Sunday, March 3, 2019

മഴയുടെ സങ്കീർത്തനം

മയക്കത്തിൽ നിന്നുണർന്നപ്പോൾ മഴചാറാൻ തുടങ്ങിയിരുന്നു. പതിയെ അത് കനത്തു. കുറേ നേരം മഴ കണ്ടാസ്വദിച്ച ശേഷം അകത്തുകയറി മഴയനുഭവം കുറിച്ചു വെച്ചു. പുറത്ത് മഴപെയ്തു കൊണ്ടിരിക്കുക തന്നെയായിരുന്നു എന്ന് ഞാനറിഞ്ഞില്ല.
പെയ്ത മഴയുണർത്തിയ  ആമോദത്തിലാ യിരുന്നു ഞാൻ. എട്ടുമണിയോടെ കറന്റു പോയി. ഞാൻ വീണ്ടും വരാന്തയിലേക്ക് പോന്നു. അപ്പോഴാണറിയുന്നത് മഴ തിമർത്ത് പെയ്യുകതന്നെയാണ്. ഇരുട്ടിൽ ഇടക്കിടെ തെളിയുന്ന മിന്നലും അതുയർത്തുന്ന ഇടി നാദവും വീശിയടിക്കുന്നകാറ്റും അനുഭവിച്ചാസ്വദിച്ചു കൊണ്ടൊരു പാടു നേരം ഞാൻ പുറത്തിരുന്നു. ഇരുളിൽ എനിക്കെന്റെ മരങ്ങളെ കാണാം. മണിക്കൂറുകൾക്ക് മുമ്പ് ഉണങ്ങി നശിച്ചു പോയേക്കുമോ എന്ന ഭയത്താൽ ഞാൻ മഴക്കായി പ്രാർത്ഥിച്ച എന്റെ മരങ്ങൾ..നിശ്ശബ്ദം അവ തങ്ങളുടെ നാഥനെ പ്രകീർത്തിക്കുന്ന സങ്കീർത്തനങ്ങളെനിക്കു കേൾക്കാം. നാം പൊട്ടിച്ചു തകർക്കുന്ന പാറകളും ഇടിച്ചു നിരത്തുന്ന മലകളും മണൽ കോരി ഒഴിവാക്കുന്ന നദികളും തങ്ങളുടെ നാഥനെ അവയുടെ ഭാഷയിൽ പ്രകീർത്തിക്കുന്നുണ്ട്.
നിങ്ങൾ കേട്ടിട്ടുണ്ടോ പ്രകൃതിയുടെ സങ്കീർത്തനങ്ങൾ ?.  പക്ഷിമൃഗാദികളിലൂടെ വൃക്ഷ ലതാദികളിലൂടെ പ്രകൃതി ഉയർത്തുന്ന സങ്കീർത്തനങ്ങൾ. ഇല്ലെങ്കിൽ പ്രകൃതിയെ നിങ്ങൾ സ്നേഹിച്ചു തുടങ്ങുക. അതിനോട് സല്ലപിക്കുക. പതുക്കെ അവയുടെ ഭാഷ നിങ്ങൾക്ക് വശമാകും... വശമായിക്കഴിഞ്ഞാൽ  അവയുടെ സങ്കീർത്തനങ്ങളും നിങ്ങൾക്ക് കേൾക്കുമാറാകും.....
പ്രപഞ്ചത്തിന്റെ നിലനില്പിന്നാധാരമായ പ്രകൃതിയുടെ സംഗീതം. മനുഷ്യൻ പാടേ മറന്നു പോയ മൗനസംഗീതം. ഒരുനാൾ മനുഷ്യന്റെ ദുരകൊണ്ടത് നിലക്കും. അന്ന് പ്രപഞ്ചം നിശ്ചലമാവുകയും ചെയ്യും...
03-17

No comments: