Wednesday, March 28, 2018

ഞാനും മാതൃഭൂമിയും 3

അന്നുവരെ മനോരമയായിരുന്നു കാരക്കാട്ട് മുടിചൂടാമന്നൻ. അമ്പതോളം  പത്രവും  പത്തു പതിനഞ്ച് ആഴ്ചപ്പതിപ്പുകളൂം അവർ വിതരണം ചെയ്തു. ദാരിദ്ര്യാ വസ്ഥയും  അക്ഷരജ്ഞാനമുള്ല വരുടെ കുറവും മൂലം    അതിൽ കവിഞ്ഞ സാദ്ധ്യത ഇല്ലായിരുന്നു.  മാതൃഭൂമിയുടെ രംഗപ്രവേശം  മനോരമക്ക്  അസ്ക്യതയുണ്ടാക്കി എന്ന് പ്രത്യേക പറയേണ്ടതില്ലല്ലോ. മാതൃഭൂമി തുടങ്ങിയവരെല്ലാം  മനോരമ നിർത്തിയിട്ടാണ്‌ തുടങ്ങിയത്. സ്ഥലത്തെ പ്രധാന കോൺഗ്രസ്സു നേതാവായിരുന്ന  കുഞ്ഞുട്ടി എളാപ്പയുടെ മാതൃഭൂമി എടപാട്‌‌  കോൺഗ്രസ് പ്രവർത്തകനായ മനോരമ ഏജന്റ് അബുക്കാക്ക് സുഖിക്കുകയുണ്ടായില്ല എങ്കിലും  നേതാവുമായി തുറന്ന ഒരേറ്റുമുട്ടലിനും  മൂപ്പർ ചാടിപ്പുറപ്പെട്ടില്ല. പക്ഷേ മാതൃഭൂമിയെ കാരക്കാട്ടു നിന്നും കെട്ടു കെട്ടിക്കുക എന്നത് അദ്ദേഹം ഒരു വിശുദ്ധ ദൗത്യമായിത്തന്നെ ഏറ്റെടുത്തു. പാർട്ടിക്കകത്തു നിന്ന് പരസ്പരം ചിരിച്ചു കൊണ്ടു തന്നെ കാലുവാരുക എന്ന പാരമ്പര്യത്തിന്റെ അന്തർധാര അന്നുതന്നെ പാർട്ടിക്കകത്ത് സജീവമായിരുന്നു എന്നാണ്‌‌  ഈ യുള്ളവന്‌  പത്തു നാല്പത്തഞ്ചു വർഷങ്ങൾക്കു ശേഷം ചരിത്രം       വിലയിരുത്തുമ്പോൾ മനസിലാകുന്നത്. ആദ്യം മാത്രൃഭൂമിയെക്കുറിച്ച് ദുഷ്പ്രചരണങ്ങളായിരുന്നു. പിന്നെ പിന്നെ അത് പത്രത്തിന്റെ വിതരണം  തടസ്സപ്പെടുത്തു എന്നേടത്തെത്തി. ആഴ്ചയിൽ ഒന്നും രണ്ടും ദിവസം  വിതരണക്കാരൻ പയ്യൻ അവധിയെടുക്കുക പതിവായി. വെറെ ആളെ ഒട്ടു കിട്ടാനു മില്ല എന്ന സ്ഥിതി വന്നു. വരികയാണെങ്കിൽ കൃത്യമായി വരണം എന്നു പറഞ്ഞു  പോയതിന്റെ അനന്തര ഫലം  അടുത്ത മാസം തൊട്ട് വേറെ ആളെ നോക്കിക്കോളൂ എന്നായിരുന്നു. എളാപ്പ. വലഞ്ഞു വിയർത്തി. മനോരമയുടെ കുതന്ത്രങ്ങളിൽ പെട്ട് പത്രം നിന്നു പോകുന്നത് മൂപ്പരുടെ അഭിമാന പ്രശ്നം കൂടിയായിരുന്നു.ആള്‌ വയ്യാട്ടുകവിൽ തറവാട്ടിലെ പരമുഖനും  കോൺഗ്രസ് നേതാവുമൊക്കെ യായിരുന്നുവല്ലോ.  കാശ് പിരിക്കുക. കോഴിക്കോട്ടേക്ക് ചെക്കയക്കുക തുടങ്ങിയ വൈറ്റ്‌ കോളർ‌ മാനേജീരിയൽ പരിപാടി നോക്കികൊണ്ട് വിലസുകയായിരുന്നല്ലോ ഞാൻ. അഗ്രിക്കൾച്ചർ കോഴ്സു കഴിഞ്നു വെറുതെ നില്കുന്ന കാലത്താണ്‌ ചരിത്രം  സംഭവിക്കുന്നത്. എളാപ്പ മാരുടെ ഇടയിൽ ധിക്കാരി താന്തോന്നി എന്നിത്യാദി വിശേഷണങ്ങളോക്കെ ഞാൻ കഷ്ടപ്പെട്ട് ആർജ്ജിച്ചെടുത്തിരുന്നു വെങ്കിലും  സന്നിഗ്ദ ഘട്ടങ്ങളിൽ ഞാൻ കൈവെടില്ല എന്ന് ഒരു വിശ്വാസം  അവരിലുണ്ടായിരുന്നു എന്നെ നിക്കറിയാം. അത്തരം ഘട്ടങ്ങളിലാണ്‌ എനെറ്റ് എളാപ്പമാരുടെ വാത്സല്ല്യം  ഞാൻ ശരിക്കും  കാണുക പതിവ്‌. മറ്റു മാനേജ്മെന്റുകൾ എന്നെ ഏല്പിച്ചിരുന്നതും അത്തരമൊരവസരത്തിലായിരുന്നു. പലപ്പോഴും  എളപ്പാന്റെ മില്ലിന്റെ ഓപ്പറേറ്റർ തസ്തിക പോലും കയ്യാളാൻ ഭാഗ്യ മുണ്ടായതും അങ്ങനെ തന്നെ. 
അതുപോലൊരു ദിനം  ഞാൻ തറവാടിന്റെ കോലായിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ വികെ എ ന്നിന്റെ പിതാമഹൻ വായിച്ചു കൊണ്ടിരിക്കവേ സ്നേഹപൂർവ്വം  എളാപ്പാന്റെ വിളി സ്വരം കാതരമായിരുന്നു സ്നേഹ സമ്പൂർണ്ണം 
കുഞ്ഞു ബാപ്വോ.... ?
ഭവ്യതയോടെ ഞാൻ വിളി കേട്ടൂ .... എന്താ എളാപ്പാ....
പേപ്പറിടിണ ചെക്കൻ ഞ്ഞ് വരൂലാത്രേ...
എളാപ്പ പരുങ്ങി ... തന്റെ ജേഷ്ട പുത്രനും  വയ്യാട്ടുകാവിലെ സന്തതിയും  അഗ്രിക്കൾച്ചർ കോഴ്സ് പാസായി വലിയ ഉദ്യോഗസ്തനാവേണ്ടവനും  (അഒഅപൂർവ്വം ഘട്ടങ്ങളിൽ അഹങ്കാരിയും ഗുരുത്വം കെട്ടവനും) ആയിട്ടുള്ളതായിട്ടുള്ള തന്റെ മുന്നിൽ കിടന്ന് വായിക്കുന്ന ഈ മോൺസ്റ്ററെ എങ്ങനെ പറഞ്ഞു മനസ്സിലാകു മെന്ന സാംത്രാസം അദ്ദേഹത്തിന്റെ മുഖത്തു പ്രകടമായിരുന്നു. അദ്ദേഹം അന്നും ഇന്നത്തെപോലെതന്നെ ഒരു പാവമായിരുന്നു.
ഞാൻ മയത്തിൽ ചോദിച്ചു "അതിന്‌ ഞാനെന്താ വേണ്ട്" ?
സൈക്കിൾ നീയെടുത്തോ.... എല്ലാ കമ്മീഷനും  നീ എടുത്തോ, വെയ്സ്റ്റ് പേപ്പറൊക്കെ പഴയ വിലക്ക് വിറ്റ് കിട്ടുന്നതും നീയെടുത്തോ ... എളാപ്പാന്റെ കുട്ടി പുതിയൊരാളെ കിട്ടുന്നതു വരെ പത്രം ഒന്ന്   വിതരണം ചെയ്യണം. അല്ലെങ്കിൽ നാട്ട്കാരുടെ മുന്നിൽ മാനം കെടും.  ഞാൻ വ്യക്തമായോർക്കുന്നു... പത്ര വിതരണം എന്നൊക്കെ പറഞ്ഞാൽ ഒരു രണ്ടാം നമ്പർ തൊഴിലാണെന്ന് എന്ന ധാരണയുണ്ടായിരുന്നിട്ടും  എളാപ്പാന്റെ നിസ്സഹായാവസ്ഥ മനസിലാക്കി ഞാൻ  ആ ഉത്തരവാദിത്വം  ഏറ്റെടുത്തു. അങ്ങനെയാണ്‌ എന്റെ കഥയിൽ ന്യൂസ് പേപ്പർ ബോയ് എന്ന അദ്ധ്യായമുണ്ടായത്. ചുരുങ്ങിയ കാലത്തെ ആജോലി എനിക്കൊരു പാട് അറിവുകൾ‌ നല്കുകയോ എന്റെ മനസിനെ വിശാല മാക്കുകയോ ചെയ്തിട്ടുണ്ട്‌...
അതൊക്കെ അടുത്തതിൽ
തുടരും ...

പോത്തും മാപ്പിളയും

ഞാൻ ഒറ്റക്ക്  വിജനമായ പുഴയിൽ മലർന്നങ്ങനെ കിടക്കുകയാണ്‌.  പൊൻവെയിൽ മങ്ങിക്കഴിഞ്ഞു. പുഴ ഇരുളിന്റെ കരിമ്പടം പുതക്കാൻ ഒരുങ്ങുകയാണ്. ദേശാടനപ്പക്ഷികൾ പറന്നു പോയ് കഴിഞ്ഞിരിക്കുന്നു. നരച്ച ആകാശത്ത് ആദ്യതാരകം ഉദയം കൊള്ളുന്നതിന്നു സാക്ഷിയാകാൻ വെറുതെ ഒരു കൗതുകം. അതിനു വേണ്ടി മാനത്തേക്കു നോക്കി മലർന്നങ്ങനെ  കിടക്കുകയാണ്‌ ഞാൻ. അടുത്തൊന്നും ആളുകളാരുമില്ല. കൂട്ടുകാരങ്ങു ദൂരെ പുഴയിൽ വലിയിടാൻ ഇറങ്ങിയിരിക്കയാണ്‌.  പെട്ടന്ന് വെള്ളത്തിൽ നിന്നെന്തോ കയറിവരുന്ന സ്വരം. ഞെട്ടി തിരിഞ്ഞു നോക്കുമ്പോ‌‌ൾ‌ സന്ധ്യയെക്കാളിരുണ്ട മൂന്നു നാലെണ്ണം... നമ്മൾ  പോത്തുകൾ എന്നും പണ്ധിതന്മാർ‌ മഹിഷങ്ങളെന്നും വിളിക്കുന്നവന്മാർ ഞാനവിടെ കിടക്കുന്നതൊന്നും ഗൗനിക്കാതെ എനിക്കു നേരെ നടന്നടൂക്കുകതന്നെയാണ്‌. പെട്ടന്ന് ഓർമ്മകൾ കുട്ടിക്കാലത്തേക്കു പറന്നു പോയി. ഞാൻ എന്റെ അഭിവന്ദ്യ ഗുരു നീലകണ്ഠൻ നമ്പൂതിരി മാസ്റ്ററുടെ പിറകെ വാടാനാം കുറുശ്ശി സ്കൂളിലേക്ക് നടക്കുകയാണ്‌. കുന്നിറങ്ങി പൊന്നാത്തെ വീടിനു മുന്നിലെ പാടത്തിന്റെ വരമ്പിലെത്തിയപ്പോൾ‌ എതിരെ വരുന്നു ഭീമന്മാരായ രണ്ടു പോത്തുകൾ. ഗുരു ചിരിച്ചുകൊണ്ട്‌പറഞ്ഞു കോയേ നമുക്ക് മാറാം അതാ നല്ലത്. പോത്തും മാപ്ലേം വഴിമാറില്ല്യാന്നാ പ്രമാണം. ഞങ്ങൾ ചിരിച്ചുകൊണ്ട്‌ മുറിവരമ്പിലേക്ക് മാറി. പറഞ്ഞപോലെ തിരുമേനിയും ശിഷ്യനുമാണെന്ന കൂസലൊന്നും കൂടാതെ പോത്തുകൾ‌ കടന്നു പോയി. കഥ ഓർത്തപ്പോഴേക്കും കൂട്ടരടുത്തെത്തി. ഞാൻ ഫോണെടുത്ത് ഒരു ഫോട്ടോ എടുത്ത ശേഷം അവരുടെ വഴിയിൽ നിന്നും മാറിക്കിടന്നു.....
ആകാശത്തേക്കു നോക്കിയപോൾ‌ തരകൾ ധാരാളം ആദ്യതാരകത്തിന്റെ ഉദയത്തിന്നു സാക്ഷിയാകാമെന്ന മോഹം ... അവിടെ കിടക്കട്ടെ ഈശ്വരനനുഗ്രഹിക്കയാണെങ്കിൽ നാളെയുമുണ്ടല്ലോ ആകാശവും നക്ഷത്രങ്ങളും... മറിച്ചാണെങ്കിൽ ഇതിനു മുമ്പു ഞാൻ കണ്ട താരോദയം എനിക്കവസാനത്തേതായിരുന്നിരിക്കാം

കേവലൻ..

ഗ്രാമത്തിൽ ആധുനിക വിദ്യാഭ്യാസം ഒരു അപൂർവ്വ വസ്തുവായിരുന്നകാലം. എഎംഎൽപി സ്കൂളാ യിരുന്നു സ്ഥലത്തെ പ്രധാന കലാലയം. അവിടെനിന്നും സർട്ടിഫിക്കേറ്റ് നേടി ഉന്നത പഠനാർത്ഥം ആറു കിലോമീറ്റർ കുന്നും മേടും കയറി വാടാനാം കുറുശ്ശിയിലേക്ക് പോയിരുന്നവർ വർഷത്തിൽ മൂന്നോ നാലോ.... ബാക്കിയുള്ളവർ നേരിട്ട് ജീവിത സർവ്വകലാശാലയിലേക്ക്  പ്രവേശിക്കയായിരുന്നു പതിവ്. വാടാനാംകുറുശ്ശിക്ക് പോയവർ സനദ് കൈപ്പറ്റി വരുമ്പോഴേക്കും നേരിട്ട് ജീവിതത്തിലേക്ക് പ്രവേശിച്ച വർ ബിസിനസ് മാനേജ് മെന്റിൽ വിദഗ്ദരായി മാറുകയായിരുന്നു പതിവ്. ചിലർ കരിങ്കല്ലു പണിയിൽ വൈദഗ്ദ്യം നേടി. ഇനിയുമൊരു കൂട്ടർ പത്താം ക്ലാസിലും നിൽകാതെ കോളേജ് അന്വേഷിച്ചു പോയി. അന്ന് പട്ടാമ്പിയിൽ കോളേജ് തുറന്നിട്ടുണ്ടായിരുന്നില്ല. ഒറ്റപ്പാലം എൻ എസ്‌ എസ്‌ കോളേജ് ഉണ്ടായിരുന്നു.
എങ്കിലും കൂടുതൽ പേർക്കും ഫാറൂഖ് ക്പ്പ്ലേജിനോടായിരുന്നു പഥ്യം. പുലാക്കൽ ആലിമാഷ്. ഹംസക്കോയമാഷ് പുലാക്കൽ ബാപ്പുട്ടി എന്ന യൂസഫ് ദിൽകൂഷ് അബ്ദുറഹ് മാനിക്കാന്റെ ബാവ തുടങ്ങിയവർ ഈ ഗണത്തിൽ പെടുന്നു.
അവധിക്കാലങ്ങളിൽ കോളേജിൽ നിന്ന് വന്നവരും സമപ്രായക്കാരായ കൂട്ടുകാരും ഒന്നിച്ച് സ്വാഭാവികമായും പല പല നേരം പോക്കുകളിലും വ്യാപൃതരാവും. ഭാരതപ്പുഴയിലെ പഞ്ചാര മണൽ തിട്ടകൾ അവരുടെ കളി തമാശകൾ കൊണ്ട് മുകരിതമാകും.
ആയിടക്കൊരിക്കൽ എല്ലാവരും കൂടി ഒത്തുകൂടി അവരുണ്ടാക്കിയിരുന്ന വായന ശാലയുടെ കാര്യങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങി...
ചർച്ച പുരോഗമിക്കവേ ഫാറൂഖ് കോളേജിൽ പഠിക്കുകയായിരുന്ന പ്രസിഡന്റിന്റെ അഭിപ്രായത്തെ എതിർത്ത മെമ്പറോട് പ്രസിഡന്റ് പറഞ്ഞു " നീ മിണ്ടാതിരിക്ക് നീ കേവലം ഒരു മെമ്പറല്ലേ." അത് കേട്ട് എല്ലാവരോടുമൊപ്പം ചിരിച്ചെങ്കിലും വാചകത്തിന്റെ തുടക്കം മൂപ്പർക്ക് പിടി കിട്ടിയില്ല.... മീറ്റിങ്ങെല്ലാം കഴിഞ്ഞ് വീണ്ടും ഒരുപാടു നേരം മണൽ തിട്ടയിലിരുന്ന് കാകാറ്റുകൊണ്ട് വലിയപള്ളിയിൽ നിന്നും‌ ചേക്കുമൊല്ലക്ക ഇശാ ബാങ്ക് കൊടുത്തപ്പോൾ അവർ പിരിഞ്ഞു. വീട്ടിലെത്തിയപ്പോഴും മെമ്പർക്ക് കേവലം എന്നതിന്റെ അർത്ഥം കുറക്കനു കിട്ടിയ പൊതിക്കാതേങ്ങയായി. പിറ്റേന്ന് കവലയിലെത്തി ആദ്യം‌ കണ്ട കൂട്ടുകാരനോടാരാഞ്ഞു. " ഇന്നലെ അവനെന്നോട് പറയ്വാ കേവലം മെമ്പറായ ഞാൻ മിണ്ടരുത് ന്ന്. എന്താടോ ഈ കേവലം. ?"
കൂട്ടുകാരൻ ഞെട്ടലഭിനയിച്ചു. " ങേ അവനങ്ങനെ പറഞ്ഞിട്ടുണ്ടാവില്ല "
"അല്ല പടച്ചോനെത്തന്നെ പറഞ്ഞു."
" ന്നാ മോശായിപ്പോയി. എന്തായാലും അങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു...
കേവവലം എന്നാൽ എന്തോ വലിയ തെറിയാണ് എന്ന മട്ടിലായിരുന്നു ബോധനം. കേവലം എന്നത് എന്താണെന്ന് മൂപ്പർ ചങ്ങാതിമാരോടൊക്കെ ചോദിക്കും എന്ന് കണ്ട കൂട്ടുകാരൻ തന്റെ പ്രതികരണം എല്ലാ കൂട്ടുകാരെയും അറിയിച്ചിരുന്നു. അതു പ്രകാരം ചോദിച്ചവരൊക്കെ മറുപടികൊടുത്തു. ചങ്ങാതിക്ക് ദേഷ്യം വന്നു. അവനെ രണ്ടു പറഞ്ഞിട്ടു തന്നെ കാകാര്യമെന്ന് നിരൂപിച്ച് അന്വേഷിച്ച് ചെന്നപ്പോൾ അദ്ദേഹം ഫാറൂഖ് കോളേജിലേക്ക് പോയ് കഴിഞ്ഞിരുന്നു. ദേഷ്യ മനസിൽ വെച്ച് മടങ്ങി റോട്ടിലെത്തിയപ്പോൾ എതിരെ വരുന്നു പോസ്റ്റുമാൻ കൃഷ്ണൻ കുട്ടി നമ്പ്യാർ....
അദ്ദേഹം നമ്പ്യാരുടെ പക്കൽ നിന്നും ഒബ്രു അഞ്ച് പൈസക്ക് ഒരു പോസ്റ്റ് കാർഡ് വാങ്ങി അതിൽ നിറയെ എഴുതി കേവലാ കേവലാ നൂറ് കേവലാ ആയിരം കേവലാ നീയാണെടാകേവലൻ. കാർഡ് മുഴുവൻ എഴുതി നിറച്ച് ഫാറൂഖ് കോളേജ് ആസാദ് ഹോസ്റ്റലിന്റെ വിലാസമെഴുതി പോസ്റ്റു ചെയ്തേ അദ്ദേഹം വിശ്രമിച്ചുള്ളൂ എന്ന് പറഞ്ഞാൽ മതിയല്ലോ ...

Sunday, March 25, 2018

മഴതോർന്നപ്പോൾ

തപിച്ചുരുകുന്ന ആകാശത്തിനു കീഴെ തണുത്ത് വിറക്കുന്ന മഴക്കാലത്തെ ഓർക്കുന്നത് സുഖമുളള ഒരു  ഏർപ്പാടാണ്.......
നടുമിറ്റത്ത് ഉച്ചത്തിൽ പതിക്കുന്ന മഴയുടെ ശബ്ദം കേട്ടാണ് അവൻ ഉണർന്നത്. ഇച്ഛാഭംഗത്തോടെ അവനോർത്തു ഇന്നും മഴതന്നെ.തലേന്ന് പകലും രാത്രി മുഴുവനും മഴ തോരാതെ പെയ്തിരുന്നു. പുറത്തൊന്നും ഇറങ്ങാൻ ഒരു പഴുതുമില്ലാത്ത മഴ. കുട്ടിയുടെ ഒരു പാട് പദ്ധതികളാണ് മഴ മുക്കിക്കളഞ്ഞത്. മിറ്റത്തും തൊടിയിലും പാടത്തുമൊക്കെ ഓടിനടക്കേണ്ട ഒരൊഴിവു ദിവസം കോലായിൽ ഒതുങ്ങിക്കൂടേണ്ടി വരിക മഹാ മടുപ്പൻ പരിപാടിതന്നെ... കോലായത്തിണ്ണയിലേക്ക് ചാഞ്ഞ് മിറ്റത്ത് പെയ്യുന്ന മഴ നോക്കിക്കൊണ്ട് അവൻ ചിന്തയിലാണ്ടു... തൊഴുത്തിൽ നിൽകുന്ന പോത്തുകളും മൂരികളും തൊഴുത്തിന്റെ ഇറയത്ത് കയറിനിൽകുന്ന നനഞ്ഞൊട്ടിയ കോഴികളും മിറ്റം നിറഞ്ഞ്  പടിഞ്ഞാറോട്ടൊഴുകിപ്പോകുന്ന മഴവെള്ളവും തൊഴുത്തിനു മുകളിൽ പടർന്നു നിൽകുന്ന് മത്ത വള്ളിയിൽ വിടർന്നു നിൽകുന്ന മഞ്ഞപ്പൂക്കൾക്കകത്തേക്ക് പറന്നിറങ്ങിയ കറുത്ത വണ്ടും ഒന്നും അവന്റെ ശ്രദ്ധയെ പിടിച്ചു പറ്റിയില്ല. തൊടിക്കപ്പുറം പാടവും റെയിലും പുഴയുമൊക്കെ വെളുത്ത പുകപോലെപെയ്തിറങ്ങിയ മഴയിൽ മൂടിപ്പോയിരുന്നു....
മഴയുടെ ഇരമ്പം മെല്ലെ കുറഞ്ഞു വന്നു. മഴ മെല്ലെ തോരുകയാണ്. മഴയിൽ മൂടിയിരുന്ന കൊണ്ടൂരക്കുന്ന് മെല്ലെ പ്രത്യക്ഷപ്പെട്ടു. മാനത്തോടൊപ്പം മനവും തെളിഞ്ഞപ്പോൾ കുട്ടി വീട്ടിൽ നിന്നിറങ്ങി. അവൻ കുളക്കരയിലേക്കു ചെന്നു. അവിടെ നിന്നാൽ പാടവും പുഴയും പാതയും ദൂരെ കൊണ്ടൂരക്കുന്നും കൂടുതൽ തെളിഞ്ഞു കാണാം. മുകിലുകൾ മാഞ്ഞ് മാനം തെളിഞ്ഞു. കുന്നിനു നെറുകിൽ വെയിൽ പരന്നു. കുട്ടി കൗതുകത്തോടെ നോക്കുമ്പോൾ പുഴയും പാടവും കുളവും ഒന്നായിരിക്കുന്നു. കണ്ടാറിപ്പാടത്ത് നടാൻ വേണ്ടി പറിച്ച് കൂട്ടിയിരുന്ന ഞാറ് പാടം മുഴുവൻ പ്രളയജലത്തിൽ ഒഴുകി നടക്കുന്നു. കോപ്പനും ചാത്തനും ചക്കനുമെല്ലാം ഞാറ്റിൻ മുടികൾ പെറുക്കിയെടുക്കുകയാണ്. ഉപ്പ കുളക്കരയിൽ പണികൾക്ക് മേൽ നോട്ടം വഹിക്കുന്നു. ഉപ്പായുടെ അനുജൻ കുഞ്ഞുട്ടി എളാപ്പ വാഴകൾ കൊണ്ടുണ്ടാക്കിയ ചങ്ങാടത്തിൽ‌ കുളത്തോടു ചേർന്ന പാടത്തുകൂടി തുഴഞ്ഞു നീങ്ങുന്നു...
ഇപ്പോൾ എല്ലായിടത്തും വെയിൽ പരന്നിരിക്കുന്നു. പാടത്തെ കാഴ്ചകൾ കണ്ടു കൊണ്ടു നിൽകെ കുട്ടികേട്ടു വീട്ടിൽ നിന്നും ആരോ ആവനെ ഉച്ചത്തിൽ വിളിക്കുന്നു... ചായകുടിക്കാനാണ്. ചുമലിൽ നിന്നും വഴുതിയിറങ്ങിയ ട്രൗസറിന്റെ വളളി നേരെയാക്കി അവൻ വീട്ടിനു നേരെ ഒരോട്ടം വെച്ച് കൊടുത്തു....

Friday, March 16, 2018

ഗുരുത്വാകര്‍ഷണം

ഇശ്വരാനുഗ്രഹമൊന്നുകൊണ്ട്‌എന്നുതന്നെ പറയണം  കഴിഞ്ഞ ശനിയാഴ്ചഞാന്‍ ഗുരുത്വാകര്‍ഷണ ത്തിന്നിരയാകാഞ്ഞത്. സംഭവം  രാവിലെ ഒരു ഒമ്പതു മണിയയിക്കാണും. ഫീല്‍ഡുവിസിറ്റിന്റെ ഭാഗമായി ഞാന്‍ ഫാമിലെ എ 9 പ്ലോട്ടിന്റെ പടിഞ്ഞാറെ അതിരിലെ ചെത്തുവഴിയിലൂടെ നടക്കുകയാണ്‌. വഴിയുടെ ഒരു വശത്ത് നിരയായി നട്ട തെങ്ങുകളും  അവക്കിടയിലെ ജാതി മരങ്ങളും ഉണ്ടാക്കുന്ന ശീതളച്ഛായ എന്നു വേണം  പറയാന്‍ ലതാനിബിഢമായ ജാതി മരങ്ങള്‍‌കാരണം  ഉയര്‍ന്നു നില്‍ ക്കുന്ന തെങ്ങുകളുടെ മണ്ട താഴെനില്കുന്നവര്‍ക്ക് കാണാനേ പറ്റില്ല. കാട്ടാനകള്‍ പറിച്ചുകളഞ്ഞ തെങ്ങുകളെക്കുറിച്ച് ആലോചിച്ചു ഞാന്‍ നടക്കുകയാണ്‌... പെട്ടന്ന് മുകളിലെ തെങ്ങില്‍ നിന്നെന്തോ ഞട്ടറ്റു വീഴുന്നശബ്ദം  അത് ജാതിക്കൊമ്പുകളില്‍ തട്ടി താഴേക്കു വരികയാണ്‌. മേലേക്കു നോക്കി വീഴുന്നതില്‍ നിന്നും  ഒഴിഞ്ഞുമാറുന്നതിന്നു പകരം  കൈകള്‍ കൊണ്ട്‌തല പൊത്തിപ്പിടിച്ച് മുന്നോട്ടോടാനായിരുന്നു ഉള്‍‌വിളി അങ്ങനെത്തന്നെ ചെയ്തു. ഓടുന്ന എന്റെ രണ്ടടി മുന്നിലായി ഒരു കനത്ത കരിക്ക് വീണു ചിതറി വെള്ളമൊഴുകുന്നു. രണ്ടടികൂടി ഓടിയിരുന്നെങ്കില്‍ കൃത്യമായി മൂര്‍ദ്ധാവില്‍ തന്നെ വീണുകിട്ടിയേനേ പക്ഷേ‌യോഗമില്ല..... 
സംഗതി നടന്നിരുന്നെങ്കില്‍ എനോര്‍ത്തപ്പോഴുണ്ടായ ഉള്‍കിടിലം  ഒരു മൂളിപ്പാട്ടിലൊതുക്കാന്‍ ശ്രമിച്ചു കൊണ്ട് നാലുപുറവും  നോക്കി. ഇല്ല ആരും  കണ്ടിട്ടില്ല.അപ്പോള്‍ ഞാനോര്‍ത്തത്  ഗുരുത്വാകര്‍ഷണം . നമ്മുടെ ന്യൂട്ടണ്‍ സായ് വ് വല്ലതെങ്ങിന്‍ ചുവട്ടിലുമിരുന്നാണ്‌ ചിന്തിച്ചിരുന്നതെങ്കില്‍ ഗുരുത്വാകര്‍ഷണ സിദ്ധാന്തം കണ്ടു പിടിച്ചവനെന്നകീര്‍ത്തിക്കു പകരം  തലയില്‍ തേങ്ങവീണ്‌ സിദ്ധികൂടിയ ശാസ്ത്രജ്ഞാന്‍ എന്നായേനെ മൂപ്പരുടെ കീര്‍ത്തി...
എന്റെ ഓട്ടം  ഒരല്പം  കൂടി വേഗത്തിലായിരുന്നെങ്കില്‍ ഡ്യൂട്ടിക്കിടയില്‍ തലയില്‍ തേങ്ങവീണ്‌ സിദ്ധികൂടിയവന്‍ എന്ന ഖ്യാതി എനിക്കും  കിട്ടിയേനെ ...
പടച്ചന്റെ  കാവല്‍ അല്ലാതെന്തു പറയാന്‍

കാ കീ കൂ ക്ക് ആമിനക്കുട്ത്താ....

മൊത്തത്തിൽ  കിടിലൻ സെറ്റപ്പാണ്‌. താഴെ തെക്കുഭാഗത്ത് ശാന്ത ഗംഭീരയായൊഴുകുന്ന നദി. ചിലർ ഭാരതപ്പുഴ എന്നും  ഞങ്ങൾ പൊയ എന്നും പറയുന്ന നിള. വേനലിൽ ശാന്തയും വർഷകാലങ്ങളിൽ രുദ്രയും എന്നും വേണമെങ്കിലും പറയാം. കിഴക്ക് കൂമുള്ളിപ്പാടം  പടിഞ്ഞാറ് ചീക്കരവരെ നീണ്ടു കിടക്കുന്ന കണ്ടാറിപ്പാടം അതിനെ പകുത്ത് പടിഞ്ഞാട്ട് നീളുന്നതീവണ്ടിപ്പാത. അപ്പുറം പോര്ശയാക്കപ്പെട്ട എന്റെ നാട്‌ കാരക്കാട്‌. ....ഈ അതിരുകൾക്കകത്ത് മൂന്നു നാലേക്കർ പരന്നുകിടക്കുന്ന തേക്കും മറ്റു മരങ്ങളും നിറഞ്ഞ് പകൽ പോലും ഇരുണ്ട് കിടക്കുന്ന പള്ളിത്തൊടിക്കു നടുവിൽ പൊന്നാനീന്ന് സൈനുദ്ദീൻ മഖ്ദൂമിന്റെ പിൻ മുറക്കാർ വന്ന് സ്ഥാപിച്ച അതി പുരാതീനമായ കാരക്കാട്ടെ പള്ളി.   കിടിലൻ എന്ന പ്രയോഗം  ഇന്നത്തെ ഫ്രീക്കന്മാരുടേത് കടമെടുത്തതൊന്നുമല്ല... സംഗതി കിടിലൻ തന്നെ ആളുകളാരു മില്ലാത്ത നേരങ്ങളിൽ പള്ളിയിൽ വന്നു പെട്ടാൽ ഏത് യുക്തിവാദി ജബ്ബാറായാലും ഒന്നു കിട്‌ങ്ങുമായിരുന്നു   എന്നാണ്‌ പറയപ്പെടുന്നത്. പകൽ സമയങ്ങളിൽ പോലും  ജിന്നുകളും  ഗന്ധർവന്മാരും  പലർക്കും   പ്രത്യക്ഷമായ കഥ അത്രക്ക് മശ് ഹൂറായിരുന്നു ഗ്രാമത്തിൽ.
നമസ്കാരത്തിന്‌ ഇമാമ്‌ നില്കാനും കുട്ടികളെ പഠിപ്പിക്കാനുമായി ഒരു മുസ്ല്യാർ ഇദ്ദേഹം മുദരീസ് എന്നറിയപ്പെട്ടു. പിന്നെ പള്ളി പരിപാലിക്കാൻ അതായത് അടിക്കുക തുടക്കുക വിളക്കു കത്തിക്കുക ഹൗളിൽ വെള്ളം  കോരി നിറക്കുക  തുടങ്ങിയ ഏർപാടുകൾക്ക് മുക്രി എന്നറിയപ്പെടുന്ന മൊല്ലാക്ക. പിന്നെ കുറേ കുട്ടികളും.... വെള്ളിയാഴച്ച ഉച്ചക്കൊഴികെ അധികം  ആരും പള്ലിയിൽ വരാതിരുന്നകാലം.
ഈ ചരിത്രകാരൻ കേട്ടതു പ്രകാരം സംഭവം നടന്നതൊരു കർക്കിടക മാസത്തിലായിരുന്നു.തോരാമഴയിൽ ഗ്രാമം മുങ്ങി നില്കുന്നകാലം ചഞ്ഞനം  പിഞ്ഞനം മഴകൾ‌ പെയ്ത് തോടും പാടോം  മുങ്ങിയൊലിച്ച് എന്ന ഈരടിക്കൊത്ത കാലം. ഇക്കരത്തെ കാക്ക അക്കരേക്ക് പറക്കാത്ത കാലം.  ദാരിദ്ര്യം  അതിന്റെ ഉഛസ്ഥായിയിൽ. ഗ്രാമത്തിൽ വർക്കത്തിനായി നടത്തപ്പെടുന്ന മൗലൂദ് റാത്തീബ് കളൊക്കെ വളരെ കുറവ്. മഴയല്പം കുറഞ്ഞ ഒരു നാൾ അസറിന്റെ ശേഷം സുന്നത്തായ ലാത്തലിന്നിറങ്ങിയതായിരുന്നു മുദരീസ്. കിഴക്കേപടിപ്പുരയിലൂടെ ഇറങ്ങി വടക്കോട്ട് വെച്ചു... പള്ളിത്തൊടിയുടെ വടക്കു കിഴക്കേ അതിർത്തിയിലെ അസ്സനിക്കാടെ പുരയുടെ അടുത്തെത്തിയപ്പോൾ കോഴികൾ. ലക്ഷണമൊത്ത ഒരു പൂവനും  കുറേ പിടകളും  അസനിക്കാന്റെ വീട്ടിലേക്കു കയറിപ്പോയി.. കൗതുകമുള്ള പൂവൻ. മുസ്ല്യാരെ കുക്കുടത്തിന്റെ കാഴച്ചക്കുള്ള കൗതുകത്തെക്കാൾ‌ ആകർഷിച്ചത് അതിനെ കറിവെച്ച് പത്തിരികൂട്ടി തിന്നാലുള്ള രുചിയെക്കുറിച്ചുള്ള ചിന്തകളായിരുന്നു. എന്തോ ചിന്തിച്ചുറച്ച് മുസ്ല്യാര്‌ ഉലാത്തൽ നിർത്തി പള്ലിയിലേക്കുതന്നെ മടങ്ങി.
കുറച്ചു നാൾക്കു ശേഷമൊരു സന്ധ്യയിൽ പള്ളിക്കോലായിലിരിക്കുകയായിരുന്ന മുസ്ല്യാർ. പുറത്ത് ആൾപെരു മാറ്റം കേട്ട് നോക്കിയപ്പോൾ പടിയിറങ്ങി വരുന്നൂ എല്ലാവരും ബഹുമാനത്തോടേ ആമിനക്കുട്‌ത്ത എന്നു വിളിക്കുന്ന  ആമിനക്കുട്ടി താത്ത. തട്ടം കൊണ്ട് മുഖം മറച്ച് ബഹുമാനപൂർവ്വം  കോലായുടെ മര അഴികൾക്കപ്പുറത്ത് നിന്നു കൊണ്ട് അവർ പറഞ്ഞു. മൊയ്ല്യാരേ എന്താ നിച്ചല്ല മുന്നാല്‌‌ ദിവസായിട്ട് പള്ളിത്തൊടൂന്ന്  ഒരു ചാദി കരീംപോലെ ഒരൊച്ച.
എന്തൊച്ച ... കാ കീ കൂ ക്ക് ആമിനക്കുട്ത്താന്ന് ...
അനക്ക് തോണ്യേതേർക്കാരം ആമിനക്കുട്ട്യേ എന്ന് മുസ്ല്യാർ സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും  ആമിനക്കുട് ത്താക്ക് ബോദ്ധ്യായില്ല.   
ഇതു ഇന്നും ഇന്നല്യൊന്ന്വല്ല  ആറേയ് ദിവസായ്റ്റ് എന്നും മഗിരിബിന്റെ ശേഷം കേക്ക്ണൂ...പള്ളിക്കാട്ടിലെ തേക്ക്കൾക്കെടേലെ മുളം കൂട്ടത്തിന്നാ....
തലേക്കെട്ടഴിച്ച് മൊട്ടത്തല തടവി പിന്നെ താടിയിലൂടെ വിരലോടിച്ച് പിന്നെ കാര്യം മനസിലായ പോലെ അമർത്തി മൂളീ... ഏ ശാ മ അരിബിന്റെ എടേലാണല്ലേ .... ജിന്ന്‌‌കള്‌ടെ പോക്കു വരവുണ്ടാകും... ആട്ടെ ഞമ്മക്കൊരു കാര്യം ചെയ്യാ... ഒരു മങ്കൂസ് മൊയ്‌ലൂദ് ഓദിക്കളയാ... ഒന്ന് മുട്ടറക്കുകയും ചെയ്യാം പിന്നെണ്ടാകൂല... എടങ്ങേറ്‌കള്‌... 
പിറ്റേന്ന് ഉച്ചക്കൂതന്നെ ആമിനക്കുട്‌ത്താന്റെ പിടക്കോഴികൾ വിധവകളായി. വൈകീട്ടു തന്നെ മൊയ്‌ലൂദ് ഓതി  മുട്ടറക്കലും നടത്തി ... പിന്നെ ഒരിക്കലും  കിളിയുടെ കാക്കീക്കൂക്ക് ആമിനക്കുട്‌ത്താ എന്ന ഈണത്തിലുള്ള കരച്ചിൽ കേട്ടിട്ടില്ല എന്നാണ്‌ ആമിനക്കുടത്ത പറയുന്നത്....
ശേഷം  മുദരീസിന്റെ കെറാമത്ത് ഗ്രാമത്തിൽ   പ്രസിദ്ധമായി........ അതോടെയാണത്രേ നാട്ടിൽ പൂവൻ കോഴികളുടെ കഷ്ടകാലം  തുടങ്ങിയത് ....

Wednesday, March 14, 2018

സ്റ്റീഫൻ ഹാക്കിങ്ങ്സ് 1942-2018

പ്രപഞ്ച രഹസ്യങ്ങളെക്കുറിച്ച് ഒരുപാട് ഒരുപാട് പറഞ്ഞു തന്ന മഹാ ശാസ്ത്രജ്ഞൻ ഹാക്കിങ്ങ്സ് ഇനി നമ്മോടൊപ്പമില്ല. അദ്ദേഹം പറഞ്ഞുതന്നതിൽ ഏറ്റവും പ്രസക്തമായ സത്യം ഈ ഭൂമിക്ക് ഇനി അധിക കാലം ബാക്കിയില്ല എന്നതായിരുന്നു. 

ഈ പ്രപഞ്ചത്തിന്റെ മേൽ നിയന്ത്രണശേഷിയുള്ള ഒരു നാഥനില്ല എന്നുതന്നെയായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസം. പുനർജന്മത്തേയും പരലോകത്തേയും അദ്ദേഹം പുഛിച്ചുതള്ളി.  ഇരുപത്തിരണ്ടാം വയസ്സിൽ ഗുരുതരമായ മോട്ടോർ ന്യൂറോൺ എന്ന രോഗം ബാധിച്ച് തലച്ചോറൊഴികെയെല്ലാം നിശ്ചലമായി പ്പോയ അദ്ദേഹം രണ്ടു വർഷത്തിൽ കൂടുതൽ ജീവിച്ചിരിക്കില്ല എന്നായിരുന്നു ശാസ്ത്ര നിഗമനം. ആനിഗമനത്തെ നിഷ്പ്രഭമാക്കിക്കൊണ്ട് എഴുപത്തി ആറുവയസ്സുവരെ അദ്ദേഹം ജീവിച്ചു എന്നതു തന്നെ ഈശ്വര വിശ്വാസി കൾക്ക് വിശ്വസിക്കാനും പ്രചോദനമാകുന്നു. 

ആ ജീവിതവും അതിൽ അദ്ദേഹം രചിച്ച ശാസ്ത്ര ഗ്രന്ധങ്ങളും പ്രപഞ്ചത്തിനൊരു നാഥനുണ്ടെന്ന് വിശ്വസിക്കുന്നവർക്ക് നിദർശനവുമായി.

ഇക്കാലമത്രയും അനങ്ങാത്ത ദേഹവും വിശ്രമമില്ലാത്ത മനസുമായി ജീവിച്ച അദ്ദേഹം ശാസ്ത്ര ലോകത്തിന് നൽകിയ സംഭാവനകളാണ് അദ്ദേഹത്തിന്റെ 

A Brief History of Time,George's Secret Key to the Universe,The Universe in a Nutshell, Black Holes and Baby Universes, The Grand Design, തുടങ്ങിയ ഗ്രന്ധങ്ങൾ. ഇവയിൽ ചിലതൊക്കെ മലയാളത്തിലും ലഭ്യമാണ്. ദൈവം എന്ന ഒന്നില്ല. ഈ പ്രപഞ്ചം ആരുടെയും സൃഷ്ടിയുമല്ല പരലോകവും പുനർജന്മവുമെല്ലാം വിഡ്ഢിത്തം ഇതായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ രത്നച്ചുരുക്കം. 

പക്ഷേ അദ്ദേഹത്തിന്റെ പുസ്തകങ്ങളിൽ ചിലവ വായിച്ചാ ഈശ്വര വിശ്വാസിയുടെ വിശ്വാസം വർദ്ധിക്കുകയാണു ചെയ്യുക എന്ന് തോന്നുന്നു. പ്രത്യേകിച്ച് തമോഗർത്തങ്ങളെക്കുറിച്ചൊക്കെയുള്ള അദ്ദേഹത്തിന്റെ നിഗമനങ്ങൾ വായിക്കുമ്പോൾ.

മരണശേഷം തൽച്ചോർ എന്ന കമ്പ്യൂട്ടർ നശിക്കുന്നതോടെ എല്ലാം അവസാനിക്കുന്നു എന്ന് വിശ്വസിക്കുന്ന ഒരാൾക്ക് മരണാനന്തര നിത്യശാന്തി നേരുന്നത് യുക്തിരഹിതമായതിനാൽ അദ്ദേഹത്തിന്റെ ചില വചനങ്ങളുദ്ധരിച്ചുകൊണ്ട് സ്മരണക്ക് മുന്നിൽ  ആദരവർപ്പിക്കുന്നു...

“Remember to look up at the stars and not down at your feet.”  “Work gives you meaning and purpose and life is empty without it.” And: “if you are lucky enough to find love, remember it is there and don’t throw it away.” 

" കാൽച്ചുവട്ടിലേക്ക് നോക്കാതെ താരകങ്ങളിലേക്ക് നോക്കുക." അദ്ധ്വാനം ജീവിതത്തിന്ന് അർത്ഥവും ലക്ഷ്യവും നൽകുന്നു അതില്ലാത്തജീവിതം ശൂന്യമത്രേ " സ്നേഹം കണ്ടെത്താൻ നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ ഓർക്കുക അതെപ്പോഴുമവിടെയുണ്ട്, അത് ദൂരെയെറിഞ്ഞ് കളയാതിരിക്കുക"

രാജ്യരക്ഷാ റാലി...

ആയിരത്തിത്തൊളളായിരത്തി അറുപത്തഞ്ച്, ഞാൻ നാലാം ക്ലാസിൽ പാഠിക്കുന്നകാലം. ഒരു ദിവസം സ്കൂൾ അസംബ്ലിയിൽ വെച്ച് ഹെഡ്മാസ്റ്റർ ഗുരുക്കൾ മാസ്റ്റർ പറഞ്ഞു. നമ്മുടെ രാജ്യവും പാക്കിസ്താനും തമ്മിൽ നടന്ന യുദ്ധത്തിന്റെ കാര്യം നിങ്ങൾക്കറിയാമല്ലോ. ഒന്നും അറിയില്ലായിരുന്നെങ്കിലും ഞങ്ങൾ സമ്മത ഭാവത്തിൽ തല കുലുക്കി. ആയുദ്ധത്തിൽ നമ്മൾ പാക്കിസ്ഥാനെ തോല്പിച്ചിരിക്കുന്നു. അതിന്റെ സന്തോഷത്തിന് നാളെ നാലുമണിക്ക് ഇവിടന്ന് ഓങ്ങല്ലൂർക്ക് രാജ്യരക്ഷാ റാലി ഉണ്ട്. എല്ലാവരും വരണം.ഞങ്ങൾ തലകുലുക്കി. സത്യത്തിൽ യുദ്ധവും സമാദാനവുമൊക്കെ ഞങ്ങൾക്കന്യമായിരുന്നു.കളിച്ചു തിമർക്കുക എന്നതു മാത്രമായിരുന്നു ജീവിതം. അതിനിടയിലെന്തു യുദ്ധം എന്തു റാലി. 
മുദ്രാവാക്യം വിളിച്ചുകൊണ്ട് ഓങ്ങല്ലൂർക്ക് ജാഥ പോകലാണ് സംഗതി എന്ന് പിന്നീട് സംസാരിച്ച് രാമകൃഷ്ണൻ മാസ്റ്റർ  വിശദീകരിച്ചപ്പോഴാണ് പിടികിട്ടിയത്. എങ്കിൽ സംഗതി കൊളളാമല്ലോ. നടക്കട്ടെ എന്നു ഞങ്ങളും കരുതി.അന്നൊക്കെ ഓങ്ങല്ലൂർ വരെ പോവുക എന്നൊക്കെ പറഞ്ഞാൽ അതൊരു വലിയ യാത്ര തന്നെയായിരുന്നു.
ഞങ്ങൾക്ക് ആവേശമായി...
റാലിയുടെ മുന്നോടിയായി മുദ്രാവാക്യങ്ങളുടെ റീഹേഴ്സൽ നടന്നു.
ജൈ ജൈ ഭാരത് മാതാ..
ജൈ ജൈ ശാസ്ത്രിജി
അയ്യൂബ് ഖാനേ ബൂട്ടോയേ
ഭാരത മാണെന്നോർത്തോളൂ
പാറ്റൺ ടാങ്കും സാബർ ജെറ്റും
അലറിച്ചീറിയ നേരത്തും
ഇതിഹാസോജ്ജ്വല വിജയം നേടിയ
ധീരജവാന്മാർക്കഭിവാദ്യം...
ഇതൊക്കെയാണ് ഓർമ്മയിൽ ബാക്കിയായ മുദ്രാവാക്യങ്ങൾ.
ഇതിൽ ധീരജവാന്മാർക്കഭിവാദ്യം എന്നത് ധീജരവാന്മാർക്കഭിവാദ്യം എന്നാണ് ചിലർ വിളിച്ചത്.
കൃത്യം നാലുമണിക്ക് ഞങ്ങൾ പുറപ്പെട്ടു.. വരിയുടെ മുന്നിൽ രാമകൃഷ്ണൻ മാസ്റ്ററും നടുക്ക് കുട്ട്യാലി മാസ്റ്ററും പിന്നിൽ വേലായുധൻ മാസ്റ്ററും മുദ്രാവാക്യങ്ങൾ വിളിച്ചു തന്നുകൊണ്ട് ഞങ്ങളെ നയിച്ചു. അപൂർവ്വം രക്ഷിതാക്കളും ഞങ്ങളോടൊപ്പമുണ്ടായിരുന്നു എന്നാണോർമ്മ. സ്കൂൾ കഴിഞ്ഞാൽ പിന്നെ പാത്തുപ്പടിയിൽ താഴെ മീതുമൊയ്ല്യാരുടെ പീടിക കഴിഞ്ഞാൽ പിന്നെ പാറപ്പുറത്ത് ഒന്നുരണ്ടു പീടികകൾ പിന്നെ ഓങ്ങല്ലൂർ കവലയിൽ ഒരു പെട്ടിക്കട ഇത്രയുമേ ഉണ്ടായിരുന്നുളളൂ. പാത മിയ്ക്കവാറും വിജനം..
മങ്ങിയ വെയിലിൽ മുദ്രാവാക്യങ്ങൾ ആവും വിധം ഉച്ചത്തിൽ മുഴക്കിക്കൊണ്ട് ഞങ്ങൾ ചെത്തുവഴിയിലൂടെ മുന്നേറി. ധീരജവാന്മാർക്കഭിവാദ്യം എന്നത് പലരും ധീജരവാന്മാർക്കഭിവാദ്യം എന്നാണ് വിളിച്ചിരുന്നത്. ഇടക്ക് കാണുന്നവർ കൗതുകത്തോടെ ചിരിച്ച് കൈവീശിക്കൊണ്ട് ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. ഓങ്ങല്ലൂർ നിന്നും കിഴക്കോട്ട് തിരിഞ്ഞ് ഗുരുക്കൾ മാസ്റ്ററുടെ വീട്ടിനുമുന്നിൽ റാലി അവസാനിച്ചു. അവിടെ നിന്നും ഹെഡ്മാസ്റ്റരുടെ വകയായി ശർക്കരവെളളം വിതരണം ചെയ്തു. വലിയ അലുമിനിയ കലത്തിൽ ചെറിയ ഉളളി അരിഞ്ഞിട്ട് ശർക്കര കലക്കിയ വെളളം. അതു കുടിച്ച ശേഷം പിരിഞ്ഞു പോകാൻ സമ്മതം കിട്ടി. വടക്കേതലക്കൽ നിന്നുളളവർ പളള്യായിലൂടെ കാലങ്കുളം വഴി മടങ്ങി. ഞങ്ങൾ കാരക്കാട്ടേക്കുളളവർ ചെറിയ സംഘങ്ങളായി റോഡു വഴി തിരിച്ചു. ഞാനും ഉമ്മറും മൊയ്തൂനയും കൂടിയാണ് മടങ്ങിയത്. വെയിൽ മാഞ്ഞ സന്ധ്യയിലൂടെ ഞങ്ങൾ കലപിലാ സം സാരിച്ചുകൊണ്ട് നടത്തിയ ആ യാത്ര ഇന്നും മനസിൽ മായാതെ കിടക്കുന്നു. മുത്താണിക്കുഴിയിൽ കല്ലന്മൂപ്പന്മാരുടെ അടുക്കലെത്തിയപ്പോൾ ദൂരെ കാകാരക്കാട്ട് വലിയ പള്ളിയിൽ നിന്നും കേട്ട ചേക്കുമൊല്ലക്കായുടെ ബാങ്കൊലിയിൽ രാജ്യ സ്നേഹത്തിന്റെ ബാല പാഠത്തിലെ  ഓർമ്മകൾ അവസാനിക്കുന്നു....

Saturday, March 10, 2018

ഞാനും മാതൃഭൂമിയും എന്റെ പത്ര പ്രവർത്തനം 1

ആയിരത്തി തൊളളായിരത്തി എഴുപത്തിനാലിലെ വേനലിലെ ഒരു ഉച്ചക്ക് വിയർത്തു കുളിച്ച് അദ്ദേഹം കയറിവന്നു. തൂവെളള വസ്ത്രം ധരിച്ച് വലിയ കണ്ണടയും പിറകിലേക്ക് ചീകിയൊതുക്കിയ മുടിയും കുടവയറുമൊക്കെയായി കാഴ്ചക്ക് യോഗ്യനായ ഒരാൾ. ഷൊർണൂർ നിന്നും റയിൽ വഴി നടന്നായിരുന്നു വരവ്. കോലായിൽ ഇരിക്കുകയായിരുന്ന കുഞ്ഞുട്ടി എളാപ്പാക്കും എനിക്കും സലാം പറഞ്ഞു. കാഴ്ചക്ക് മനസിലാകില്ലെങ്കിലും ആളൊരു ഇസ്ലാം വിശ്വാസിയാണെന്ന് പെരുമാറ്റത്തിൽ മനസിലായി.
എളാപ്പ എഴുന്നേറ്റ് അദ്ദേഹത്തെ ആദരപൂർവ്വം സ്വീകരിച്ചു ശേഷം എനിക്കു പരിചയപ്പെടുത്തി. ഇദ്ദേഹം എ എ മലയാളി. സ്വാതന്ത്ര്യ സമര പോരാളി. മാപ്പിള സാഹിത്യത്തിൽ ഗ്വേഷണം നടത്തുന്നു. ഇപ്പോൾ മാതൃഭൂമി പത്രത്തിന്റെ പാലക്കാട് ജില്ലാ ഓർഗനൈസർ. ഉച്ച ഭക്ഷണം കഴിച്ച് അദ്ദേഹം ഒരു പാടു സംസാരിച്ചു. അഗ്രിക്കൾച്ചർ കോഴ്സു കഴിഞ്ഞു നിൽകുകയായിരുന്ന എന്നെ വലിയൊരാളെപ്പോലെ പരിഗണിച്ചതിനാൽ എനിക്കദ്ദേഹത്തെ നന്നേ ഇഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ സന്ദർശനോദ്ദേശം സ്ഥലം കോൺഗ്രസ് നേതാവായ എളാപ്പാനെ ഉപയോഗിച്ച് കാരക്കാട്ട് മാതൃ ഭൂമിക്ക് ഒരു ഏജൻസി തുടങ്ങുക എന്നതായിരുന്നു. അതിലേക്കായി അദ്ദേഹം ഒരു പാടു കാര്യങ്ങൾ പ്രത്യേകിച്ച് സ്ഥലം പത്രമായ മനോരമയുടെ കുറ്റങ്ങൾ. മനോരമ ഒരു മുതലാളി പത്രമാണെന്നും അതിന്റെ ലക്ഷ്യം എന്നും മുതലാളിത്തമാണെന്നും മറിച്ച് മാതൃഭൂമി ഒരു ദേശീയപത്രമാണെന്നും സ്വാതന്ത്ര്യ സമര സേനാനികളിൽ പ്രമുഖരായ നാലപ്പാട്ട് കുടുംബത്തിന്റെ നിയന്ത്രണത്തിലാണെന്നും അതിന്റെ താല്പര്യം തികച്ചു ദേശതാല്പര്യം മാത്രമാണെന്നും ഞങ്ങളെ ബോദ്ധ്യപ്പെടുത്തി.എളാപ്പാനെക്കൊണ്ട് കാരക്കാട്ട് മാതൃഭൂമിയുടെ ഏജൻസി എടുപ്പിച്ച ശേഷം വൈകുന്നേരം മൂന്നരക്ക് കിഴക്കോട്ടുളള ഷട്ടിൽ വണ്ടിയിൽ അദ്ദേഹം പാലക്കാട്ടേക്കു മടങ്ങി.‌
എളാപ്പായുടെ കീഴിൽ എന്റെ പത്രപ്രവർത്തനം അവിടെ തുടങ്ങുന്നു....
നാട്ടിൽ അന്ന് മനോരമമാത്രമേ ഉണ്ടായിരുന്നുളളൂ. മനോരമ പത്രത്തിനും ആഴ്ചപ്പതിപ്പിനും പത്തമ്പത് കോപ്പി വരിക്കാരുണ്ടായിരുന്നു. മാതൃഭൂമി ഇടക്ക് പട്ടാമ്പി പീടികയുടെ വാടക പിരിക്കാൻ പോകുമ്പോൾ കണ്ടുളള പരിചയമേ ഉണ്ടായിരുന്നുളളൂ.
വായിച്ചാൽ  മനോരമ പോലെ എളുപ്പം മനസിലായിരുന്നില്ലെങ്കിലും മാതൃഭൂമി ആഴ്ചപ്പതിപ്പ് എനിക്ക് ഇഷ്ടമായിരുന്നു. വിശേഷിച്ചും അതിൽ വരാറുളള ബഷീർ വികെ എൻ ഉറൂബ് തുടങ്ങിയവരുടെ രചനകൾ
( തുടരും )