Wednesday, July 25, 2018

പ്രദർശനോന്മാദം

07.2016

പണ്ടാണ് എഴുപതുകളുടെ ആദ്യം. മലയാളി 'മുല' എന്നത് ഒരു അശ്ലീല പദമായി കരുതിയിരുന്ന കാലം, ഒരു ഭഗവദ്ഗീതയും കുറേ മുലകളും എന്ന ഒരു കഥ എഴുതി നമ്മുടെ ബേപ്പൂർ സുൽത്താൻ. അന്നത്തെ കാലാവസ്ഥ വെച്ചു പറയുകയാണെങ്കിൽ എഴുതിക്കളഞ്ഞു എന്നു വേണം പറയാൻ. സംഗതി പുക്കാറായി ബഷീർ അശ്ലീല മെഴുതുന്നു എന്നായി ചില സാഹിത്യ ത്തമ്പുരാക്കന്മാർ. സുൽത്താൻ ഒരു ചെറിയ ചോദ്യം മുന്നോട്ടു വെച്ചു.. മുലക്ക് മുല എന്നല്ലാതെ ഡുങ്കൂസ് എന്ന പറഞ്ഞാൽ പറ്റുമോ...കുഞ്ഞ് വിശന്നു കരയുകയാണെങ്കിൽ എടി എണീറ്റ് കുട്ടിക്ക് മുലകൊടുക്ക് എന്നല്ലാതെ കുട്ടിക്ക് ഡുങ്കൂസ് കൊടുക്ക് എന്ന് ആരെങ്കിലും പറയാറുണ്ടോ? സുൽതാന്റെ ചോദ്യം
ഉയർത്തിയ ചിരിയുടെ അലകളിൽ വിമർശം അലിഞ്ഞില്ലാതായി. അങ്ങനെയാണ് മലയാളത്തിൽ മുല അശ്ലീലമല്ലാതായത്.
മുല കൊടുക്കലിനെക്കുറിച്ചാണ് ചർച്ച എന്ന് പറയാനൊഴിവില്ലാതെ  മുല എന്നൊക്കെ പറയുന്നത് അശ്ലീലമല്ലേ ചുരുങ്ങിയത് അമ്മിഞ്ഞ എന്നെങ്കിലും ലഘൂകരിക്കേണ്ടതല്ലേ എന്ന് പറഞ്ഞ് ഇന്നും ചിലർ ചാടി വീണേക്കാമെന്നതു കൊണ്ടാണ് ചരിത്രം ആദ്യം വിളമ്പിയത്. എവിടെ വെച്ചും എങ്ങനെയും മുലകൊടുക്കൽ ഞങ്ങളുടെ ജന്മാവകാശമാണ് എന്നും അതിന് ക്യാമറയോ കാണികളോ തടസ്സമായിക്കൂടാ എന്നും പറഞ്ഞുകൊണ്ട് അതിനെ വീണ്ടും അശ്ലീലമാക്കാൻ സ്വതന്ത്ര വനിതകൾ രംഗത്തു വന്നതോടെ ഡുങ്കൂസ് വീണ്ടും ചർച്ചാവിഷയ മായിരിക്കുന്നു.
ഏതായാലും ഞാൻ എന്റെ അഭിപ്രായം പറയാം. ഒന്നാമത് മുലകൊടുക്കൽ അവരുടെ അവകാശമല്ല അവരുടെ കടമയാണ് എന്നാണ് എന്റെ ഒരു ഇത്. കഴുയുമെങ്കിൽ രണ്ട് വർഷം തികച്ചും കൊടുക്കുകയും വേണം. കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ വളർച്ചക്ക് അതിനേക്കാൾ നല്ല ആഹാരമോ മരുന്നോ വേറെ ഇല്ല. അതിനാൽ മുലകൊടുക്കൽ അമ്മയുടെ കടമയും കുഞ്ഞിന്റെ അവകാശവുമാകുന്നു. പിന്നെ പരസ്യമായി കൊടുക്കുന്നതിനും നമ്മുടെ നാട്ടിൽ വിലക്കുണ്ട് എന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല. ട്രൈനിലും ബസ്സിലുമൊക്കെ യാത്ര ചെയ്യുന്നവർ കൈകുഞ്ഞുങ്ങളു മായി യാത്രചെയ്യുന്ന സഹോദരിമാർ തങ്ങളുടെ മക്കൾക്ക് വിശന്നാൽ മുല കൊടുക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ടാകും. നേതാവിന്റെ പ്രയോഗം കടമെടുത്താൽ, ഇന്നേവരെ ആരും അതൊരു ഇശ്യൂ ആക്കിയിട്ടില്ല എന്നു വേണം പറയാൻ. പക്ഷേ അമ്മമാരാരും ആ മഹൽ‌ കർമ്മത്തെ  പരസ്യപ്പെടുത്താറില്ല എന്നുമാത്രം. അല്ലെങ്കിലും കുട്ടിക്ക് മുലപ്പാൽ എന്നല്ല ഏതു ഭക്ഷണം കൊടുക്കുന്നതിനും ഒരു ഒളിയും മറയുമൊക്കെ വേണമെന്ന് അവർ കരുതുന്നു. പിന്നെ അവകാശ സംരക്ഷണവും കർത്തവ്യ നിർവ്വഹണവുമൊക്കെ ക്യാമറക്ക് മുന്നിൽ തന്നെ വേണം എന്ന് തോന്നുന്നത് ഈ കാലഘട്ടത്തിന്റെ ഒരു പ്രശ്നമാണ് എന്ന് വേണം കരുതാൻ. ക്യാമറക്കു മുന്നിലേക്ക് പ്രസവിക്കുക ക്യാമറക്കു മുന്നിൽ മുലകൊടുക്കുക തുടങ്ങിയ ഏർപ്പാടുകൾ പണ്ടുണ്ടായിരുന്നില്ല എന്നുറപ്പ്.
അവകാശങ്ങളാണെങ്കിലും കടമകളാണെങ്കിലും അത് ചിത്രീകരിച്ച് പരസ്യം ചെയ്യണം എന്ന ഇത് അത്ര ഉചിതമല്ലാത്ത അവസരങ്ങളുമുണ്ടല്ലോ. ഉദാഹരണത്തിന് മനുഷ്യന്റെ അവകാശങ്ങളിൽ വളരെ മുഖ്യമാണ് ഇണചേരാനുളള അവകാശം. അതിന് സമൂഹം ഏർപെടുത്തിയിട്ടുളള നിബന്ധനകൾ പൂർത്തിയാക്കി മനുഷ്യൻ തന്റെ അവകാശം നേടുന്നു. മനുഷ്യ ജീവിതത്തിലേ ഏറ്റവും നിർവൃതിദായ കമായ ആ കർമ്മം ക്യാമറക്കുമുമ്പിൽ വെച്ചാകണമെന്ന് നാം ശാഢ്യം പിടിക്കാറില്ല. അതുപോലെ തന്നെ മൂത്രമൊഴിക്കുക കക്കൂസിൽ പോവുക തുടങ്ങിയവയും ഞ്യായമായ ആവശ്യങ്ങൾ തന്നെ. അവിടെയും ക്യാമറ വേണമെന്ന് നാം ശാഠ്യം പിടിക്കാറില്ല. തന്നെയുമല്ല മൂത്രപ്പുരയിലോ കക്കൂസിലോ ആരെങ്കിലും ക്യാമറവെച്ചാൽ അവനെ നാമൊട്ട് വെറുതെ വിടുകയുമില്ല. പിന്നെന്താ.....ഇനി മാതൃത്വത്തെയും വിസർജ്ജനത്തെയും സമീകരിച്ചുകളഞ്ഞു എന്നൊന്നും പറഞ്ഞ് എന്റെ മേക്കിട്ട് കയറരുത്... ജീവിതത്തിലെ സകലമാന മുഹൂർത്തങ്ങളിലും ക്യാമറവേണമെന്ന ചിന്ത അശ്ലീലമാണ് എന്ന തോന്നൽ പങ്കുവെക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ....

എക്സിബിഷനിസം എന്ന മനോവൈകല്ല്യം സമൂഹത്തിൽ പടരുന്നുവോ....?

No comments: