Friday, June 29, 2018

സ്വഛം

പണ്ട് എന്ന് വെച്ചാൽ പത്തറുപത് കൊല്ലങ്ങൾക്ക് മുമ്പ് മൂത്രപ്പുര കക്കൂസാദികളൊക്കെ പണക്കാരുടെ  ആഢംബര വിഭാഗത്തിൽ മാത്രം ഉൾപെട്ടിരുന്നകാലം. ഒരു പാതിരാനേരത്ത് തൃശൂർ നിന്ന് കച്ചവടം കഴിഞ്ഞ് തലയിലൊരു ചാക്കു കെട്ടുമായി   ഷൊർണൂരിൽ വന്നിറങ്ങിയ മമ്മത്രായീന്ന് കലശലായി തൂറാൻ മുട്ടി. വിജനായ പാതയോരത്ത് ഒരു മർച്ചുവട്ടിൽ കാര്യം നടത്തിക്കൊണ്ടിരിക്കേ, തന്റെ സൈക്കിളിൽ നെയ്റ്റ് ഡ്യൂട്ടിയിൽ ബീറ്റ് നടത്തുക യായിരുന്ന പോലീസ്കാരൻ കൃഷ്ണൻ നായർ സംഗതിക്കു സാക്ഷിയായി. പോലീസുകാര നെ കണ്ടതും മമ്മത്രായീ പിടഞ്ഞെണീറ്റു. പോലീസു കാരന്റെ മനസിൽ ലഡു പൊട്ടി. കച്ചവടം കഴിഞ്ഞുവരുന്ന കാക്കയാണ്. ‌ചാക്കുകൾ കാലിയാണ് അപ്പോൾ കീശ കാലി യായിരിക്കാൻ വഴിയില്ല. ഒന്നു കുടഞ്ഞു നോക്കിയാൽ വല്ലതും കൊഴിഞ്ഞുകൂടാ എന്നില്ല.അദ്ദേഹം പ്രതിയെ പിടിച്ച് ചോദ്യം ചെയ്യാനാരംഭിച്ചു. കാരക്കാട്ടുകാരനാണ്. തൃശ്ശുർ നിന്നും കച്ചവടം കഴിഞ്ഞ് വരികയാണ് എന്നീ വിവരങ്ങൾ കിട്ടി. വേറെ കുറ്റമൊന്നുമില്ല. പക്ഷേ റോട്ടിൽ മലമൂത്ര വിസർജ്ജനം അരുത് എന്ന നിയമം തെറ്റിച്ചിരിക്കുന്നു. സ്റ്റേഷനിൽ പോയി പിഴയടക്കണം. എന്നിങ്ങനെ മെരട്ടിനോക്കി കാക്കാക്കൊരു കുലുക്കവുമില്ല.പിഴയിൽ നിന്നൊഴിവാക്കാൻ വഴിയൊന്നും അന്വേഷിക്കുന്നുമില്ല. അവസാനം നടക്കെടാ സ്റ്റേഷനിലേക്ക് എന്നായി പോലീസ്. ഒട്ടും മടിക്കാതെ കാക്ക അനുസരിച്ചു സ്റ്റേഷനിലെത്തി. എസ് ഐ ഇടിയൻ മാധവന്റെ ചോദ്യം ചെയ്യലിൽ
കാക്ക ഈണത്തിൽ ഒരു കവിത ചൊല്ലി
''വെട്ടു തടുക്കാം മുട്ടു സഹിക്കാമോ പൊന്നെജമാനേ..
തൂറാൻ മുട്ട്യാൽ തോള്ളേൽ തൂറാമോ
പൊന്നെജമാനേ...''
രസികനായിരുന്ന എസ് ഐ പിഴയൊന്നും ഈടാക്കാതെ കാക്കായേ വിട്ടു എന്നും അദ്ദേഹം ഷോണൂർ റെയിൽ വേ സ്റ്റേഷനിൽ വന്ന് കിടന്നുറങ്ങി പുലർച്ചെ നാലരയുടെ കോഴിക്കോട് പാസഞ്ചറിൽ കാരക്കാട്ടെത്തി എന്നുമാണ് ചരിത്രം...

No comments: