Friday, February 8, 2019

ആത്മ കഥയിൽ നിന്നൊരു ഏട്. ആറളം ഫാമിൽ 1

ആയിരത്തിത്തൊള്ളായിരത്തി എഴുപത്തഞ്ചിലാണ് ഞാൻ തലശേരിയിൽ നിന്നും പത്തറുപതു കിലീമീറ്റർ അകലെ കുടകുമലയുടെ കീഴെ സ്ഥിതിചെയ്യുന്ന ആറളം ഫാമിൽ ഫീൽഡ്മാനായി നിയമിതനായത്. പോസ്റ്റുമാൻ എന്നൊക്കെപറയുമ്പോലെ കേൾക്കാനത്ര ഗുമ്മുള്ള തസ്ഥിക നാമമല്ലായിരുന്നു എങ്കിലും നല്ല അധികാരവും ഉത്തരവാദിത്ത്വവുമുള്ള ഏർപ്പാടായിരുന്നു. ഒരു സബ് യൂണിറ്റിന്റെ സ്വതന്ത്ര ഉത്തരവാദിത്വം.  ഇരുനൂറ്റി ത്തൊണ്ണൂറു രൂപ മാസ്സപ്പടി. ഇന്ന് കേൾക്കുമ്പോൾ തുക ചെറുതായി തോന്നാമെങ്കിലും അന്നത് വലിയ ശമ്പളം തന്നെയായിരുന്നു. സ്വർണ്ണവില വെച്ചളന്നാൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില. അടിയന്തരാവസ്ഥകാലം മേലു ദ്യോഗസ്ഥരൊക്കെ വിലസിഭരിച്ച കാലം. താഴെയുള്ള വരുടെ മനസുകളിൽ അടിച്ചർത്തലിനോട് എതിർപ്പ് കൂടിക്കൂടി വന്നിരുന്നകാലം.... ഫാമിൽ തൊഴിലാളി  ‌ യൂണിയനുകൾ ശക്തമായിരുന്നു.‌ കടന്നപ്പള്ളി രാമാചന്ദ്രന്റെ നേതൃത്വത്തിൽ ഐ എൻ ടി യു സി ഓ ഭരതന്റെ നേതൃത്വതിൽ സിഐടിയു പിന്നെ യു ടി യു സി യും എ ഐ ടി യു സിയും ഉണ്ടായിരുന്നു. ഒന്നും കഴിഞ്ഞ് രണ്ടാമത്തേതിന് സമരം ഘൊരാവോ മുതലായ ഏർപ്പാടുകളൊക്കെയുണ്ടായിരുന്നത് അടിയന്തിരാവസ്ഥയിൽ ഒരല്പം കുറഞ്ഞു നിൽകുകയായിരുന്നു. കടന്നപ്പള്ളി രാമചന്ദ്രനുമായി ഉടക്കിയ ഡോക്റ്റർ പിള്ളക്ക് ശേഷം ടി എസ്‌ ഗോപിനാഥൻ നായർ ഡയറക്റ്ററായി ചാർജ്ജെടുത്ത കാലം. അദ്ദേഹത്തിന്റെ കണിശമായ ഭരണം തൊഴിലാളികളുടെയും‌ ഉദ്യോഗസ്ഥന്മാരുടേയും ഇടയിൽ അസ്വാസ്ഥ്യം വിതച്ചിരുന്നുവെങ്കിലും  അടിയന്തരാവസ്ഥയുടെ സാഹചര്യം അത് പ്രകടിപ്പിക്കാൻ ഒരു സ്വാതന്ത്ര്യവും നൽകുന്നതായിരുന്നില്ല. ഞാൻ ജോലിയിൽ ചേർന്ന് ആദ്യത്തെ ലീവിൽ പോയ അവസരത്തിലാണ് ഫാമിനകത്ത് ഡയറക്റ്ററെ വിമർശിച്ചുകൊണ്ട് ഒരു നോട്ടീസ് വിതരണം ചെയ്യപ്പെട്ടത്. ഫാമിൽ ഈ കാട്ടിലെ- ഫാമിനെ മിക്കവരും പലപ്പോഴും  അങ്ങനെയാണ് വിശേഷിപ്പിച്ചിരുന്നത്- മണ്ണിനും കല്ലിനും പക്ഷി മൃഗാദികൾക്കും ചെവികളുണ്ട്. അതു ഡയറക്റ്റരുടെ ചെവിയിലെത്തിക്കാൻ നാവുകളുമുണ്ട്. ആരെന്തു പറഞ്ഞാലും അത് ഡയറക്റ്ററുടെ ചെവിയിലെത്തും അതുകൊണ്ട് സാറേ സൂക്ഷിച്ച് വർത്തമാനം പറയണേ. ഇതായിരുന്നു വന്നികയറിയ ഉടൻ കിട്ടിയ ഉപദേശം. മെസ്സിലിരുന്ന് ദുനിയാവിന്റെ നടത്തിപ്പിനെ നിശിതമായി വിമർശിച്ച എനിക്ക് കുക്ക് നായർ ഫ്രീയായിത്തന്ന ഉപദേശമായിരുന്നു. കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ എന്നെ എല്ലവരും ഞാൻ കേൾക്കേ സാറെന്ന് വിളിച്ചു.  കേൾക്കാതെ മീശമുളക്കാത്ത പയ്യനായിരുന്നതു കൊണ്ടാകാം  പയ്യൻ സാർ എന്നും.‌ ഏതായാലും ഈ ചെവികളും കണ്ണുകളുമൊക്കെയുണ്ടായിട്ടും അവയൊന്നും നോട്ടീസിന്റെ കാര്യത്തിൽ ഡയറക്റ്റർക്ക് ഉപകരിച്ചില്ല... അതായത് നോട്ടീസിന്റെ പ്രഭവസ്ഥാനം അജ്ഞാതമായിത്തന്നെ തുടർന്നു. ടി എസ്‌ ജി നായരുടെ ഇന്റലിജൻസും കൗണ്ടർ ഇന്റലിജൻസും ഫലം ചെയ്തില്ല... കാര്യം ചൂടായി സെക്യൂരിറ്റി സ്റ്റാഫിനു വയർ നിറയെ ഫയറിങ്ങ് കിട്ടി. സ്റ്റാഫ് മൊത്തം വിരണ്ടു. ഇടഞ്ഞാൽ ആദ്യം ടെർമിനേഷൻ, എങ്ക്വയറിയും നടപടിക്കു ശേഷം അതിന്റെ റാറ്റിഫിക്കേഷനും  അതായിരുന്നു സ്റ്റൈൽ ഓഫ് എമർജൻസി. ഇതൊന്നുമറിയാതെ സർവ്വീസിലെ ആദ്യത്തെ അവധിയുടെ ആനന്ദത്തിൽ മുഴുകി കാരക്കാടെന്ന എന്റെ പറുദീസയിൽ കഴിയുകയായിരുന്നു ഞാൻ... ഒരഴ്ചത്തെ അവധിയായിരുന്നു. തലശ്ശേരി  കോൺസെല്ലറിൽ നിന്ന് തയ്പിച്ച ഇരുപത്തെട്ടിഞ്ച് ബെൽബോട്ടം പാന്റും ആട്ടിൽ ചെവിപോലുള്ള കോളർ ഷർട്ടുമൊക്കെയായി നാട്ടിൽ വിലസുകയായിരുന്ന ഞാൻ ഫാമിലെ കുതൂഹല ങ്ങളൊന്നും അറിഞ്ഞതേയില്ല.  ലീവുകഴിഞ്ഞ് ഞാൻ തിരിച്ചെത്തി. ജോലിയിൽ പ്രവേശിച്ച അന്ന് രാവിലെ എട്ടരമണിയോടെ യൂണിറ്റ് ഇൻ ചാർജ്ജ് ഇ ആർ നാരായണൻ സർ എന്നെ വിളിച്ചിട്ട് പറഞ്ഞു. ഓടന്തോട് പോയി നാലായിരത്തി അഞ്ഞൂറ് രൂപ അഡ്വാൻസ് എടുത്തു കൊണ്ടുവരണം. കൂപ്പ് നമ്പർ അമ്പത്താറിലെ കോണ്ട്രാക്റ്റർ ഉണ്ണീൻ കുട്ടിക്ക് അഡ്വാൻസ് കൊടുക്കണം. അങ്ങനെ ആയിരുന്നു പതിവ്. വലിയജോലികൾ ചെയ്യുന്ന കരാറുകാർക്ക് പണി തീരുന്ന മുറയ്ക്ക് തീർന്ന പണിയുടെ അറുപതു ശതമാനം വരെ അഡ്വാൻസ് കൊടുക്കും. ബന്ധപ്പെട്ട റഗുലർ സ്റ്റാഫിന്റെ പേരിൽ അഡ്വാൻസ് എടുക്കണം. കൊടുത്ത പൈസയുടെ വൗച്ചർ ഫൈനൽ ബില്ലിൽ നിന്നും കുറച്ച് സെറ്റിൽ ചെയ്യണം. നാലായിരത്തഞ്ഞൂറു രൂപ അന്നൊക്കെ വലിയ തുകയായിരുന്നു. ഒരു പവൻ സ്വർണത്തിന്ന് മുന്നൂറു രൂപ വിലയുള്ളകാലം. സർവീസിൽ ആദ്യമായി ഞാൻ അഡ്വാൻസിന്ന് അപേക്ഷയെഴുതി. ഇഞ്ചാർജ്ജിനെക്കൊണ്ട് ശുപാർശ ചെയ്യിച്ച് അതും കീശയിലിട്ട് ഉദിച്ചുയരുന്ന വെയിലും ആസ്വദിച്ച് ഞാൻ ഹെഡാഫീസിലേക്ക് കാൽ നടയായി യാത്രയായി. അഞ്ചു കിലോമീറ്റർ അകലെ ഓടന്തോട് എന്ന സ്ഥലത്തായണ് ഹെഡാപ്പീസ്. കാട്ടുരാജാവ് കുഞ്ഞിമോനാജി പണിത പഴയ ഒരു ബംഗ്ലാവ്. അഡ്വാൻസ് സാംഗ്ഷൻ ചെയ്യാൻ അഗ്രിക്കൾച്ചറൽ ഓഫീസറായ കലാം സാറിനെയാണ്. സമീപിക്കേണ്ടത്. അതിനായി ഞാൻ അദ്ദേഹത്തിന്റെ കാബിനിൽ ചെന്നു. അത് പൂട്ടിക്കിടക്കുന്നു. അദ്ദേഹം സ്ഥലത്തില്ലെന്നും ചാർജ്ജ്  ഇ. ഇ. ഘോഷ് സാറിനാണെന്നും അറിഞ്ഞു നേരെ അദ്ദേഹത്തിന്റെ മുറിയിൽ ചെന്നു. ഘോഷ് സർ ബംഗാളിയാണ്. വെളുത്ത് തടിച്ച് ഉയരം കുറഞ്ഞ് ഒരു ഉണ്ടക്കണ്ണൻ. ജെന്റിൽമാൻ എന്തു ബിസേസം.? അദ്ദേഹത്തിന്റെ രസികൻ മലയാളം കേട്ട് ചിരിയൊതുക്കി അഡ്വാൻസിനുള്ള അപേക്ഷ കൊടുത്തു. അത് വയിച്ച ശേഷം ഇനീഷൽ ചെയ്ത് മുകളിലേക്ക് വിരൽ ചൂണ്ടീട്ടദ്ദേഹം പറഞ്ഞു
"യൂ ഗൊ ടു ദ ടോപ്." ചെറുതായൊന്ന് ഞെട്ടാതിരുന്നില്ല മുകളിൽ ഉള്ളത് ഡയറക്റ്ററാണ്. എല്ലാ കീഴുദ്യോഗസ്ഥ ന്മാരും കേൾക്കുമ്പോഴേക്കും വിറക്കുന്ന കാര്യമാണ് ഡയറക്റ്ററെ അഭിമുഖീകരിക്കുക എന്നത്. ഏതായാലും നോക്കാം. ഞാൻ കടലാസു വാങ്ങി കെട്ടിടത്തിന്റെ ഗോവണി കയറി.
ഡയറക്റ്ററുടെ ഓഫീസിന്റെ വിശാലമായ വരാന്ത യിലെത്തി. മരം സമൃദ്ധമായി ഉപയോഗിച്ച് കാട്ടുരാജാവ് കുഞ്ഞിമോനാജി പണിയിച്ച പഴയ കെട്ടിടത്തിന്റെ മുകളിലെ നിലയാണ് ആപ്പീസ്. വരാന്തയുടെ അരികിൽ  ഡയറക്റ്ററുടെ മുറിയിലേക്കുള്ള കവാടത്തിന്ന് മുന്നിൽ പിഎ യുടെ ആസ്ഥാനം. വാതിലിന്നു മുന്നിലെ ബൾബുകളിൽ ചുവപ്പ് കത്തി നിൽകുന്നു. പി എ രവീന്ദ്രനോട്  ആഗമനോദ്ദേശം അറിയിച്ചു. അദ്ദേഹം ഇന്റർ കോമിലൂടെ ഡയറക്റ്ററെ വിവരമറിയിച്ചു. ഫോൺ വെച്ചിട്ട് ഒരു കശേരയിലേക്ക് വിരൽ ചൂണ്ടിയിട്ട് പറഞ്ഞു ഇരിക്കൂ.‌ തെല്ലൊരു ആകാംക്ഷയോടെ ഞാൻ കാത്തിരുന്നു.... ജോലിയിൽ ചേർന്നിട്ട് മാസം രണ്ട് തികയുന്നതേയുള്ളൂ. ഇതുവരെ ഡയറക്റ്ററെ അഭിമുഖീകരിച്ചിട്ടുമില്ല. കേട്ടറിഞ്ഞേടത്തോളം ആളൊരു ഭീകരനാണുതാനും.‌ ചെറിയ ഒരു ഭയം തോന്നാതിരുന്നില്ല. എന്തൊക്കെ യാണാവോ ചോദിക്കുക പി എ യുടെ ഇന്റർകോം മൂളുന്നു.‌ ചെല്ലൂ രവി പതിയെ പറഞ്ഞു. പടച്ചവനെ മനസ്സിലോർത്ത് വാതിൽ തള്ളിത്തുറന്ന് ഞാനകത്ത് കടന്നു. പിറകിൽ വാതിൽ സ്വയമടഞ്ഞു. മുന്നിൽ വലിയ മേശക്ക് പിറകിൽ തിരിയുന്ന സിംഹാസനത്തിൽ സിംഹമിരിക്കുന്നു. വലിയ കട്ടിക്കണ്ണട വെച്ച തേജസ്സുറ്റ മുഖം. അദ്ദേഹം മുഖമുയർത്തി ഞാൻ വിനയപൂർവ്വം ചിരിച്ചുകൊണ്ട് കൈകൾ കൂപ്പി.  അപേക്ഷ കയ്യിൽ കൊടുത്തു അത് നോക്കുക പോലും ചെയ്യാതെ അദ്ദേഹം അത് മേശപ്പുറത്ത് വെച്ചു. കണ്ണടയൂരി അതിനു മേൽ വെച്ച് എന്റെ നേരെ മുഖമുയർത്തി.
എന്റെ മുഖത്തേക്ക് തറപ്പിച്ച് നോക്കിക്കൊണ്ട് അദ്ദേഹം ചോദ്യങ്ങൾ തുടങ്ങി.
അവിടെ എത്രഫീൽഡുമാന്മാരുണ്ട് ?
നാല് പേരുണ്ട് സർ
എത്ര റെഗുലർ എത്ര ഡെയ്ലി പെയ്ഡ് ?
ഞാനും ഗോപാലകൃഷ്ണൻ നായരും റെഗുലർ ഉതുപ്പും വത്സനും ഡെയ്ലി പെയ്ഡ്.
വത്സനു രാഷ്ട്രീയ പ്രവർത്തനമുണ്ടോ ?
അറിഞ്ഞ്കൂടാ സാർ. രാവിലെ എട്ടുമണിക്ക് ഫീൽഡിൽ പോകും അഞ്ചര മണിക്കാണ് തിരിച്ചെത്തുന്നത് ഭക്ഷണം ഫീൽഡിലേക്ക് എത്തിച്ച് തരികയാണ്. വന്നാൽ പിന്നെ എവിടെയെങ്കിലും കിടക്കും. രാഷ്ട്രീയം പറയാനൊന്നും സമയം കിട്ടുന്നില്ല സാർ.
അവിടെ ഒരു നോട്ടീസ് ഇറങ്ങിയിട്ടുണ്ടല്ലോ ആരാണ് അതിന്റെ പിന്നിൽ ? ഞാൻ ലീവിലായിരുന്നു സർ.
ലീവിലായിരുന്നു എന്ന മുടന്തൻ ഞ്യായങ്ങളൊന്നും എന്റെ അടുത്ത് വിലപ്പോകില്ല നേരാം വണ്ണമാണെങ്കിൽ നിനക്കിവിടെ നല്ല ഭാവിയുണ്ട്. അല്ല ഗുരുത്വക്കേട് കളിക്കാൻ ശ്രമിച്ചാൽ കാലിന്റെ മുട്ട് ഞാൻ തല്ലിയൊടിക്കും. എനിക്കദ്ദേഹം തമാശ പറഞ്ഞതാണെന്നാണു തോന്നിയത്.
ഞാൻ ഭവ്യതയോടെ ചിരിച്ചു. അദ്ദേഹം തുടർന്നു ഇങ്ങനെ ആയാൽ പോരാ. അവിടെ നടക്കുന്നതൊക്കെ അറിയണം. എന്നിട്ട് ഇവിടെ വന്ന് പറയണം എന്നോട് പറയേണ്ട. കലാമിനെയോ ഘോഷിനെയോ അറിയിക്കണം...
എനിക്ക് കാര്യം പിടികിട്ടി... ഞാനൊരു ചാരനാകണം എന്നാണിദ്ദേഹം ഉദ്ദേശിക്കുന്നത്. അന്നും ഞാല്പം ആദർശവാദിയായിരുന്നു....
വളരെ നാടകീയമായി ഞാൻ രണ്ടടി പിറകോട്ട് വെച്ചു. അദ്ദേഹത്തെ തൊഴുതു എന്നിട്ട് വിനയപൂർവ്വം പറഞ്ഞു. സർ ഞാനെന്റെ ഉപ്പയുടെ മൂത്ത മകനാണ്. ഉമ്മ മരിച്ചിരിക്കുന്നു വീട്ടിൽ എളേമയാണ്. കഴിയും വേഗം നാട്ടിൽ ഒരു ജോലികിട്ടി അങ്ങോട്ട് പോകണം എന്നാണ് എന്റെ പ്രാർത്ഥന. അതുവരെ ഞാൻ പാലുതരുന്ന കൈക്ക് കടിക്കുകയുമില്ല, എന്റെ സുഹൃത്തുക്കളുടെ കുറ്റം പറയാൻ വരികയുമില്ലാ...
ഈ സംഭാഷണം ഒരു പക്ഷേ ഭാവിയെക്കുറിച്ച്  വലിയ സ്വപ്നങ്ങളൊന്നുമില്ലാത്ത പക്വതയെത്താത്ത ഒരു ഇരുപതുകാരന്റെ ജല്പനമായിരുന്നിരിക്കാം. പക്ഷേ അദ്ദേഹത്തിൽ അത് വലിയ മതിപ്പുളവാക്കി എന്ന് പിന്നീടുണ്ടായ സംഭവങ്ങളിൽ നിന്നും ഞാൻ മനസിലാക്കി...
അദ്ദേഹം എന്റെ സബ്മിഷന്റെ മുകളിൽ നിന്നും കണ്ണടയെടുത്തണിഞ്ഞു. വീണ്ടും എന്റെ മുഖത്തേക്ക് നോക്കിയശേഷം അപേക്ഷ നിവർത്തി അതിൽ വടിവൊത്ത കൈപ്പടയിൽ Pay Rupees 4500/- to Mr Koya എന്നെഴുതി ഒപ്പ് വെച്ച് കടലാസ് എനിക്കു നേരെ നീട്ടി...  ഒരിക്കൽ കൂടി അദ്ദേഹത്തെ തൊഴുത് ഞാൻ വാതിൽ തുറന്ന് പുറത്തുകടന്നു. രവിയോട് കുശലം പറഞ്ഞ് താഴേക്കിറങ്ങി. കടലാസ് കാഷ്യർ നാരായണന്റെ കയ്യിൽ കൊടുത്ത് പൈസയും വാങ്ങി പരിപ്പുതോട്ടിലേക്ക് തിരികെനടന്നു. എനിക്കൊരിക്കലും മറക്കാൻ കഴിയാത്തതായി സർവ്വീസിൽ ആദ്യമായി എന്റെ മേലധികാരിയുമായുള്ള ഈ അഭിമുഖം. തുടർന്നുണ്ടായ നാല്പതു വർഷത്തെ സർവ്വീസിൽ ആരുമായും മുഖത്തു നോക്കി കാര്യം പറയാനുള്ള കഴിവ് അന്നാണെനിക്ക് കൈവന്നത് എന്ന് ഞാൻ കരുതുന്നു. എല്ലാവരും ഒരു ഹിംസ്ര ജന്തുവെപ്പോലെ ഭയപ്പെടുന്ന അദ്ദേഹം പിന്നീട് ഒരിക്കല്പോലും എന്നോട് കോപിക്കുകയോ ഔദ്യോഗികഭാഷയിൽ പറഞ്ഞാൽ എന്നെ ചാടിക്കുകയോ ചെയ്തിട്ടില്ല. പിറ്റേവർഷത്തെ ഏറ്റവും നല്ല ഫീൽഡുമാനുള്ള അവാർഡ് നൽകി അദ്ദേഹം എന്നെ ആദരിക്കുക കൂടി ചെയ്തു. എന്റെ നിലപാട് സർ അംഗീകരിച്ചു എന്നതിന്ന് അതെനിക്ക് തെളിവായി.  ആ സർട്ടിഫിക്കെറ്റ് എനിക്ക് പിൽകാലത്ത് വലിയ ശക്തിയാവുകയും ചെയ്തു....
പക്ഷേ ഒരു ദോഷമുണ്ടായതെന്താണെന്ന് വെച്ചാൽ ആ സർട്ടിഫിക്കെറ്റ് ഞാൻ നായരുടെ ഒറ്റുകാരനായതു കൊണ്ട് എനിക്ക് കിട്ടിയതാണ് എന്ന് എന്റെ ഒരു പാട് സുഹൃത്തുക്കൾ കുറേകാലം വിശ്വസിച്ചു. പിന്നീട് ഫാമിലുണ്ടായ ഐതിഹാസികങ്ങളായ രണ്ട് സമരങ്ങളിൽ എന്റെ സജീവമായ പങ്കാളിത്വം അനുഭവിക്കുന്നതുവരെ  ആധാരണ അവരിൽ നില നിൽകുകയും ചെയ്തു എന്ന് പറയാം.
അതെ അതങ്ങനെയാണ്. നമുക്ക് നമ്മെക്കുറിച്ച് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താൻ കഴിയുകയില്ല.
പിന്നീടുണ്ടായ സർവ്വീസിലത്രയും ഡയറക്റ്റർമാരുമായുള്ള ബന്ധത്തിൽ അതേ നിലപാടാണ് ഞാൻ സ്വീകരിച്ച് പോന്നത്. ഒരിക്കലും എനിക്കതിൽ ഖേദിക്കേണ്ടി വന്നിട്ടില്ല. ഒരാളുടെ കാര്യത്തിലൊഴികെ ഈ നിലപാട് അപ്രായോഗികമാവുകയും ചെയ്തിട്ടില്ല. അത് രണ്ടായിരത്തി രണ്ടു മുതൽ ഐ ഐ എസ്‌ ആറിൽ ഡയറക്റ്ററായിരുന്ന ഡോക്റ്റർ പാർത്ഥസാരഥിയുടെ കാര്യത്തിലായിരുന്നു. കാരണം അദ്ദേഹം അരേയും കേൾക്കുമായിരുന്നില്ല. ഉച്ചത്തിൽ കേൾപ്പിക്കുക മാത്രം ചെയ്തു പോന്നു.... കൂടെ  ഇടക്കിടെ ഓരോ പ്രഖ്യാപനവും.   " I don't want jumping horses I want yielding donkeys "  കഴുതകളാകാൻ തയ്യാറില്ലാത്തവരുടെ കൂട്ടത്തിലായതുകൊണ്ട് ഞാനും അദ്ദേഹത്തിന് ശത്രുവായി....

No comments: