Friday, March 8, 2019

ഒരു നഷ്ട സന്ധ്യ

വൈകുന്നേരം ചെറുപ്പക്കാരെയൊക്കെ പറഞ്ഞിളക്കി അല്പം വോളീബാളുകളി തട്ടിക്കൂട്ടിയതായിരുന്നു. നടന്നില്ല. സമൃദ്ധമായി കോരിച്ചൊരിഞ്ഞമഴയിൽ കളിക്കാനുള്ള മോഹം അലിഞ്ഞുപോയി. വിളവെടുപ്പ് തീർന്നിട്ടില്ലാത്ത മഞ്ഞളിനുമേൽ മഴ വരുത്താൻ പോകുന്ന പ്രശ്നങ്ങളോർത്തപ്പോൾ കളിക്കാനുള്ള ഉത്സാഹം ഉദാസീനതയായി ക്വാർട്ടേഴ്സിൽ വന്നു കിടന്നയുടൻ ഉറങ്ങി.
ഉണർച്ചയിൽ ആദ്യം തോന്നിയത് നേരം പുലരുകയാണ് എന്നാണ്. സമയബോധം വീണ്ടെടുത്തപ്പോൾ അറിഞ്ഞു.  സന്ധ്യകഴിഞ്ഞുഏഴുമണിയായിരിക്കുന്നു. മഴ ശമിച്ചിരുന്നു. നമസ്കരിച്ച ശേഷം പുറത്തിറങ്ങിയപ്പോൾ അന്തരീക്ഷമാകെ  തണുത്തിരിക്കുന്നു.നല്ല സുഖകരമായതണുപ്പ്. ആകാശത്തേക്കുനോക്കി.  താരകങ്ങളെയൊന്നും കാണാനില്ല. പലജാതി ശബ്ദങ്ങൾ ചീവീടുകളും രാപ്പാടികളും. ഫാമിനപ്പുറം കാട്ടിൽനിന്നും പേടിപ്പെടുത്തുന്ന ഏന്തോശബ്ദം.  അപൂർവ്വമായി വരാറുള്ള വല്ലവിരുന്നുകാരുമായിരിക്കാം. മൃഗമോ പക്ഷിയോ എന്തോ. ദൂരെ എങ്ങുനിന്നോ വാദ്യ മേളങ്ങൾ കേൾക്കുന്നുണ്ട്. എല്ലായിടങ്ങളിലും ഉത്സവങ്ങളുടെ കാലമാണല്ലോ. ഈ ഏകാന്തതയിൽ പ്രകൃതിയോടു ചേർന്നിരിക്കവേ ഞാനനുഭവിക്കുന്ന നിർവൃതി ഓർമ്മകളായി മാറാൻ പോകുന്നു. വയനാടൻ മലയിറങ്ങിയ ഉറൂബിന്റെ മായനെപ്പോലെ ഞാൻ മലയിറങ്ങാൻ പോകുന്നു ഈവരുന്ന നവമ്പറോടെ....
വീണ്ടും മഴ തുള്ളിയിട്ടു തുടങ്ങി. സമയം ഒമ്പതേ ഇരുപത്.  പോയ് കിടന്നുകളയാം. സുഹൃത്തുക്കളേ സുഖമായ് ഉറങ്ങുക. നാളെ ഇന്നത്തേക്കാൾ നന്നായിരിക്കട്ടെ....

No comments: