Tuesday, March 19, 2019

കെടുത്ത

സുഹൃത്ത് Abu Thai യുടെ വക പോസ്റ്റ് കണ്ടപ്പോളോര്‍ത്ത ഒരു കാരക്കാടന്‍ കഥ പങ്കു വെയ്കാം .... അബു പറഞ്ഞപോലെ പണ്ട് കല്ല്യാണങ്ങളുടെ മൊഞ്ച് പൂര്‍ത്തിയായിരുന്നത് ഗ്യാസ് ലൈറ്റ് എന്നറിയപ്പെട്ടിരുന്ന ഈ മഹാനിലൂടെയായിരുന്നു പിന്നെ പെട്ടിപ്പാട്ടും. എല്ലാഗ്രാമങ്ങളിലുമെന്നപോലെ കാരക്കാട്ടും  സ്ഥിതി മറിച്ചായിരുന്നില്ല. പുതിയാപ്ലവീട്ടില്‍ കൂടലും ചിലപ്പോള്‍‌കല്ല്യാണത്തിന്റെ അന്നുതന്നെയായിരിക്കും. പുതിയാപ്ലയുടെ കൂടെ കുറേ സ്നേഹിതന്മാരും വീറ്റില്‍ കൂടലിന്റെയന്ന് പെണ്‍ വീട്ടിലെത്തും. രാത്രി ഭക്ഷണത്തിന്നു ശേഷം കളിയും ത്യമാശയുമൊക്കെയായി അവര്‍ കല്ല്യാണപന്തലില്‍ നേരം വെളുപ്പിക്കും
സുഹൃത്ത് നവവധുവുമായി മണിയറയിലും. ചുരുക്കത്തില്‍ വരനും സുഹൃത്തുക്കള്‍ക്കും അന്ന്‌ശിവരാത്രി. ഇതിനെ പുത്യാപ്ലതേട്ടം എന്നാണ്‌നാട്ടില്‍ പറയുന്നത്.
പണ്ട് എന്നു വെച്ചാ പെട്രോള്‍ മാക്സ് സര്‍വ്വത്രയായിട്ടില്ലാത്തകാലം. പുതിയാപ്ലതേട്ടതിനു പോയി മൂന്നുനാലുപേര്‍. രാത്രി വിരുന്നൊക്കെ കഴിഞ്ഞു. തെളിഞ്ഞു കത്തുന്ന പെട്രോമാക്സിന്റെ വെളിച്ചത്ത് പന്തലിലിരുന്ന് കഥപറഞ്ഞ്‌രസിക്കാന്‍ തുടങ്ങി സുഹൃത്തുക്കള്‍. കുറേ നേരം വധുവിന്റെ പിതാവും വെടിവെട്ടത്തിനു കൂടി.. പിന്നെ മക്കളേ വെളക്ക് കെടുത്തി കിടന്നോളിന്‍ എന്നു പറഞ്ഞ് മൂപ്പരും അകത്തുകയറി വാതിലടച്ചു. നോക്കുമ്പോള്‍ ചെറുപ്പക്കാര്‍ക്കാര്‍ക്കും സൂത്രം കെടുത്താനറിഞ്ഞുകൂടാ..
ഇടക്കിടക്ക് വയസന്‍ അകത്തുനിന്നും വിളിച്ചു പറയും " മക്കളേ വെളക്ക് കെടുത്തിന്‍ "
കെടുത്ത കെടുത്തോവ് .... എന്നുമറുപടിയും .... കുറെ കഴിഞ്ഞു വീണ്ടും " മക്കളേ വെളക്ക് കെടുത്തിന്‍ "
കെടുത്ത കെടുത്തോവ് .... എന്നുമറുപടിയും .... കുറെ കഴിഞ്ഞു വീണ്ടും
" മക്കളേ വെളക്ക് കെടുത്തിന്‍ "
കെടുത്ത കെടുത്തോവ് .... എന്നുമറുപടിയും .... കുറെ കഴിഞ്ഞു വീണ്ടും .......

അങ്ങനെ പല വിദ്യകളും  നോക്കിയിട്ടും കെടുത്താന്‍ പറ്റാതെ അവസാനം വിളക്കൊരു കൊട്ടകൊണ്ടു മൂടി എന്നും അതല്ല എണ്ണ വറ്റി വിളക്ക് സ്വയം കെടുകയായിരുന്നു എന്നും
അഭിപ്രായവ്യത്യാസമുണ്ട്.... ഏതായാലും ഒരുവനെക്കൊണ്ട് കഴിയാത്ത ജോലി ആരെങ്കിലും അവനെ ഏല്പിക്കുന്നതു കണ്ടാല്‍ ഇന്നും കാരക്കാട്ടുകാര്‍ ചിരിച്ചുകൊണ്ട്‌പറയും "
കെടുത്ത കെടുത്തോവ് ....

No comments: