Wednesday, January 23, 2019

ബാല പീഢനം

അതൊരു വേനലിന്റെ തുടക്കമായിരുന്നു. ഞാൻ ആറാം ക്ലാസിൽ പഠിക്കുന്നകാലം. തറവാട്ടിലെ തോട്ടം നനക്കാൻ പുതിയ ഒരു എഞ്ചിൻ വാങ്ങി. അതു വരെ ഏത്തം കൊണ്ട് തേവി നനക്കലായിരുന്നു പതിവ്.
രാവിലെ മുതൽ എല്ലാവരും വലിയ ഉഷാറിലാണ്. കോപ്പൻ ചാത്തൻ ചക്കൻ തുടങ്ങിയവർക്കു മേൽനോട്ടം വഹിക്കാൻ മൂത്താപ്പ ഉപ്പ എളാപ്പ തുടങ്ങിയവർ. കൂടെ ഉപ്പാന്റെ സുഹൃത്ത് ആക്കയുമുണ്ട്.പിന്നെ അയൽ പക്കത്തെ കോമുക്കയും. കുളത്തിന്റെ മുകളിൽ എഞ്ചിൻ വെച്ചു പൈപ് വെള്ളത്തിലേക്കിറക്കി. പണിയെല്ലാം കഴിഞ്ഞപ്പോഴേക്കും മണി പത്തു കഴിഞ്ഞു. എഞ്ചിൻ സ്റ്റാർട്ടാക്കുന്നതിന്ന് കുഴലിൽ വെള്ളം നിറക്കുകയാണ്. എത്ര നിറച്ചിട്ടും നിറയുന്നില്ല. ''ചക്കാ ഫൂട്ട് വാൾവ് അടയുന്നുണ്ടാകില്ല അതാ വെള്ളം നിൽകാത്തത്'' കൂട്ടത്തിൽ അല്പം മെക്കാനിസത്തിൽ കമ്പമുള്ള ചക്കനോട് ഉപ്പ പറഞ്ഞു. കുഴൽ വീണ്ടും കരയിലേക്ക് വലിച്ചു‌ കയറ്റി ഫൂട്ട് വാൾവ് നന്നാക്കാനുള്ള ശ്രമമായി പിന്നെ... ഈ തിരക്കിൽ അന്നത്തെ സ്കൂളിൽ പോക്ക് ഒഴിവാക്കാൻ പറ്റിയാൽ അതൊരു വലിയ ലാഭം തന്നെ എന്ന കണക്കു കൂട്ടലിലായിരുന്നു ഞാൻ. അതിനിടെ പാര വന്നത് ഞാനറിഞ്ഞില്ല. ചക്കൻ കോമുക്കാനോട് എന്നെ നോക്കി എന്തോ സ്വകാര്യം പറഞ്ഞപ്പോൾ ഞാൻ ശ്രദ്ധിക്കേണ്ടതായിരുന്നു. അതുണ്ടായില്ല. കുറച്ചു കഴിഞ്ഞപ്പോൾ കോമുക്ക ഉപ്പകേൾക്കുമാറ് ഉറക്കെ ചോദിച്ചു എന്താ കുഞ്ഞാപ്പ്വോ ഇന്ന് സ്കൂളൊന്നൂല്ലേ....പിടിക്കപ്പെട്ട കളളനെപ്പോലെ ഞാൻ ഒന്നു ചമ്മി. അപ്പോഴായിരിക്കും ഉപ്പ അതു ശ്രദ്ധിച്ചിട്ടുണ്ടാകുക... മര്യാദക്ക് സ്കൂളിപൊയ്കോ അതാണനക്ക് നല്ലത് ഉപ്പ കയർത്തു....
ഇനി രക്ഷയില്ല മറ്റുള്ളവരുടെ മുന്നിലിട്ടായാലും ദേഷ്യം വന്നാൽ അടി റെഡിയാണ്.ചക്കനെയും കോമുക്കാനെയും മനസാ പ്രാകിക്കൊണ്ട് ഞാൻ പുറപ്പെട്ടു. എന്തൊക്കെ സ്വപ്നങ്ങളായിരുന്നു.‌ അടിച്ചു കയറ്റുന്ന വെള്ളം ചാലുകളിലൂടെ കവുങ്ങുകളുടെ ചുവട്ടിലേക്ക് തിരിക്കുന്ന ചക്കന്റെയും ചാത്തന്റെയും കൂടെ ഒരു സ്വതന്ത്രമായ പകൽ ... പിന്നെ എഞ്ചിൻ നിർത്തൽ എന്ന മഹത്തായ കർമ്മം ചെയ്യാനുള്ള അവസരം കുളത്തിലെ വെള്ളത്തിലേക്ക് ഉയരത്തു നിന്നും ചാടി ഒരു കുളി... അങ്ങനെ നഷ്ടങ്ങളുടെ പട്ടിക നീണ്ടു എനിക്കു കരച്ചിൽ വന്നു. ശബ്ദത്തോടെ എഞ്ചിൻ പ്രവർത്തിക്കാൻ തുടങ്ങി. കുഴലിലൂടെ കൊട്ടത്തളത്തിലേക്ക് ചീറ്റി വീഴുന്ന വെള്ളം. ആവെള്ളത്തിൽ കാലും മുഖവും കഴുകി വീട്ടിൽ പോയി പുസ്തകങ്ങളെടുത്ത് പാടത്തു കൂടി റെയിലിന്മേൽ കയറി ധൃതിയിൽ കിഴക്കോട്ട് വിട്ടു. റെയിൽ വേസ്റ്റേഷനിലെ വലിയ ക്ലോക്കിൽ മണി പതിനൊന്നര. വേഗത്തിൽ പോയാലേ രണ്ടാം ഷിഫ്റ്റ് തുടങ്ങുന്ന പന്ത്രണ്ടു മണിക്ക് സ്കൂളിലെത്തൂ.അല്ലെങ്കിൽ ഉപ്പാന്റടുത്തു നിന്നു കിട്ടിയതിന്റെ ബാക്കി ശാരദ ടീച്ചറുടെ കയ്യിൽ നിന്നു വാങ്ങേണ്ടി വരും...

No comments: