Tuesday, May 7, 2019

ട്ടിക്കുറു...

ഒരു വെളളിയാഴ്ച സായാഹ്നം. അടുത്തരണ്ടു ദിവസങ്ങൾ പരോളിലാണല്ലോ എന്ന ആശ്വാസത്തിൽ കുട്ടി സ്കൂൾ വിട്ട് വീട്ടിലെത്തി. പുസ്തക സഞ്ചി  പൂമുഖത്തെ അലമാറയിൽ തനിക്കനുവദിച്ച സ്ഥലത്ത് വെച്ച് അകത്ത് പോയി തിത്യാത്ത കൊടുത്ത ചായയും കുടിച്ച് നേരെ തോട്ടത്തിലേക്കിറങ്ങി. തലേദിവസം വിരുന്നു വന്ന അമ്മായിയുടെ മകൻ കുഞ്ഞിപ്പ അവിടെ ഈത്തപ്പഴ പ്ലാവിന്നു ചുവട്ടിൽ വെല്ലിമ്മായുടെ അടുത്തായി നില്പുണ്ടായിരുന്നു. കൂട്ടുകാരനെ കണ്ടതും അവൻ ഓടി വന്നു.  കുളക്കരയിൽ ചക്കനും ചാത്തനും പൂളമരം വെട്ടാനൊരുങ്ങുകയാണ്.കിഴക്കു നിന്നുളള പാസഞ്ചർ വണ്ടി പിറകിലേക്ക് പുകതുപ്പി കൂവിയാർത്ത് പാഞ്ഞു പോയി. ചാത്തന് ധൃതിയായി. നേരം ഇര്ട്ടായി വേഗം നോക്ക്. അവർ പൂള വെട്ടിയിട്ടിട്ട് പോയാൽ മതി എന്ന് വെല്ലിമ്മായുടെ ആജ്ഞ അനുസരിക്കുകയായിരുന്നു.
പൂളമരത്തിന്റെ ഉയരത്തിൽ ഉണ്ടായിരുന്ന മാളങ്ങളിൽ നിന്നും തല പുറത്തേക്കിട്ട് ഇരിക്കാറുളളത് പക്ഷി വെട്ടാൻ തുടങ്ങിയതോടെ അടുത്ത മാവിലേക്ക് പറന്നു പോയി. കുറേ ദിവസമായി അത് അവിടെ ഉണ്ടായിരുന്നു എന്ന് അവൻ ഓർത്തു. അതിനകത്ത് അതിന്റെ കുട്ടികളുണ്ടാകു മെന്ന് ഇന്നലെ കുഞ്ഞാപ്പുട്ടി അവനോട് പറഞ്ഞിരുന്നു. ഒന്നിനെ കിട്ടിയാൽ വളർത്തി നോക്കാം എന്നവൻ ആശിച്ചിരുന്നു.
മരത്തിന്റ അടി വെട്ടി കവുങ്ങുകളില്ലാത്ത് ഭാഗത്തേക്ക് മരത്തെ അവർ തളളിയിട്ടു. വാ പോകാ നാളെ മുറിച്ച് അടുക്കാം എന്നും പറഞ്ഞ് വെട്ടുകാർ സ്ഥലം വിട്ടു.പ്ലാവിന്റെ ചുവട്ടിൽ നിന്ന് മേൽ നോട്ടം നടത്തുകയായിരുന്ന വെല്ല്യുമ്മ അവർക്ക് കൂലികൊടുക്കാൻ വീട്ടിലേക്കു പോയി. മരം വീണ ഉടൻ അണ്ണാന്മാരും കാക്കകളും കുറേ നേരം ബഹളമുണ്ടാക്കിയിരുന്നു. പിന്നെ ശാന്തമായി. നേരം ഇരുട്ടായിത്തുടങ്ങിയിരുന്നു. കുട്ടികൾ വീണുകിടക്കുന്ന മരത്തിന്റെ പൊത്തിനടുത്ത് ചെന്നു നോക്കി. അകത്തേക്ക് നോക്കിയിട്ടൊന്നും കാണാനില്ല. കുട്ടി പേടിയോടെ‌ പൊത്തിനകത്തേക്ക് കയ്യിട്ടു നോക്കി. എന്തോ അനങ്ങുന്നു. അവൻ പെട്ടന്ന് കൈ വലിച്ചു. പിറകിൽ നിന്ന് കുഞ്ഞിപ്പ ധൈര്യം കൊടുത്തു എട്ക്ക് പാമ്പൊന്നു ആകൂല തളള ക്കിളിയെ ഞമ്മള് കണ്ടതല്ലേ.പിന്നെ സംശയിച്ചില്ല
പതുക്കെ കയ്യിട്ട് പുറത്തെടുത്തു. ഒരു ഇറച്ചിക്കഷ്ണം. തൂവലുകളുടെ അടയാളം പോലുമില്ല. അകെക്കൂടി അറപ്പുതോന്നുന്ന രൂപം. കുട്ടികൾ അതിനെയെടുത്ത് വീട്ടിലേക്കോടി. അരുകാണാത്ത കോണിലിരുന്ന് ഇതിനെ എന്തു ചെയ്യും എന്ന് ചിന്തയായി. കിളിക്കുഞ്ഞ് കൊക്കു വിടർത്തി കീ കീ എന്നു കരയാൻ തുടങ്ങി. ശബ്ദം കേട്ട് തൊഴുത്തിൽ കന്നുകളെ കെട്ടുകയായിരുന്ന കോപ്പൻ ഓടി വന്നു. കുട്ടി കിളിക്കുഞ്ഞിനെ ട്രൗസറിന്റെ കീശയിലിട്ടു ഒന്നും അറിയാത്ത ഭാവത്തിൽ നില്പായി. കോപ്പൻ വെല്ല്യുമ്മാനോട് പറഞ്ഞു കുഞ്ഞ്ബാപ്പും കുഞ്ഞിപ്പീം ഏന്തോ വിഗ്ഗൃതി ഒപ്പിച്ചിട്ടുണ്ട് ന്ന് തോന്ന്ണു. തെക്കിനിയിൽ  മഗ്രിബ് നമസ്കരിച്ച് നിസ്കാരപ്പായിൽ ഇരിക്കുകയായിരുന്ന വെല്ലിമ്മ നയത്തിൽ വിളിച്ചു കുഞ്ഞാപ്പ്വോ‌ ബടെ വാ... പതുക്കെ നല്ലകുട്ടിയായി ഹാജറായി...
എന്താ അന്റെ കീശേല് ?. കുട്ടി പതുക്കെ‌ കിളിയെ പുറത്തെടുത്തു. പ്രതീക്ഷിച്ചപോലെ വെല്ലിമ്മ ദേഷ്യപ്പെട്ടില്ല. വിജാരണയും ശിക്ഷയും കാണാൻ നിന്ന് തിത്യാത്ത കോപ്പൻ തുടങ്ങിയവരെയൊക്കെ നിരാശപ്പെടുത്തി വെല്ലിമ്മ പറഞ്ഞു പടച്ചോനേ മുട്ടേന്ന് വിരിഞ്ഞിട്ടല്ലേ ഉളളൂ. ഇതിപ്പൊ ചാകുവോലോ... കുറച്ച് പൊടിയരി കൊണ്ട് വന്ന് കൊടുത്തു നോക്കി. കൊത്തിത്തിന്നുന്നില്ല. അപ്പോൾ കോപ്പൻ ഒരു വിദ്യ പറഞ്ഞുതന്നു. അരി കുട്ടി വായിലിടുക. എന്നിട്ട് കിളിയുടെ വിടർന്ന കൊക്കിനകത്തേക്ക് പതുക്കെ തുപ്പിക്കൊടുക്കുക. കുട്ടി അങ്ങനെ ചെയ്തു നോക്കി. കിളി തിന്നാൻ തുടങ്ങി. വയറു നിറഞ്ഞപ്പോൾ കീ കീ ന്നു ളള കരച്ചിൽ നിർത്തി. ഒരു കാർഡ്ബോഡ് പെട്ടിയിൽ പക്ഷിയെ ആക്കി. പൂച്ചക്ക് കിട്ടാത്തെടത്ത് വെക്കാൻ വെല്ലിമ്മ നിർദ്ദേശിച്ചു.
പിറ്റേന്ന് മുളയുടെ അലകുകൾ ചീന്തിയുണ്ടാക്കി‌ രണ്ടു പലകകളിൽ അടിച്ച് കുട്ടികൾ ഒരു കൂടുണ്ടാക്കി. നടുമിറ്റത്തിന്റെ അടുത്ത് ഉത്തരത്തിൽ തൂക്കിയിട്ടു. അതിനിടെ വിരുന്ന് കഴിഞ്ഞ് കുഞ്ഞിപ്പ പോയി. കുട്ടിയും പക്ഷിയും തനിച്ചായി. രാവിലെ സ്കൂളിൽ പോകും മുമ്പും വിട്ടു വന്ന ഉടനും കുട്ടി കിളിക്കുഞ്ഞിനമ്മയായി. കുട്ടി അരിവായിലിട്ടാൽ ഉടൻ കിളി കൊക്കുതുറന്ന് ചിറകടിച്ച് കരയാൻ തുടങ്ങും. അതിന്റെ കൊക്കിനകത്തേക്ക് കുട്ടി അരി നാവുകൊണ്ട് ഇട്ടുകൊടുക്കും. രണ്ടു മൂന്ന് നാൾ കഴിഞ്ഞപ്പോൾ അത് സ്വയം തിന്നാൻ തുടങ്ങി തൂവലുകൾ വലുതായി. കാണാൻ നല്ല ചന്തമുളള പച്ചക്കിളി. അത് എന്നും പുലർച്ചെ‌ വെല്ലിമ്മ സുബഹിന് ഉണരുന്ന സമയത്ത് ട്ടിക്കുർ ട്ടിക്കുർ എന്ന് പാടാൻ തുടങ്ങി. അതിനു കുട്ടി ട്ടിക്കുർ എന്ന് പേരിട്ടു. അരിക്ക് പകരം ചോറും പേരക്കയുമൊക്കെ തിന്നാൻ തുടങ്ങി. അങ്ങനെ സ്വന്തമായി ഒരു കുരുവിയെ വളർത്തുന്നവൻ എന്ന ഗമയിൽ കുട്ടി ശാന്ത ഗംഭീരനായി‌ കഴിഞ്ഞു കൂടവേ ഒരു ദിവസം സ്കൂൾ വിട്ട് വന്നയുടൻ കുരുവിക്ക് തീറ്റകൊടുക്കുകയായിരുന്ന കുട്ടിയെ വെല്ല്യുമ്മ സ്നേഹപൂർവം വിളിക്കുന്നു. മോനേ കുഞ്ഞ്വാപ്പ്വോ ബടവാ ... കുട്ടി ചെന്നു. സ്നേഹ പൂർവ്വമുളള വിളിയായതുകൊണ്ട് ഒരല്പം സൂക്ഷിച്ചാണ് ചെന്നത്. അതങ്ങനെ യാണ് എന്തെങ്കിലും പണിതരാനാണ് അങ്ങനെ വിളിക്കുക പതിവ്.
മോനേ അതു വലുതായി. നമുക്കതിനെ വിടാം. ഇണകളോടൊപ്പം ആകാശത്ത് പാറിനടക്കേണ്ട് കിളിയെ ഹബ്സിലിട്ടാൽ പാവാണ്. അല്ലാക്ക് അതിഷ്ടാകൂലാ... വെല്ല്യുമ്മാന്റെ കുട്ട്യേ ഈ മച്ചിലിട്ട് ആരെങ്കിലും പൂട്ടിയാൽ എങ്ങനെയുണ്ടാകും. കേട്ടത് ശരിയാണെന്ന് തോന്നി. വളരെ വേദനയോടെ അതിനെ വിട്ടയക്കാൻ കുട്ടി തീരുമാനിച്ചു. കൂടെടുത്ത്  കുളക്കരയിൽ ചെന്നു. അവിടെവെച്ച് മെല്ലെ കൂടു തുറന്നു. ആദ്യം അത് പുറത്തുവന്നില്ല. പിന്നെ മെല്ലെ കുട്ടിയുടെ കയ്യിലേക്കിറങ്ങിവന്നു. നാലുപുറം നോക്കി പിന്നെ കുളക്കരയിലുളള ചക്കരപ്പുളിമരത്തിലേക്ക് പറന്നു പോയി. പിന്നെ കുറേകാലം ട്ടിക്കുർ‌ എന്ന് പാടുന്ന കുരുവികളൊക്ക് എന്റെ ട്ടിക്കുർ ആണെന്ന് കുട്ടി വിശ്വസിച്ചു. എപ്പോഴെങ്കിലും അത് എന്റെ ചുമലിൽ പറന്നിറങ്ങുമെന്നും അവൻ കരുതി. പക്ഷേ പിന്നിട് ഒരിക്കലും അത് വന്നില്ല.

പിന്നീട് തന്റെ സുഹൃത്ത് പ്രതാപൻ നൽകിയ ഇന്ദുചൂടന്റെ കേരളത്തിലെ പക്ഷികൾ എന്ന പുസ്തകത്തിൽ നിന്നും അതിന്റെ പേര് ചിന്ന കുട്ടുറുവൻ എന്നാണെന്ന് അന്നത്തെ കുട്ടി മനസിലാക്കി... Prathapan Divakaran

No comments: