Sunday, October 14, 2018

കരണ്ട് കട്ട് നൽകുന്ന നിർവൃതി

പതിവു പോലെ ഇന്നും കൃത്യം ഏഴുമണിക്ക് കരണ്ട് പോയി.ഞാൻ ക്വാർട്ടേഴ്സിന്റെ മുന്നിലുള്ള റോഡിൽ വന്നിരിപ്പായി. വൈകുന്നേരം നല്ല ഇടിമിന്നലുണ്ടായിരുന്നു. നേരിയമഴയും.  എല്ലാം ശമിച്ചിരിക്കുന്നു.  സുഖകരമായ നേരിയ തണുപ്പ്. ഒരു മിന്നാമിനുങ്ങിന്റെ വെളിച്ചം പോലുമില്ലാത്ത രാത്രി. ഞാൻ ആകാശത്തേക്കു നോക്കി. രാവിനു കട്ടിയേറും തോറുംനക്ഷത്രങ്ങൾക്ക് പ്രഭയുമേറുന്നു. രാപ്പാടികളാരും പാടുന്നില്ല എങ്കിലും  ചീവീടുകളുടെ ഗാനമേള കേൾക്കാം ദൂരെ ഡാമിന്റെ സ്പിൽ വേയിലൂടെ താഴേക്ക് പതിക്കുന്ന വേള്ളത്തിന്റെ ഇരമ്പവും ഇടക്കിടെ ദൂരെ പൂഴിത്തോട്ടേക്കുള്ള നിരത്തിലൂടെ പോകുന്ന വണ്ടികളുടെ ശബ്ദവും...
ശാന്തമായ രാവിന്റെ നിർവൃതിയിലാണ്ട് അനന്തമായ വാന ലോകത്തേക്ക് കണ്ണയച്ച് മനസിനെ ശൂന്യമാക്കി ഞാനിരിക്കവേ രസച്ചരടറുത്തുകൊണ്ട് കരണ്ട് വന്നു. അടുത്തൊരു പദവിന്യാസം.നോക്കുമ്പോൾ വലിയൊരു കാട്ടു മുയൽ രണ്ട് കാലിലുയർന്ന് നിന്ന് എന്നെ നോക്കുന്നു.                                     പോയിക്കിടന്നുറങ്ങെടാ ഞാനെന്തെങ്കിലും തിന്നട്ടെ എന്ന ഭാവത്തിൽ... എതിരൊന്നും പറയാതെ .ഞാനെണീറ്റു പോന്നു ഈ ഭൂമി അവനു കൂടി അവകാശപ്പെട്ടതാണെന്നാണല്ലോ സുൽത്താൻ പറയുന്നത്....

No comments: