Monday, February 18, 2019

യാത്ര

യാത്ര
വരൂ സമയമായി എന്ന സൗമ്യമായ ക്ഷണം കേട്ട് ഞാൻ മിഴികൾ തുറന്നു. എന്റെ നേരെ കൈകൾ നീട്ടിക്കൊണ്ടയാൾ‌ കട്ടിലിനു ചാരെ നില്കുന്നു.
പദ നിസ്വനങ്ങളൊന്നുമുണ്ടാക്കാതെ അയാളെന്റെ അടുത്തു വന്നതെങ്ങനെ എന്നു ഞാനതിശയിച്ചു. മുറിയുടെ വാതിലിപ്പോഴും അടഞ്ഞു തന്നെ കിടക്കുകയാണല്ലോ എന്നത് എന്നെ അന്ധാളിപ്പിക്കുകയും ചെയ്തു. പക്ഷേ അയാളുടെ മുഖത്തെ സൗമ്യഭാവം എന്നെ ഞെട്ടിക്കുകയോ  പരിഭ്രാന്തനാക്കുകയോ ചെയ്തില്ല. അയാൾ സുന്ദരനായിരുന്നു വെളുത്ത മുഖത്ത് വെട്ടിയൊതുക്കിയ കറുത്ത താടിയും  ജ്വലിക്കുന്ന കണ്ണുകളും  ചീകിയൊതുക്കിയ കറുത്ത മുടിയും  കരുത്തനായ ഒരു ചെറുപ്പക്കാരൻ. അവളുടെ കൈകൾ എന്റെ ശരീരത്തിൽ നിന്നും പതിയെ എടുത്തുമാഅറ്റി ഞാനെണീറ്റു അയഞ്ഞവസ്ത്രത്തിൽ നിന്നെന്നപോലെ ഞാൻ എന്റെ ശരീരത്തിൽ നിന്നും പുറത്തു കടന്നു അയാളെന്റെ കൈ പിടിച്ചു കൊണ്ട് നടക്കാൻ തുടങ്ങി അടഞ്ഞു കിടക്കുന്ന വാതിലിന്നടുത്തെത്തിയപ്പോൾ ഞാൻ തിരിഞ്ഞു നോക്കി കട്ടിലിൽ എന്റെ പ്രിയതമയുടെ കൂടെ ഞാൻ കിടക്കുന്നുണ്ടായിരുന്നു. അടഞ്ഞു കിടക്കുന്ന വാതിലുകളിലൂടെ തന്നെ ഞങ്ങൾ പുറത്തു കടന്നു. മിറ്റത്തിന്റെ വലത്തേ കോണിൽ രണ്ടു ചെറുപ്പക്കാർ കൂടിയുണ്ടായിരുന്നു. എന്നെ അവരെ ഏല്പിച്ചിട്ട് ആദ്യത്തെയാൾ പറഞ്ഞു വാഹനമിപ്പോൾ വരും  ഇയാളെ ലക്ഷ്യത്തിലെത്തിക്കുക. അയാൾ അപ്രത്യക്ഷനായി എനിക്കായി വരാനിരിക്കുന്ന വാഹനത്തിന്നായി ചക്രവാളത്തിലേക്കു കണ്ണു നട്ട് ഞങ്ങൾ കാത്തിരിക്കവേ എന്നെ ആരോ കുലുക്കി വിളിക്കുന്നു സുബഹിയാകാറായി ഇന്ന് തഹജ്ജുദ് നമസ്കരിക്കുന്നില്ലേ ...........
യാത്രകഴിഞ്ഞു തിരിച്ചെത്തിയ ഞാൻ വല്ലാതെ വിയർത്തിരുന്നു.അവൾ ചോദിച്ചു എന്തു പറ്റി .... ഞാൻ പറഞ്ഞു ഒന്നും പറ്റിയില്ല പറ്റാനിരിക്കുന്നത് ഭാവനയിൽ കണ്ടു എന്നേയുള്ളൂ

No comments: