Wednesday, February 13, 2019

കൊണ്ടൂരക്കുന്ന്

വള്ളിട്രൗസറിട്ട ഒരു മെലിഞ്ഞകുട്ടി നാലുകെട്ടിന്റെ പൂമുഖത്തിണ്ണയില്‍  കമഴ്ന്നുകിടന്ന് തെക്കോട്ട് നോക്കുന്നു... തെങ്ങും കവുങ്ങും നിറഞ്ഞ തൊടിക്കപ്പുറം പച്ചപുതച്ച് പാടം പാടത്തെമുറിച്ച് പടിഞ്ഞാറോട്ട് നീളുന്ന റെയില്‍ പാളം അതിനപ്പുറം പഞ്ചാര മണല്‍ തിട്ടയ്കു നടുവിലൂടെ ഒഴുകുന്ന നിള ... പിന്നെ കരിമ്പനകള്‍ തലയുയര്‍ത്തി നില്കുന്ന വയലുകള്‍ക്കപ്പുറം ഒരു കോട്ടപോലെ കൊണ്ടൂരക്കുന്നും ... അതെ അതായിരുന്നു അവന്റെ  ആരാമം താഴ് വാരത്തിലൂടെ നിളയൊഴുകുന്ന ആരാമം
വാർദ്ധക്യത്തിലെ കറുത്തു മങ്ങിയ കാഴ്ചകൾ ബാല്ല്യത്തിലെ നിറമാർന്ന കാഴ്ചകളെ മായ്ക്കുന്നു. ഇന്ന് നാലുകെട്ടില്ല കമഴ്ന്ന് കിടന്ന് തെക്കോട്ടു
നോക്കാൻ പൂമുഖത്തിണ്ണയില്ല തെങ്ങും കവുങ്ങും നിറഞ്ഞിരുന്ന തൊടിയിൽ തൽസ്ഥാനത്തൊരുപാട് കോൺക്രീറ്റ് സൗദങ്ങൾ. പച്ചപിടിച്ചു കിടന്നിരുന്ന പാടങ്ങൾ കാടും പടലും പടർന്ന് കയറി ആൾപെരുമാറ്റമറ്റു വിജനമായി... ജീവനറ്റ പുഴയുടെ ജഡം പാഴ്ചെടികൾ മൂടിമറമാടി. കളിമണ്ണു കോരി വികൃതമാക്കപ്പെട്ട ജീവനറ്റ വയലുകൾക്കപ്പുറം... സ്വപനത്തിലൊരു കോട്ടപോലെ ഉയർന്നു നിന്ന കോണ്ടൂരക്കുന്ന് പാറ തുരന്നും മണ്ണിടിച്ചും തീരാറായി...
അതെ പഴയകാഴ്ചകൾ തീർത്തും മായ്കപ്പെടുകതന്നെ യാണ്. വരും തലമുറയ്ക്ക് സങ്കല്പിക്കാൻ പോലും കഴിയാത്ത വിധം....
*****************************************************
ദേശമംഗലത്തും പരസരത്തും ഇടക്കിടെ അനുഭവപ്പെടുന്ന ഭൂചലനങ്ങളിലൂടെ ഭാരതപ്പുഴിയിൽ നിന്ന് കോരിമാറ്റിയ മണലും പാടങ്ങളിൽ നിന്ന് കുഴിച്ചെടുത്ത കളിമണ്ണും കൊണ്ടൂരക്കുന്ന് പൊട്ടിച്ചെടുത്ത പാറകളും പരിസരവാസികൾക്ക് നൽകുന്ന സന്ദേശം ആരും വായിച്ചെടുക്കുന്നില്ലല്ലോ...
Musthafa Winner

No comments: