണ്ട. എല്ലാം വ്യക്തമായ കണക്കു കൂട്ടലുകളോടെ തന്നെ പ്രചരിപ്പിക്കുന്നതാണ് എന്ന് വേണം മനസ്സിലാക്കാൻ. ഉദാഹരണത്തിന്ന് മലപ്പുറത്ത് ഗുണ മേന്മയുളള ബീഫ് എത്തിക്കും എന്ന ഒരു നേതാവിന്റെ പ്രസ്ഥാവന കേട്ട് ചിരിച്ചിരിചിരിച്ച് മണ്ണുകപ്പിയ പൊതു സമൂഹം കൊല്ലങ്ങൾക്കു ശേഷം യാഥാർത്ഥ്യം മനസ്സിലാക്കും. എങ്ങനെ എന്ന് കേട്ടോളൂ ഗോമാതാ സരക്ഷണം അതിന്റെ ഉഛസ്ഥായിയിലെത്തും. ലോകത്തൊരു കർഷകനും വഹിക്കാനാകാത്ത ഒന്നായി മൃഗപരിപാലനം മാറും. അവർ അവരുടെ കറവവറ്റിയ അമ്മമാരെ ഇന്ന് സ്വന്തം പെറ്റമ്മമാരോടു ചിലർ ചെയ്യുന്ന പോലെ ഒന്നുകിൽ പതുക്കെ തെരുവിലേക്കിറക്കി വിടുകയോ ഗോശലകളെന്ന വൃദ്ധ സദനങ്ങളിലേക്ക് നടതളളുകയോ ചെയ്യും. 
തെരുവിൽ അലഞ്ഞുതിരിയുന്ന പശുക്കളുടെ ബാഹുല്ല്യം രാജ്യത്തിന്റെ നീറിന്ന സാമുഹ്യ പ്രശ്നമായി മാറും. അതിന്നു പരിഹാരമായി കോർപ്പറേറ്റു കളുടെ സൗമനസ്യത്തിന്റെ ഫലമായി പതിനായിരക്കണക്കിന് ഏക്കർ വിസ്തീർണ്ണമുളള ഗോസംരക്ഷണ ശാലകൾ നിലവിൽ വരും. അതുപോലെ പശു വളർത്തു ഫാമുകളും. വലിയ മതിൽ കെട്ടുകൾക്കകത്ത് അതീവ സുരക്ഷയിൽ ഇവക്കകത്തു നടക്കുന്നത് ഗോ സംരക്ഷണ മാണോ മാംസ സംസ്കരണ മാണോ എന്ന് ഒന്നും പോയി കണ്ടു മനസ്സിലാക്കാൻ ഒരുവനും സാദ്ധ്യമാകാത്ത വിധം ബദ്രമായിരിക്കും സുരക്ഷാ വ്യവസ്ഥ. ഇതോടെ തെരുവുകളിൽ നിന്ന്  ഒഴിവാക്കപ്പെട്ട പശുക്കൾ നമുക്ക് വലിയ ആശ്വാസമാകും. പശുവിന്നു നേരെ ഹോണടിച്ചതിന്നോ അതിന്റെ നേരെ തുപ്പിയതിന്നോ ഒന്നും സാധാരണക്കാരന്ന് മർദ്ദനമേൽക്കേണ്ടി വരാത്ത കാലം വന്നത് നെടുവീർപ്പോടെ നാം ആസ്വദിക്കും. അനിമൽ ഫാമുകൾക്കകത്ത് തങ്ങളുടെ ഗോമാതാക്കൾ ശിഷ്ട വാർദ്ധക്യം ശാന്തമായി ജീവിച്ചു തീർത്ത് മരിച്ച് ശേഷക്രിയകൾക്ക് ശേഷം ആദരപൂർവ്വം അടക്കം ചെയ്യപ്പെടുന്നൂ എന്ന് പുത്രന്മാർ വിശ്വസിക്കും. എല്ലാം ശുഭം മേൽ പറഞ്ഞതും മലപ്പുറത്ത് വിതരണം ചെയ്യുന്ന മേത്തരം മാട്ടിറച്ചിയും തമ്മിലെന്തെടോ ബന്ധം എന്ന് ചോദിച്ചാൽ പറയാം. ഇവിടെയാണു പണ്ട് നിങ്ങൾ സംഘി ഫലിതങ്ങൾ എന്ന് പറഞ്ഞ് ചിരിച്ചു തളളിയ കാര്യങ്ങളുടെ പ്രസക്തി. ശശികലട്ടീച്ചർ പണ്ട് വ്യക്തമാക്കിയിട്ടുണ്ട് പൂഞ്ഞയില്ലാത്ത ജഴ്സി പോലത്തെ പശുക്കൾ ഗോമാതാക്കളല്ല എന്ന്. അവയുടേതെന്ന പേരിൽ പള പളാ മിന്നുന്ന പ്ലാസ്റ്റിക്ക് പൊതികളിൽ അൽ കബീർ അദ്ദുവാ മുതലായ ഇസ്ലാമിക കമ്പനികളുടെ മേത്തരം മാട്ടിറച്ചി അങ്ങാടിയിൽ സുലഭമാകും. പൊതികളുടെ ലേബിൾ മലപ്പുറത്തുകാർക്ക് ക്ഷ പിടിക്കും. ഇന്ന് പരിഹസിച്ചവരും വിഡ്ഢിത്തമാരോപിച്ചവരും അന്ന് അന്തം വിടും.... അന്ന് നമ്മുടെ സ്ഥാനാർത്ഥി ചെയ്ത വഗ്ദാനം അദ്ദേഹം വിജയിക്കാതിരുന്നിട്ടു പോലും പാലിക്ക പ്പെട്ടിരിക്കുന്നു

പിന്നെ അന്ന്  കിട്ടുന്ന ഇറച്ചി പൂഞ്ഞയുളള തിന്റെയാണോ നടതളളിയ ഗോമാതാവി ന്റെതാണോ എന്നൊക്കെ ഉറപ്പു വരുത്താൻ നമുക്ക് സമയമുണ്ടാകില്ല സൗകര്യവുമുണ്ടാകില്ല. ഗോശാലലളുടെ ഏഴയലത്ത് ചെല്ലാൻ സമ്മതം കിട്ടിയിട്ടു വേണ്ടേ. പിന്നെ  നല്ല ദിവസങ്ങൾ വന്നു കഴിഞ്ഞാൽ നമ്മളു തിരക്കിലുമായിരിക്കു മല്ലോ....

കഷ്ടകാലം വരുന്ന വഴികൾ

രാവിലെ സുബഹി ബാങ്ക് കേട്ട് ഉണർന്നു. മതേതരം ഉറപ്പിക്കാനായി കാതോർത്തു. ഉടൻ തന്നെ കൗസല്ല്യാ സുപ്രജാ രാമാ ... പൂർവ്വ സന്ധ്യാ പ്രവർത്തതേ  എന്ന കീർത്തനവും കേട്ടു. ധൈര്യമായി ഇനി പേടിക്കാനില്ല. ഒന്നുകൂടി കണ്ണടച്ച് തുറന്നപ്പോൾ മണി ഒമ്പത്....
നന്നായി ഇനി ബാക്കിയുളള സമയത്തിന്റെ കാര്യം നോക്കിയാൽ മതിയല്ലോ എന്നാശ്വസിച്ച് വരാന്തയിൽ വന്ന് പത്രമെടുത്ത് കണ്ണോടിച്ചപ്പോഴാണ് മൂപ്പർ അന്തം വിട്ടത്. മേലിൽ അറുപതു വയസു കഴിഞ്ഞാലും മനുഷ്യൻ  യുവാവായിരിക്കു മെന്ന് തിട്ടൂരമിറക്കിയിരിക്കുന്നു ഐക്യ രാഷ്ട്ര സഭ. ഇസ്രയീലിനെതിരെ സഭയിറക്കിയ  ഘോര ബ്രഹ്മാണ്ഡ പ്രമേയ തിട്ടൂരങ്ങളുടെ വെളിച്ചത്തിൽ മൂപ്പർ ഗണിച്ചു. സഭ അംഗീകരിച്ചാൽ പോരല്ലോ ദുനിയാവിലെ പെൺ സിംഹങ്ങളും ചെക്കന്മാരും അംഗീകരിക്കണ്ടേ എന്നാണു ആദ്യം തോന്നിയത്. മുഖത്തു നോക്കി ഒരു മടിയും കൂടാതെ അപ്പൂപ്പാ എന്ന് വിളിക്കുന്ന കശ്മലകൾ മേലിൽ യുവാവേ എന്ന് സംബോധന ചെയ്യുകയാണെങ്കിൽ സംഗതി സ്റ്റൈലു തന്നെ.. ചെക്കന്മാരെന്തു വന്നാലും കാർന്നോരേന്നേ വിളിക്കൂ. ഇനിയെന്തെങ്കിലും നടക്കുമോ എന്ന് കണ്ടറിയണം.
ബസ്സുകളിലെ സീനിയർ സിറ്റിസൻ സീറ്റിൽ കയറിയിരിക്കുന്ന ഫ്രീക്കന്മാരോട് അധികാരത്തിൽ എണീക്കാൻ പറഞ്ഞാൽ പോ ചെക്കാ അവിടന്ന് നീയും ഒരു യുവാവവല്ലിയോ എന്ന് പറഞ്ഞാൽ അതും സഹിക്കണം...
ഈ ചുളുവിൽ സർക്കാറുകൾ വാർദ്ധക്യ പെൻഷൻ നിർതലാക്കിയാൽ അതും.... ഏതായാലും ചില്ലറ പാരയൊന്നു മല്ല സഭ പണിതിരിക്കുന്നത്...
ദുരന്തങ്ങൾ ഇനിയും വരാനിരിക്കുന്നതേയുളളൂ.... ങാ വരട്ടേ കാണാം...

Thursday, May 25, 2023

പക്ഷികളിലേക്ക് നിങ്ങൾ നോക്കുന്നില്ലേ

ഇടമറുക് ഖുർആൻ വിമർശന പഠനം എഴുതിയകാലം. ഇസ്ലാമിനെക്കുറിച്ചുള്ള എന്റെ  പഠനം തുടങ്ങിയതും അക്കാലത്തായിരുന്നു. ഇടമറുകിന്റെ പുസ്തകം അതിനു ഹേതുവായി എന്നത് സത്യം. ഇടമറുകിന്റെ പുസ്തകത്തിനു മറുപടി അന്വൃഷിച്ചന്വേഷിച്ച് ചെന്ന് പെട്ടത് കോഴിക്കോട് ഒയാസിസ് കോമ്പൗണ്ടി നകത്തുള്ള ഐ പി എച്ചിലും തുടർന്ന് ആ കെട്ടിടത്തിന്റെ മുകളിൽ സ്ഥിതി ചെയ്തിരുന്ന ജമാഅത്തെ ഇസ്ലാമിയുടെ ഓഫീസിലും. 
അവിടെ അന്ന് ഉണ്ടായിരുന്ന അബ്ദുൽ അഹദ് തങ്ങൾ സാഹിബും കൊണ്ടോട്ടി അബ്ദുറഹ്മാൻ സാഹിബും തിരൂർക്കാരൻ കുഞ്ഞാലി സാഹിബും അന്ന് എനിക്ക് നൽകിയ ഊഷ്മളമായ സ്വീകരണവും പരിഗണയുമായിരുന്നു ഇസ്ലാമിക പ്രസ്ഥാനത്തിലേക്കുള്ള പ്രചോദനം. സലാം പറഞ്ഞ് കയറിച്ചെന്ന് ഞാൻ സ്വയം പരിചയപ്പെടുത്തി. എന്റെ ചില സംശയങ്ങൾ ചോദിച്ചു അവർ എനിക്കു തന്ന മറുപടി എനിക്ക് ബോദ്ധ്യമാവുകയും ചെയ്തു. കുറച്ച് നേരം അവിടെ ചിലവഴിച്ചു ഞാൻ പോകാനിറങ്ങവേ അബ്ദുറഹ്മാൻ സാഹിബ് എനിക്ക് രണ്ട് പുസ്തകങ്ങൾ തന്നു. ഖുത്ബാത്തിന്റെ ഇംഗ്ലീഷ് പരിഭാഷയായ ഫണ്ടമെന്റൽസ് ഓഫ് ഇസ്ലാം, മോറീസ് ബുക്കായ് യുടെ ബൈബിൾ  ഖുർആൻ സയൻസ് എന്നിവ. അവിടെനിന്നായിരുന്നു തുടക്കം... 
മൗദൂദി സാഹിബിന്റെ ഖുത്ബാത് ഇസ്ലാമിന്റെ രാഷ്ട്രീയ മാനങ്ങളെ അതിലളിതമായി എനിക്ക് വിവരിച്ച് തന്നപ്പോൾ ബുഖായ് യുടെ പുസ്തകം ഖുർആനും ശാസ്ത്രവുമായുള്ള അതിശയകരമായ ബന്ധങ്ങൾ എനിക്ക് മനസിലാക്കിത്തന്നു. നേർക്കു നേർ ഒരു ശാസ്ത്ര ഗ്രന്ഥമൊന്നും അല്ലാതിരുന്നിട്ടും  പ്രപഞ്ചോൽപ്പത്തി മുതൽ പ്രകൃതിയുടെ നിലനില്പ് പരിപാലനം തുടങ്ങിയവിഷയങ്ങളിൽ  ഖുർആൻ നൽകുന്ന ആനുഷംഗികമായ സൂചനകൾ ആധുനിക ശാസ്ത്രവുമായി എത്രമാത്രം ഒത്തുപോകുന്നു എന്ന വസ്തുത അതിശയകരമാണ്.  ഖുർആനിലേക്ക് എന്നെ ആകർഷിക്കാൻ ബുക്കായ് യുടെ ഈ പുസ്തകം എനിക്ക് വലിയ പ്രചോദനമായി. ഇന്നും ഇടക്കിടെ മറിച്ചു നോക്കുമ്പോൾ പുതിയ പുതിയ അറിവുകൾ വെളിവായിവരുന്നു. 
ഖുർആനിലെ പക്ഷികളെ പ്രതിപാദിക്കുന്ന ഈ വചനം

 " അന്തരീക്ഷത്തില്‍ ചിറകുകളടിച്ച് പറക്കുന്ന പക്ഷികളുടെ നേര്‍ക്ക് അവര്‍ നോക്കിയില്ലേ? അല്ലാഹു അല്ലാതെ ആരും അവയെ താങ്ങി നിര്‍ത്തുന്നില്ല. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌."
 
 അതിലിത്ര അതിശയിക്കാനെന്തിരിക്കുന്നു എന്നാണ് യുക്തി വാദികളുടെ സംശയം. എന്നാൽ പക്ഷികളെക്കുറിച്ച് ആഴത്തിൽ പഠിക്കുന്നവരെ അവ അതിശയിപ്പിക്കുകതന്നെ ചെയ്യും. അമേരിക്കയിലെ അലാസ്കയിൽ നിന്നും ന്യൂസിലൻഡ് വരെ പന്തീരായിരത്തോളം കിലോമീറ്റർ നിർത്താതെ പറന്ന് ദേശാടനം നടത്തുന്ന വരവാലൻ (Bartailed God wit) ഉദാഹരണം. ഇക്കാലമത്രയും ഊണോ ഉറക്കമോ കൂടാതെ പറക്കാൻ ഇവക്ക് മാർഗ്ഗദർശനം നൽകിയത് ആരാണ്. യാത്രയുടെ മാസങ്ങൾക്ക് മുമ്പ് അവ ഭക്ഷണം ഇരട്ടിപ്പിക്കുന്നു. അങ്ങനെ ശരീരത്തിൽ ശേഖരിക്കുന്ന കൊഴുപ്പാണ് ഇവക്ക് യാത്രക്കുള്ള ഊർജ്ജം. ഭക്ഷണം പരിഹരിക്കപ്പെട്ടു. ഇനി വിശ്രമത്തിന്റെ കാര്യം. ഇവയുടെ തലച്ചോറിന്റെ പകുതിഭാഗം ഉണർന്നിരിക്കുമ്പോൾ മറ്റേ പാതി ഉറങ്ങുന്നു എന്നാണ് മനസിലാക്കപ്പെട്ടിട്ടുള്ളത്...
 
ചിലപക്ഷികൾ ദീർഘ യാത്രക്ക് ശേഷം അവ പുറപ്പെട്ട വൃക്ഷക്കൊമ്പിൽ തന്നെ വന്നിറങ്ങുന്നു. ഈ വക അറിവുകളൊന്നും ഒരുവന്റെ ധിഷണയെ അതിശയിപ്പിക്കുന്നില്ല എങ്കിൽ ഈശ്വരാനുഗ്രഹത്തിന്റെ വിശാല പ്രപഞ്ചത്തിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ഹതഭാഗ്യൻ എന്നല്ലാതെ അയാളെ എന്ത് വിശേഷിപ്പിക്കാം....

പോലീസു മൊല്ലാക്കമാർ

കാരക്കാട് മദ്രസയിൽ പഠിക്കുന്നകാലം. ചേക്കുമൊല്ലക്കയും മയമ്മൗട്ടി മൊയ്ല്യാരും ഇമ്പു മൊയ്ല്യാരുമായിരുന്നു ഉസ്താദുമാർ. ഒന്നാം ക്ലാസിൽ മൊല്ലക്ക. രണ്ടാം ക്ലാസിൽ ഈസുപ്പുമൊയ്ല്യാർ. മൂന്നാം ക്ലാസിൽ മയമ്മൗട്ടി മൊയ്ല്യാർ. നാലാം ക്ലാസിൽ ഇമ്പു മൊയ്ല്യാർ എന്നിങ്ങനെയായിരുന്നു ക്രമം. സ്കൂളിനെ അപേക്ഷിച്ച് ചൂരൽ കഷായം ധാരാളമായി കുടിക്കേണ്ടി വരിക മദ്രസാ പഠനത്തിലായിരുന്നു. ഇന്നത്തെപ്പോലെ സമസ്തയുടെ വ്യവസ്ഥാപിതമായി സിലബസും പാഠ്യപദ്ധതിയും നടപ്പിലായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അക്ഷരമാലകൾ തൊട്ട് ഒന്നാം ജൂസ് വരെ മൊല്ലക്ക പഠിപ്പിക്കും. പിന്നീട് നമസ്കാരം ശർത്ത് ഫർള്. ദീനിയാത്ത് അമലിയാത്ത്. ഖുർആൻ ഖത്തം തീർക്കൽ തുടങ്ങി നാലാം ക്ലാസ് വരെ. മൊല്ലക്കാന്റെ ക്ലാസിലാണ് അടികൂടുതൽ. പ്രത്യേകിച്ചും നോമ്പ് കാലങ്ങളിൽ. അന്ന് റംസാനിൽ മദ്രസ പൂട്ടുന്ന പരിപാടി തുടങ്ങിയിട്ടില്ലായിരുന്നു. നോമ്പിന് ഒരൊമ്പത് മണിയോടെ മൊല്ലക്കാക്ക്   ദേഷ്യം വരാൻ തുടങ്ങും. പുകലപ്പൊടി വലിക്കാൻ പറ്റാത്തതുകൊണ്ടുള്ള ദേഷ്യത്തെ മറ്റു ഉസ്താദുമാർ പോലപ്രാന്ത് എന്നാണു വിശേഷിപ്പിച്ചിരുന്നത്. അത് വന്നാൽ പിന്നെ ചൂരലെടുത്ത് ഒരു തലക്കൽ നിന്നും അടി തുടങ്ങുകയായി. അടി തുടങ്ങിയാൽ പിന്നെ ഒന്നാം ബെഞ്ചിലെ ആദ്യത്തെ കുട്ടിമുതൽ നാലാമത്തെ ബെഞ്ചിലെ അവസാനത്തെ കുട്ടികവരെ അടിച്ചങ്ങ് പോവുകയാണ്. ഓതിക്കൊണ്ടിരിക്കുന്നവനും അല്ലാത്തവനുമൊക്കെട്ടും ഓരോ പെട... പെൺകുട്ടികൾക്ക് ഇളവുണ്ടായിരുന്നു. അവരുടെ ബെഞ്ച് മൊല്ലാക്ക മിക്കപ്പോഴും ഒഴിവാക്കുകയാണു പതിവ്. അടി തുടങ്ങിയാൽ കുട്ടികൾ ഉച്ചത്തിൽ എന്തെങ്കിലും ഓതാൻ തുടങ്ങും. ചില വിരുതന്മാർ തഞ്ചം നോക്കി അടികഴിഞ്ഞ ബെഞ്ചിലേക്ക് മാറിയിരുന്ന് അടിയിൽ നിന്ന് രക്ഷപ്പെടുന്ന പതിവും ഉണ്ട്....
ലോക്ക് ഡൗണിൽ പുറത്തിറങ്ങിയ പൗരന്മാരെ നിര നിരയായി അടിച്ച് വിടുന്ന പോലീസി മുറകണ്ടപ്പോൾ ചേക്കുമൊല്ലക്കാനെ ഓർമ്മ വന്നു...

Saturday, May 6, 2023

വീരമ്മ

വീരമ്മേ വെള്ളം ഇന്ന് അടിക്ക്വോ" എന്ന് ചോദ്യം. "വീരമ്മ പണിയെടുത്ത കാശുകൊണ്ട് വീരമ്മ വെള്ളമടിച്ചാൽ  സുഗന്ധത്തിലെ സാർന്മാർക്കെന്താ ചേതം" എന്ന് മറുചോദ്യം…

ഇനി ചരിത്രത്തിലേക്ക്,കാലം ആയിരത്തിത്തൊള്ളായിരത്തി എൺപതുകളുടെ രണ്ടാം പാതി. ഈ വിനീതനായ ചരിത്രകാരൻ, പെരുവണ്ണാമൂഴിക്കാർക്കിടയിൽ സുഗന്ധം എന്ന് അറിയപ്പെടുന്ന സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ ഫാം അസിസ്റ്റന്റ് ആയിജോലി നോക്കുന്ന കാലം. അന്ന് പെരുവണ്ണാമൂഴിയിലെ കുറ്റ്യാടി ഇറ്ഗേഷൻ പ്രൊജക്റ്റിന്റെ ഔദാര്യത്തിൽ അവരുടെ ഡി ടൈപ്പ് ക്വാർട്ടേഴ്സിലായിരുന്നു പൊറുതി. ഡി 1ക്വാർട്ടേഴ്സ്.കളത്രവും അഞ്ച് വയസുകാരിയായ മകൾ ശംസും കൈക്കുഞ്ഞായ മകൻ ശാഫിയും പിന്നെ ഞാനും…
പാർപ്പിട സങ്കല്പങ്ങൾ ഇത്രക്ക് വികാസം പ്രാപിച്ചിട്ടില്ലാതിരുന്ന ആകാലത്ത് ഒരു ബെഡ് റൂം മാത്രമുള്ള പി ഡബ്ല്യൂ ഡിയുടെ ഡി ടൈപ് കോർട്ടേഴ്സ് വലിയ സൗകര്യം തന്നെയായിരുന്നു. പ്രത്യേകിച്ചും  വാടകക്ക് വീടുകൾ ലഭ്യമല്ലാത്ത പെരുവണ്ണാമൂഴി പോലുള്ള ഒരു കുഗ്രാമത്തിൽ. അതിനാൽ അതെങ്കിലും കിട്ടാൻ പലരും പെടാപാട് പെട്ടു. സ്വന്തം വീടുകളിൽ താമസിച്ചിരുന്ന ഡിപ്പർട്ട്മെന്റ് ജീവനക്കാർ ക്വേർട്ടേഴ്സുകൾ തങ്ങളുടെ പേരിലെടുത്ത് പുറം ജീവനക്കാർക്ക് മേൽ വാടകക്ക് കൊടുക്കുന്ന പതിവും ഉണ്ടായിരുന്നു. പലരും വളഞ്ഞതെങ്കിലും  എളുപ്പമായ ആ വഴി സ്വീകരിച്ചു. എന്റെ സ്വന്തം പേരിൽ കിട്ടുകയാണെങ്കിൽ മതി എന്ന് ശാഠ്യം പിടിച്ച എനിക്ക് ഒരു പാട് തടസ്സങ്ങളുണ്ടായെങ്കിലും  അവസാനാം ഡി1 കെട്ടിടം അനുവദിച്ചു കിട്ടുകയാഅയിരുന്നു. അത് വേറെ ഒരു കഥ.  
കിട്ടുന്ന ശമ്പളം കൊണ്ട്‌ മാസത്തിന്റെ രണ്ടു തലയും കൂട്ടിമുട്ടിക്കാൻ ഒരല്പം ഞെരുക്കമുണ്ടായിരുന്നൂ എങ്കിലും പൊതുവേ സുഖം സന്തുഷ്ടം. ആകെ ഉള്ള പ്രശ്നം ഇടക്കിടെ നേരിടാറുള്ള കുടിവെള്ളക്ഷാമം മാത്രമായിരുന്നു… അതാകുന്നു ചരിത്രത്തിന്റെ മർമ്മം. 
അണക്കെട്ടിന്റെ ചാരേ സ്ഥിതി ചെയ്യുന്ന ഈ പാർപ്പിട കേന്ദ്രത്തിൽ എന്തുകൊണ്ട് ജലക്ഷാമം എന്ന് ചോദിച്ചാൽ അത് ഒരു കഥയാകുന്നു. " വെള്ളം വെള്ളം സർവ്വത്ര തുള്ളികുടിക്കാനില്ലത്രേ" എന്ന കവിത പിറന്നത് ഇത് സംബന്ധമായിട്ടാണ് എന്ന് വിശ്വസിക്കുന്ന നിഷ്കളങ്കർ അക്കാലത്ത് ഉണ്ടായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. 
ഡാമിന്റെ വലതു വശത്തായി വലിയ ഒരു കുന്ന്. കുന്നിന്റെ ഏറ്റവും മുകളിൽ സി ടൈപ്പ് ക്വാർട്ടേഴ്സുകൾ. കുന്നിനെ ച്ചുറ്റി ഡാം സൈറ്റിൽ നിന്നും പിള്ളപ്പെരുവണ്ണ ചക്കിട്ടപ്പാറ വഴി കൂരാച്ചുണ്ടിലേക്ക് പോകുന്ന റോഡ്. റോഡിനു മുകൾ വശത്ത് ഡി ടൈപ് ക്വാർട്ടേഴ്സുകൾ. റോഡിനു താഴെ ഇ ടൈപ്പും എഫ് ടൈപ്പും. ഡാം പണി നടന്നിരുന്നകാലത്ത് കെട്ടിടങ്ങളിലെല്ലാം ഡിപ്പാർട്ട്മെന്റ് ജീവനക്കാരത്തന്നെയായിരുന്നു താമസം. പിന്നീട് വകുപ്പ് ജീവനക്കാരുടെ എണ്ണം കുറഞ്ഞപ്പോൾ ഒഴിവു വന്ന കെട്ടിടങ്ങൾ മറ്റു വകുപ്പ് ഉദ്യോഗസ്ഥർക്ക് കൊടുക്കാൻ തുടങ്ങുകയായിരുന്നു. അതോടെ പരിപാലനവും  കുടിവെള്ള വിതരണവുമൊക്കെ ചിട്ടയില്ലാതായി. ആഴ്ചയിൽ രണ്ടും മൂന്നും  ദിവസങ്ങൾ‌‌ ചിലപ്പോൾ‌ ആഴ്ചതന്നെ വെള്ളമില്ലാതെയാവുന്ന സ്ഥിതിയുണ്ടായിരുന്നു. ആ ദിവസങ്ങളായിരുന്നു കഷ്ടം. കുന്നിന്റെ മുകളിൽ നിന്നും അരക്കിലോമീറ്റർ താഴെ വാൽ മണ്ണേൾ എന്ന വീട്ടിലെ ഓലിയിൽ നിന്നും വെള്ളം  ചുമന്ന് കൊണ്ട് വരണം. വെക്കാനും കുടിക്കാനും  കുളിക്കാനുമെല്ലാം. ഭാര്യയെക്കൊണ്ട് വെള്ളം ചുമപ്പിക്കുന്നത് രണ്ടാം തരം ഏർപ്പാടായി കരുതിയിരുന്നതു കൊണ്ട്‌ ജല സംഭരണം  നേരിട്ടായിരുന്നു പതിവ്‌… രണ്ടുകയ്യിലും നിറകുടവും തൂക്കി കടും തൂക്കായ കുന്ന് കയറിയുള്ളയാത്ര ഈ ജന്മത്തിൽ മറക്കാൻ കഴിയുമെന്ന് തോന്നുന്നുല്ല…
അങ്ങനെയൊരു ദിവസം സന്ധ്യക്ക് ജലകുംഭങ്ങളും പേറി കിതച്ച് വിയർത്ത് കുന്നു കയറവേ താഴെ പിള്ളപ്പെരുവണ്ണയിൽ നിന്നും കയറിവരുന്നു കെവൈഐപി യിലെ ക്ലാസ് ഫോർ ജീവനക്കാരി വീരമ്മ. പ്രൊജക്റ്റിലെ ജോലികഴിഞ്ഞ് പിള്ളപ്പെരുവണ്ണ അങ്ങാടിയിൽ പോയി വീട്ടിലേക്ക് വേണ്ട വസ്തുവഹകളൊക്കെ വാങ്ങിയശേഷം പൊന്മലപ്പാറയിലുള്ള കോളനിയിലേക്കുള്ള മടക്കമാണ്.
തലയിൽ ഒരു കുട്ടിച്ചാക്കും ചുമന്നിട്ടുണ്ട്. വെള്ളം പമ്പ് ചെയ്തിട്ടുണ്ടെങ്കിൽ ചുമട് നിർത്താമല്ലോ എന്ന പ്രതീക്ഷയിൽ ഞാൻ ചോദിച്ച ചോദ്യവും അതിന് മൂപ്പത്തിയാർ തന്ന മറുപടിയുമാണ് നടേ കുറിച്ചത്.
"വീരമ്മ പണിയെടുത്ത കാശുകൊണ്ട് വീരമ്മ വെള്ളമടിച്ചാൽ  സുഗന്ധത്തിലെ സാറന്മാർക്കെന്താ ചേതം" 
പെട്ടന്നാണ് എനിക്ക് കാര്യം ഓർമ്മവന്നത് വീരമ്മ വക്കൻ ചേട്ടന്റെ പട്ടക്കട കൂടി സന്ദർശിച്ചിട്ടാണ് മടക്കം എന്ന്….