Friday, July 6, 2018

ആശാരി നെഹറു

വെട്ടിയും തിരുത്തിയും വെട്ടിയും തിരുത്തിയും ഇനിയും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലാത്ത
ബാല്ല്യകാല സ്മരണകളിൽ നിന്ന്.
*********************************
പതിവുപോലെ അന്നും കുട്ടി കരഞ്ഞു. യ്ക് നെഹറൂനെ കാണണേയ്..... പുറത്ത് ഔട്ട് ഹൗസിൽ സ്വീകരണമുറിയിൽ തൂക്കിയിട്ടുള്ള ചാച്ചാജിയുടെ ഫോട്ടോ ആയിരുന്നു ഉദ്ദേശം. നെഹറുവിനെ കൂടാതെ മഹാത്മാഗാന്ധിജി, രാജേദ്രപ്രസാദ്, സുബാഷ് ചന്ദ്രബോസ് എന്നിവരുടെ ചിത്രങ്ങളുമുണ്ടായിരുന്നു അവിടെ. കൂട്ടത്തിൽ കുട്ടിയെ ഏറ്റവും ആകർഷിച്ചത് കോട്ടിന്റെ കുടുക്കിനിടയിൽ‌ ചുവന്ന‌പനിനീർ പൂ ചൂടി ചിരിച്ചു കൊണ്ടിരിക്കുന്ന ചാച്ചാജിയുടെ ചിത്രമായിരുന്നു. അന്നുമുതൽ ഇടക്കിടെ കുട്ടി നെഹ്രുവിനെ കാണാൻ വാശി പിടിക്കുക പതിവായി. ആരെങ്കിലും അവനെ വിശിഷ്ടാഥിതികൾ വരുമ്പോൾ മാത്രം തുറക്കാറുള്ള മുറിതുറന്ന് ചിത്രം കാണിക്കുന്ന്തുവരെ കരച്ചിൽ തന്നെ... അതായിരുന്നു. പതിവ്. അന്ന് നാലുകെട്ടിന്റെ മുറ്റത്ത് രാമനാശാരി പണിയുന്നുണ്ടായിരുന്നു. കരയുന്ന കുട്ടിയോട് രാമനാശാരി പറഞ്ഞു ന്നെ കണ്ടോളു കുട്ട്യേ നാനെന്ന്യാ നെഹറു. . പ്രായത്തിൽ കവിഞ്ഞ വളർച്ച യായിരുന്നു കുട്ടിയുടെ നാവിന്.കുട്ടി ചോദിച്ചു ങ്ങള് ആശാരി രാമനല്ലേ.. രാമൻ പറഞ്ഞു ആശാരി രാമന്നും പറയും ആശാരി നെഹറൂന്നും പറയും. കുട്ടി നോക്കി കഷണ്ടിത്തലയും വട്ടക്കണ്ണടയുമായി ഗാന്ധിയപ്പൂപ്പനെപ്പോലെ ആശാരിരാമൻ. അല്പനേരം കൗതുകത്തോടെ നോക്കിനിന്നശ്ശേഷം പറമ്പിൽ നിന്നും കുട്ടികളോടൊപ്പം കയറിവന്ന തള്ളപ്പൂ ച്ചയോടൊപ്പം കുട്ടി അടുക്കളയിലേക്കു പോയി..

ആശാരി നെഹറു II( തുടർച്ച )
*************************
നേരം പാതിരാ... വിശാലമായ വീട്ടു വളപ്പിന്റെ കിഴക്കു ഭാഗത്തുളള കരിമ്പനയുടെ മുകളിരുന്ന് കൂമൻ മൂളുന്നത് കേട്ടാണ് കുട്ടി ഉണർന്നത്. മുറിയുടെ കിളിവാതിലിലൂടെ പാറി വീണ നാലാവിന്റെ വെളിച്ചത്തിൽ കുട്ടി നോക്കി. ഉപ്പയും ഉമ്മയും തന്റെ രണ്ടു വശങ്ങളിലായി  ഉറങ്ങുകയാണ്. ഉമ്മയുടെ മേലേക്ക് ഒരു കാൽ കയറ്റിവെച്ച് കിടക്കുകയാണു കുട്ടി. ഉപ്പായുടെ നേരിയ കൂർക്കം വലി കേൾക്കാം. ദൂരെ പാടത്തിനപ്പുറത്തെ റെയിൽ പാതയിലൂടെ കൂവി ആർത്തു കൊണ്ട് ഒരു തീവണ്ടി പാഞ്ഞു പോയി.
കുട്ടിയുടെ മനസിലേക്ക് രാവിലത്തെ സംഭവങ്ങൾ ഓടിയെത്തി. മുറ്റത്തിരുന്ന് പണിയെടുക്കുകയായിരുന്ന രാമനാശാരി. നെഹറുവിനെ കാണണമെന്ന് ശാഠ്യം പിടിച്ച കുട്ടിയ്യോട് തനിക്ക് ആശാരി നെഹറു എന്നും ഒരു പേരുണ്ടെന്ന് പരിചയ പ്പെടുത്തിയ കാര്യം. ആശാരി നെഹറു... അയാളുടെ മുടിയില്ലാത്ത തലയും കണ്ണടയും കണ്ടാൽ ഗാന്ധിയാണെന്നേ തോന്നൂ എന്ന് കുട്ടി കൗതുകത്തോടെ ഓർത്തു. കുട്ടിക്ക് പെട്ടന്ന് മൂപ്പരെ ഒന്ന് കണ്ടാൽ കൊളളാമെന്നായി. ആഗ്രഹം കലശലായപ്പോൾ കുട്ടി ചിണുങ്ങാൻ തുടങ്ങി. ഉമ്മ പെട്ടന്ന് ഉണർന്നു. അതെന്നും അങ്ങനെയാണ്. താനൊന്ന് അനങ്ങിയാൽ ഉമ്മ ഉണരും. ഉപ്പവലിയ ഉറക്കക്കാരനാണ്. ഉമ്മ എണീറ്റ് പോയി ഒരു പാടു നേരം കഴിഞ്ഞേ ഉപ്പ ഉണരൂ. എന്താടാ നിനക്ക് പള്ളേല് വെരുത്താക്ണുണ്ടോ.
ഇല്ലാ...
തൂറണോ
വേണ്ടാ
ദാഹിക്ക്ണ് ണ്ടോ ?
ഇല്ലാ...
പിന്നെന്തിനാ കരയ്ണ്...?
യ്ക്ക് നെഹറൂനെ കാണണം...
കേൾക്കാനാളായപ്പോൾ ചിണുങ്ങൽ കരച്ചിലായി. ഉപ്പ ഉണർന്നു...
കരച്ചിൽ കൂടുകയാണെന്നു കണ്ടപ്പോൾ വല്ല്യ മുസീബത്തായല്ലോ പഹേനെക്കൊണ്ട് എന്നു പറഞ്ഞ് താഴെ ഓട്ട് ഹൗസിൽ പോയി ചുമരിൽ ചില്ലിട്ടു തൂക്കിയ ചാച്ചാജിയുടെ ചിത്രം കൊണ്ടു വന്നു.
പിന്നീടായിരുന്നു വിപ്ലവം. കുട്ടി ഫോട്ടോവിലേക്ക് നോക്കുകപോലും ചെയ്യാതെ പറഞ്ഞു യ്ക്ക് ഈ നെഹറൂന്യല്ലാ ആശാരി നേഹറൂനെ കാണണം.. ഉറക്കക്കമ്പക്കരനായ ഉപ്പാക്ക് ദേഷ്യം വന്നു വരണമല്ലോ... ധാരാളം അടികിട്ടി. മൂപ്പരുടെ ബെൽട്ട് കൊണ്ടായിരുന്നു പയറ്റ്. താഴെനിന്നും വെല്ലിമ്മയും അമ്മായിയും കുഞ്ഞുട്ടി എളാപ്പയും പാഞ്ഞുവന്നു. തടയാൻ ശ്രമിച്ച എളാപ്പാക്കും കിട്ടി രണ്ട്....
ഉമ്മ അവനെ സമാധാനിപ്പിച്ച് കിടക്കയിൽ കിടത്തി. തേങ്ങി ത്തേങ്ങി കുട്ടി മയക്കത്തിലേക്ക് താഴവേ അവന കേട്ടു പുറത്ത് കരിമ്പനയിൽ വീണ്ടും കൂമൻ മൂളാൻ തുടങ്ങിയിരിക്കുന്നു. ഉറക്കത്തിൽ തന്നെ തഴുകിയ ഉപ്പായുടെ കൈകൾ..... അവനുറപ്പായി.നാളെ ഉപ്പ പ്രത്യേകമായി
എന്തെങ്കിലും വാങ്ങിക്കൊണ്ടു വരും. അതങ്ങനെയാണ്. തല്ലിനെത്തുടർന്ന് സാന്ത്വനം പതിവായിരുന്നു...
അവൻ പിണക്കം നടിച്ചു  ഉമ്മായുടെ ഭാാഗത്തേക്ക് തിരിഞ്ഞു കിടന്ന് കാല് ഉമ്മായുടെ മേലേക്ക് കയറ്റിവെച്ച് ഉറങ്ങി...
**************************************************
ഇന്നും ഉറക്കം ഞെട്ടിപ്പോകുന്ന രാവുകളിൽ  ദൂരെ തെളിഞ്ഞുകാണുന്ന പൊൻ വെളിച്ചം പോലെ ഈങ്ങത്തൊടിയിലെ തറവാട്ടിൽ ഞാൻ അനുഭവിച്ച ബാല്ല്യം....
ഉമ്മായും ഉപ്പായും വെല്ല്യുമ്മയും  മൂത്താപ്പയും എളാപ്പമാരും അമ്മാവനും അന്നത്തെ കൂട്ടുകാരും. ആദ്യം ഉമ്മ പോയി കാലങ്ങൾക്കു ശേഷം മൂത്താപ്പയും ഉപ്പയും.....വെല്ല്യുമ്മയും..

No comments: