Tuesday, November 11, 2014

അന്ന് വേനലിലൊരു നോമ്പ് ......



അന്ന് വേനലിലൊരു നോമ്പ് ......
അതൊരു റംളാൻ നാളായിരുന്നു. വെള്ളിയാഴ്ചയുമായിരുന്നു. അയാൾക്കു നോമ്പായിരുന്നു.തലേദിവസം കോഴി കൂകുന്നതിന്റെ ഒരു പാടു മുമ്പ് കഴിച്ച അത്താഴമേ വയറ്റിലുണ്ടായിരുന്നുള്ളൂ. വിറകു വെട്ടലായിരുന്നു അന്നത്തെ പണി. പുലർച്ചെ തുടങ്ങിയതാണ്‌. ഒറ്റമുണ്ടും ഒരു തോർത്തു മായിരുന്നു വേഷം ഇടതു കയ്യിലെ കരുത്തുറ്റ പേശിക്കുമേൽ ഒരു കറുത്തനൂലിൽ കോർത്ത ഉറുക്കുണ്ടായിരുന്നു.
അയാൾ ആകാശത്തേക്കു നോക്കി അടിയളന്നു നോക്കണോ എന്നാലോചിക്കുന്നതിനിടെ ചേക്കു മൊല്ലക്കായുടെ ബാങ്കു വിളി ഉയർന്നു കേട്ടു. മൊല്ലക്കാക്ക് നല്ല ഒച്ച. ഓങ്ങല്ലൂരു വരെ യുള്ളവരിതു കേട്ടാണ്‌ നോമ്പും നിസ്കാരവുമൊക്കെ.വേഗത്തിൽ മഴു ചാരിവെച്ച് അയാൾ ധൃതിയിൽ പുഴയിലേക്കു നടന്നു.
മുക്രിക്കടവിലെ വെള്ളം വറ്റിക്കഴിഞ്ഞിരുന്നു. അങ്ങേചാലിലെ മാമരു കുണ്ടിലല്പം ബാക്കിയുണ്ട്. അയാളതിലിറങ്ങി ഉടു മുണ്ടും തോർത്തും അലക്കി. കുളിച്ചു. തോർത്തുടുത്ത് ഉടുമുണ്ട് തലക്കു മീതെ വെയിലിലുയർത്തിപ്പിടിച്ച് പള്ളിക്കു നേരെ നടന്നു.പുഴ കേറിയപ്പോഴേക്കും മുണ്ട് ഉണങ്ങിക്കഴിഞ്ഞിരുന്നു അതുടുത്ത് പടിഞ്ഞാറെ നടയിലൂടെ തണ്ടാസിന്നടുത്തെത്തിയപ്പോൾ മൊല്ലക്ക മഹശറ വീളിക്കുന്നു. "അൽ ജുമ അ ത്തു ഹജ്ജുൽ ഫുക്കറാഅ വൽ മസാക്കീൻ ... " അർത്ഥമറിയാതെതന്നെ അയാളുടെ കണ്ണുകൾ നിറഞ്ഞു ... ധൃതിയിൽ ഒയങ്ങയെടുത്ത് ഹൗളിൽ നിന്നും കാൽ കഴുകി പിറകിലെ നിരയിൽ ഇരിപ്പുറപ്പിച്ചപ്പോഴേക്കും മാനു മുസ്ല്യാർ ഖുത്ബ തുടങ്ങിയിരുന്നു....
തനിക്കറിയാത്ത ഭാഷയിൽ പറയപ്പെടുന്ന നന്മകളിൽ മനസുറപ്പിച്ച് അയാളിരുന്നു. നോമ്പായിട്ടും മയക്കമോ ക്ഷീണമോ അയാളെ ബാധിച്ചില്ല. നിസ്കാരം കഴിഞ്ഞ് ഹൗളിന്റെ കരക്കൽ അലപം കിടക്കണം. അ സറിനു ശേഷം അല്പം മീനും കപ്പയുമൊക്കെ വീട്ടിലെത്തിക്കണം എന്നൊക്കെയുള്ള കൊച്ചു കൊച്ചു ചിന്തകളുമായി....