Friday, March 8, 2019

തങ്ങളുപ്പാപ്പാന്റെ സംശ്യം

അങ്ങനെ ചെയ്താൽ അല്ലാന്റെ പക്കൽ തെറ്റാക്വോ കുട്ട്യേ.....
പണ്ട് ഒരു തങ്ങളുപ്പാപ്പ ചോദിച്ച ചോദ്യമാണിത്.വളരെ ദരിദ്രനായിരുന്നു ഉപ്പാപ്പ. എങ്കിലും ചെറുപ്പം മുതലേ ഹജ്ജിനു പോകണം എന്ന ആഗ്രഹം അദ്ദേഹത്തിൽ കലശലായിരുന്നു. അന്നത്തെ നിലക്ക് പതിനായിരം രൂപവേണം ഹജ്ജിനു പോകാൻ അതിനായി അദ്ദേഹം കേരലത്തിലുടനീളമുള്ള പള്ളികൾ സന്ദർശിച്ചു. കാണുന്നവരോടെല്ലാം ആഗ്രഹം പറഞ്ഞു. കേട്ടവരെല്ലാം ചെറിയതുകകൾ സംഭാവനകൾ നല്കി സഹകരിക്കുകയും ചെയ്തു. പത്തു പന്ത്രണ്ടു കൊല്ലത്തെ പരിശ്രമം കൊണ്ട് പത്തു പതിനയ്യായിരം രൂപ ഒപ്പിച്ചു. ഹജ്ജിന്‌ അപേക്ഷകൊടുക്കാൻ സമയമായി. ഒരുദിവസം പള്ളിയിൽ അന്തിഉറങ്ങി ഉണർന്നു നോക്കുമ്പോൾ പണം സൂക്ഷിച്ച സഞ്ചി മാത്രം കാണാനില്ല. തലേദിവസം ഇശാ നമസ്കരിച്ച് തന്റെ കൂടെ കിടന്നുറങ്ങിയ സഞ്ചാരിയായ ഭക്തനെയും കാണാനില്ലായിരുന്നു. കാശു പോയീ എന്ന സത്യം തിരിച്ചറിഞ്ഞ ഉപ്പാപ്പ കരയുകയോ ഒച്ച വെയ്കുകയോ ഒന്നും ചെയ്തില്ല. പകരം ഗാഢമായ ചിന്തയിലായി.
എങ്ങനെ ശേഷിച്ച കാലം കൊണ്ട് ഹജ്ജിനുള്ള പാഥേയം പുന:സ്സംഘടിപ്പിക്കമെന്ന് മാത്രമായി ചിന്ത.
അല്പം മതപരമായ അറിവുള്ളവരെന്ന് തോന്നുന്നവരോട് അദ്ദേഹം ചോദിക്കും ... കള്ളന്റെ കയ്യിൽ പെടാതെ ബാക്കിയായ അഞ്ഞൂറു ഉറുപ്പിക പലിശക്ക് കൊടുക്കുക. കളവു പോയതുക തിരിച്ചു വന്നാൽ ഉടൻ നിറുത്തുകയും ചെയ്യാം. ഹജ്ജിനു പോകാനല്ലേ ....അങ്ങനെ ചെയ്താൽ അല്ലാന്റെ പക്കൽ തെറ്റാക്വോ കുട്ട്യേ.....
അദ്ദേഹത്തിന്‌  അനുകൂലമായ ഫത്‌വ കിട്ടിയോ എന്നറിയില്ല.. മരണം വരെ ആദുഖവുമായി തങ്ങളുപ്പാപ്പ കേരളത്തിലെ പള്ളികൾ തോറും അലഞ്ഞോ എന്നും അറിയില്ല...
മതപരമായ സാമ്പത്തിക ചിട്ടകളൊക്കെ കൃത്യമായി പാലിച്ച് കുറേകാലം ജീവിച്ച പലരും ചില പ്രത്യേക സാഹചര്യങ്ങളിൽ ഇങ്ങനെ ചോദിക്കുകയും സ്വയം ഉത്തരം കണ്ടെത്തുകയും ചെയ്യുന്നില്ലേ...

No comments: