Wednesday, October 2, 2019

പുനസ്സമാഗമം

വന്നുകയറി കൂടെയുണ്ടായിരുന്നവർ സ്ഥലം വിട്ടപ്പോൾ ഭാര്യ രണ്ട്  റമ്പുട്ടാൻ പഴങ്ങൾ കൊണ്ടു വന്നിട്ട് പറഞ്ഞു അഞ്ചുപത്തെണ്ണം  കിട്ടി. അതിൽ നിന്നും സൂക്ഷിച്ചു വെച്ചിരുന്നതാണ്. ബാക്കിയൊക്കെ അണ്ണാന്മാരും കിളികളും തിന്നു തീർത്തു. ഞാൻ പറഞ്ഞു അവർ തിന്നട്ടെടീ ഞാനവരെക്കൂടി ഉദ്ദേശിച്ച്  നട്ടതാണ്. എനിക്കറിയാം ഈശ്വരനിഛിക്കുന്നുവെങ്കിൽ അതിന്റെ പുണ്യം അവൻ അങ്ങ് ദുബായിലും സിങ്കപൂരിലുമൊക്കെ  എത്തിക്കും എന്റെ മക്കൾക്കും പേരക്കുട്ടികൾക്കും, പിന്നെ ഭാവിയിൽ എന്റെ കുഴിമാടത്തിലേക്കും.....
തൊടിയിലെ കാരമ്പോളക്കു കീഴെ രണ്ടു കാട്ടു കോഴികൾ ചിക്കിച്ചിനക്കുന്നു... ദൂരെ ഒരു കോഴിയുടെ കൂവൽ പിന്നെ കാക്കകളുടേയും കിളികളുടേയും കലപില ശബ്ദങ്ങളും. ഓടി നടന്ന് ചിലക്കുന്ന അണ്ണാന്മാർ.ഞാൻ സന്തോഷത്തോടെ ഓർത്തു ഈ സംഗീതം നാളുകളായി എനിക്കന്യമായിരുന്നു വല്ലോ..
നാലഞ്ച് വർഷം മുമ്പ് ഞാൻ നട്ട റമ്പുട്ടാൻ മരത്തിൽ ഒരണ്ണാൻ ഇപ്പോഴും പഴം തിരയുന്നുണ്ട്....
മിറ്റത്തെ വരണ്ട മണ്ണിലേക്കു നോക്കി ഞാനോർത്തു, ഈയിടെ യൊന്നും മഴ പെയ്തിട്ടില്ല. അടുത്തൊന്നും പെയ്യുന്നതിന്റെ  ലാഞ്ജനയും കാണുന്നില്ല. നല്ല മഞ്ഞ്.വരാനിരിക്കുന്ന വേനൽ മലയാളിക്ക് കടുത്തതായിരിക്കും.
റോഡിൽ രാവിലെത്തന്നെ നല്ല തിരക്ക്. വരാനിരിക്കുന്ന വേനലിനെക്കുറിച്ചുളള വേവലാതിയൊന്നും ആർക്കുമുളളതായി തോന്നുന്നില്ല. നമുക്കു കുടിക്കാനുളള വെളളമെത്തിക്കുന്ന മഴ കുറഞ്ഞു പോകുന്നത് വരാനിരിക്കുന്ന വലിയൊരു ദുരന്തത്തിന്റെ മുന്നോടിയാണെ മനസ്സിലാക്കാനുളള വിവേകം നമുക്കില്ലാതെ പോയല്ലോ മക്കളേ  എന്നൊന്ന് വിളിച്ചു പറഞ്ഞാലോ ... വേണ്ടല്ലേ ... വെറുതെ ഹജ്ജു കഴിഞ്ഞു വന്നതു മുതൽ മൂപ്പരുടെ തലക്കത്ര സുഖമില്ല എന്ന് തോന്നുന്നു
എന്ന് വെറുതേ ജനങ്ങളെക്കൊണ്ട് പറയിപ്പിക്കേണ്ടല്ലോ...
പിന്നെ ഒരുമാസം മരുഭൂമിയിൽ കഴിച്ചു കൂട്ടേണ്ടി വന്ന എനിക്ക് ഒരു കാര്യം മനസിലായി. ഞാനൊരു ദേശസ്നേഹിയാകുന്നു. പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിൽ പട്ടാമ്പി പളളിപ്രം അംശത്തിൽ സ്ഥിതിചെയ്യുന്ന കാരക്കാട് ദേശത്തെ ഞാൻ അത്രക്ക് സ്നേഹിക്കുന്നു... ഈയിടെയായി ഏറെ പറഞ്ഞു കേൾക്കുന്ന രാജ്യസ്നേഹം ഇതുതന്നെയായുരിക്കും അല്ലേ....
Have a nice day....

No comments: