Wednesday, March 28, 2018

പോത്തും മാപ്പിളയും

ഞാൻ ഒറ്റക്ക്  വിജനമായ പുഴയിൽ മലർന്നങ്ങനെ കിടക്കുകയാണ്‌.  പൊൻവെയിൽ മങ്ങിക്കഴിഞ്ഞു. പുഴ ഇരുളിന്റെ കരിമ്പടം പുതക്കാൻ ഒരുങ്ങുകയാണ്. ദേശാടനപ്പക്ഷികൾ പറന്നു പോയ് കഴിഞ്ഞിരിക്കുന്നു. നരച്ച ആകാശത്ത് ആദ്യതാരകം ഉദയം കൊള്ളുന്നതിന്നു സാക്ഷിയാകാൻ വെറുതെ ഒരു കൗതുകം. അതിനു വേണ്ടി മാനത്തേക്കു നോക്കി മലർന്നങ്ങനെ  കിടക്കുകയാണ്‌ ഞാൻ. അടുത്തൊന്നും ആളുകളാരുമില്ല. കൂട്ടുകാരങ്ങു ദൂരെ പുഴയിൽ വലിയിടാൻ ഇറങ്ങിയിരിക്കയാണ്‌.  പെട്ടന്ന് വെള്ളത്തിൽ നിന്നെന്തോ കയറിവരുന്ന സ്വരം. ഞെട്ടി തിരിഞ്ഞു നോക്കുമ്പോ‌‌ൾ‌ സന്ധ്യയെക്കാളിരുണ്ട മൂന്നു നാലെണ്ണം... നമ്മൾ  പോത്തുകൾ എന്നും പണ്ധിതന്മാർ‌ മഹിഷങ്ങളെന്നും വിളിക്കുന്നവന്മാർ ഞാനവിടെ കിടക്കുന്നതൊന്നും ഗൗനിക്കാതെ എനിക്കു നേരെ നടന്നടൂക്കുകതന്നെയാണ്‌. പെട്ടന്ന് ഓർമ്മകൾ കുട്ടിക്കാലത്തേക്കു പറന്നു പോയി. ഞാൻ എന്റെ അഭിവന്ദ്യ ഗുരു നീലകണ്ഠൻ നമ്പൂതിരി മാസ്റ്ററുടെ പിറകെ വാടാനാം കുറുശ്ശി സ്കൂളിലേക്ക് നടക്കുകയാണ്‌. കുന്നിറങ്ങി പൊന്നാത്തെ വീടിനു മുന്നിലെ പാടത്തിന്റെ വരമ്പിലെത്തിയപ്പോൾ‌ എതിരെ വരുന്നു ഭീമന്മാരായ രണ്ടു പോത്തുകൾ. ഗുരു ചിരിച്ചുകൊണ്ട്‌പറഞ്ഞു കോയേ നമുക്ക് മാറാം അതാ നല്ലത്. പോത്തും മാപ്ലേം വഴിമാറില്ല്യാന്നാ പ്രമാണം. ഞങ്ങൾ ചിരിച്ചുകൊണ്ട്‌ മുറിവരമ്പിലേക്ക് മാറി. പറഞ്ഞപോലെ തിരുമേനിയും ശിഷ്യനുമാണെന്ന കൂസലൊന്നും കൂടാതെ പോത്തുകൾ‌ കടന്നു പോയി. കഥ ഓർത്തപ്പോഴേക്കും കൂട്ടരടുത്തെത്തി. ഞാൻ ഫോണെടുത്ത് ഒരു ഫോട്ടോ എടുത്ത ശേഷം അവരുടെ വഴിയിൽ നിന്നും മാറിക്കിടന്നു.....
ആകാശത്തേക്കു നോക്കിയപോൾ‌ തരകൾ ധാരാളം ആദ്യതാരകത്തിന്റെ ഉദയത്തിന്നു സാക്ഷിയാകാമെന്ന മോഹം ... അവിടെ കിടക്കട്ടെ ഈശ്വരനനുഗ്രഹിക്കയാണെങ്കിൽ നാളെയുമുണ്ടല്ലോ ആകാശവും നക്ഷത്രങ്ങളും... മറിച്ചാണെങ്കിൽ ഇതിനു മുമ്പു ഞാൻ കണ്ട താരോദയം എനിക്കവസാനത്തേതായിരുന്നിരിക്കാം

No comments: