Thursday, June 7, 2018

അല്പം പരിസ്ഥിതി റംസാൻചിന്തകൾ

പരിസ്ഥിതി റംസാൻചിന്തകൾ
********************************
പരിസ്ഥിതി ദിനം കഴിഞ്ഞു റംസാനിലെ അവസാനത്തെ പത്തും നടന്നുകൊണ്ടിരിക്കുന്നു. ഈ അവസരത്തിൽ മനസ്സിലുയർന്ന ചില ചിന്തകൾ സുഹൃത്തുക്കളുമായി പരിമിതമായ അറിവിനുള്ളിൽ നിന്നുകൊണ്ട് പങ്കു വെക്കാൻ ശ്രമിക്കുകയാണ്. പ്രകൃതിയേയും അതുവഴി മനുഷ്യരാശിയേയും രക്ഷിക്കാൻ നാമൊക്കെ പലതും  ചെയ്യുന്നുണ്ട്. ചിലർ ചെയ്യുന്നതായി അഭിനയിച്ച് ഫേസ്ബുക്കില്ലൂടെ പ്രചരിപ്പിക്കുന്നുമുണ്ട്. എന്നാൽ ആത്മാർത്ഥമായും പ്രകൃതിയെ രക്ഷിക്കണം എന്ന് കരുതുന്നുവെങ്കിൽ അതിന്ന് ഇത്രവലിയ കോലാഹലങ്ങളുടെയൊന്നും ആവശ്യമില്ല എന്നെനിക്ക് തോന്നുന്നു. മനുഷ്യന്റെ ആർത്തിയെ ഒതുക്കുക എന്ന ഒറ്റ മുദ്രാവാക്യം മതി മനുഷ്യ ഇന്ന് നേടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളകിലവും പർഹരിക്കപ്പെടാൻ. ഇന്ന് മനുഷ്യൻ കഠിനാദ്ധ്വാനം ചെയ്യുന്നത് അവന്റെ ആവശ്യങ്ങൾക്ക് വേണ്ടിയല്ല മറിച്ച് അവന്റെ ആർത്തിയെ ശമിപ്പിക്കാൻ വേണ്ടിയാണ്. മനുഷ്യന്ന് ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. ഭക്ഷണം വസ്ത്രം പാർപ്പിടം എന്നിവയാണവ.
ഈ വിഷയങ്ങളിൽ മനുഷ്യൻ പ്രകടിപ്പിക്കുന്ന ധൂർത്ത് ഒരു വശത്ത് വിഭവങ്ങളുടെ അധിക കേന്ദ്രികരണത്തിന്നും അതുവഴി സഹജീവികളിൽ ഒരു വിഭാഗത്തെ നിത്യ ദരിദ്രരാക്കുന്നതിലും കലാശിക്കുമ്പോൾ മറു വശത്ത് പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നതിലും കലാശിക്കുന്നു അതുവഴി പ്രകൃതിയുടെ താളം തെറ്റിക്കുന്നതിലും കലാശിക്കുന്നു. വാസ്തവത്തിൽ ഈ ഭൂമിയെ പരിപാലിക്കാനായി തന്റെ പ്രതിനിധിയായി ഈശ്വരനാൽ ഇങ്ങോട്ടയക്കപ്പെട്ടവനാണ് മനുഷ്യൻ എന്നാണ് വിശുദ്ധവേദം പ്രഖ്യാപിക്കുന്നത്. ഇവിടെനിന്നും അവന്ന്  ആവശ്യത്തിനുള്ളത് എടുക്കാൻ മനുഷ്യനനുവാദമുണ്ട്. 

                             " ۖ وَلَكُمْ فِي الْأَرْضِ مُسْتَقَرٌّ وَمَتَاعٌ إِلَىٰ حِينٍ"

" നിങ്ങള്‍ക്ക് ഭൂമിയില്‍ ഒരു നിശ്ചിത കാലം വരേക്കും വാസസ്ഥലവും ജീവിതവിഭവങ്ങളുമുണ്ടായിരിക്കും."
Sura Al-Baqarah, Ayah 36...

പക്ഷേ ഭൂമിയിലെ വിഭവങ്ങൾ എന്തിന്ന് വേണ്ടിയായാലും ചൂഷണം ചെയ്യുന്നതിൽ അതിരു കവിയരുത് എന്ന് പ്രത്യേകം നിഷ്കർഷിക്കപ്പെട്ടിരിക്കുന്നു.

كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ وَلَا تَطْغَوْا فِيهِ فَيَحِلَّ عَلَيْكُمْ غَضَبِي ۖ وَمَنْ يَحْلِلْ عَلَيْهِ غَضَبِي فَقَدْ هَوَىٰ

നിങ്ങള്‍ക്ക് നാം തന്നിട്ടുള്ള വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക. അതില്‍ നിങ്ങള്‍ അതിരുകവിയരുത്‌. (നിങ്ങള്‍ അതിരുകവിയുന്ന പക്ഷം) എന്‍റെ കോപം നിങ്ങളുടെ മേല്‍ വന്നിറങ്ങുന്നതാണ്‌. എന്‍റെ കോപം ആരുടെമേല്‍ വന്നിറങ്ങുന്നുവോ അവന്‍ നാശത്തില്‍ പതിച്ചു.
-Sura Ta-Ha, Ayah 81
എന്നാൽ നാം ഇന്ന് ചെയ്യുന്നതെന്താണ്. വകയുള്ളവർ നേരത്തെ പറഞ്ഞ വിഷയങ്ങളിൽ എങ്ങനെയാണ് ചെലവുചെയ്യുന്നത്. നാലാൾക്ക് തിന്നാനുള്ളത് ഉണ്ടാക്കി ആവശ്യത്തിൽ കവിഞ്ഞ് ഭക്ഷിച്ച് ഭാക്കി തെരുവിലെറിയുന്നു. ഇത് സ്വന്തം ആരോഗ്യത്തിന്റെ നാശത്തിനും പരിസ്ഥിതി മലിനീകരണത്തിനും കാരണമാകുന്നു. കൂടാതെ ദരിദ്രർ കൂടുതൽ ദാരിദ്ര്യത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു.‌
അതുപോലെ വസ്ത്രം വലിയൊരു വിഭാഗം നേരാം വണ്ണം ശരീരം മറക്കാൻ പോലും വസ്ത്രമില്ലാതിരിക്കെ ഉള്ളവൻ ആവശ്യത്തിലും വളരെകൂടുതൽ വാങ്ങിക്കൂട്ടുകയും വസ്ത്രധാരണം അവരുടെ പൊങ്ങച്ചത്തിന്നാക്കി മാറ്റുകയും ചെയ്യുന്നു. ഇനി പാർപ്പിട ത്തിന്റെ കാര്യം ഓരോരുത്തരും ഭവനത്തിനു പകരം കൊട്ടരം നിർമ്മിക്കാൻ തുടങ്ങിയപ്പോൾ ആഇനത്തിൽ ആവശ്യമായതിന്റെ പതിന്മടങ്ങ് പ്രകൃതി വിഭവങ്ങൾ പ്രകൃതിയിൽ നിന്നും ചൂഷണം ചെയ്യപ്പെടുന്നു. അതുപോലത്തന്നെ വാഹനങ്ങളുടെ കാര്യത്തിലും ആവശ്യകതയുടെ ഇരട്ടികൾ ഉപയോഗപ്പെടുന്നു. ഈ ആവശ്യങ്ങൾക്കായി പ്രകൃതിയിൽ നിന്നും കല്ലും മണ്ണും മരങ്ങളും ലോഹങ്ങളും ധാതുക്കളുമൊക്കെ യഥാർത്ഥ ആവശ്യത്തിന്റെ പതിന്മടങ്ങ് ചൂഷണം ചെയ്യപ്പെടുന്നു.
ആവശ്യത്തിൽ കവിഞ്ഞ ഭക്ഷ്യ വസ്തുക്കൾ ഉത്പാദിപ്പിക്കാനായി കഴിക്കുന്നവന്റെ ആരോഗ്യത്തിന്നും കൃഷിചെയ്യുന്ന ഭൂമിക്കും വിനാശകരമായ കൃഷിരീതികൾ അനുവർത്തിക്കപ്പെടുന്നു. വ്യവസായങ്ങളും പെരുകുന്നു. അതിന്നൊക്കെ വേണ്ട അസംസ്കൃത വസ്തുക്കൾക്കായി പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നു. തൽഫലമായി പ്രകൃതിയുടെ താളം തെറ്റുകയും വലിയ ക്ഷോഭങ്ങളിലൂടെ പ്രകൃതി മനുഷ്യന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.
ആഗോള താപനം
മനുഷ്യന്റെ ചിന്താശൂന്യമായ വികസന സങ്കല്പത്തിന്റെ ഫലമായി മനുഷ്യരാശി വരും ദശകങ്ങളിൽ നേരിടാൻ പോകുന്ന ഏറ്റവും വലിയ ഭീഷണിയാണ് ആഗോളതാപനം.
വലിയ പുരോഗതി എന്ന് നാം ഘോഷിക്കുന്ന വ്യാവസായശാലകളും വീട്ടിൽ തന്നെ നാമുപയോഗിക്കുന്ന ഫ്രിഡ്ജ് ഏ സീ തുടങ്ങിയവയും നമ്മുടെ വാഹനങ്ങളുമൊക്കെ അന്തരീക്ഷത്തിലേക്ക് തള്ളുന്ന  ഹരിതഗൃഹവാതകങ്ങളായ കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ് സി എഫ് സി തുടങ്ങിയവയുടെ അന്തരീക്ഷത്തിലുള്ള അളവ് അനുദിനം വർദ്ധിച്ചുവരികയാണ്. സൂര്യനിൽ നിന്നും ഭൂമിയിലേക്കെത്തുന്ന ചൂടിന്റെ പ്രതിഫലനത്തെ ഈ വാതകങ്ങൾ തടയുകയും ഭൂമിയിലെ താപനില വർദ്ധിക്കുകയും ചെയ്യുന്നു. ഇവയിൽ കാർബൺ ഡൈ ഓക്സൈഡാണ് ആഗോള താപനത്തിന്റെ മുഖ്യ ഹേതു. അതുപോലെ നാം ഉപയോഗിക്കുന്ന ഫ്രിഡ്ജുകളും എയർ കണ്ടീഷണറുകളും അന്തരീക്ഷ താപനത്തിന്ന് ആക്കം കൂട്ടുന്നുണ്ട്. ഇതിന്റെയൊക്കെ ഫലമായി എൽനീനോ പ്രതിഭാസം ഉണ്ടാവുകയും കാലാവസ്ഥ തകിടം മറിയുകയും ചെയ്യുന്നു. അപ്രതീക്ഷിതങ്ങളായ വരൾച്ച വെള്ളപ്പൊക്കം കൊടും കാറ്റ് മതലായവയൊക്കെ ഇതിൻ ഫലമായി ഉണ്ടാകാം. കൂടാതെ ധ്രുവങ്ങളിലേ മഞ്ഞ് ഉരുകിൽ കടലിലെ ജലനിരപ്പ് ഉയരുകയും താഴ്ന്ന പ്രദേശങ്ങൾ മുങ്ങിപ്പോകാനുള്ള സാദ്ധ്യത വർദ്ധിക്കുകയും ചെയ്യുന്നു. അതുപോലെ കടലിന്റെ ഉപരിതലത്തിന്റെ ഊഷ്മാവ് കൂടുന്നതുകൊണ്ട് കടലിൽ നിന്നും കരയിലേക്ക് കൊടുംകാറ്റ് വീശിയടിക്കാനുള്ള സാദ്ധ്യതയും വർദ്ധിക്കുന്നു. ഈ അടുത്ത കേരളം നേർടേണ്ടി വന്ന കൊടും കാറ്റുകളും കടൽ ക്ഷോഭങ്ങളും സലാലയിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ പ്രകൃതിക്ഷോഭവും ഇതിലേക്കുള്ള സൂചനകൾ തന്നെയാണ്‌. ‌
വളരെ ഒതുങ്ങിയ വാക്കുകളിൽ വിശുദ്ധ ഖുർആൻ ഈവിഷയത്തെക്കുറിച്ച്  മനുഷ്യന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് കാണുക...

ظَهَرَ الْفَسَادُ فِي الْبَرِّ وَالْبَحْرِ بِمَا كَسَبَتْ أَيْدِي النَّاسِ لِيُذِيقَهُمْ بَعْضَ الَّذِي عَمِلُوا لَعَلَّهُمْ يَرْجِعُونَ
മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം
കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു.
അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്‍റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്‌. അവര്‍ ഒരു വേള മടങ്ങിയേക്കാം.
-Sura Ar-Rum, Ayah 41
എങ്ങനെയാണ് മടങ്ങേണ്ടത് മനുഷ്യൻ ധൂർത്ത് അവസാനിപ്പിക്കുക അത്യാഗ്രഹം വെടിയുക പ്രകൃതി നൽകുന്ന മുന്നറിയിപ്പുകളെ അവഗണിക്കാതിരിക്കുക എല്ലാ നിലക്കും പ്രകൃതിയൊട് ഇണങ്ങി ജീവിക്കുക ഇതൊക്കെത്തന്നെയാണ് വഴി. പക്ഷേ ഇതൊക്കെ ഇന്നത്തെ വികസന സങ്കല്പങ്ങൾക്ക് നിരക്കാത്ത കാര്യങ്ങളാണ്. അവ തിരുത്തി എഴുതേണ്ടി വരും. അതിന്ന് മനുഷ്യൻ  തയ്യാറാകുമോ എന്നതാണ് പ്രശ്നം. സർവ്വ നാശത്തിന്ന് കീഴടങ്ങേണ്ടി വന്നാലും വികസന സങ്കല്പം തിരുത്തി എഴുതാൻ മനുഷ്യൻ തയ്യാറാകും എന്ന് കരുതിക്കൂടാ...
akoyavk@gmail.com

No comments: