Sunday, January 6, 2019

ഐ സി യു വിൽ 2001 ജൂൺ 1

അബൂബക്കർ കണ്ണു തുറക്ക് ... നാവു നീട്ട്...അകലെനിന്നെന്നോണം എന്നിലേക്കൊഴുകിവന്ന അനസ്തിഷ്യ സ്പെഷ്യലിസ്റ്റിന്റെ കല്പന ഞാനനുസരിച്ചു.മൗലാനാ ആശുപത്രിയിലെ ശസ്ത്രക്രിയാനന്തര തീവ്രപരിചരണ വിഭാഗത്തിൽ കിടത്തിയിരുന്ന എന്റെ ശരീരത്തിലേക്ക് എന്റെ പ്രജ്ഞതിരിച്ചിറങ്ങി... നാവുനീട്ടവേ ഞാനറിഞ്ഞു. ല ല ല എന്ന് അതു ചലിച്ചു കൊണ്ടിരിക്കുകയായിരുന്നു. ബോധം കെടുത്തവേ ഞാനുരുവിട്ട ഖുർആൻ വചനത്തിന്റെ ബാക്കി. ""ലഹു മാഫിസ്സമാവാത്തി വൽ അർള്........""
പച്ച വസ്ത്രം ധരിച്ച ഡോക്റ്ററും നഴ്സുമാരും... ചില്ലു ജനലിലൂടെ എന്നെ ആകാംക്ഷയോടെ നോക്കിനിൽകുന്ന ബന്ധു മിത്രാദികളുടെ രൂപം‌ മെല്ലെ തെളിഞ്ഞു വന്നു. അവരിൽ പിന്നീട് മരിച്ചു പോയ സെബാസ്റ്റ്യൻ എന്ന കോണ്ട്രാക്റ്ററുമുണ്ടായിരുന്നു. എനിക്ക് കുഴപ്പമൊന്നുമില്ല എന്ന അർത്ഥത്തിൽ ഞാൻ ചിരിച്ചുകൊണ്ട് അവരുടെ നേരെ കൈ വീശി. മുറിയിൽ ഞാൻ ഒറ്റക്കായിരുന്നില്ല. വേറെയും മൂന്ന് നാലുപേരുണ്ടായിരുന്നു. എന്റെ‌നെഞ്ചിലും വയറ്റിലും കാൽമുട്ടിലും പ്ലാസ്റ്ററിട്ടിരുന്നു. പതുക്കെ ഞാൻ പൂർണ്ണ ബോധത്തിലേക്കു തിരിച്ചു വന്നു. കഴിഞ്ഞതെല്ലാം ഓർത്തെടുക്കാൻ ശ്രമിക്കയായിരുന്നു ഞാൻ. അങ്ങാടിപ്പുറത്തു നിന്നും ചായകുടിച്ച് കാറിൽ കയറിയതിനു ശേഷമുണ്ടായതൊന്നും എനിക്കോർമ്മ കിട്ടിയില്ല. പിന്നീട് ജീപ്പിൽ വെച്ചും ഓപ്പറേഷനുമുമ്പും ഉണ്ടായ ചില സംഭവങ്ങളുടെ ശിഥിലമായ ഓർമ്മകളൊഴികെ മനസ്സ് ശൂന്യമായിരുന്നു....
പതുക്കെ ഞാനെന്റെ ശരീരത്തെക്കുറിച്ച് ബോധവാനായി. ഇനിയെനിക്ക് പഴയ പോലെ കുന്നുകളും മേടുകളും താണ്ടി നടക്കാൻ കഴിയുമോ. മെല്ലെ ഞാനെന്റെ‌കൈവിരലുകൾ അനക്കി നോക്കി. കുഴപ്പമില്ല പിന്നെ കൈകൾ മടക്കി നോക്കി. പിന്നെ കാൽ വിരലുകൾ തുടർന്ന് പ്ലാസ്റ്റർ ചെയ്ത മുട്ട് പതുക്ക് മടക്കി നോക്കി പിന്നെ കാൽവിരലുകൾ... ഒന്നിനും കാര്യമായ കുഴപ്പമൊന്നുമില്ല. എന്നിൽ നിന്ന് ഒരു ദീർഘശ്വാസം പുറത്തുവന്നു. ഞാൻ പതിയെ പറഞ്ഞു അൽ ഹംദുലില്ലാഹ്. കാൽ മടക്കിയതിന് താമസിയാതെ വന്ന എല്ലുരോഗവിദഗ്ദന്റെ ശാസന കേൾക്കേണ്ടി വന്നു. അദ്ദേഹം പറഞ്ഞു '' ഒരിഞ്ചുകൊണ്ടാണ് നിങ്ങളുടെ കാൽ മുട്ട് രക്ഷപ്പെട്ടത് അല്ലായിരുന്നെങ്കിൽ കാൽ മുട്ട് സ്റ്റിഫ്ഫായി പ്പോയേനേ''..ഒരിക്കൽ കൂടി ഞാൻ ഈശ്വരനെ സ്തുതിച്ചു..
ഡോകറ്റ്ർ പോയി അല്പം കഴിഞ്ഞപ്പോൾ അനുജൻ മണിവന്നു. മകൾക്കും ഭാര്യക്കും കുഴപ്പമൊന്നുമില്ല എന്നറിയിച്ചു. ഞാനവനോടു പറഞ്ഞു ലോറി ഡ്രൈവറെ കുറ്റം പറയണ്ട ഞാൻ ഉറങ്ങിപ്പോയതാകാം. എനിക്കൊന്നും ഓർമ്മയില്ല. അവൻ പോയി വീണ്ടും ഞാനും മറ്റു രോഗികളും ഒരു നഴ്സും തനിച്ചായി. എന്റെ അടുത്ത ബെഡിൽ തടിയനായ ഒരു മനുഷ്യൻ കിടന്നിരുന്നു. അദ്ദേഹം ഓടിച്ചിരുന്ന ബുള്ളറ്റ് ബൈക്ക് അപകടത്തിൽ പെട്ടതായിരുന്നു. അയാൾ ഉച്ചത്തിൽ നഴ്സിനെ തെറി‌പറയുന്നുണ്ടായിരുന്നു. തെറിയെന്നു പറഞ്ഞാൽ നല്ല പുളിച്ച തെറി.. എനിക്ക് വല്ലാത്ത ലജ്ജതോന്നി... ഞാൻ സിസ്റ്ററെ അടുത്ത് വിളിച്ച് പതിയെ ചോദിച്ചു. ഞാൻ ഇങ്ങനെ വല്ലതും പറഞ്ഞിരുന്നോ?...
അവർ പറഞ്ഞു ബാപ്പ ശാന്തമായി ഇറങ്ങുക യായിരുന്നു. ഒന്നു ഞരങ്ങിയതു പോലുമില്ല... മറുപടി എനിക്കിഷ്ടപ്പെട്ടെങ്കിലും ബാപ്പ എന്ന സംബോധന എനിക്ക് പിടിച്ചില്ല. ഞാൻ പറഞ്ഞു എന്നെ ബാപ്പ എന്നു വിളിക്കരുത്. എന്താ അങ്ങനെ വിളിച്ചാൽ എന്നായി അവൾ. അവൾ വിടാൻ ഭാവമില്ലായിരുന്നു. ഞാൻ പറഞ്ഞു ലോകത്ത് ആരും മറ്റൊരാളെ ബാപ്പ എന്നു വിളിക്കാറില്ല. അങ്കിൾ ഏട്ടൻ സർ എന്നൊക്കെ കേട്ടിട്ടുണ്ട്... ഇത് മലപ്പുറം കാക്കാമാരെ സോപ്പിടാൻ ആശുപത്രി മാഫിയ ഇറക്കിയ ഉഠായിപ്പാണ് എനിക്കതിഷ്ടമല്ല...
പിന്നീട് ആരുമെന്നെ ബാപ്പ എന്നു വിളിച്ചില്ല. ഹെഡ് നഴ്സ് മോനേ എന്നാണു വിളിച്ചത്... അവർ പലതും പറഞ്ഞ് എന്നെ സമാധാനിപ്പിച്ചു. അഡ്മിറ്റ് ചെയ്ത സമയത്ത് ഞാൻ പറഞ്ഞ കാര്യത്തിന്ന് മറുപടിയെന്നോണം അവർ വേണ്ടതു മാത്രമേ ചെയ്തിട്ടുള്ളൂ എന്നും അതവർ റിക്കാഡു ചെയ്തിട്ടുണ്ടെന്നും വേണമെങ്കിൽ എനിക്കു കാണാം എന്നും പറഞ്ഞു. ഒരുപാടു ഡോക്റ്റർ മാർ എന്റെയടുക്കൽ വന്നു. എല്ലാവരും വലിയ ബഹുമാനത്തോടെ പെരുമാറി. ഒട്ടൊരതിശയത്തോടെ ഞാനറിഞ്ഞു ആശുപത്രിയിലെത്തിയ സമയത്ത് ഞാൻ പ്രകടിപ്പിച്ച ധൈര്യവും പറഞ്ഞകാര്യങ്ങളും എന്നെ പ്രശസ്തനാക്കിയിരിക്കുന്നു...

No comments: