Sunday, April 18, 2021

ഒരമ്മിച്ചോറിന്റെ ഓർമ്മ.

വേളേരിപ്പറമ്പിൽ ഉപ്പ പണിത പുതിയ വീട്ടിൽ താമസം തുടങ്ങിയിട്ട് അധികകാലമായിരുന്നില്ല
വീടെന്ന് വെച്ചാൽ ഇന്നത്തെക്കണക്കിന് വളരെ  ചെറിയ ഒരു വീട്.  ഈങ്ങത്തോട്ട് വളപ്പിന്റെ വടക്ക് പടിഞ്ഞാറേ മൂലയിലായിരുന്നു വീട്. വേളേരിപ്പറമ്പ് എന്നറിയപ്പെട്ടിരുന്ന ഒന്നര ഏക്കർ സ്ഥലത്ത് ഓടു മേഞ്ഞ കൊച്ചു വീട്. ഇന്നത്തെപ്പോലെ ആളുകൾ പലിശക്കടം കൊണ്ട കാശുകൊണ്ട് കൊട്ടാരം പണിയുന്നകാലം തുടങ്ങിയിട്ടില്ലായിരുന്നു. കടമുണ്ടാവുന്നത് വലിയ മാനക്കേടും പലിശക്ക് കടമെടുക്കുന്നത് വൻ പാപവുമായി അന്നവർ കരുതി. ചെറിയ നാലു മുറികളും കോലായിയും അടുക്കളയും വരാന്തകളും ഒക്കെക്കൂടി ഒരെഴുനൂറ്റമ്പത് എണ്ണൂറ് സ്ക്വയർ ഫീറ്റ് കാണും അത്രേള്ളൂ. അന്നത് വലിയ വീടായിരുന്നു. അതു തന്നെ  പണി പൂർത്തിയാക്കാൻ ഉപ്പ വളരെ കഷ്ടപ്പെട്ടു. വീട്ടിൽ ഉപ്പയും ഉമ്മയും ഞങ്ങൾ നാലു മക്കളും സസുഖം വാഴുന്നു. ഞാൻ വാടാനാംകുറുശ്ശി ഹൈസ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്നു... കൃസ്മസ് അവധിക്കാലം. പുഴക്കരയിലൂടെയും വയൽ വരമ്പുകളിലൂടെയുമെല്ലാം പ്രത്യേകിച്ചൊരു ലക്ഷ്യമില്ലാതെ അലയുന്നതിൽ ഞാൻ വലിയ ആഹ്ലാദം കണ്ടെത്തി. മാവുകൾ പൂക്കാൻ തുടങ്ങുന്നതേയുള്ളൂ... രാവിലെ തുടങ്ങിയ ഒന്നാം ഷിഫ്റ്റ് അലച്ചിലുനു ശേഷം ഞാൻ കയറിവരുമ്പോളൊരു പത്ത് മണിയായിക്കാണും. ഉപ്പയും ഉമ്മയും മിറ്റത്തെ ആരുമൂച്ചിയുടെ ചുവട്ടിൽ നിൽക്കുന്നുണ്ട്. ഉപ്പ നിറയെ പൂത്ത മാവിലേക്ക് ചൂണ്ടി ഉമ്മാക്ക് എന്തോ കാണിച്ചു കൊടുക്കുകയാണ്. പഴുത്താൽ തേനിന്റെ മധുരമുള്ള ആ മാവിനെ ഞങ്ങൾ ആരുമൂച്ചി എന്ന് വിളിച്ചു. ഞാൻ ചെന്ന് നോക്കുമ്പോൾ മാവിന്റെ തുമ്പത്ത് ഇലകൾക്കിടയിൽ മറഞ്ഞു നിൽക്കുന്ന ഒരു കുല കണ്ണി മാങ്ങ. നേരത്തെ പൂത്തതായിരിക്കാം. ഉമ്മപറഞ്ഞു "കിട്ടിയിരുന്നെങ്കിൽ പ്പുമ്മൊള് (ചമ്മന്തി) അരക്കാം. മൊളു ചാറും വെക്കാം." കിട്ട്വോടാ..?
പറയേണ്ട താമസം ഞാനൊരു കല്ലെടുത്ത് മാവിലേക്ക് എറിയാനോങ്ങി. ഉപ്പപറഞ്ഞു. " എറിഞ്ഞ് പൂവ്വ് കൊഴിക്കണ്ട. കേറി പൊട്ടിക്കാൻ പറ്റ്വോ നോക്ക്". ഉമ്മ സ്നേഹപൂർവ്വം പറഞ്ഞു വേണ്ട പുളിറ്മ്പ് കടിക്കും. ഞാൻ കാര്യമാക്കിയില്ല. പറയേണ്ട താമസം. മാവിന്റെ തുഞ്ചത്ത് കയറി ഞാൻ അവ പറിച്ചെടുത്തു. നാല് അണ്ടിയുറച്ചിട്ടില്ലാത്ത മാങ്ങകൾ. മാങ്ങ ഉമ്മായുടെ കയ്യിൽ കൊടുത്ത് ഞാൻ മേല് കയറിയ പുളിയുറുമ്പുകളെ പെറുക്കാൻതുടങ്ങി. മാങ്ങയും കൊണ്ട് ഉമ്മ അടുക്കളയിലേക്ക് നടന്നു. പിറകേ ഉപ്പയും കുറച്ച് കഴിഞ്ഞ് ഞാൻ ചെല്ലുമ്പോൾ ഉമ്മ ചുട്ട വറ്റൽ മുളകും ഉപ്പും ചെത്തിയ മാങ്ങയുമെടുത്ത് അമ്മിയിലിട്ട് ചമ്മന്തിയരക്കുകയാണ്.  അടുത്ത് ഉപ്പയുമുണ്ട്.  അരച്ചുകൊണ്ടിരിക്കേ ഉമ്മ അമ്മിയിൽ നിന്നല്പം തോണ്ടി എന്റെ നാവിൽ തേച്ചുതന്നിട്ട് ചോദിച്ച് ഉപ്പുണ്ടോ. ഹാവ് എന്തൊരു രുചി. ഉണ്ട്മ്മാ നല്ല സ്വാദ്ണ്ട്. അമ്മിയിലെ ചമ്മന്തി വടിച്ചെടുത്ത് അകത്തു പോയ ഉമ്മ തള്ളക്കയിലിൽ നിറയെ ചൂടു ചോറുമായി വന്നു. ചോറ് അമ്മിമേലിട്ട് നന്നായി കുഴച്ച് ഒരുരുള എന്റെ വായിൽ വെച്ച് തന്നു.  ഒരുരുള ഉപ്പാക്കും കൊടുത്തു ബാക്കി ചേറിയ ഒരുരുള ഉമ്മയും തിന്നു. അതെ ഉമ്മ എപ്പോഴും ചെറിയ ഓഹരി കൊണ്ട് തൃപ്തയായിരുന്നു. തനിക്കുള്ളത് മാത്രമേ പാത്രത്തിൽ ബാക്കിയുള്ളു വെങ്കിലും വിശന്ന് വന്നവർക്കത് നീട്ടിക്കൊടുക്കുന്നതിൽ അവർ തൃപ്തയായി. അതെ ഗ്രാമത്തിൽ വിശപ്പ് അന്നൊരു പ്രശ്നം തന്നെയായിരുന്നു.
ഈ ദുനിയാവിൽ നിന്നും വളരെ ചെറിയ ഒരോഹരിയേ ഉമ്മ എടുത്തുള്ളൂ. മക്കൾ ഇന്നനുഭവിക്കുന്ന സൗഭാഗ്യങ്ങളൊന്നും സ്വപ്നം പോലും കാണാതെ തന്റെ മുപ്പത്തി മൂന്നാമത്തെ വയസ്സിൽ ഉമ്മപോയി... ഉമ്മ നമസ്കാരവും നോമ്പും സക്കാത്തുമെല്ലാം അനുഷ്ഠിച്ച ഒരുറച്ച വിശ്വാസിയായിരുന്നു. വാക്കുകൊണ്ട് വർണ്ണിക്കാനാകാത്ത ഒരു ലോകം വരാനിരിക്കുന്നു എന്ന ഉറച്ച പ്രത്യാശയോടെയാണവർ പോയത്. അവിടെ വെച്ച് സന്ധിക്കാമെന്ന പ്രത്യാശയോടെ ഈ മകനും കാത്തിരിക്കുന്നു....

No comments: