Wednesday, March 14, 2018

രാജ്യരക്ഷാ റാലി...

ആയിരത്തിത്തൊളളായിരത്തി അറുപത്തഞ്ച്, ഞാൻ നാലാം ക്ലാസിൽ പാഠിക്കുന്നകാലം. ഒരു ദിവസം സ്കൂൾ അസംബ്ലിയിൽ വെച്ച് ഹെഡ്മാസ്റ്റർ ഗുരുക്കൾ മാസ്റ്റർ പറഞ്ഞു. നമ്മുടെ രാജ്യവും പാക്കിസ്താനും തമ്മിൽ നടന്ന യുദ്ധത്തിന്റെ കാര്യം നിങ്ങൾക്കറിയാമല്ലോ. ഒന്നും അറിയില്ലായിരുന്നെങ്കിലും ഞങ്ങൾ സമ്മത ഭാവത്തിൽ തല കുലുക്കി. ആയുദ്ധത്തിൽ നമ്മൾ പാക്കിസ്ഥാനെ തോല്പിച്ചിരിക്കുന്നു. അതിന്റെ സന്തോഷത്തിന് നാളെ നാലുമണിക്ക് ഇവിടന്ന് ഓങ്ങല്ലൂർക്ക് രാജ്യരക്ഷാ റാലി ഉണ്ട്. എല്ലാവരും വരണം.ഞങ്ങൾ തലകുലുക്കി. സത്യത്തിൽ യുദ്ധവും സമാദാനവുമൊക്കെ ഞങ്ങൾക്കന്യമായിരുന്നു.കളിച്ചു തിമർക്കുക എന്നതു മാത്രമായിരുന്നു ജീവിതം. അതിനിടയിലെന്തു യുദ്ധം എന്തു റാലി. 
മുദ്രാവാക്യം വിളിച്ചുകൊണ്ട് ഓങ്ങല്ലൂർക്ക് ജാഥ പോകലാണ് സംഗതി എന്ന് പിന്നീട് സംസാരിച്ച് രാമകൃഷ്ണൻ മാസ്റ്റർ  വിശദീകരിച്ചപ്പോഴാണ് പിടികിട്ടിയത്. എങ്കിൽ സംഗതി കൊളളാമല്ലോ. നടക്കട്ടെ എന്നു ഞങ്ങളും കരുതി.അന്നൊക്കെ ഓങ്ങല്ലൂർ വരെ പോവുക എന്നൊക്കെ പറഞ്ഞാൽ അതൊരു വലിയ യാത്ര തന്നെയായിരുന്നു.
ഞങ്ങൾക്ക് ആവേശമായി...
റാലിയുടെ മുന്നോടിയായി മുദ്രാവാക്യങ്ങളുടെ റീഹേഴ്സൽ നടന്നു.
ജൈ ജൈ ഭാരത് മാതാ..
ജൈ ജൈ ശാസ്ത്രിജി
അയ്യൂബ് ഖാനേ ബൂട്ടോയേ
ഭാരത മാണെന്നോർത്തോളൂ
പാറ്റൺ ടാങ്കും സാബർ ജെറ്റും
അലറിച്ചീറിയ നേരത്തും
ഇതിഹാസോജ്ജ്വല വിജയം നേടിയ
ധീരജവാന്മാർക്കഭിവാദ്യം...
ഇതൊക്കെയാണ് ഓർമ്മയിൽ ബാക്കിയായ മുദ്രാവാക്യങ്ങൾ.
ഇതിൽ ധീരജവാന്മാർക്കഭിവാദ്യം എന്നത് ധീജരവാന്മാർക്കഭിവാദ്യം എന്നാണ് ചിലർ വിളിച്ചത്.
കൃത്യം നാലുമണിക്ക് ഞങ്ങൾ പുറപ്പെട്ടു.. വരിയുടെ മുന്നിൽ രാമകൃഷ്ണൻ മാസ്റ്ററും നടുക്ക് കുട്ട്യാലി മാസ്റ്ററും പിന്നിൽ വേലായുധൻ മാസ്റ്ററും മുദ്രാവാക്യങ്ങൾ വിളിച്ചു തന്നുകൊണ്ട് ഞങ്ങളെ നയിച്ചു. അപൂർവ്വം രക്ഷിതാക്കളും ഞങ്ങളോടൊപ്പമുണ്ടായിരുന്നു എന്നാണോർമ്മ. സ്കൂൾ കഴിഞ്ഞാൽ പിന്നെ പാത്തുപ്പടിയിൽ താഴെ മീതുമൊയ്ല്യാരുടെ പീടിക കഴിഞ്ഞാൽ പിന്നെ പാറപ്പുറത്ത് ഒന്നുരണ്ടു പീടികകൾ പിന്നെ ഓങ്ങല്ലൂർ കവലയിൽ ഒരു പെട്ടിക്കട ഇത്രയുമേ ഉണ്ടായിരുന്നുളളൂ. പാത മിയ്ക്കവാറും വിജനം..
മങ്ങിയ വെയിലിൽ മുദ്രാവാക്യങ്ങൾ ആവും വിധം ഉച്ചത്തിൽ മുഴക്കിക്കൊണ്ട് ഞങ്ങൾ ചെത്തുവഴിയിലൂടെ മുന്നേറി. ധീരജവാന്മാർക്കഭിവാദ്യം എന്നത് പലരും ധീജരവാന്മാർക്കഭിവാദ്യം എന്നാണ് വിളിച്ചിരുന്നത്. ഇടക്ക് കാണുന്നവർ കൗതുകത്തോടെ ചിരിച്ച് കൈവീശിക്കൊണ്ട് ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. ഓങ്ങല്ലൂർ നിന്നും കിഴക്കോട്ട് തിരിഞ്ഞ് ഗുരുക്കൾ മാസ്റ്ററുടെ വീട്ടിനുമുന്നിൽ റാലി അവസാനിച്ചു. അവിടെ നിന്നും ഹെഡ്മാസ്റ്റരുടെ വകയായി ശർക്കരവെളളം വിതരണം ചെയ്തു. വലിയ അലുമിനിയ കലത്തിൽ ചെറിയ ഉളളി അരിഞ്ഞിട്ട് ശർക്കര കലക്കിയ വെളളം. അതു കുടിച്ച ശേഷം പിരിഞ്ഞു പോകാൻ സമ്മതം കിട്ടി. വടക്കേതലക്കൽ നിന്നുളളവർ പളള്യായിലൂടെ കാലങ്കുളം വഴി മടങ്ങി. ഞങ്ങൾ കാരക്കാട്ടേക്കുളളവർ ചെറിയ സംഘങ്ങളായി റോഡു വഴി തിരിച്ചു. ഞാനും ഉമ്മറും മൊയ്തൂനയും കൂടിയാണ് മടങ്ങിയത്. വെയിൽ മാഞ്ഞ സന്ധ്യയിലൂടെ ഞങ്ങൾ കലപിലാ സം സാരിച്ചുകൊണ്ട് നടത്തിയ ആ യാത്ര ഇന്നും മനസിൽ മായാതെ കിടക്കുന്നു. മുത്താണിക്കുഴിയിൽ കല്ലന്മൂപ്പന്മാരുടെ അടുക്കലെത്തിയപ്പോൾ ദൂരെ കാകാരക്കാട്ട് വലിയ പള്ളിയിൽ നിന്നും കേട്ട ചേക്കുമൊല്ലക്കായുടെ ബാങ്കൊലിയിൽ രാജ്യ സ്നേഹത്തിന്റെ ബാല പാഠത്തിലെ  ഓർമ്മകൾ അവസാനിക്കുന്നു....

No comments: