Wednesday, October 24, 2018

കൊടപ്പാറമുതൽ....

കൊടപ്പാറമുതൽ ചങ്ങണം കുന്നു വരെയാണ്‌ ഞങ്ങളുടെ പുഴ. കാരക്കാട്ടുകാരുടെ സ്വന്തം പുഴ....കൊടപ്പാറ കയം  മുക്രിക്കടവ് മാമരു കുണ്ട് പിന്നെ ചങ്ങണം കുന്നു കയവും   ....
കുളിക്കാനും കൃഷിനനക്കാനും പ്രകൃതിയുടെ വീളികേൾക്കാനും ഒക്കെ ഞങ്ങൾ പുഴയെ ആശ്രയിച്ചു. പുഴ ഞങ്ങൾക്കെല്ലാമായിരുന്നു. കുട്ടികൾക്ക് കളിസ്ഥലവും അദ്ധ്വാനിച്ചു തളർന്ന മുതിർന്നവർക്ക് വൈകുന്നേരങ്ങളിൽ വിശ്രമസ്ഥലവും. എപ്പോഴെങ്കിലും വായ്കു രുചിയുള്ള കറി വെയ്കാനുള്ള നല്ല പുഴമീനും നിള ഞങ്ങൾക്കുതന്നിരുന്നു.സ്വന്തമായി ഭൂമിയില്ലാത്തവർ പുഴക്കരയിൽ പച്ചക്കറികൃഷിയും ചെയ്യുമായിരുന്നു.
കിഴക്ക് കുടപ്പാറ് കാവ്.  കുടപ്പാറ പൂരം നടക്കുന്ന കൊടപ്പാറ കാവ് ഒരാലിൻ ചുവട്ടിലാണ്‌. അമ്പലമോ ക്ഷേത്രമോ അവിടെ ഇല്ല. അമ്പലം കൊടപ്പാറ കയത്തിനടിയിൽ ആണ്‌ എന്നാണ്‌ ഐതിഹ്യം അവിടത്തെ ദേവിയുടെ പേര്‌‌ കാരക്കാട്ടമ്മ എന്നാണെന്നും കേട്ടിട്ടുണ്ട്.പിന്നെ കാരക്കാട്ടെ വലിയ പള്ളിയും അതിനു ചുറ്റും മീസാൻ കല്ലുകൾ തലഉർത്തി നില്കുന്ന വലിയ ശ്മശാനവും. അതിന്നു തെക്കേ അരികിലൂടെ  പുഴ. ഈഭാഗത്തെ മുക്രിക്കടവ്‌ എന്നു വിളിക്കുന്നു.. മുക്രിക്കടവിനും  മാമരുകുണ്ടിനു മിടയിൽ പഞ്ചാരമണൽ തിട്ട.. പണ്ടത്തെ കാരക്കാട്ടെ കുട്ടികൾ ഓടിക്കളിച്ച് വളർന്ന മണൽ തുരുത്ത്. ഞങ്ങളതിനെ തിരുത്ത് എന്നു വിളിച്ചു. വൈകുന്നേരങ്ങളിൽ പടിഞ്ഞാറു നിന്നും വീശുന്നകാറ്റേറ്റ് കുട്ടികൾ മണൽ തിട്ടക്കു മേലെ ഓടിക്കളിക്കും... ഉണങ്ങിയ കരിമ്പനയോലകൊണ്ട്  ചക്രങ്ങളുണ്ടാക്കി നിലത്തു വെച്ചാൽ കാറ്റിൽ അത് വളരെ വേഗത്തിൽ കിഴക്കോട്ട് ഉരുണ്ടു പോകും അതിന്റെ പിന്നാലെ കുട്ടികളും  ചിലപ്പോൾ കുടപ്പാറവരെ ഓടിയാലും പിടിക്കാൻ പറ്റില്ല. മുപ്പതു വയസ്സിനു മേൽ പ്രായമുള്ള ഏതുകാരക്കാട്ടുകാരന്റെയും മനസിൽ തിളങ്ങുന്ന ഓർമ്മയായ് ഗൃഹാതുരത്വം സൃഷ്ടിച്ചുകൊണ്ട് പുഴ കുടികൊള്ളുന്നു.
പിന്നീട് ഒരു സെൽഫോണും മോട്ടോർ സൈക്കിളുംകൊണ്ട് സായൂജ്യമടയുന്ന പുതിയ തലമുറിയന്മാരുടെ കാലമായി  മണലിന്റെ മൂല്ല്യം  കണ്ടെത്തി. തൽ ഫലമായി പുഴ ഇന്ന് ഒരു ചെളിക്കുണ്ടായി... പിന്നെ കോഴിയിറച്ചിയുടെയും, ധൂർത്തടിച്ച് ഭാക്കിയാവുന്ന ഭക്ഷണങ്ങളുടേ യും പ്ലാസ്റ്റിക്കിന്റേയും അവശിഷ്ടങ്ങൾ കൊണ്ടു പോയ് തട്ടാനുള്ള ഇടവും ...

********************************************************************************
പതിനെട്ടു വയസ്സുമുതൽ എന്റെ ഗ്രാമത്തിൽ നിന്നകന്നു നിന്ന ഞാൻ, ജോലിചെയ്തിരുന്നേടത്ത് കുറഞ്ഞവിലക്ക് ഇതിനേക്കാൾ മനോഹരങ്ങളായ സ്ഥലങ്ങൾ കിട്ടാനുണ്ടായിട്ടും, അവിടെയുള്ളവരൊക്കെ സ്നേഹപൂർവ്വം ക്ഷണീച്ചിട്ടും ഞാനെന്റെ ഗ്രാമത്തിലേക്കോടി വന്നത് എന്റെ പുഴയുടെ മരണത്തിനു സാക്ഷിയാവാനായിരുന്നുവോ...?
ആയിരിക്കാം.....

No comments: