Sunday, March 10, 2019

ഞാനും മാതൃഭൂമിയും എന്റെ പത്ര പ്രവർത്തനം 1

ആയിരത്തി തൊളളായിരത്തി എഴുപത്തിനാലിലെ വേനലിലെ ഒരു ഉച്ചക്ക് വിയർത്തു കുളിച്ച് അദ്ദേഹം കയറിവന്നു. തൂവെളള വസ്ത്രം ധരിച്ച് വലിയ കണ്ണടയും പിറകിലേക്ക് ചീകിയൊതുക്കിയ മുടിയും കുടവയറുമൊക്കെയായി കാഴ്ചക്ക് യോഗ്യനായ ഒരാൾ. ഷൊർണൂർ നിന്നും റയിൽ വഴി നടന്നായിരുന്നു വരവ്. കോലായിൽ ഇരിക്കുകയായിരുന്ന കുഞ്ഞുട്ടി എളാപ്പാക്കും എനിക്കും സലാം പറഞ്ഞു. കാഴ്ചക്ക് മനസിലാകില്ലെങ്കിലും ആളൊരു ഇസ്ലാം വിശ്വാസിയാണെന്ന് പെരുമാറ്റത്തിൽ മനസിലായി.
എളാപ്പ എഴുന്നേറ്റ് അദ്ദേഹത്തെ ആദരപൂർവ്വം സ്വീകരിച്ചു ശേഷം എനിക്കു പരിചയപ്പെടുത്തി. ഇദ്ദേഹം എ എ മലയാളി. സ്വാതന്ത്ര്യ സമര പോരാളി. മാപ്പിള സാഹിത്യത്തിൽ ഗ്വേഷണം നടത്തുന്നു. ഇപ്പോൾ മാതൃഭൂമി പത്രത്തിന്റെ പാലക്കാട് ജില്ലാ ഓർഗനൈസർ. ഉച്ച ഭക്ഷണം കഴിച്ച് അദ്ദേഹം ഒരു പാടു സംസാരിച്ചു. അഗ്രിക്കൾച്ചർ കോഴ്സു കഴിഞ്ഞു നിൽകുകയായിരുന്ന എന്നെ വലിയൊരാളെപ്പോലെ പരിഗണിച്ചതിനാൽ എനിക്കദ്ദേഹത്തെ നന്നേ ഇഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ സന്ദർശനോദ്ദേശം സ്ഥലം കോൺഗ്രസ് നേതാവായ എളാപ്പാനെ ഉപയോഗിച്ച് കാരക്കാട്ട് മാതൃ ഭൂമിക്ക് ഒരു ഏജൻസി തുടങ്ങുക എന്നതായിരുന്നു. അതിലേക്കായി അദ്ദേഹം ഒരു പാടു കാര്യങ്ങൾ പ്രത്യേകിച്ച് സ്ഥലം പത്രമായ മനോരമയുടെ കുറ്റങ്ങൾ. മനോരമ ഒരു മുതലാളി പത്രമാണെന്നും അതിന്റെ ലക്ഷ്യം എന്നും മുതലാളിത്തമാണെന്നും മറിച്ച് മാതൃഭൂമി ഒരു ദേശീയപത്രമാണെന്നും സ്വാതന്ത്ര്യ സമര സേനാനികളിൽ പ്രമുഖരായ നാലപ്പാട്ട് കുടുംബത്തിന്റെ നിയന്ത്രണത്തിലാണെന്നും അതിന്റെ താല്പര്യം തികച്ചു ദേശതാല്പര്യം മാത്രമാണെന്നും ഞങ്ങളെ ബോദ്ധ്യപ്പെടുത്തി.എളാപ്പാനെക്കൊണ്ട് കാരക്കാട്ട് മാതൃഭൂമിയുടെ ഏജൻസി എടുപ്പിച്ച ശേഷം വൈകുന്നേരം മൂന്നരക്ക് കിഴക്കോട്ടുളള ഷട്ടിൽ വണ്ടിയിൽ അദ്ദേഹം പാലക്കാട്ടേക്കു മടങ്ങി.‌
എളാപ്പായുടെ കീഴിൽ എന്റെ പത്രപ്രവർത്തനം അവിടെ തുടങ്ങുന്നു....
നാട്ടിൽ അന്ന് മനോരമമാത്രമേ ഉണ്ടായിരുന്നുളളൂ. മനോരമ പത്രത്തിനും ആഴ്ചപ്പതിപ്പിനും പത്തമ്പത് കോപ്പി വരിക്കാരുണ്ടായിരുന്നു. മാതൃഭൂമി ഇടക്ക് പട്ടാമ്പി പീടികയുടെ വാടക പിരിക്കാൻ പോകുമ്പോൾ കണ്ടുളള പരിചയമേ ഉണ്ടായിരുന്നുളളൂ.
വായിച്ചാൽ  മനോരമ പോലെ എളുപ്പം മനസിലായിരുന്നില്ലെങ്കിലും മാതൃഭൂമി ആഴ്ചപ്പതിപ്പ് എനിക്ക് ഇഷ്ടമായിരുന്നു. വിശേഷിച്ചും അതിൽ വരാറുളള ബഷീർ വികെ എൻ ഉറൂബ് തുടങ്ങിയവരുടെ രചനകൾ
( തുടരും )

No comments: