Monday, June 18, 2018

കരളിന്റെ കശണങ്ങളേ...

പണ്ട് എന്ന് വെച്ചാൽ ഒരു പത്തമ്പത് വർഷങ്ങൾക്ക് മുമ്പ് കേട്ട അഭിസംബോധനയാണ്. ഗ്രാമത്തിൽ ദീനുൽ ഇസ്ലാമിന്റെ നടത്തിപ്പ് ക്രമീകരിക്കേണ്ടതിലേക്കായി  കൊല്ലത്തിലൊരിക്കൽ ഒരു പാതിരാ പ്രസംഗം നടത്തുന്ന പതിവുണ്ടായിരുന്നു ഗ്രാമത്തിൽ. താഴത്തേലെ ഏന്തുക്ക മണ്ണേലെ അലവിക്ക മുതലായ കാരണവന്മാരുടെ ഉത്സാഹത്തിൽ മറ്റു കാക്ക കാരണവന്മാരുടെ ആശീർവാദത്തോടെ അത് നടന്ന് വന്നു. ആധുനിക വിദ്യാഭ്യാസം നേടിയ യുവതലമുറയുടെ പങ്കാളിത്തം സംഘാടനത്തിൽ കുറവായിരുന്നെങ്കിലും അവരും ഒരു ഉത്സവത്തിനെന്ന പോലെ അതിൽ കൂടിയാടിയിരുന്നു എന്നാണ് ചരിത്ര പടുക്കൾ സാക്ഷ്യപ്പെടുത്തുന്നത്. രാത്രി ഒമ്പതു മണിയോടെ തുടങ്ങി പാതിരാപിന്നിടു വോളം നീണ്ടു നിൽകുന്ന പ്രസംഗങ്ങൾ കേൾക്കാൻ ഗ്രാമത്തിലെ പെൺ പടക്കും അനുവാദമണ്ടായിരുന്നു. ജമാഅത്ത് മുജാഹിദ് പോലുള്ള പുത്തൻ പ്രസ്ഥാനക്കാർ പറയും പോലെ അവർ ജുമാ നമസ്കാരത്തിനൊഴികെ യാറം ഉറൂസ് നേർച്ച ചന്ദനക്കുടം പോലുള്ള പുണ്യകർമ്മങ്ങളിലൊക്കെ യഥേഷ്ടം പങ്കുകൊണ്ടിരുന്നു എന്നത് നാട്ടിൽ നിലവിലുണ്ടായിരുന്ന സ്ത്രീസ്വാതന്ത്ര്യത്തിന്റെ  തെളിവായി ഇന്നും ചരിത്ര വിദ്യാർത്ഥികൾ ഉദ്ധരിക്കാറുള്ള വസ്തുതയാണ്.
ആ വർഷം തീവണ്ടിയാപ്പീസിനടുത്ത് കുഞ്ഞരക്കാര് മ്യസ്ല്യാരുടെ പീടികക്ക് സമീപമായിരുന്നു വേദി. അന്നവിടെയുണ്ടായിരുന്ന കൊച്ചു നിസ്കാരപ്പള്ളിയുടെ സമീപത്തായികെട്ടിയുണ്ടാക്കിയ സ്റ്റേജിനു മുന്നിൽ നിരത്തിയ ബെഞ്ചുകളിൽ കാരണവന്മാരും പിൻ വശത്ത് ദിൽകൂഷിന്റെ പീടികയുടെ വരാന്തയിലും ചുറ്റുപാടുമായി സ്ത്രീജനങ്ങളും ഉപവിഷ്ടരാകും. അടുത്ത് ഹാൾട്ടു ചെയ്തിരുന്ന മയിൽ വാഹനം ബസ്സിൽ കൈക്കുഞ്ഞു ങ്ങളുമായി വന്ന ചില സ്ത്രീജനങ്ങൾ കയറി ഇരുന്നത് പിന്നീടൊരു  ഒരു ചരിത്ര സംഭവമായി രേഖപ്പെട്ടകാര്യം  വഴിയെ വിസ്തരിക്കാം. കുഴിയിൽ അബ്വോക്കരിക്കാന്റെ പലചരക്കു കടക്കപ്പുറം തട്ടാൻ ബാലന്റെ പീടിക വരാന്തയിലായിരുന്നു ആധുനികന്മാരുടെ വിഹാരം. ഏന്തീൻ കുട്ടിക്കാടെ കുഞ്ഞാപ്പു, അബ്ദുലു , ഇമ്പിച്ചി ഹംസക്കോയ അബ്ദുറഹ്മാനിക്കാടെ ആലിക്കുട്ടി വീരാനിക്കാടെ വാപ്പുട്ടി പടിഞ്ഞാക്കര അബു തുടങ്ങി അന്നത്തെ ആധുനിക തലമുറ അവിടെ ഒത്തുകൂടി. കൂട്ടത്തിൽ പത്ത് വയസ്സുകാരനായ ഈ എളിയ ചരിത്രകാരനും... ഗാസ് ലൈറ്റ് എന്ന പേരിൽ അറിയപ്പെടുന്ന പെട്രോൾ മാക്സിന്റെ വെളിച്ചത്തിൽ ശുകപുരം ഉസ്താദ് പ്രസംഗം തുടങ്ങി. ആകർഷകമായ ഈണത്തിൽ ഇസ്ലാമിന്ന് ഉണ്ടായിരിക്കേണ്ട ഇൽമുകൾ അദ്ദേഹം വിവരിച്ചു. കുളിയുടെ കാര്യങ്ങൾ അത് നിർബന്ധമാകുന്ന ഘട്ടങ്ങൾ അങ്ങനെയങ്ങനെ.. തമാശ തെരഞ്ഞിരിക്കുകയായിരുന്ന ആധുനികന്മാർ ഇടക്കിടക്ക് അദ്ദേഹം ജനക്കൂട്ടത്തെ കരളിന്റെ കശണങ്ങളേ എന്ന് വിളിക്കുന്നു എന്ന് കണ്ടു പിടിച്ചു. പിന്നെ അത് എണ്ണിത്തിട്ടപ്പെടുത്തലായി അവർക്ക് ഹരം. എടോ അതാ പത്ത് പതിനൊന്ന് എന്നിങ്ങനെ എണ്ണി ചെറുപ്പക്കാരെല്ലാവരും കൂടി ഉറക്കെ ചിരിക്കാൻ തുടങ്ങി.
ഇതിനിടെ തള്ളമാരോടൊപ്പം ബസ്സിലിരിക്കുകയായിരുന്ന കൈക്കുഞ്ഞുങ്ങളിൽ ഒന്ന് ബസ്സിനുള്ളിൽ തൂറിയത് വലളിന്റെ ഭക്തിയിൽ മുഴുകിയിരുന്ന മാതാവറിഞ്ഞില്ല. ബസ്സിനകത്ത് ഇരുട്ടായിരുന്നല്ലോ.?  പരിപാടി കഴിഞ്ഞ് അവർ തിരിച്ചു പോയി. പിറ്റേന്ന് രാവിലെ ബസ്സ് വൃത്തിയാക്കാൻ തുടങ്ങിയ ക്ലീനറാണ് സംഗതി കണ്ടു പിടിച്ചത്. സമാധാനമായി രണ്ട് ഗ്ലാസ് കള്ളടിച്ച് കിടന്നുറങ്ങാൻ പറ്റാത്തതിൽ ഖിന്നരായിരുന്ന് ബസ് ജീവനക്കാർ അതിരു ഹേതുവായി എടുത്തു. അന്ന് തന്നെ കാരക്കാട്ടുകാർ ബസ്സിൽ തൂറുന്നു ഇനി അങ്ങോട്ട് പോകാൻ കഴിയില്ല എന്ന് മുതലാളിയോട് ആവലാതിപ്പെട്ട് ട്രിപ്പ് റദ്ദാക്കുകയും ചെയ്തു എന്നാണ് ചരിത്രം. കാരക്കാട്ടുകാരോട് അസാരം അസൂയ പുലർത്തിപ്പോരുന്ന വല്ലപ്പുഴ കണയം പൊയ്ലൂർ ദേശക്കാർ ഈ സംഭവത്തിന്ന് വലിയ പ്രചാരണമാണു കൊടുത്തത് എന്നാണ് പറയപ്പെടുന്നത്.  ഇന്നും കാരക്കാട്ടുകാരെ കളിയാക്കാൻ ഈ ചരിത്രത്തെ ദുരുപയോഗം ചെയ്യുന്നതായിട്ടാണ് മനസ്സിലാകുന്നത്...

No comments: