Friday, October 26, 2018

കാലം ഒരു സ്മാരകശിലകൂടി സ്ഥാപിച്ചിരിക്കുന്നു.

മലയാളത്തിന്റെ  പ്രിയപ്പെട്ട സാഹിത്യകാരൻ പുനത്തിൽ നമ്മെവിട്ടുപോയിരിക്കുന്നു. സ്മാരക ശിലകൾ, മരുന്ന്, കന്യാവനങ്ങകൾ, അലീഗഡിലെ തടവുകാരൻ, തുടങ്ങിയ നോവലുകളിലൂടെ അദ്ദേഹത്തെ ഞാൻ പരിചയപ്പെട്ടു. അതിൽ സ്മാരകശിലകളോടാണു പെരുത്ത് ഇഷ്ടം. കാരണം സ്മാരകശിലകളുടെ പശ്ചാത്തലവും ഒരു  കാരക്കാട് എന്ന ഗ്രാമത്തിലായതുകൊണ്ടാകാം. ഗ്രാമത്തിന്റെ ഓരത്തൊരു വലിയപള്ളിയുണ്ട്. അതി പുരാതനമായ പളളി. പള്ളിയേയും ഗ്രാമത്തേയും മുറിച്ചു കൊണ്ട് കടന്നു പോകുന്ന തിവണ്ടിപ്പാതയുമുണ്ട്. ഇതൊക്കെ എന്റെ ഗ്രാമമായ കാരക്കാട്ടുമുണ്ട്. ഇവിടെ പള്ളിക്കു പുറകിൽ കടലിനു പകരം പുഴയാണെന്ന് മാത്രം. പുലർ കാലങ്ങളിൽ ഗ്രാമങ്ങളിലൂടെയും  കടൽ കരയിലൂടെ യുമൊക്കെ കുതിരപ്പുറത്ത്  ചുറ്റിയടിച്ച നാട്ടുപ്രമാണി ഖാൻബഹദൂർ പൂക്കോയത്തങ്ങൾക്ക് പകരം പുഴയോര ങ്ങളിലൂടെ  സവാരിചെയ്തത് വയ്യാട്ടുകാവിൽ ചേക്കാമു എന്ന പ്രാമാണിയായിരുന്നു എന്നും  കേട്ടിട്ടുണ്ട്.  അതുകൊണ്ടൊക്കെ കൂടിയാകാം സ്മാരകശിലകൾ എന്റെ മനസിൽ സ്ഥാപിതമായത്.
ഈയിടെയായദ്ദേഹം''യാഅയ്യുഹന്നാസ്'' ( അല്ലയോ ജനങ്ങളേ ) എന്ന ഒരു നോവലിന്റെ പണിപ്പുരയിൽ  ആയിരുന്നു എന്ന് മീഡിയാവണ്ണിനോടാണെന്ന് തോന്നുന്നു ഒരഭിമുഖത്തിൽ പറഞ്ഞതായി  ഓർക്കുന്നു....അത് അദ്ദേഹം എഴുതിത്തീർത്തുവോ ആവോ ?
അതേകുറിച്ചദ്ദേഹം സംസാരിച്ചപ്പോൾ ആസ്വരത്തിൽ തന്റെ പഴയ നിലപ്പടുകളിൽ നിന്ന് ഒരു തിരിച്ചു പോക്കിന്റെ ധ്വനിയുണ്ടായിരുന്നു....നോവലിനദ്ദേഹമിട്ട പേരിലും അത് പ്രകടമാണ് . അതെവിടെ എത്തയാവോ? മലയാള സാഹിത്യത്തിൽ മായാത്ത മുദ്ര ബാക്കിയാക്കി ത്തന്നെയാണദ്ദേഹം തിരിച്ചുപോയിരിക്കുന്നത്.
സ്‌മാരകശിലകൾ’ 1978 ലെ കേരള സാഹിത്യ അക്കാദമി അവാർഡും 1980 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും 1999 ലെ മുട്ടത്തുവർക്കി സ്‌മാരക അവാർഡും ‘മരുന്നിന്’ വിശ്വദീപം പുരസ്‌കാരവും (1988) സമസ്‌ത കേരള സാഹിത്യ പരിഷത്ത് അവാർഡും (1990) ലഭിച്ചിട്ടുണ്ട്. ചെറുകഥയ്‌ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ 1979 ലെ പുരസ്‌കാരത്തിനു പുറമേ സാഹിത്യരംഗത്തെ പ്രവർത്തനത്തെ മുൻനിർത്തി രാജീവ് ഗാന്ധി ഫൗണ്ടേഷൻ അവാർഡും (1998) ഒക്കെ അദ്ദേഹം പതിപ്പിച്ച മുദ്രകൾ...
സർവ്വേശ്വരനദ്ദേഹത്തിനു പൊറുത്ത് കൊടുക്കുമാറാകട്ടെ. ആത്മാവിന്നു ശാന്തി നൽകുമാറാകട്ടെ ....

No comments: