Saturday, June 9, 2018

ഡോക്റ്ററും രോഗിയും പിന്നെ ദൈവവും

വലിയ ആശുപത്രിയിലെ വലിയ ഡോകർ വലിയ ദൈവവിശ്വാസിയായിരുന്നു. രോഗിയുടെ വിശ്വാസമാകട്ടെ വലിയ ആശുപത്രിയിലെ വലിയ ഡോക്റ്ററിലും ആരുന്നു....
ഡോക്റ്റർ പറഞ്ഞു താങ്കളുടെ കിഡ്നിയുടെ പ്രവർത്തനം തകരാറിലാണ്. അതു മാറ്റി വെക്കാതെ മറ്റു വഴിയൊന്നും കാണുന്നില്ല...
പുഞ്ചിരിയോടെ അയാൾ ചോദിച്ചു മരുന്നുകൊണ്ട് രക്ഷയൊന്നു മില്ലേ സർ?
ഡോക്റ്റർ നാടകീയമായി ചുമൽ കുലുക്കി സോറി....
അത് മാറ്റി വെച്ചാൽ പിന്നെ ചികിത്സയൊന്നും കൂടാതെ എനിക്ക് ദീർഘകാലം ജീവിക്കാൻ കഴിയും എന്ന് ഉറപ്പുണ്ടോ സാർ ?
നിങ്ങളുടെ ശരീരം അന്യന്റെ അവയവത്തെ തിരസ്കരിക്കാതിരിക്കാനുളള മരുന്ന് നിത്യവും കഴിക്കണം. പിന്നെ ഉറപ്പ് അത് ദൈവത്തിന്റെ കയ്യിലല്ലേ അവൻ നിശ്ചയിച്ചതുവരെ ജീവിക്കും.
ഓ നമുക്കിടയിൽ അങ്ങനെ ഒരാളും ഉണ്ടല്ലേ.. എനിക്ക് വിശ്വാസം എന്റെ മുന്നിലിരിക്കുന്ന ഈ ഡോക്റ്ററിലാണ്.
എന്തുകൊണ്ടാണ് എന്റെ ശരീരം അത് പുറം തളളുന്നത് ?
അത് പ്രതിരോധ ശേഷിയുടെ ഭാഗമാണ്.
അപ്പോ അന്യ അവയവം പുറം തളളപ്പെടാതിരിക്കാൻ മറ്റു രോഗങ്ങളെയെല്ലാം പ്രതിരോധിക്കാൻ ദൈവം എനിക്കു നൽകിയ പ്രതിരോധ ശേഷിക്കെതിരെ വേണം ചികിത്സ എന്നാലും അങ്ങയുടെ ദൈവം നിശ്ചയിച്ച കൃത്യ സമയത്തുതന്നെ ഞാൻ മരിക്കുകയും ചെയ്യും അല്ലേ ഡോക്റ്റർ..
തീർച്ചയായും....
കുറച്ചു നേരം ആലോചിച്ചിട്ട് രോഗി പറഞ്ഞു
ഇന്ന് മുതൽ ഞാനൊരു ദൈവവിശ്വാസിയായിരിക്കുന്നു ഡോക്റ്റർ അവൻ നിശ്ചയിച്ച നേരം വരെ ഞാനായി ജീവിച്ച് മരിക്കാൻ എന്നെ വിട്ടേക്കുക. എനിക്ക് ചേരാത്തതിനെ തിരസ്കരിക്കാനുളള ദൈവം തന്ന സിദ്ധി അവൻ എനിക്ക് നിശ്ചയിച്ച മരണം വരെ എനിക്കിരിക്കട്ടെ...
ഗുഡ് ആഫ്റ്റർ നൂൺ പറഞ്ഞുകൊണ്ട് കയറിവന്ന രോഗി അസ്സലാമു അലൈകും എന്ന് പറഞ്ഞുകൊണ്ട് ഇറങ്ങിപ്പോയി...

No comments: