Saturday, March 9, 2019

എടപാട് തീർക്കൽ

പണ്ട് നാട്ടിൽ മുസ്ലിങ്ങൾക്കിടയിൽ സർവ്വത്ര നടപ്പുണ്ടായിരുന്ന രസകരമായ ഒരു ഏർപ്പാടായിരുന്നു എടപാടുതീർക്കൽ എന്ന പേരിൽ അറിയപ്പെട്ടിരുന്ന തലാഖ്. ഇന്ന് അവർക്കിടയിലത് വളരെ കുറഞ്ഞിട്ടുണ്ടെങ്കിലും അന്നതിനെ വല്ലാണ്ട് കളിയാക്കിയിരുന്ന സമുദായങ്ങൾക്കിടയിൽ ഡൈവോഴ്സ് എന്ന ആധുനികനാമത്തിൽ ഇത് പുനസ്ഥാപിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ചരിത്ര നിരീക്ഷകന്മാർ പറയുന്നത്. സംശയമുള്ളവർക്ക് ഏഷ്യാനെറ്റിന്റെ സീരിയലുകളോ അമൃത കൈരളി എന്നിവയുടെ സമാന്തര കോടതികളോ കണ്ട് ബോദ്ധ്യപ്പെടാവുന്നതാണ് എന്നും അവർ പറയുന്നു. പണ്ട് ഇതിനു മീൻ നുറുക്കിയത് കഷ്ണം വലുതായിപ്പോയി കപ്പയും പോത്തിറച്ചിയും ഒന്നിച്ചു വേവിക്കാൻ പറഞ്ഞത് വേറെവേറെ വേവിച്ചു കളഞ്ഞു എന്നിങ്ങനെ പല ഗുരുതരമായ കാരണങ്ങൾ പറഞ്ഞുകേട്ടിരുന്നു. എല്ലാം ആണുങ്ങൾ കണ്ടെത്തിയ കാരണങ്ങൾ.
" എടോ ഇല്ലാത്ത കായിണ്ടാക്കി ഞാനൊരു വാളമീൻ വാങ്ങി കനം കുറച്ച് നുറുക്കി പൊരിക്കാനും തല ചാറുവെക്കാനും ഏല്പിച്ച് പോയതാ. ഏസ നിസ്കരിച്ച് വന്ന് നോക്കുമ്പോ അവള് ബൂഡ്സിന്റെ ( ഗൂഡ്സ് ട്രൈൻ ) പെട്ടിടത്ര വലിപ്പത്തിൽ മുറിച്ച് പൊരിച്ച്ക്ക്ണൂ.പ്പൂല്ല എരീല്ല പിന്നെ തീർക്ക്വല്ലാതെ എന്താ ചെയ്യ്വാ....." എന്നായിരുന്നു ഞ്യായം. ഇന്ന് രീതി അല്പം മാറിയിട്ടുണ്ട്. പെണ്ണുങ്ങളാണ് മിക്കവാറും കാരണം കണ്ടെത്തുന്നത്. സ്വപ്നത്തിലെ ചെക്കന്മാരുടെ അത്ര പോരാ എന്നതുതന്നെ കാരണം .... ഗാർഹികപീഡനം തുടങ്ങി വ്യക്തമായ നിർവചനമില്ലാത്ത ചിലതും കേൾക്കുന്നുണ്ട്.കാലംപുരോഗമിക്കyaല്ലേ സ്ത്രീ ശാക്തീകരിക്കപ്പെടും തോറും പുരുഷന്റെത് കുറഞ്ഞുവരികയും വേണമല്ലോ...

No comments: