Wednesday, January 2, 2019

മുള്ളും പഴം പറിക്കാം

മുളളും പഴം പറിക്കാം...
തറവാടിന്റെ അയൽ പക്കത്തായിരുന്നു അലവിക്കാന്റെ വീട്. അലിവിക്കാന്റെ മകൻ ഹംസു എന്റെ കളിക്കൂട്ടുകാരനായിരുന്നു. മിക്കപ്പോഴും ഹംസുവും കുഞ്ഞാപ്പുട്ടിയും മറ്റു കൂട്ടുകാരും തറവാട്ടിലേക്ക് കളിക്കാൻ വരികയായിരുന്നു പതിവ്.
വിശാലമായപറമ്പിൽ ഞങ്ങൾ കളിച്ചു തിമർത്തു. വളപ്പിൽ നിന്നും പുറത്തു പോകരുത് എന്നായിരുന്നു കല്പന. പലപ്പോഴും ഞങ്ങൾ മുതിർന്നവരുടെ കണ്ണു വെട്ടിച്ച് പുറത്തു കടക്കുമായിരുന്നു. അലിവിക്കാടെ വീട്ടിലേക്കോ ഉസ്സനിക്കാന്റെ വീട്ടിലേക്കോ പോകും. ഒരു മാറ്റം അത്രതന്നെ. ഹംസൂന്റെ അമ്മായിയായിരുന്നു പളളീം താത്ത. എല്ലാവരേയും കുഞ്ഞേ എന്നേ വിളിക്കൂ. ഹംസൂനെ അനുകരിച്ച് ഞങ്ങളും അവരെ അമ്മായീ എന്നു വിളിച്ചു. അമ്മായിക്ക് ഒരു പാട് ആടുകളുണ്ടായിരുന്നു. അവർ എന്നും രാവിലെ ആടുകളേയും കൊണ്ട് കാട്ടിലേക്ക് പോയാൽ വെയിലാറിയിട്ടാണ് മടങ്ങിയെത്തുക. ഒരു ദിവസം റേഷൻ കടയിലേക്ക് അരിയുമായി വന്ന ലോറിയുടെ ഇരമ്പൽ കേട്ട് റോട്ടിലേക്ക് പോയതായിരുന്നു ഞങ്ങൾ... ലോറി കണ്ട് ഞങ്ങൾ തിരിച്ച് ഹംസൂന്റെ വീട്ടിലെത്തി. ആടുകളെയും കൊണ്ട് പള്ളീമ മ്മായി തിരിച്ച് വന്ന നേരമായിരുന്നു. അവർ സ്നേഹ പൂർവ്വം എന്നെ അടുത്ത് വിളിച്ച് കറുത്ത മുണ്ടിന്റെ കോന്തലയിൽ നിന്നും ഒരു പിടി  പഴം എന്റെ കൈയ്യിൽ വെച്ചു തന്നു. മുള്ളും പഴാ തിന്നോളിട്ടോ. എന്റെ കൈകുടന്ന നിറയെ മുന്തിരിയേക്കാൾ അല്പം ചെറിയ കറുത്ത് തുടുത്ത പഴങ്ങൾ. ഞാൻ കരുമുരാ കടിച്ചു തിന്നു ഹൗ നല്ലരുചി. പിന്നീട് അമ്മായിക്ക് ഈ പഴങ്ങൾ കിട്ടുന്ന സ്ഥലത്തെക്കുറിച്ച് ഞാൻ സുന്ദരങ്ങളായ സ്വപനങ്ങൾ കാണാൻ തുടങ്ങി. വിശാലമായ പുൽമേടുകളിൽ വളർന്നു നിൽകുന്ന മരങ്ങളിൽ കുലകളായി കായ്ച്ചു നിൽകുന്ന മുള്ളിൻ പഴം പറിച്ച് തിന്നുകൊണ്ട് രസിച്ചു നടക്കുന്ന ഞാനും കൂട്ടുകാരും....
പിന്നീട് വാടാനാം കുറുശ്ശി സ്കൂളിലേക്ക് പോകാൻ തുടങ്ങിയ ശേഷമാണ് മിള്ളും പഴം എന്റെ സ്വപ്നത്തിലേതു പോലെ മരങ്ങളിലല്ല‌ കുറ്റിച്ചെടികളിലാണ് കായ്കുന്നത് എന്നറിഞ്ഞത്... ജൂൺ ജൂലൈ മാസങ്ങളിൽ പുൽ മേടുകളിൽ വളർന്നുന്നിൽകുന്ന മുള്ളുകളുള്ള‌ കുറ്റിച്ചെടികൾ നിറയെ കായ്ച്ചു നിൽകുന്ന മുള്ളിൻ പഴം പറിച്ച് തിന്ന് വീട്ടിലേക്കു മടങ്ങാറുള്ള സായാഹ്നങ്ങൾ. മുള്ളിൻ പഴം തിരയുന്നതിനിടെ പുല്ലാനിപ്പൊന്തകളിൽ നിന്ന് ചാടിയോടുന്ന മുയലുകൾ... കൊക്കിക്കൊണ്ട് പറന്നു പോകുന്ന ചെമ്പോത്തുകൾ... അപൂർവ്വമായി കാണാറുള്ള കുറുക്കന്മാർ ഉടുമ്പുകൾ ചുരുട്ടപ്പമ്പുകൾ‌ മുതലായ കൂട്ടുകാർ. ഓണക്കാലത്തോടെ കുന്നു നിറയെ‌ പൂത്തു വിലസുന്ന കാശിത്തുമ്പകൾ. ഓണാവധി കഴിയുന്നതോടെ മധുരം നഷ്ടപ്പെട്ട് ഓട്ടപ്പഴങ്ങളായി മാറുന്ന പഴങ്ങൾ. എല്ലാം മധുരമുള്ള ഓർമ്മകളായി. വെയിലിൽ മൂടൽ മഞ്ഞെന്നപോലെ മാഞ്ഞു കൊണ്ടിരിക്കുന്ന സുഖകരമായ ഓർമ്മകൾ..... പത്തമ്പത് വർഷങ്ങൾക്കു ശേഷം വീണ്ടും പ്രഭാത സവാരിക്കായി അതേ കുന്നിൻ പുറം തെരഞ്ഞെടുത്തപ്പോൾ പൊടി പിടിച്ച് മങ്ങിയ ഓർമ്മകളിലൂടെ രസനയിൽ തെളിയുന്ന മുള്ളിൻ പഴത്തിന്റെ രുചി ..
വെറുതെ ഗൃഹാതുരത്വത്തോടെ ഞാൻ പരതി അതിന്റെ ഒരു ചെടിയെങ്കിലും കണ്ടെങ്കിൽ. റബ്ബർ തോട്ടങ്ങൾക്ക് വഴിമാറിയ മേടുകൾ.. പിന്നെ പൊന്തക്കാടുകൾ... മുള്ളിൻപഴച്ചെടികൾ കാണാനേയില്ല. ഞാൻ ഇബ്രാഹീമിനോടു ചോദിച്ചു ""എടോ നമ്മുടെ പണ്ടത്തെ മുള്ളും പഴമൊക്കെ കുറ്റിയറ്റു പോയോ...'' അവനും തിരയാൻ തുടങ്ങി അപ്പോഴിതാ നിൽകുന്നു ഒരുത്തി അകാലത്ത് കായ്ച്ച കുറച്ചു കായ്കളുമായി. എനിക്കു വേണ്ടി മാത്ര മാണെന്നു തോന്നുന്നു അതിലൊന്ന് പഴുത്ത് പാകമായിരുന്നു. ആർത്തിയോടെ അതു പറിച്ചു വായിലിട്ട ശേഷം ഞാൻ ചെടിയുടെ ഫോട്ടോ എടുത്തു. പിന്നീടോർത്തു പഴുത്തത് ഫോട്ടോ എടുത്ത ശേഷംപറിച്ചാൽ മതിയായിരുന്നു.

No comments: