Saturday, March 2, 2019

ബാല്ല്യകാലം

ഒരുദിവസം മഗ്രിബ് ബാങ്കുകൊടുക്കുന്ന നേരത്ത് കണ്ടാറിപ്പാടത്ത് മേയ്കാൻ കൊണ്ടു പോയ കന്നുകളെ തെളിച്ചു കൊണ്ട് വന്ന കോപ്പന്റെ കൂടെയാണവൻ വന്നത്. വൃത്തിയുളള ട്രൗസറും ഷർട്ടും ധരിച്ച മുടി വെട്ടിയൊതുക്കിയ സുന്ദരനായകുട്ടി. പതിമൂന്നോ പതിനാലോ വയസുകാണും. ഞാനും മച്ചുനൻ കുഞ്ഞിപ്പയും കുളത്തിൽ നിന്നും കയ്യും കാലും കഴുകി വന്നിട്ടേ ഉണ്ടായിരുന്നുളളൂ.അത് പതിവായിരുന്നു സന്ധ്യയായാൽ കുളത്തിൽ പോയി കയ്യും കാലും കഴുകി വരണം പഠിച്ചത് ഓതണം പിന്നെ സ്കൂളിലെ പാഠങ്ങൾ പഠിക്കണം. ഇശാ ബാങ്കു കൊടുക്കുന്നതു വരെയായിരുന്നു ഈ തടവ്...
'' മ്മേ ഞാൻ കാന്ന്കളെആയിട്ട് വരുമ്പൊ റെയിലിമ്മക്കൂടെ പടിഞ്ഞാട്ട് പോണു. ഏതോ ള്ളോട്ത്തെ കുട്ട്യാ തോണ് ണൂ.‌ അപ്പോ ഞാൻ കൂട്ടിക്കൊട്ന്നതാ ''
വെല്ലിമ്മ അവനോട് പലതും ചോദിച്ചു. രാജു എന്നാണ് പേര് എന്നും ഒമ്പതാം ക്ലാസിൽ പഠിക്കുന്നവനാണെന്നും കായംകുളത്തുളള വീട്ടിൽ നിന്നും പിണങ്ങിപ്പോന്നതാണെന്നും മനസിലായി. ക്ഷീണിച്ചവശനായിരുന്ന അവന് വെല്ലിമ്മ അടുക്കളയിൽ കൊണ്ടു പോയി വയറുനിറയെ ഭക്ഷണം കൊടുത്തു.
ഇവടെ നിന്നോ ആരെങ്കിലും അന്വേഷിച്ച് വര്വോന്ന് നോക്കാം. പൊതുവെ അലഞ്ഞു നടക്കുന്ന കുട്ടികൾ വന്നുപെട്ടാൽ അവരെ നേരിട്ട് എനിമൽ ഹസ്ബന്ററി വകുപ്പിൽ ( അതായത് കന്നു മേക്കൽ ) നിയമിക്കലായിരുന്നു പതിവ് രാജുവിനെ എന്തോ ഞങ്ങളുടെ കൂടെ കളിക്കാൻ വിടുകയാണു ചെയ്തത്. ഞങ്ങൾ പഠിച്ചതോതുന്നത് കൗതുകത്തോടെ നോക്കി‌ അവൻ ഞങ്ങളുടെ കൂടെയിരുന്നു. ഈ നേരം കൊണ്ട് ഞങ്ങളുടെ സൗഹൃദം വേരുറച്ചു കഴിഞ്ഞിരുന്നു. മൂപ്പർ ഞങ്ങളെക്കാൾ സമർത്ഥനാണെന്ന് എനിക്കു മനസ്സിലായി.
ഓത്തു ക്ഴിഞ്ഞ് ഞാനവനെ കൂട്ടി നാലുകെട്ടിന്റെ മുകളിലെ കിഴക്കേ അറയിലേക്കു കൊണ്ടു പോയി. അവിടെ ഒരു പഴയ പെട്ടിയിൽ
എന്റെ ചില സ്വകാര്യ സ്വത്തുക്കളുണ്ടായിരുന്നു. അതിൽ നിന്നും മൂത്താപ്പാന്റെ ഹെഡ് ലൈറ്റിൽ നിന്നും ഉപേക്ഷിച്ച പഴയ ബാറ്ററികളും ഒരു ടോർച്ച് ബൾബും കുറച്ചു വയറും ഉണ്ടായിരുന്നു. നാട്ടിലൊന്നും വൈദ്യുതി ഇല്ലാത്ത കാലം. ഒരിക്കൽ പട്ടാമ്പിയിൽ പോയപ്പോൾ കണ്ട് വൈദ്യുതി വിളക്കുകൾ എന്നെ വല്ലതെ ആകർഷിച്ചിരുന്നു. അതുപോലെ ബാറ്ററിയിൽ നിന്നും അകലെയായി വെച്ച ബൾബ് കത്തിക്കാനെന്താ വിദ്യ എന്നായിരുന്നു ചിന്ത. അഞ്ചാം ക്ലാസിലെ സയൻസിൽ ആതു പഠിപ്പിച്ചിരുന്നില്ല. ഞാൻ രാജു വിനോടു ചോദിച്ച് ഈ ബാറ്ററിയിലെ കറണ്ട് ഒരു വയറിലൂടെ ബൾബിലേക്ക് കൊണ്ടു പോകാൻ പറ്റ്വോ...
ഒരദ്ധ്യാപകന്റെ പക്വതയോടെ അവൻ പറഞ്ഞു ഇല്ല. അതിന് സർക്യൂട്ട് പൂർത്തിയാകണം. പോസ്റ്റീവിൽ നിന്നും പുറപ്പെട്ട് കരണ്ട് ബൾബിലൂടെ കടന്ന് നെഗറ്റീവിലെത്തിയാലേ പൂർത്തിയാകൂ. അപ്പോൾ ബൾബ് കത്തും. ഇടക്ക് സ്വിച്ച് വെച്ച് കറണ്ട് തടസപ്പെടുത്തിയാൽ കെടുകയും ചെയ്യും.അങ്ങനെ വൈദ്യുതിയുടെ അടിസ്ഥാനനിയമങ്ങൾ ആ കൂട്ടുകാരനിലൂടെ ഞാൻ പഠിച്ചു.
അപ്പോഴേക്കും അവൻ തറവാട്ടിലെ ഒരംഗത്തെപോലെ ആയിക്കഴിഞ്ഞിരുന്നു. മൂത്താപ്പ ഉപ്പ എളാപ്പമാർ തുടങ്ങിയവരൊക്കെ എത്തി. ഔട്ട് ഹൗസിൽ താതാമസിച്ചിരുന്ന രാമകൃഷ്ണൻ മാസ്റ്ററും ഉണ്ടായിരുന്നു. എല്ലാവരോടും അവൻ സ്നേഹപൂർവ്വം സംസാരിച്ചു. എന്തിനാണ് വീടുവിട്ടത് എന്ന് ചോദിച്ചപ്പോൾ മാത്രം മൗനം പാലിച്ചു. ആരുടെയും കുറ്റം പറഞ്ഞില്ല. തിരുവിതാംകൂർ ശൈലിയിലുളള അവന്റെ വർത്തമാനം എല്ലാവരും രസിച്ച് ആസ്വദിക്കുന്നുണ്ടായിരുന്നു. ഇടക്ക് കായംകുളം കൊച്ചുണ്ണിയുടെ കഥയും അവനെക്കൊണ്ട് പറയിച്ചു.
അവസാനം ആരെങ്കിലും അന്വേഷിച്ച് വരുവോളം അവനെ തറവാട്ടിൽ നിർത്താമെന്ന് വെച്ചു. ജോലിയൊന്നും ചെയ്യിക്കണ്ട എന്നായിരുന്നു തീരുമാനം. രണ്ടു ദിവസങ്ങൾക്കു ശേഷം ഒരു വൈകുന്നേരം ഉപ്പായുടെ കൂടെ ഉയരംകൂടി തടിച്ച ഒരു മാന്യനും കര്യസ്ഥനെന്നു തോന്നിക്കുന്ന ഒരാളും പടിപ്പുര കടന്നു വരുന്നത് കോലായിൽ കളിച്ചു‌കൊണ്ടിരിക്കുകയായിരുന്ന ഞങ്ങൾ കണ്ടു. രാജുവിന്റെ മുഖം വിവർണമായി. അതവന്റെ മുത്തശ്ശനായിരുന്നു. ഞങ്ങളുടെ കൂടെ കളിക്കുകയായിരുന്ന പേരക്കുട്ടിയെ കണ്ട അദ്ദേഹം വളരെ സന്തുഷ്ടനായി. വെല്ലിമ്മാനോടും ഉപ്പാനോടുമെല്ലാം നന്ദി പറഞ്ഞ് എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ച് അദ്ദേഹം അവനെയും കൂട്ടി പടിപ്പുരകടന്നു പോയി....
ഇപ്പോൾ അവൻ ഉണ്ടെങ്കിൽ അറുപത്തിരണ്ടോ അറുപത്തി മൂന്നോ വയസായിക്കാണും. പിന്നീട് പലപ്പോഴും ഒരു പക്ഷേ ട്രൈൻ യാത്രക്കിടെ ഞങ്ങളുടെ തറവാട്ടിലേക്കവൻ നോക്കിക്കാണും
ഇന്ന് അവൻ വരികയാണെങ്കിൽ പടിപ്പുരകളില്ല നാലുകെട്ടില്ല വിശാലമായ കുളവും പറമ്പുമില്ലാ....
കാലം മാറ്റിവരച്ച ചിത്രങ്ങൾ അവനു മനസിലാവുകയേ ഇല്ല എന്ന് തോന്നുന്നു...

No comments: