Monday, June 18, 2018

ഒരു തുണ്ട് കപ്പയുടെ നഷ്ടം

കത്തുന്ന വെയിലും നോമ്പുമൊന്നും സ്കൂളില്ലാത്ത ദിവസങ്ങളിലെ അലച്ചിലിന്നു തടസ്സമായിരുന്നില്ല...
അന്നും പതിവു പോലെ ഇറങ്ങി നടന്നു. നമസ്കാരം മുറപോലെ തുടങ്ങു ന്നതിന്നു മുമ്പു തന്നെ കുട്ടി നോമ്പെടുത്തു തുടങ്ങിയിരുന്നു. ആരും നിർബന്ധിച്ചിട്ടൊന്നുമല്ല. നോമ്പെടുത്താൽ ചില പ്രത്യേക ആനുകൂല്ല്യങ്ങളും അംഗീകരവുമൊക്കെ കിട്ടിയിരുന്നു. കോഴി കൂവുന്നതിന്നു മുമ്പ് കഴിക്കുന്ന അത്താഴത്തിൻ ചെറു പഴവും നെയ്യും പഞ്ചസാര ചേർത്ത് കുഴച്ച ചോറ് കുട്ടിക്ക് വലിയ ഇഷ്ടമായിരുന്നു താനും.
അങ്ങനെ ചെറുപ്പത്തിലേ നോമ്പു കാരൻ എന്ന ഖ്യാതിക്ക് കുട്ടി ഉടമയായി. രാവിലെ പത്തു മണിവരെ ചെറിയ നെഞ്ചെരിച്ചിലുണ്ടാകാറുള്ളത് വേണ്ടത്ര വെള്ളം കുടിക്കാഞ്ഞതു കൊണ്ടായിരുന്നു എന്ന് ഒരുപാടുകാലം കഴിഞ്ഞിട്ടാണ്‌ കുട്ടി പഠിച്ചത്. അന്നും ഇടക്കൊക്കെ പള്ളിയിൽ പോകുകയും ചെയ്യുമായിരുന്നു. ഉച്ചയായാൽ പള്ലിയിൽ നല്ല രസമായിരുന്നു. കാരണവൻ മാർ വലിയ കാര്യമൊന്നുമില്ലാതെ തമ്മിൽ തെറ്റി വഴക്കടിക്കുന്നത് ഒരു രസികൻ കാഴച്ചതന്നെയായിരുന്നു. നോമ്പുച്ചതിരിഞ്ഞിട്ടും ദേഷയ്പ്പെടാത്തവന്റെ നോമ്പിന്‌ എന്തോ പിശകുണ്ട് എന്നമട്ടി ലായിരുന്നു കര്യങ്ങൾ... അന്ന് അസർ നമസ്കാരം കഴിഞ്ഞ് പടിഞ്ഞാറേ നടവഴിയിലൂടെ ഇടവഴിയിലേക്കിറങ്ങി. ഇളവെയിൽ പൊന്നുരുക്കുന്ന പുഴയെ കുറേ നേരം നോക്കി നിന്ന് കുട്ടി വീട്ടിലേക്കു തിരിച്ചു. റെയിലിന്റെ ഓവു പാലം കഴിഞ്ഞ് പടിഞ്ഞാറോട്ടുള്ള വഴിയിലൂടെ താഴേ പള്ള്യായിൽ എത്തി. അവിടെ ചക്കനും ഉസ്സനിക്കയും പണിക്കാരും കപ്പ പറിക്കുന്നു. കുട്ടി അടുത്തു ചെന്നു. കറു മുറാ കടിച്ചു തിന്നാവുന്ന പച്ചക്കപ്പയോട് കുട്ടിക്കൊരാശ. ങൂം എന്താ പൂളക്കേങ്ങ് വേണോ ഉസ്സനിക്ക ചോദിക്കുന്നു. ആരുടെ കയ്യിൽ നിന്നും ഒന്നും വാങ്ങരുത് എന്ന കല്പൻ കുട്ടി മറന്നു. എന്നിട്ടു പറഞ്ഞു
"നോമ്പ്‌ണ്ട്...." അദ്ദേഹം നല്ല ഒരു കപ്പയെടുത്ത് ചെളികളഞ്ഞ് കുട്ടിയുടെ നേരെ നീട്ടിയിട്ടു പറഞ്ഞു " അതിനെന്താ നോമ്പ്വോറന്നിട്ട് തിന്നാലോ"
കുട്ടി മടിയോടെ കൈ നീട്ടി. കപ്പയും കൊണ്ട് വീട്ടിലേക്കു നടന്നു. അരെങ്കിലും കണ്ടാൽ ചീത്ത കേൾക്കു മെന്നായിരുന്നു ഭയം. താഴത്തേ കിണറിന്റെ വക്കിലൂടെ ചക്കപ്പുളി മാവിന്റെ ചുവട്ടിലെ കടമ്പകടന്ന്  കുട്ടി തറവാട്ടിലെത്തി. ഭാഗ്യം ഉമ്മറത്താരുമില്ല. തെക്കിനിയിൽ നിസ്കാരപ്പായിൽ വെല്ലിമ്മയുമില്ല. തെക്ക്യാറയിലെ വാതിലിന്റെ മേപ്പടിയിൽ കപ്പ നിക്ഷേപിച്ച് കുട്ടി അടുക്കളയിലേക്കു ചെന്നു. അടുക്കളയിൽ ഉമ്മയും ഐശാത്തയും തിത്യാത്തയും ഒക്കെ നോമ്പു തുറക്കാനുള്ളത് ഒരുക്കുന്ന തെരക്കിലണ്‌.മേൽ നോട്ടം വഹിച്ചു കൊണ്ട് വെല്ലിമ്മ ഒരു പലകയിൽ ഇരിക്കുന്നു മുണ്ട്‌. കയറിച്ചെന്ന കുട്ടിയെ സഹതാപത്തോടെ നോക്കി വെല്ലിമ്മ പറഞ്ഞു നോമ്പു നോറ്റ് വെയിലത്ത് തേരോടീട്ട് ന്റെ കുട്ടി വാടീക്ക്ണു. ഇതാണ്‌ വലിയ നേട്ടം തൊട്ടതിനും പിടിച്ചതിനു മൊക്കെ ശാസിക്കാറുള്ള വെല്ലിമ്മയുടെ വാത്സല്ല്യം....
കുറച്ച് നേരം കൂടി പോയി തണലത്ത് കളിക്ക് ....
പുറത്ത്തിറങ്ങി കുളക്കരയിലും തൊടിയിലുമൊക്കെ ഒരു ചുറ്റ് നടന്നപ്പോൾ‌ കേട്ടു ചേക്കു മൊല്ലക്കാന്റെ ബാങ്കൊലി. കുട്ടി വേഗം ചെന്നു. വെല്ലിമ്മ കൊടുത്ത ഒരു കീറ് ഉണക്ക കാരക്കയും തണുത്ത വെള്ളവും കൊണ്ട് നോമ്പ് തുറന്നു. പിന്നെ സമൃദ്ധമായി ചായയും പലഹാരങ്ങളും ജീരകക്കഞ്ഞിയും ....
വാതിലിന്റെ മേപ്പടിയിൽ നിക്ഷേപിച്ച കപ്പയുടെ കാര്യം മറന്നേ പോയി..
പിറ്റേന്ന് കാലത്ത് ഒർമ്മ വന്നപോൾ സങ്കമൊക്കെ തോന്നി. ഇന്നാകട്ടെ എന്നു സമാധാനിച്ചു. അന്നും മറന്നു. അതിന്റെ പിറ്റേന്ന് നോമ്പു തറകഴിഞ്ഞ ശേഷം ഓർമ്മ വന്നു എടുത്തു നോക്കിയപ്പോൾ നീല നിറ മോടി കേടു വന്ന കപ്പ. കുട്ടിക്ക് ദേഷ്യവും സങ്കടവും വന്നു. അവൻ കപ്പയെടുത്ത് തൊഴുത്തിനടുത്ത് ചെന്നു, മട്ടപ്പോത്തും കാരി പ്പോത്തും അവനെ കണ്ടപ്പോൾ സന്തോഷത്തോടെ ശബ്ദമുണ്ടാക്കിതലകുലുക്കി. ഇടക്ത്  അവക്ക് എന്തെങ്കിലും കൊടുക്കുന്നത് അവന്ന് ഇഷ്ടമായിരുന്നു. അവൻ കപ്പ രണ്ടായൊടിച്ച് ഓരോന്ന് രണ്ടു പേർക്കും കൊടുത്തു. അകത്തു നിന്നും എന്തിനാകുട്ടീ ഈ ഇരുട്ടത്ത് തൊഴിത്തിന്റവടെ പോയി നിക്ക്ണ്‌ എന്ന വിളിയുണ്ടായപ്പോൾ ഒരാഴ്ച കൂടി കഴിഞ്ഞാൽ വരാനിരിക്കുന്ന പെരുന്നാളിനെ ക്കുറിച്ചോർത്തു കൊണ്ട് അവൻ വീട്ടിലേക്കു കയറി...

2016-june

No comments: