Wednesday, June 20, 2018

ഇന്ദിരാ പ്രിയദർശിനിയും ഞാനും

ഇന്ദിരാ പ്രിയദർശിനിയെ എനിക്കെന്നും ഇഷ്ടമായിരുന്നു. കുഞ്ഞായിരുന്നപ്പോഴേ അന്നത്തെ കുട്ടികൾക്ക് പ്രിയപ്പെട്ടവനനായിരുന്ന ചാച്ചാജിയുടെ മകളെന്ന നിലക്ക് അവരെനിക്കു പരിചിതയായി. പിന്നീട് ഞാനൊരു കെ എസ്‌ യു കാരനും യൂത്തുകോൺഗ്രസു കാരനുമൊക്കെയായപ്പോൾ അവരെനിക്ക് പ്രിയപ്പെട്ട നേതാവായി. പിന്നീടവരെന്റെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയായി. കരുത്തുറ്റ രാഷ്ട്ര നായികയായി. രാഷ്ട്രീയ ഭാഷയിൽ പറഞ്ഞാൽ ബഹുമാന്യയും ആരാധ്യയുമായ നേതാവ്.
പിന്നീട് അടിയന്തരാവസ്ഥ വന്നു. അവർ നൽകിയ അധികാരം ദുരുപയോഗം ചെയ്തുകൊണ്ട് ഉപചാപക സംഘം അഴിഞ്ഞാടി. സുവർണ്ണക്ഷേത്രത്തിലെ പട്ടാള നടപടികൾ തുടങ്ങി ഒരുപാടു കരിനിഴലുകൾ വീഴ്ത്തിയ ചരിത്ര സംഭവങ്ങൾ മെല്ലെ അവരെക്കുറിച്ച് മനസിലുണ്ടായിരുന്ന രൂപത്തിനു മങ്ങലേല്പിച്ചു. ഒരു ചരിത്ര വനിത എന്നതിൽ കവിഞ്ഞതൊന്നും അവരെക്കുറിച്ച് മനസിലില്ലാതായി.
യക്ഷിയായും ഭാരതമാതാവിന്റെ വീര പുത്രിയായും രക്തസാക്ഷിയായും നന്മയുടെ ദേവതയായും അവർ കൊണ്ടാടപ്പെട്ടപ്പോൾ  ഇവക്കു മധ്യേ ഭാരത ചരിത്രത്തിലെ സുപ്രധാനമായ ഒരദ്ധ്യായത്തിന്റെ രചയിതാവായി മാത്രം, ആവേശമുണർത്തുന്ന ആരാധനാഭാവമൊന്നും കൂടാതെ ഒരു യാഥാർത്ഥ ചരിത്ര വനിതയായി അവരെന്റെ മനസിൽ നിലനിന്നു. മനുഷ്യൻ അവന്റെ നിയന്ത്രണങ്ങൾക്കപ്പുറം ചില നിയോഗങ്ങൾക്കു വിധേയനാണ് എന്ന വിശ്വാസം എന്നിലുരുവായ ശേഷം പ്രിയദർശിനിയെ ഒരിക്കൽ കൂടി ഞാനൊന്ന് വിലയിരുത്താൻ
ഈയിടെ ഞാൻ  നടത്തിയ ഡൽഹിയാത്ര ഒരു കാരണമായി. സഫ്ദർജങ്ക് റോഡിലെ അവർ താമസിച്ചിരുന്ന വീട് ഇന്ന് അവരുടെ സ്മാരകമായിനിലനിർത്തിയിരിക്കുകയാണ്. അവരുടെ സ്വകാര്യ മുറികളും അവരുടെ ഭൗതികാവശിഷ്ടങ്ങളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ആവീടിന്റെയും അവിടെ അവരുപയോഗിച്ചിരുന്ന ഉപകരണങ്ങളുടേയും ലാളിത്യം എന്നിൽ വല്ലാത്ത മതിപ്പുളവാക്കി. മൊസൈക്കു പതിച്ച നിലം ഇടത്തരം വലിപ്പം മാത്രമുള്ള മുറികൾ ലളിതവും കുലീനവുമായ ഫർണിച്ചറുകളും ഉപകരണങ്ങളും. ധൂർത്തിന്റെയോ ധരാളിത്തത്തിന്റെയോ ലാഞ്ഛനപോലും ഞാനെവിടെയും കണ്ടില്ല. തീർച്ചയായും എതിരാളികൾ വിമർശിക്കും വിധം ഒരു സ്വാർത്ഥയും അഹങ്കാരിയുമായ ഏകാതിപതിയുടെ ഗേഹത്തിന്റെ ലക്ഷണമായിരുന്നില്ല അവരുടെ ഭവനത്തിന്. അധികമായി അവിടെ കണ്ടത് അറിവിന്റെ ബണ്ഡാരങ്ങളായ ഗ്രന്ധങ്ങൾ മാത്രമായിരുന്നു.വെടിയേറ്റു വീണ നിമഷത്തിൽ അവർ ധരിച്ചിരുന്ന സാരിയും ചെരുപ്പും സഞ്ചിയും അവരുടെ ലാളിത്യത്തിനു സാക്ഷ്യം വഹിച്ചുകൊണ്ട്  ഇന്നും അവിടെയുണ്ട്. നാലായിരം പട്ടുസാരിയും രണ്ടായിരം ചെരുപ്പുകളും സ്വർണ്ണനൂലിൽ പേരു നെയ്ത കോട്ടുകളും ഒക്കെ പ്രസിദ്ധമായ ഇക്കാലത്ത് ഇത് നമ്മിൽ അതിശയം ജനിപ്പിൽക്കുമെന്ന കാര്യത്തിൽ സംശയമില്ല. ചുരുക്കത്തിൽ ഇപ്പോഴത്തെ ഒരു മണ്ഡലം നേതാവിന്റെയോ,ആക്രിക്കച്ചവടക്കാരന്റെയോ വീട്ടിൽ കാണുന്ന ആഡംബരം പോലും അവിടെ ഞാൻ കണ്ടില്ല.
         അവിടെ സൂക്ഷിച്ചിരിക്കുന്ന ഒരുപാടു ചിത്രങ്ങളിൽ ഒരു ചിത്രം എന്റെ മനസിൽ പതിഞ്ഞു. അവരുടെ ബാല്യകാല ചിത്രം. മുഖത്തിന്റെ കുലീനതയേക്കാൾ അവരുടെ കണ്ണുകളിലെ ശോകഭാവമാണ് എന്റെ മൻസിൽ തട്ടിയത്. അതു വരെ ഞാൻ കണ്ടിട്ടില്ലാത്ത ഒരു കോണിലൂടെ അവരെ നോക്കാൻ, ഒരു പെൺ കുട്ടിയുടെ വിധി എന്നരൂപത്തിലവരുടെ ജീവിതത്തെ വിലയിരുത്താൻ ലളിതമായ അവരുടെ ഭവനവും ആചിത്രവും എന്നെ  പ്രചോദിപ്പിക്കുകയായിരുന്നു.രാജകുടുംബങ്ങൾക്കു സമാനമായ കുടുംബത്തിൽ പിറന്നകുട്ടി. ഇന്ത്യ വിലക്കു ചോദിച്ച പിതാമഹന്റെ പേരക്കുട്ടി,  പിതാവിന്റെ ഏകപുത്രി, എല്ലാസുഖസൗകര്യങ്ങളും അനുഭവിച്ച് വളരേണ്ടിയിരുന്നവൾ പക്ഷേ ചെറുപ്പത്തിലേയുണ്ടായ മാതാവിന്റെ വിയോഗവും അങ്ങേ അറ്റം സ്നേഹിച്ച പിതാവിന്റെ ഇടക്കിടെയുള്ള‌ ജെയിൽ വാസവും മൂലം അനാഥവും സംഘർഷ പൂരിതവുമായ ഒരു ബാല്യം അനുഭവിച്ചു വളരാനാണവർക്ക് വിധിയുണ്ടായത്. അതേസമയം മഹാത്മാ ഗാന്ധിജിയെപ്പോലുള്ള മഹാന്മാരുടെ സഹവാസം അറിവിന്റെ വിശാലമായ ലോകം അവർക്ക് മുന്നിൽ തുറന്നു കൊടുത്തു. ജയിലിൽ നിന്നും പിതാവ് അവർക്കയച്ചിരുന്ന കത്തുകൾ മതി ചെറുപ്പത്തിലേ  അവർക്ക് ലഭിച്ചിരുന്ന അറിവിന്റെ ഘഹനത മനസ്സിലാക്കാൻ. മകൾക്കദ്ദേഹം പറഞ്ഞു കൊടുത്തത് കഥകളോ വെറും ഉപദേശങ്ങളോ ആയിരുന്നില്ല മറിച്ച് ലോക ചരിത്രത്തിന്റെ സംഗ്രഹം തന്നെയായിരുന്നു. Glimpses of world history എന്ന പേരിൽ വിഖ്യാതമായ ഈകത്തുകൾ "ഒരച്ഛൻ മകൾക്കയച്ച കത്തുകളെ"ന്ന പേരിൽ മലയാളത്തിലും ലഭ്യമാണ്.  ബാല്യ  കൗമാരങ്ങളിൽ അവരനുഭവിച്ച ഈ അനുഭവങ്ങളും ലോകത്തിന്റെ ചരിത്രത്തെക്കുറിച്ച അവർക്കു ലഭിച്ച അതിരുകളില്ലാത്ത അറിവും ആകാം ഒരു പക്ഷേ താൻ ശരിയെന്ന് വിശ്വസിക്കുന്ന കാര്യങ്ങളുടെ വിജയത്തിന്നായി ഏതറ്റം വരെയും പോകാനുള്ള  നിശ്ചയദാർഢ്യവും കാർക്കശ്ശ്യവും അവരിൽ വളർത്തിയത്. അങ്ങനെ ബാല്ല്യം കഴിഞ്ഞു. യൗവനത്തിൽ അതിനെക്കാൾവലിയ സംഘർഷങ്ങളവരെ വരവേറ്റു.അവർ സ്വയം തെരഞ്ഞെടുത്ത ഇണ ഫിറോസ് , അവർ ജീവനെക്കാൾ സ്നേഹിച്ച പിതാവിന്റെ രാഷ്ട്രീയ എതിരാളിയായി മാറിയതുകൊണ്ടോ തന്റെ സജീവമായ രാഷ്ട്രീയ പ്രവർത്തനങ്ങളിലുണ്ടായ അഭിപ്രായവ്യത്യാസം കൊണ്ടോ  എന്തോ‌ ആ ദാമ്പത്യ ബന്ധം അസുഖകരമായി അവസാനിച്ചു. ക്ഷയരോഗ ബാധിതനായി ഫിറോസ് അകാല മൃത്യുവിന്നിരയായകാലത്ത് തന്റെ രണ്ടു മക്കളോടൊപ്പം അവർ വേർപെട്ട് താസിക്കുകയായിരുന്നു‌. മരണ സമയത്ത് അവർ കൂടെയുണ്ടായിരുന്നു എന്നു മാത്രം.
അങ്ങനെ അകാലത്ത് അവർ വിധവയായി. പിന്നീട് രഷ്ട്രീയത്തിൽ സജീവമായി. കോൺഗ്രസിന്റെ അദ്ധ്യക്ഷയായി പ്രധാനമന്ത്രിയായി. . അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ‌ അതിനിടെ രാഷ്ട്രീയത്തിൽ തന്റെ പിൻ ഗാമിയായി താൻ വളർത്തിക്കൊണ്ടു വരാൻ ശ്രമിച്ച സഞ്ചെയ് ഗാന്ധിയുടെ അപകടമരണം. സ്വാർത്ഥികളുമായ ഉപചാപ സംഘം കാട്ടിക്കൂട്ടിയ പാപാങ്ങളഖിലവും പേറി തെരഞ്ഞെടുപ്പിൽ  ഏറ്റുവാങ്ങിയ വൻപരാജയം തുടങ്ങിയ കൈപേറിയ അനുഭവങ്ങൾ....
താമസിയാതെ തന്നെ മുരുക്കിനെ പേടിച്ച് തങ്ങൾ കയറിയിരിക്കുന്നത് മുള്ളിലവിന്മേലാണെന്ന് തിരിച്ചറിഞ്ഞപോലെ ജനം അവരെത്തന്നെ പ്രധാനമന്ത്രിയായി വൻ ഭൂരിപക്ഷത്തോടെ തിരിച്ചു കൊണ്ടു വരികയും ചെയ്തു. രാഷ്ട്രീയതന്ത്ര മെന്ന നിലക്ക് അവർ ചെയ്ത പല പ്രവൃത്തികളും പിന്നീട് അവർക്കുതന്നെ ദോഷകരമായി ഭവിച്ചതു നാം കാണുന്നു. സുവർണ്ണ ക്ഷേത്രത്തിൽ പട്ടാളനടപടി സ്വീകരിക്കാൻ ഉത്തര വിട്ടതിന്റെ പേരിൽ  സിഖ് മതവിശ്വാസികൾ തനിക്കെതിരാണെന്ന് അറിഞ്ഞിട്ടും ആവിഭാഗത്തിൽ പെട്ടവരെ തന്റെ അംഗരക്ഷകരായി നിലനിർത്തിയത് അവരുടെ നിഷ്കളങ്കതയായി മനസിലാക്കാം. അവർക്കവരെ വിശ്വാസമായിരുന്നു. രാജ്യത്തിന്റെ നന്മക്കായി താനെടുത്ത നടപടികൾ താൻ തന്റെ ജീവനു കാവലായി വിശ്വസിച്ചേല്പിച്ചവരിൽ ഇത്രകൊടിയ പക വളർത്തുമെന്ന് അവർ സ്വപ്നേഭി കരുതിയിരിക്കില്ല. അവസാനം അവരുടെ കൈകൊണ്ടുതന്നെ അവരുടെ അന്ത്യം സംഭവിക്കുകയും ചെയ്തു.എന്നും രാവിലെ അവർ വിക്കറ്റ് ഗേറ്റിലൂടെ അക്ബർ റോട്ടിലിറങ്ങി കുറേദൂരം അവർ നടക്കുമായിരുന്നു. പൊതുജനങ്ങളോട് സംസാരിച്ചുകൊണ്ട്.
അന്നും പതിവുപോലെ കാലത്ത് അവർനടക്കാനിറങ്ങിയതായിരുന്നു..
**********************************
തങ്ങളുടെ നിയോഗം പൂർത്തിയാക്കിയശേഷം എല്ലാവരും മരിക്കുന്നു. മരണം ഓർമ്മകളെ മായ്ച്ചുകളയുന്ന മറവിയാകുന്നു... അപൂർവ്വം ചിലർ സ്വന്തം രക്തംകൊണ്ട് തന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്നു. പെട്ടന്നൊന്നും മാഞ്ഞു പോകാത്ത അടയാളങ്ങൾ.  അതുകൊണ്ട് തന്നെ  നാം എല്ലാവരും പറയുന്നു രക്തസാക്ഷികൾ മരിക്കുന്നില്ല എന്ന്.

No comments: