Saturday, June 15, 2019

ഒരു പെരുന്നാൾ വിരുന്ന്

ആദ്യത്തെ പെരുന്നാളിന്റെ ഓർമ്മക്ക് എന്ത് പഴക്കം വരും എന്ന് ചോദിച്ചാൽ കഷ്ടി ഒരു അറുപത് വർഷം വരുമായിരിക്കും.  ഒരു മഴക്കാലത്തായിരുന്നൂ അത്.  പേമാരിയിൽ പുഴയും പാടവും തറവാട്ടിലെ കുളവും ഒന്നായി. ഭാഗ്യത്തിന്ന് അന്ന് മഴ ഇല്ലായിരുന്നു. രാവിലെ ഉമ്മ കുളത്തിൽ കൊണ്ടു പോയി കുളിപ്പിച്ചു. പുതു വസ്ത്രങ്ങളണിയിച്ചു. ട്രൗസറും കുപ്പായവും കോളറിന്നു പിറകിൽ ഒരു ടവ്വലും. ഒരു പഞ്ഞിയിൽ സെന്റ് നനച്ച് അത് ചെവിയിൽ വെച്ചു തരികയും ചെയ്തു. അങ്ങനെ  പെരുന്നാൾ കോടി അണിഞ്ഞ ആമോദത്തിൽ കുട്ടപ്പനായി എളാപ്പമാരുടെ കൂടെ തറവാട്ടിന്റെ പൂമുഖത്ത് നിൽകുകയായിരുന്നൂ ഞാൻ. പുറത്തു നിന്നും കയറിവന്ന മൂത്താപ്പ " ഹായ് ദാരാപ്പത് പുത്യാപ്ല്യായിട്ടിണ്ടല്ലോ" എന്നും പറഞ്ഞ് എന്റെ മുഖത്ത് കടിക്കുകയും കുറ്റിത്താടിവെച്ച് ഉരക്കുകയും ചെയ്തു" എനിക്ക് കരച്ചിൽ വന്നു. അപ്പോഴേക്കും" വേണ്ട വാപ്പുട്ട്യേ നല്ലോരു ദിവസായിട്ട് ആകുട്ട്യേ കരയിക്കണ്ട"  എന്നും പറഞ്ഞ് വെല്ലിമ്മ എന്നെ രക്ഷപ്പെടുത്തി. മിറ്റത്ത് അപ്പോഴും രാത്രി പെയ്ത മഴയുടെ ശേഷിപ്പ് കാണാമായിരുന്നു. മേലേ പടിപ്പുരയിറങ്ങി ഇക്കാക്ക വരുന്നു.  ഉപ്പാനെയും ഉമ്മാനെയും എന്നേയും കൂട്ടിക്കൊണ്ട് പോകാൻ വന്നിരിക്കയാണ്.  അന്ന്  അങ്ങനെയായിരുന്നു പതിവ്. അളിയൻ വന്ന് വിളിച്ചോണ്ട് പോകണം. ഇക്കാക്കയും എളാപ്പമാരും കൂട്ടുകാരാണല്ലോ. വന്ന ഉടൻ അവർ ചിരിച്ചാർത്ത് കുളത്തിലേക്ക് പോയി. കൂടെ ഞാനും.  നിറഞ്ഞൊഴുകുന്ന വെള്ളം കാണാൻ. ഒന്നായിക്കഴിഞ്ഞ കുളവും കണ്ടാറിയും പുഴയും അവയെ പകുത്തുകൊണ്ട് പടിഞ്ഞാറോട്ട് നീണ്ടു കിടക്കുന്ന തീവണ്ടിപ്പാത മാത്രമുണ്ട് മുങ്ങാതെ ബാക്കി. മഴയില്ലാത്തതുകൊണ്ട് കൊണ്ടൂരക്കുന്നും തെളിഞ്ഞ് കാണാം.  കുറേ നേരം കാഴ്ച്ചകൾ കണ്ട് കൊണ്ട് ഞങ്ങൾ നിന്നു. ഇക്കാക്കയും എളാപ്പമാരും എന്തൊക്കെയോ പറഞ്ഞുകൊണ്ട് ഉറക്കെ ചിരിക്കുന്നുണ്ടായിരുന്നു. എനിക്കൊന്നും മനസിലായില്ല. കൂവിയാർത്തുകൊണ്ട് ഒരു തീവണ്ടി കിഴക്കോട്ട് പാഞ്ഞു പോയി. എഞ്ചിന്റെ കുഴലിൽ നിന്നും കറുത്ത പുക പിറകോട്ട് നീണ്ട് പോയി... കുറേ നേരം കഴിഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു. എല്ലാവരും കൂടി ചായ കുടിച്ചു കഴിഞ്ഞപ്പോൾ ഉപ്പ ഇക്കാക്കാനോട് പറഞ്ഞു. " ന്നാ മണി നടന്നോ ഞങ്ങള് വൈന്നാരം അങ്ങട്ടെത്തിക്കോളാ "
വെല്ലിമ്മാനോടു ഉമ്മാനോടും യാത്രപറഞ്ഞ് ഇക്കാക്ക പോയി മടങ്ങി. മഗ്രിബ് നമസ്കാരം കഴിഞ്ഞപ്പോഴേക്ക് വസ്ത്രങ്ങളൊക്കെ ഒരു പെട്ടിയിലാക്കി ഉമ്മ യാത്രക്ക് തെയ്യാറായി. കുറെ കഴിഞ്ഞപ്പോൾ കോപ്പനും മയമ്മൗട്ടിക്കയും വന്നു. ഉപ്പ ഒരു ചെറിയ ടോർച്ചുമായി മുന്നിൽ. ഉപ്പാടെ പിറകിൽ എന്നെയും എടുത്ത് മയമ്മൗട്ടിക്ക. അതിന്ന് പിറകിൽ ഒരു കുടയും ചൂടി. ഉമ്മ. മഴയില്ലെങ്കിലും രാത്ര്യിലാണെങ്കിലും തറവാട്ടിലെ പെണ്ണുങ്ങൾ പുറത്തിറങ്ങുമ്പോൾ കുടപിടിക്കണം എന്നായിരുന്നു വെപ്പ്. വഴിയിൽ കാണുന്നവരൊക്കെ ഉപ്പാനോട് കുശലം പറഞ്ഞു ചിലർ എന്നെ തലോടുകയും കൊഞ്ചുകയും ചെയ്തു.  ഏറ്റവും പിറകിൽ പെട്ടി തലയിൽ വെച്ച് കയ്യിലൊരു റാന്തൽ വിളക്കുമായി കോപ്പാൻ. റോട്ടിൽ നിന്നും സ്കൂൾ വളപ്പിലൂടെ റെയിലിന്മേൽ കയറി കിഴക്കോട്ട്. അവിടെ നിന്നും ഇവിടെനിന്നുമെല്ലം പടക്കങ്ങൾ പൊട്ടുന്നത് കേൾക്കാമായിരുന്നു. സ്റ്റേഷന്റെ അടുത്തു നിന്നും റെയിൽ മുറിച്ച് കടന്ന് ഞങ്ങൾ ഉമ്മാന്റെ വീട്ടിന്റെ പടിക്കലെത്തി. ഇക്കാക്ക ഒരു കുപ്പി വിളക്കിന്റെ വെളിച്ചത്തിൽ പഠിക്കുകയായിരുന്നു. പടിക്കൽ ഞങ്ങളെ കണ്ടതും സ്നേഹം നിറഞ്ഞ സ്വരത്തിൽ " മ്മാ ആത്ത വന്നു"  എന്നും പറഞ്ഞുകൊണ്ട് ഇക്കാക്ക അകത്തേക്കോടി. വെല്ലിമ്മയും വെല്ലിപ്പയും ചിരിച്ചുകൊണ്ട്  പുറത്ത് വന്നു.‌ വെല്ലിമ്മ മയമ്മൗട്ടിക്കാന്റെ കയ്യിൽ നിന്നും എന്നെ വാങ്ങി. സ്റ്റേഷനിൽ നിന്നും നീണ്ട മണിയടി കേട്ടപ്പോൾ വെല്ലിപ്പ പറഞ്ഞു പെണ്ണേ ചോറ് വിളമ്പ് എട്ടരക്ക് ബ്ലാക്കായി...
ഭക്ഷണമൊക്കെ കഴിഞ്ഞ് മയമ്മൗട്ടിക്കയും കോപ്പനും മടങ്ങി. റാന്തലിന്റെ വെളിച്ചത്തിൽ പടികയറിപ്പോയ അവരുടെ ഓർമ്മയിൽ ആദ്യ പെരുന്നാളിന്റെ ദീപ്തമായ സ്മരണകൾ അവസാനിക്കുന്നു.

No comments: