Monday, June 18, 2018

മരുന്ന്

മരുന്നുകൾ
***************
മേലാസകലം കുളിർ കോരിയിട്ടുകൊണ്ട് മൂപ്പർ വന്നത് നോമ്പിനോടൊപ്പമായിരുന്നു.  ഗ്രാമത്തിൽ ഡങ്കിപ്പേടി കൊടുമയാർന്നകാലം. നാലുപേരുടെ ഉയിരെടുത്ത് കൊണ്ട് അവൻ അഴിഞ്ഞാടിക്കൊണ്ടിരിക്കിന്നു. നോമ്പു കാലമായതുകൊണ്ട് ആയുർവേദ വിധിപ്രകരം പനിചികിത്സയുടെ ഒന്നാം ഘട്ടമായ ബന്ധനം ( പട്ടിണി കിടക്കൽ ) ആചരിക്കാൻ വിഷമമുണ്ടായില്ല... പിന്നെത്തെ ചികിത്സ ഗുരു പറഞ്ഞ പ്രകാരമായിരുന്നു. ഭക്ഷണമായിരിക്കട്ടേ നിനക്കുളള മരുന്ന് എന്ന് ഹിപ്പോക്രാറ്റ് പറഞ്ഞ പോലെ. മരുന്നായിരിക്കട്ടെ നിന്റെ പ്രധാനഭക്ഷണം എന്ന് അദ്ദേഹത്തിന്റെ ആധുനിക
ശിഷ്യന്മാരും പറയുന്നുണ്ട്. ഏതായാലും ഞാനിപ്പോഴും ഗുരുവിന്റെ പക്ഷത്താണ്...
ആദ്യ ദിവസം പട്ടിണിമാത്രം കിടന്നു മരുന്നൊന്നും കഴിച്ചില്ല. രണ്ടാം ദിവസം നോമ്പു തുറന്ന ഉടൻ ഒരു ഡോസ് ബ്രയൊണിയ. മൂന്നാം ദിവസവും പനി പഴയപടി തന്നെ..  ചുക്ക് കുരുമുളക്  തുളസിയില പേരയില ചുവന്നുളളി തുടങ്ങിയവയുടെ കഷായം ഓരോഗ്ലാസ്സ് നോമ്പു തുറന്ന ഉടനും പുലർച്ചെ  അത്താഴത്തിനു ശേഷവും...
നാലാം ദിവസം പനിയില്ല. അത്യാവശ്യ ത്തിനു ക്ഷീണം മാത്രം. പിന്നെ ദോഷം പറയരുതല്ലോ ഭക്ഷണം എന്ന വസ്തുക്കളുടെ രുചിയെന്താണെന്ന് മറന്നുകഴിഞ്ഞിരുന്നു.. മധുരവും പുളിയും അറിയാം പക്ഷേ രുചിയെപറ്റി ഒന്നും ചോദിക്കരുത്. അനാർ മാങ്ങ മുതലായവ തിന്നിട്ടായിരുന്നു നോമ്പ്.  വിശപ്പുണ്ടെങ്കില ല്ലേ മറ്റു വല്ലതും വേണ്ടൂ...
ഇതിങ്ങനെ വിട്ടാൽ പറ്റില്ലല്ലോ രുചിയായി അല്പം കഞ്ഞിയെങ്കിലും കുടിച്ചില്ലെങ്കിൽ കിടപ്പിലാകുമല്ലോ....
ഭക്ഷണം തന്നെയാകട്ടെ മരുന്ന്. ഒച്ച ഉയർത്താതെ കശ്മലയെ വിളിച്ചു ഹോമിയോ ഭാഷയിൽ കല്പിച്ചു. അല്പം  കാപ്സിക്കം ആലിയം സെപ്പ സോഡിയം ക്ലോറൈഡ് എന്നിവയെടുക്കുക. അടുക്കളയുടെ മൂലയിൽ പൊടിപിടിച്ചു കിടക്കുന്ന മുട്ടിക്കോരി എന്ന ഗ്രൈന്റർ നന്നായി കഴുകി അതിന്മേ ലിട്ട് ചിരട്ടക്കയിൽ കൊണ്ട് നന്നായി പട്ടു പോലെ അരക്കുക അതിനു മേൽ നാരിയേൽ കി തേൽ തൂവി കുഴമ്പു പരുവത്തിലാക്കുക. ഇവനെയെടുത്ത് നാവിന്റെ കടക്കൽ പുരട്ടിയാൽ അടഞ്ഞുപോയ രുചിയുടെ വാതിലുകൾ തുറന്നു കിട്ടുമെന്ന് വെളിപാടുണ്ടായിട്ടുണ്ട്. അന്തം വിട്ട് വാപൊളിച്ചു നിൽകുന്നവളോട് പറഞ്ഞു എടീ അല്പം ചുട്ട ഉണക്കമുളക് ചുവന്നുളളി എന്നീ ഹോമിയോ മരിന്നുകൾ മുട്ടിക്കോരിമേലിട്ട് ഉപ്പ് ചേർത്തരച്ച് വെളിച്ചെണ്ണ തൂവി കഞ്ഞിയോടൊപ്പം താ എന്ന് ....
ഇതങ്ങ് മലയാളത്തിൽ പറഞ്ഞുകൂടേ എന്നായി ...അരമണിക്കൂർ കൊണ്ട് മരുന്ന് റെഡി... ഏഴു ദിവസങ്ങൾക്ക് ശേഷം വയർ നിറയെ കഞ്ഞി കുടിച്ച് പളളിയിൽ പോയി
ശുഭം...

No comments: