Thursday, January 24, 2019

പുത്തരി ... 1

കുട്ടി ആറാം ക്ലാസിൽ പഠിക്കുന്ന കാലം ഒരു വെള്ളിയാഴ്ച. അന്ന് ഉച്ചക്ക് അര മണിക്കൂർ ഒഴിവുള്ളതുകൊണ്ട് നാലരക്കേ സ്കൂൾ‌ വിടൂ. വീട്ടിൽ ചെന്നിട്ട് പോത്താക്കലേക്ക് കുഞ്ഞാപ്പുട്ടിയോടൊപ്പം ചൂണ്ടയിടാൻ പോകാൻ പരിപാടിയിട്ടിട്ടുണ്ടായിരുന്നു. അതിനാൽ വേഗം ഒന്ന് പുറത്ത് ചാടിക്കിട്ടിയാൽ മതി എന്നായിരുന്നു പൂതി.  മൂന്നര മണിക്ക് പുറത്തു വീട്ടപ്പോഴാണ്‌ ആ ബുദ്ധി തോന്നിയത്. ടീച്ചറോട് ചോദിച്ച് ഇന്നിത്തിരി നേരത്തെ പോയാലെന്താ. അമ്മിണിട്ടീച്ചർക്ക് തന്നെ ഇഷ്ടമൊക്കെയാണ്‌ ചോദിച്ചാൽ വിടുമോ?‌. ഏതായാലും ചോദിച്ചു നോക്കാം.  പിന്നെ താമസിച്ചില്ല നേരെ ടിച്ചേഴ്സ് റൂമിലേക്ക് വെച്ചടിച്ചു. അവിടെ എത്തുന്നതിന്ന് മുമ്പ് തന്നെ എതിരെ വരുന്നു ക്ലാസ് ടീച്ചർ അമ്മിണിട്ടീച്ചർ. ഭവ്യത്യോടെയുള്ള എന്റെ ചിരി കണ്ടപ്പൊഴേ പന്തി കേടു തോന്നിക്കാണണം  അവർ  സ്നേഹപൂർവ്വം ചോദിച്ചു എന്താ കുട്ടീ  ?.
ന്ന് ത്തിരി നേരത്തെ ചെല്ലണമെന്ന് പറഞ്ഞിട്ടുണ്ട്. ങൂം എന്താ വിശേഷിച്ച് ?. എന്തു നുണയാണ്‌ പറയേണ്ടത് എന്ന് അലോചിക്കും മുമ്പേ സമ്മതം കിട്ടി. ശരി പൊക്കോ?
വലിയ സന്തോഷമൊന്നും പുറത്തു കാണിക്കാതെ തിരിച്ച് നടന്നു. ടീച്ചറുടെ കണ്ണിൽ നിന്ന് മറഞ്ഞപ്പോൾ‌ ക്ലാസിലേക്ക് ഒറ്റ ഓട്ടം. പറഞ്ഞ നേരം കൊണ്ട് റോട്ടിലെത്തി. സ്കൂൾ‌പറമ്പിന്റെ പടിഞ്ഞാറേ അതിരിലുള്ള ഇടവഴിയിലൂടെ പൊന്നാത്ത് കാരുടെ പാടത്തേക്കിറങ്ങി. പാടം  മുറിച്ച കടന്ന് പുന്നാത്തെ മിറ്റത്തുകൂടെ മൂലേകാവിലേക്ക് വേലപുറപ്പെടുന്ന കാഞ്ഞിരച്ചുവട്ടിലൂടെ ഇടവഴികടന്ന് കുന്നിൻ പുറത്തേക്ക് കയറിയപ്പോൾ‌തോന്നി. ഇന്ന് പുതിയ വഴിയിലൂടെ പോകാം. വല്ലാതെ നേരത്തെയെത്തിയാൽ  വീട്ടിൽ നിന്നും  ചോദ്യം ചെയ്യലുണ്ടാകും  അതിനാൽ നടപ്പല്പം പതുക്കെയാക്കി. ദിവാസ്വപ്നങ്ങളിൽ മുഴുകി പുല്ലു പുഷപ്പങ്ങളോടൊക്കെ ലോഹ്യം പറഞ്ഞ് അങ്ങനെ...   നേരേ‌ കുന്നു കയറി മറിഞ്ഞാൽ വയ്യാട്ടിക്കാട് വഴി തണ്ണിപ്പാറ കുളക്കരയിലൂടെ ഇടവഴി കയറി കാരക്കാട്ടെത്താം. വൈകുകയാണെങ്കിൽ ഇന്നത്തെ മീൻ പിടുത്തം വേണ്ടെന്ന് വെക്കാം.
കഴിഞ്ഞ ആഴ്ച വരെ മഴതന്നെയായിരുന്നു. പുഴ നിറഞ്ഞു കവിഞ്ഞിരുന്നു. പുഴയിലൂടെ ഒഴുകിവരുന്ന മരങ്ങളും  തേങ്ങയും മറ്റും ചാടിപ്പിടിക്കാൻ കുട്ടിമത്തനും കൂട്ടരും സദാ സമയം പുഴക്കരയിൽ തന്നെയായിരുന്നു എന്ന് കേട്ടു. ഒരു ദിവസം  കാഴ്ചകൾ കാണാൻ കുട്ടിയും   പോയിരുന്നു. നുരയും പതയുമായി കലങ്ങിമറിഞ്ഞൊഴുകുന്ന പുഴയിലേക്ക് ചാടി ഒഴുകിപ്പോകുന്ന വസ്തുക്കൾ പിടിക്കാൻ നല്ല ധൈര്യം വേണം . മൊട്ടത്തലയനായ കുട്ടിമത്തനിക്കാക്കും ചക്കനും കുഞ്ഞാടിക്കും ഒക്കെ ധൈര്യം വേണ്ടുവോളം ഉണ്ട്‌.
കുന്നിന്റെ നെറുകിലെത്തി ദൂരെ പടിഞ്ഞാറോട്ട് നോക്കിയപ്പോൾ കണ്ട മനോഹരമായ കാഴച്ചകൾ ഇളവെയിലിൽ കുളിച്ചു നിൽക്കുന്ന ഗ്രാമം. ചക്രവാളത്തിലേക്ക് താഴുന്ന താഴുന്ന സൂര്യൻ, ആകാശത്തവിടവിടെ പാറി നടക്കുന്ന പഞ്ഞിക്കെട്ടു പോലുള്ള വെൺമേഘങ്ങൾ. ഒരു കൂട്ടം എരണ്ടകളും പിറകെ കുറേ കൊക്കുകളും കിഴക്കോട്ട് പറന്ന് പോകുന്നു. കാട്ടിൽ അവനൊറ്റക്ക് കാട്ടിൽ നിന്നും പലതരം കിളികളുടെ കളകൂജനങ്ങൾ. അങ്ങ് ദൂരെ ചെങ്ങണം കുന്ന് കടവിൽ ആളുകളെ കയറ്റി അക്കരെക്ക് പോകുന്ന തോണി. പച്ച നിറം പൂണ്ട കണ്ടാറിപ്പാടങ്ങളെ നെടുകേ പകുത്ത്  പിറകിലേക്ക് പുകയൂതിക്കൊണ്ട് കൂവിയാർത്ത്  പടിഞ്ഞാറോട്ട് പാഞ്ഞുപോകുന്ന ചരക്കുവണ്ടി ചീക്കരെപാലം കടന്ന് കൊള്ളിപ്പറമ്പ് കട്ടി കടന്ന് മറയുന്നതു വരെ കുട്ടി നോക്കിനിന്നു. പ്രകൃതിയെ നോക്കി എത്ര നേരം രസിച്ചു നിന്നു എന്നറിയില്ല അവൻ മെല്ലെ കുന്നിറങ്ങാൻ തുടങ്ങി. താഴെ നിന്നും ഒരാൾ കയറി വരുന്നു. അടുത്തെത്തിയപ്പോൾ മനസിലായി. ചക്കപ്പനാണ്‌. ആൾ നാട്ടിലെ പ്രധാന ഒടിയനാണ്‌എന്നാണ്‌ വെപ്പ്. അതുകൊണ്ട് കുന്നിൻ മുകളിലെ കൃഷികളുടെ കാവൽ  നാട്ടുകാർ അദ്ദേഹത്തെ ഏല്പിക്കുന്നു. മാട്ടിക്കുക എന്നാണ്‌ പറയുക. അദ്ദേഹം പറമ്പിന്റെ നാലു മൂലയിലും നടന്ന്  കരികൊണ്ട് കോലം വരച്ച കവിങ്ങി പാള മരങ്ങളിൽ കെട്ടിത്തൂക്കും. പിന്നെ ജീവനിൽ കൊതിയുള്ള ആരും  ആ വളപ്പിൽ കയറാറില്ല എന്നാണ്‌നാട്ട് സംസാരം. കുട്ടിയുടെ പ്രായക്കാർക്കൊക്കെ മൂപ്പരെ പേടിയാണ്‌. എന്നാൽ കുട്ടിക്ക് എന്തോ ചക്കപ്പനെ പേടിയില്ല. ഒരു പക്ഷേ പെരുന്നാളുകൾക്കു മൂപ്പരും ഭാര്യയും കൂടി വീട്ടിൽ വന്ന് അരിയും വെളിച്ചെണ്ണയും പപ്പടവുമെല്ലാം  കൊണ്ട് പോകാറുള്ളതു കൊണ്ടായിരിക്കാം... വീട്ടിലേക്കുള്ള പരമ്പും തൊട്ടികളും മുറങ്ങളും എല്ലാം കൊണ്ടു വരുന്നത് ചക്കപ്പനാണല്ലോ.
ഒറ്റക്കാ ?ചക്കപ്പൻ ചോദിച്ചു
ങൂം കുട്ടി മൂളി ... വെഗം കുന്നിറങ്ങി. താഴെ തണ്ണിപ്പാറ കുളത്തിൽ കുറെ സ്ത്രീകളും കുട്ടികളും കുളിക്കുന്നുണ്ട്.  വെള്ളത്തിൽ മതിച്ചു കുളിക്കുന്ന കുട്ടികളെ കുറച്ചു നേരം നോക്കി അവൻ  കാരക്കാട്ടേക്ക് പോകുന്ന് ഇടുങ്ങിയ ഇട വഴിയിലേക്ക് കയറി. ഇടവഴി ചെന്ന് അവസാനിക്കുന്നത് കോപ്പന്റെ യും മൈനാലി ഇസൂക്കാന്റെയുമൊക്കെ വീടുകൾക്കടുത്താണ്‌ അവിടെ നിന്നും ഇട വഴികൾ താണ്ടി മീതു മൊയ് ല്യാരുടെ പീടികയുടെ മുന്നിലൂടെ റോഡ്  മുറിച്ച് കടന്ന് വീട്ടിലെത്തി.
കാട്ടിലൂടെ ദിവാസ്വപ്നം കണ്ട് നടന്നതു കൊണ്ടാകാം  നേരം പതിവിലും വൈകിയിരുന്നു. കുഞ്ഞാപ്പുട്ടി കാത്തു നില്കുന്നുണ്ട്‌. അവൻ വേഗം  അടുക്കളയിലേക്ക് ചെന്നു. അടുക്കളയിൽ തിത്ത്യാത്താനെക്കൂടാതെ വേറെയുമുണ്ട് പെണ്ണുങ്ങൾ. എല്ലാവരും തിരക്കിലായിരുന്നു. ഏതോ  വിരുന്നുകാർ വരാനുണ്ടാകും. തിത്ത്യാത്ത വിളമ്പിക്കൊടുത്ത ചോറും തിന്ന് ചൂണ്ടയെടുക്കാൻ പോക്കവേ വെല്ല്യുമ്മ പിറകിൽ നിന്ന് വിളിച്ചു ഇന്നെങ്ങട്ടും പോണ്ട ഇന്ന് പുത്തിര്യാ. പോയി ഉസനിക്കാനോട് ഇതുവരെ വരാൻ പറ. ഒരു മൗലൂദ് ഓദണം ന്ന് പറയ്...
ഇന്നത്തെ മീൻ പിടുത്തം  മുടങ്ങിയതു തന്നെ പടിക്കൽ കാത്തു നില്കുന്ന കൂട്ടുകാരനെ എന്തു പറഞ്ഞ് സമാധാനിപ്പിക്കുമെന്ന് ചിന്തിച്ച് കുട്ടി മിറ്റത്തേക്കിറങ്ങി. സാരമില്ല നാളെയും മറ്റന്നാളും അവധിയാണല്ലോ അവൻ സ്വയം സമാധാനിച്ചു കൊണ്ട് ഉസനിക്കായുടെ വീടിനു നേരെ നടന്നു . ....

No comments: