Monday, March 25, 2019

മഴ തോർന്നപ്പോൾ

തപിച്ചുരുകുന്ന ആകാശത്തിനു കീഴെ തണുത്ത് വിറക്കുന്ന മഴക്കാലത്തെ ഓർക്കുന്നത് സുഖമുളള ഒരു  ഏർപ്പാടാണ്.......
നടുമിറ്റത്ത് ഉച്ചത്തിൽ പതിക്കുന്ന മഴയുടെ ശബ്ദം കേട്ടാണ് അവൻ ഉണർന്നത്. ഇച്ഛാഭംഗത്തോടെ അവനോർത്തു ഇന്നും മഴതന്നെ.
തലേന്ന് പകലും രാത്രി മുഴുവനും
മഴ തോരാതെ പെയ്തിരുന്നു. പുറത്തൊന്നും ഇറങ്ങാൻ ഒരു പഴുതുമില്ലാത്ത മഴ. കുട്ടിയുടെ ഒരു പാട് പദ്ധതികളാണ് മഴ മുക്കിക്കളഞ്ഞത്. മിറ്റത്തും തൊടിയിലും പാടത്തുമൊക്കെ ഓടിനടക്കേണ്ട ഒരൊഴിവു ദിവസം കോലായിൽ ഒതുങ്ങിക്കൂടേണ്ടി വരിക മഹാ മടുപ്പൻ പരിപാടിതന്നെ... കോലായത്തിണ്ണയിലേക്ക് ചാഞ്ഞ് മിറ്റത്ത് പെയ്യുന്ന മഴ നോക്കിക്കൊണ്ട് അവൻ ചിന്തയിലാണ്ടു... തൊഴുത്തിൽ നിൽകുന്ന പോത്തുകളും മൂരികളും തൊഴുത്തിന്റെ ഇറയത്ത് കയറിനിൽകുന്ന നനഞ്ഞൊട്ടിയ കോഴികളും മിറ്റം നിറഞ്ഞ്  പടിഞ്ഞാറോട്ടൊഴുകിപ്പോകുന്ന മഴവെള്ളവും തൊഴുത്തിനു മുകളിൽ പടർന്നു നിൽകുന്ന് മത്ത വള്ളിയിൽ വിടർന്നു നിൽകുന്ന മഞ്ഞപ്പൂക്കൾക്കകത്തേക്ക് പറന്നിറങ്ങിയ കറുത്ത വണ്ടും ഒന്നും അവന്റെ ശ്രദ്ധയെ പിടിച്ചു പറ്റിയില്ല. തൊടിക്കപ്പുറം പാടവും റെയിലും പുഴയുമൊക്കെ വെളുത്ത പുകപോലെപെയ്തിറങ്ങിയ മഴയിൽ മൂടിപ്പോയിരുന്നു....
മഴയുടെ ഇരമ്പം മെല്ലെ കുറഞ്ഞു വന്നു. മഴ മെല്ലെ തോരുകയാണ്. മഴയിൽ മൂടിയിരുന്ന കൊണ്ടൂരക്കുന്ന് മെല്ലെ പ്രത്യക്ഷപ്പെട്ടു. മാനത്തോടൊപ്പം മനവും തെളിഞ്ഞപ്പോൾ കുട്ടി വീട്ടിൽ നിന്നിറങ്ങി. അവൻ കുളക്കരയിലേക്കു ചെന്നു. അവിടെ നിന്നാൽ പാടവും പുഴയും പാതയും ദൂരെ കൊണ്ടൂരക്കുന്നും കൂടുതൽ തെളിഞ്ഞു കാണാം. മുകിലുകൾ മാഞ്ഞ് മാനം തെളിഞ്ഞു. കുന്നിനു നെറുകിൽ വെയിൽ പരന്നു. കുട്ടി കൗതുകത്തോടെ നോക്കുമ്പോൾ പുഴയും പാടവും കുളവും ഒന്നായിരിക്കുന്നു. കണ്ടാറിപ്പാടത്ത് നടാൻ വേണ്ടി പറിച്ച് കൂട്ടിയിരുന്ന ഞാറ് പാടം മുഴുവൻ പ്രളയജലത്തിൽ ഒഴുകി നടക്കുന്നു. കോപ്പനും ചാത്തനും ചക്കനുമെല്ലാം ഞാറ്റിൻ മുടികൾ പെറുക്കിയെടുക്കുകയാണ്. ഉപ്പ കുളക്കരയിൽ പണികൾക്ക് മേൽ നോട്ടം വഹിക്കുന്നു. ഉപ്പായുടെ അനുജൻ കുഞ്ഞുട്ടി എളാപ്പ വാഴകൾ കൊണ്ടുണ്ടാക്കിയ ചങ്ങാടത്തിൽ‌ കുളത്തോടു ചേർന്ന പാടത്തുകൂടി തുഴഞ്ഞു നീങ്ങുന്നു...
ഇപ്പോൾ എല്ലായിടത്തും വെയിൽ പരന്നിരിക്കുന്നു. പാടത്തെ കാഴ്ചകൾ കണ്ടു കൊണ്ടു നിൽകെ കുട്ടികേട്ടു വീട്ടിൽ നിന്നും ആരോ ആവനെ ഉച്ചത്തിൽ വിളിക്കുന്നു... ചായകുടിക്കാനാണ്. ചുമലിൽ നിന്നും വഴുതിയിറങ്ങിയ ട്രൗസറിന്റെ വളളി നേരെയാക്കി അവൻ വീട്ടിനു നേരെ ഒരോട്ടം വെച്ച് കൊടുത്തു....
ഫോട്ടോ: ഗൂഗിൾ

No comments: