Friday, March 16, 2018

കാ കീ കൂ ക്ക് ആമിനക്കുട്ത്താ....

മൊത്തത്തിൽ  കിടിലൻ സെറ്റപ്പാണ്‌. താഴെ തെക്കുഭാഗത്ത് ശാന്ത ഗംഭീരയായൊഴുകുന്ന നദി. ചിലർ ഭാരതപ്പുഴ എന്നും  ഞങ്ങൾ പൊയ എന്നും പറയുന്ന നിള. വേനലിൽ ശാന്തയും വർഷകാലങ്ങളിൽ രുദ്രയും എന്നും വേണമെങ്കിലും പറയാം. കിഴക്ക് കൂമുള്ളിപ്പാടം  പടിഞ്ഞാറ് ചീക്കരവരെ നീണ്ടു കിടക്കുന്ന കണ്ടാറിപ്പാടം അതിനെ പകുത്ത് പടിഞ്ഞാട്ട് നീളുന്നതീവണ്ടിപ്പാത. അപ്പുറം പോര്ശയാക്കപ്പെട്ട എന്റെ നാട്‌ കാരക്കാട്‌. ....ഈ അതിരുകൾക്കകത്ത് മൂന്നു നാലേക്കർ പരന്നുകിടക്കുന്ന തേക്കും മറ്റു മരങ്ങളും നിറഞ്ഞ് പകൽ പോലും ഇരുണ്ട് കിടക്കുന്ന പള്ളിത്തൊടിക്കു നടുവിൽ പൊന്നാനീന്ന് സൈനുദ്ദീൻ മഖ്ദൂമിന്റെ പിൻ മുറക്കാർ വന്ന് സ്ഥാപിച്ച അതി പുരാതീനമായ കാരക്കാട്ടെ പള്ളി.   കിടിലൻ എന്ന പ്രയോഗം  ഇന്നത്തെ ഫ്രീക്കന്മാരുടേത് കടമെടുത്തതൊന്നുമല്ല... സംഗതി കിടിലൻ തന്നെ ആളുകളാരു മില്ലാത്ത നേരങ്ങളിൽ പള്ളിയിൽ വന്നു പെട്ടാൽ ഏത് യുക്തിവാദി ജബ്ബാറായാലും ഒന്നു കിട്‌ങ്ങുമായിരുന്നു   എന്നാണ്‌ പറയപ്പെടുന്നത്. പകൽ സമയങ്ങളിൽ പോലും  ജിന്നുകളും  ഗന്ധർവന്മാരും  പലർക്കും   പ്രത്യക്ഷമായ കഥ അത്രക്ക് മശ് ഹൂറായിരുന്നു ഗ്രാമത്തിൽ.
നമസ്കാരത്തിന്‌ ഇമാമ്‌ നില്കാനും കുട്ടികളെ പഠിപ്പിക്കാനുമായി ഒരു മുസ്ല്യാർ ഇദ്ദേഹം മുദരീസ് എന്നറിയപ്പെട്ടു. പിന്നെ പള്ളി പരിപാലിക്കാൻ അതായത് അടിക്കുക തുടക്കുക വിളക്കു കത്തിക്കുക ഹൗളിൽ വെള്ളം  കോരി നിറക്കുക  തുടങ്ങിയ ഏർപാടുകൾക്ക് മുക്രി എന്നറിയപ്പെടുന്ന മൊല്ലാക്ക. പിന്നെ കുറേ കുട്ടികളും.... വെള്ളിയാഴച്ച ഉച്ചക്കൊഴികെ അധികം  ആരും പള്ലിയിൽ വരാതിരുന്നകാലം.
ഈ ചരിത്രകാരൻ കേട്ടതു പ്രകാരം സംഭവം നടന്നതൊരു കർക്കിടക മാസത്തിലായിരുന്നു.തോരാമഴയിൽ ഗ്രാമം മുങ്ങി നില്കുന്നകാലം ചഞ്ഞനം  പിഞ്ഞനം മഴകൾ‌ പെയ്ത് തോടും പാടോം  മുങ്ങിയൊലിച്ച് എന്ന ഈരടിക്കൊത്ത കാലം. ഇക്കരത്തെ കാക്ക അക്കരേക്ക് പറക്കാത്ത കാലം.  ദാരിദ്ര്യം  അതിന്റെ ഉഛസ്ഥായിയിൽ. ഗ്രാമത്തിൽ വർക്കത്തിനായി നടത്തപ്പെടുന്ന മൗലൂദ് റാത്തീബ് കളൊക്കെ വളരെ കുറവ്. മഴയല്പം കുറഞ്ഞ ഒരു നാൾ അസറിന്റെ ശേഷം സുന്നത്തായ ലാത്തലിന്നിറങ്ങിയതായിരുന്നു മുദരീസ്. കിഴക്കേപടിപ്പുരയിലൂടെ ഇറങ്ങി വടക്കോട്ട് വെച്ചു... പള്ളിത്തൊടിയുടെ വടക്കു കിഴക്കേ അതിർത്തിയിലെ അസ്സനിക്കാടെ പുരയുടെ അടുത്തെത്തിയപ്പോൾ കോഴികൾ. ലക്ഷണമൊത്ത ഒരു പൂവനും  കുറേ പിടകളും  അസനിക്കാന്റെ വീട്ടിലേക്കു കയറിപ്പോയി.. കൗതുകമുള്ള പൂവൻ. മുസ്ല്യാരെ കുക്കുടത്തിന്റെ കാഴച്ചക്കുള്ള കൗതുകത്തെക്കാൾ‌ ആകർഷിച്ചത് അതിനെ കറിവെച്ച് പത്തിരികൂട്ടി തിന്നാലുള്ള രുചിയെക്കുറിച്ചുള്ള ചിന്തകളായിരുന്നു. എന്തോ ചിന്തിച്ചുറച്ച് മുസ്ല്യാര്‌ ഉലാത്തൽ നിർത്തി പള്ലിയിലേക്കുതന്നെ മടങ്ങി.
കുറച്ചു നാൾക്കു ശേഷമൊരു സന്ധ്യയിൽ പള്ളിക്കോലായിലിരിക്കുകയായിരുന്ന മുസ്ല്യാർ. പുറത്ത് ആൾപെരു മാറ്റം കേട്ട് നോക്കിയപ്പോൾ പടിയിറങ്ങി വരുന്നൂ എല്ലാവരും ബഹുമാനത്തോടേ ആമിനക്കുട്‌ത്ത എന്നു വിളിക്കുന്ന  ആമിനക്കുട്ടി താത്ത. തട്ടം കൊണ്ട് മുഖം മറച്ച് ബഹുമാനപൂർവ്വം  കോലായുടെ മര അഴികൾക്കപ്പുറത്ത് നിന്നു കൊണ്ട് അവർ പറഞ്ഞു. മൊയ്ല്യാരേ എന്താ നിച്ചല്ല മുന്നാല്‌‌ ദിവസായിട്ട് പള്ളിത്തൊടൂന്ന്  ഒരു ചാദി കരീംപോലെ ഒരൊച്ച.
എന്തൊച്ച ... കാ കീ കൂ ക്ക് ആമിനക്കുട്ത്താന്ന് ...
അനക്ക് തോണ്യേതേർക്കാരം ആമിനക്കുട്ട്യേ എന്ന് മുസ്ല്യാർ സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും  ആമിനക്കുട് ത്താക്ക് ബോദ്ധ്യായില്ല.   
ഇതു ഇന്നും ഇന്നല്യൊന്ന്വല്ല  ആറേയ് ദിവസായ്റ്റ് എന്നും മഗിരിബിന്റെ ശേഷം കേക്ക്ണൂ...പള്ളിക്കാട്ടിലെ തേക്ക്കൾക്കെടേലെ മുളം കൂട്ടത്തിന്നാ....
തലേക്കെട്ടഴിച്ച് മൊട്ടത്തല തടവി പിന്നെ താടിയിലൂടെ വിരലോടിച്ച് പിന്നെ കാര്യം മനസിലായ പോലെ അമർത്തി മൂളീ... ഏ ശാ മ അരിബിന്റെ എടേലാണല്ലേ .... ജിന്ന്‌‌കള്‌ടെ പോക്കു വരവുണ്ടാകും... ആട്ടെ ഞമ്മക്കൊരു കാര്യം ചെയ്യാ... ഒരു മങ്കൂസ് മൊയ്‌ലൂദ് ഓദിക്കളയാ... ഒന്ന് മുട്ടറക്കുകയും ചെയ്യാം പിന്നെണ്ടാകൂല... എടങ്ങേറ്‌കള്‌... 
പിറ്റേന്ന് ഉച്ചക്കൂതന്നെ ആമിനക്കുട്‌ത്താന്റെ പിടക്കോഴികൾ വിധവകളായി. വൈകീട്ടു തന്നെ മൊയ്‌ലൂദ് ഓതി  മുട്ടറക്കലും നടത്തി ... പിന്നെ ഒരിക്കലും  കിളിയുടെ കാക്കീക്കൂക്ക് ആമിനക്കുട്‌ത്താ എന്ന ഈണത്തിലുള്ള കരച്ചിൽ കേട്ടിട്ടില്ല എന്നാണ്‌ ആമിനക്കുടത്ത പറയുന്നത്....
ശേഷം  മുദരീസിന്റെ കെറാമത്ത് ഗ്രാമത്തിൽ   പ്രസിദ്ധമായി........ അതോടെയാണത്രേ നാട്ടിൽ പൂവൻ കോഴികളുടെ കഷ്ടകാലം  തുടങ്ങിയത് ....

No comments: