Friday, February 15, 2019

യാത്രാരംഭം

വീട്ടിൽ നിന്നിറങ്ങിയപ്പോൾ അല്പം വൈകി. അഞ്ചേ പത്തായി, ഇനി കാടമ്പുഴ കിട്ടുന്നകാര്യം കഷ്ടിയാണ് എന്ന് കരുതിയതാണ് പക്ഷേ കുറച്ചേ നടന്നുള്ളു പിറകിലൊരു ലോറിവന്ന് നിന്നു. നോക്കുമ്പോൾ അയൽ വാസി മുസ്തഫ. ഓങ്ങല്ലൂർ വരെ ലോറിയിൽ അവിടെയിറങ്ങിയതും  ബൈക്കിൽ ഒരു ചെറുപ്പക്കാരൻ ഹെൽമെറ്റിനാൽ മറഞ്ഞമുഖം, കുഞ്ഞാപ്പുകാക്ക കേറിക്കോളിൻ ഞാൻ പട്ടാമ്പിക്കാ... ആരായാലും എന്റെ ഓമനപ്പേരറിയുന്ന ആളെ നല്ലവണ്ണം മനസിലായി എന്ന് ഭാവിച്ച് കയറി നാട്ടുവർത്തമാനങ്ങൾ പറഞ്ഞ് പട്ടാമ്പി വലിയ പള്ളിയുടെ മുന്നിലിറങ്ങിയപ്പോൾ സമയൻ അഞ്ചര....
ഇതൊക്കെയാണ് മൂപ്പരുടെ കളികൾ നേരം വൈകുമെന്ന് കരുതിയ അന്ന് കുറേ നേരത്തെയെത്തുന്നു. പള്ളിയിൽ കയറി നമസ്കരിച്ചു മാർക്കറ്റ് റോടിന്റെ അറ്റത്ത് മീൻ നാറ്റം അല്പം കുറവുള്ള കടയിൽ കേറി സമൃദ്ധമായി പ്രാതൽ കഴിച്ചു. പുട്ട് പപ്പടം ഇത്യാദി. സ്റ്റേഷനിലേക്കുള്ള കുറുക്കുവഴി ഇരുൾ മൂടിക്കിടക്കുന്നു. വെറുതേ ആകാശത്തേക്കൊന്നു തലയുയർത്തി നോക്കി. ശോഷിച്ച ചന്ത്രക്കലക്ക് രണ്ടുമൂന്ന് ഇതളുകൾ... ങും... കണ്ണടയുടെ ദൂരക്കാഴ്ചയും മങ്ങിത്തുടങ്ങി. ചില്ലുകൾ മാറാൻ സമയമായി. മനസിനെ വിമൂകമാക്കുന്ന  പിൻ നിലാവിന്റെ മങ്ങിയ വെട്ടത്തിൽ മുഹിയദ്ദീൻ ശൈ ഖിന്റെ "നിസ്കാരമില്ലാ പള്ളി"യുടെ വശത്തുകൂടി തപ്പിത്തടഞ്ഞ് റെയിൽ പാതമേൽ കയറി സ്റ്റേഷനിലേക്ക്... ഇനി മെയിൽ വരുന്നതുവരെ കൊതുകുകടികൊള്ളാം  എഫ് ബി നോക്കാം അങ്ങനെ പല പരിപാടികൾ...

No comments: