Wednesday, June 20, 2018

കഥാതന്തുക്കൾ

വേഗത്തിലോടുന്ന വണ്ടിയില്‍ പുറത്തേക്കു നോക്കിക്കൊണ്ടിരിക്കയായിരുന്ന ഞാന്‍.. പ്രകൃതിയുടെ പുസ്തകത്താളുകള്‍ വേഗത്തില്‍ മറിച്ചു കൊണ്ടുള്ളവായന ആഹ്ലാദപൂര്‍വ്വം  ആസ്വദിക്കുകയായിരുന്നു...
അടുത്ത സീറ്റ്കളെല്ലാം  ഒഴിഞ്ഞുകിടക്കുകയായിരുന്നു. തിരക്കൊഴിഞ്ഞവണ്ടി.
ഏകാന്തതക്കിടക്കെപ്പോഴോ അയാള്‍ എന്റെ എതിരെയുള്ള സീറ്റില്‍ വന്നിരുന്നത് ഞാന്‍ ശ്രദ്ധിച്ചതേയില്ല. കുറേ നേരം  അയള്‍ എന്നെ ശ്രദ്ധിക്കുകയായിരുന്നിരിക്കണം. ഞങ്ങള്‍ക്കിടയിലുള്ള മൗനത്തിന്റെ മതില്‍ പൊളിക്കാനെന്നോണം  അയാള്‍ ചോദിച്ചു... സുഹൃത്തേ ഞാനൊരു കഥ പറയട്ടേ... ? എന്റെ ആയുസ്സിന്റെ പുസ്തകത്തിലെ പത്തു താളുകള്‍ മഷിയൊഴിച്ച് വികൃതമാക്കിയ എന്റെ മേലാവിയുടെ കഥ....
ഞാന്‍ മുഖമുയര്‍ത്തി...
പിറകിലേക്ക് പാഞ്ഞകലുന്ന ചിത്രങ്ങളിലൂടെ ഞാന്‍ വായിച്ചെടുത്ത കഥയുടെ  രസച്ചരട് പൊട്ടിച്ചതിലുള്ള നീരസം  എന്റെ  കണ്ണുകളില്‍ മിന്നിമറഞ്ഞുവോ എന്തോ.........................
അല്പനേരം എന്നെ ഉറ്റുനോക്കി ഒരു നേടു വീര്‍പ്പോടെ അയാള്‍‌ പറഞ്ഞു
"അല്ലെങ്കില്‍ വേണ്ട  ശ്വാസം  വിടാന്‍ പോലും  സമയമില്ലാത്ത വിധം  തിരക്കിലായ മനുഷ്യര്‍ക്ക് കഥകേള്‍ക്കാനെവിടെ സമയം  പിന്നെ കിട്ടുന്ന സമയം  തന്നിലേക്ക് തന്നെ മുഖം  പൂഴ്തി  സമൂഹത്തില്‍ നിന്നും  ഒളിക്കാന്‍ ശ്രമിക്കുന്ന താങ്കളെ പോലുള്ളവര്‍ക്കും .. "
മറുപടിക്കു വേണ്ടി ഞാനുഴറവേ എനിക്കിറങ്ങാനുള്ളയിടമെത്തി... ധൃതിയില്‍ എണീറ്റു പോന്ന  എന്നെ അയാളുടെ പരിഹാസദൃഷ്ടി  വണ്ടിയുടെ വാതില്കലോളം  പിന്‍ തുടര്‍ന്നിട്ടുണ്ടാകണം

No comments: