Tuesday, August 20, 2013

ഒന്നു പരിഭവിച്ചോട്ടേ


സര്‍വ്വേശ്വരാ... യാ ഇലാഹീ
നിനച്ചിരിക്കാതെ എനിക്കു നീനല്കി ഞാനര്‍ഹിക്കാത്ത പലതും
വലിയ രോഗങ്ങളൊന്നുമില്ലാത്ത ശരീരവും
ഉള്ളതുകൊണ്ടോണം തീര്‍ക്കാന്‍ കെല്പുള്ള ഒരു മനസ്സും
ഒരു കൊച്ചുഭവനവും കണ്ണിന്നു കുളിര്‍മ്മയായി അതിലേക്കൊരിണയും
പിന്നെ സമര്‍ത്ഥരായ മക്കളും,മരുമക്കളും പേരക്കിടാങ്ങളും
ഏതു പ്രതിസന്ധിയിലും എന്നോടൊത്തുനില്കുന്ന സഹോദരങ്ങളും
എന്റെ ഉന്നതിയില്‍ ആത്മാഭിമാനം കൊള്ളുന്ന രക്ഷിതാക്കളും
എന്റെ കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണി ച്ചെന്നെ തിരുത്താന്‍ ശ്രമിക്കുന്ന
സ്നേഹസമ്പന്നരായ ചങ്ങാതിമാരുടെ ഒരു കൂട്ടവും
ഇനിയെനിക്കെന്തുവേണമെന്നു ഞാനതിശയം കൂറവേ
ഇതാ
ഇവയിലേറ്റവും മുഖ്യമെന്നു വൈകിമാത്രം ഞാന്‍ തിരിച്ചറിഞ്ഞ
എന്റെ ഇണയെ നീ തിരിച്ചെടുത്തിരിക്കുന്നു....
നിന്റെ അനുഗ്രഹങ്ങള്‍ ഞാന്‍ തിരിച്ചറിഞ്ഞത് അവളിലൂടെയായിരുന്നു എന്ന്
ഒരു നടുക്കത്തോടെ ഞാനറിയുന്നു
ആ അറിവ് എന്നെ കാലിയാക്കുന്നു...
ഞാനിതാ ഇവിടെയൊറ്റയ്ക്ക് , ഹരിതാഭ മാഞ്ഞുപോയ പുല്‍മേടുപോലെ
ആളൊഴിഞ്ഞ ഭവനംപോലെ ... ഉറവവറ്റിയ കിണറുപോലെ
മണല്‍ കോരിവികൃതമാക്കപ്പെട്ട പുഴപോലെ വറ്റി വറുതിപൂണ്ട തടാകം പോലെ
മരണത്തിന്നുമുന്നേ ആത്മാവു കൈമോശം വന്ന മനുഷ്യ നെപ്പോലെ
വിമൂകമാമൊരു ഒരു വേനല്‍ കാല സന്ധ്യ പോലെ …..
നിന്റെ സൃഷ്ടികള്‍ക്ക് നന്മയല്ലാതൊന്നും നീ വരുത്തുകയില്ല എന്ന്
എന്റെ മനസ്സിനെ ബോധിപ്പിക്കാന്‍ കിണഞ്ഞ് ശ്രമിച്ച് കൊണ്ട്‌ തന്നെ
എന്റെ നാഥാ
ഞാന്‍ നിന്നോടൊന്ന് പിണങ്ങിക്കോട്ടേ ചെറുതായിട്ടൊന്ന് പരിഭവിച്ചോട്ടേ ….

1 comment:

abduthai said...

ഗദ്യ കവിത.
നല്ല വിഷയം
ഭാഷ വിഷയത്തിനനുസരിച്ച് ഭംഗിയായില്ലെന്ന തോന്നലുണ്ട്